അർണോസ് പാതിരി
അർണ്ണോസ് പാതിരിയുടെ യഥാർത്ഥ നാമം ജോൺ ഏണസ്റ്റ് ഹാങ്‌സിൽഡൻ എന്നാണ്. ഹംഗറിയിൽ ജനിച്ചുവളർന്ന അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയായി 1699 ലാണ് കേരളത്തിലെത്തിയത്. അമ്പഴക്കാട് ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അക്കാലത്തെ സാഹിത്യകാരന്മാരുടെ സമ്മേളന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന തൃശ്ശിവപേരൂർ സർവ്വകലാശാലയിലെ ചില പണ്ഡിതരുമായി അദ്ദേഹം സൗഹൃദത്തിലായി. അവരിൽനിന്ന് ലഭിച്ച മഹാഭാരതത്തിന്റെയും മലയാള വ്യാകരണത്തിന്റെയും എഴുത്തോലകളിൽ തുടങ്ങിയ ഭാഷാപഠനം അദ്ദേഹത്തെ മലയാള – സംസ്കൃത ഭാഷാ പണ്ഡിതനാക്കി മാറ്റി. മലയാള-സംസ്കൃത നിഘണ്ടു, മലയാളം-പോർട്ടുഗീസു നിഘണ്ടു, മലയാളം-പോർട്ടുഗീസ് വ്യാകരണം, സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു എന്നിങ്ങനെയുള്ള കൃതികൾ വഴിയായി മലയാളം, സംസ്കൃതം ഭാഷകൾക്ക് നിസ്തുലമായ സംഭാവനകളാണ് അദ്ദേഹം നൽകിയിട്ടുള്ളത്. മലയാളം പോർച്ചുഗീസ് നിഘണ്ടുവിന്റെ കയ്യെഴുത്തുപ്രതി വത്തിക്കാൻ ഗ്രന്ഥാലയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.പോർച്ചുഗീസിൽ എഴുതിയ ആർട്ട് മലബാർ എന്ന മലയാളം വ്യാകരണഗ്രന്ഥം അദ്ദേഹത്തിന്റെ മറ്റൊരു സംഭാവനയാണ്. ഇതിന്റെ ഒരു കയ്യെഴുത്ത് പ്രതി ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. ചതുരന്ത്യം, പുത്തൻ പാന, ഉമാപർവ്വം, വ്യാകുലപ്രബന്ധം, ആത്മാനുതാപം, വ്യാകുലപ്രയോഗം തുടങ്ങിയ മലയാള കാവ്യങ്ങൾ അദ്ദേഹത്തിന്റെ പ്രശസ്തമായ കൃതികളാണ്. തമിഴിലും അദ്ദേഹം നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. നാലു ഭാഗങ്ങളായി രചിച്ച കത്തുറുന്ത്യം എന്ന തമിഴ്‌കാവ്യമാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികളിലൊന്ന്. 1732 ൽ അർണോസ് പത്തിരി അന്തരിച്ചു.
മലയാളഭാഷയുടെ വളർച്ചയിലും പരിണാമത്തിലും വളരെ നിർണ്ണായകമായ സംഭാവനകൾ നൽകിയ അതുല്യനായ പണ്ഡിതനായിരുന്നു അർണോസ് പാതിരി. ഇന്ത്യൻ ഭാഷകളിലുള്ള അദ്ദേഹത്തിന്റെ ഭാഷ പാണ്ഡിത്യം മൂലം യൂറോപ്പിലെ ആദ്യത്തെ ഇൻഡോളജിസ്റ്റ് ആയി അദ്ദേഹം പരിഗണിക്കപ്പെടുന്നു.