പരിസ്ഥിതി ദുർബ്ബല പ്രദേശം (ESA) ആറാം കരട് വിജ്ഞാപനം: വസ്തുതകളും ആശങ്കകളും
2024 ജൂലൈ 31ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധപ്പെടുത്തിയ പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുമായി (ഇ.എസ്.എ.) ബന്ധപ്പെട്ട കരട് വിജ്ഞാപനം സംബന്ധിച്ച അഭിപ്രായങ്ങളും പരാതികളും സമർപ്പിക്കാനുള്ള സമയപരിധി സെപ്റ്റംബർ 28 ശനിയാഴ്ചയായിരുന്നു. എന്നാൽ, “കിഫ” എന്ന സംഘടനയുടെ ഹർജ്ജിയെ തുടർന്ന് കേരളവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഒക്ടോബർ നാലുവരെ കേരള ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സത്യവാങ്മൂലങ്ങൾ ലഭിച്ചതിനുശേഷം കോടതി വാദം കേൾക്കും. ആദ്യ കരട് വിജ്ഞാപനം പ്രസിദ്ധീകരിച്ച് പത്തുവർഷങ്ങൾക്കുശേഷമാണ് ഇപ്പോഴത്തെ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പൊതുവെയുള്ള വിലയിരുത്തലുകൾ പ്രകാരം, വിജ്ഞാപനത്തിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് പത്തു വർഷങ്ങൾ പിന്നിട്ടിരിക്കുന്നതിനാൽ ഇനിയൊരു കരടുവിജ്ഞാപനംകൂടി ഉണ്ടായിരിക്കാനുള്ള സാധ്യത വിരളമാണ്, അന്തിമവിജ്ഞാപനം മാസങ്ങൾക്കുള്ളിൽ പ്രതീക്ഷിക്കാം. അതേസമയം, കേരളത്തെ സംബന്ധിച്ച് ഏറെ ആശങ്കകളും ആശയക്കുഴപ്പങ്ങളും തുടരുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് വലത്, ഇടത് സർക്കാരുകൾ 2013 മുതൽ നിർണ്ണായകമായ പല ഇടപെടലുകളും നടത്തിയിട്ടുള്ളത് അംഗീകരിക്കുമ്പോഴും ഇ.എസ്.എ. വില്ലേജുകളിൽ ജീവിക്കുന്ന ജനങ്ങളുടെ ഇപ്പോഴും തുടരുന്ന ആശങ്കകൾ പരിഹരിക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടെന്ന് ഓർമ്മിപ്പിക്കാതിരിക്കാനാവില്ല. 2018 ൽ സംസ്ഥാന സർക്കാർ വിശദമായ പഠനങ്ങളെ തുടർന്ന് തയ്യാറാക്കിയ പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങളുടെ വിശദാംശങ്ങളും ജിയോ കോർഡിനേറ്റ്സ് ഉൾപ്പെട്ട മാപ്പ് ഫയലുകളും നിർദ്ദേശങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും അടങ്ങിയ റിപ്പോർട്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ചിരുന്നുവെങ്കിലും അതുസംബന്ധിച്ച ഉത്തരവുകളോ സ്ഥിരീകരണങ്ങളോ കേന്ദ്ര മന്ത്രാലയത്തിൽനിന്ന് ഉണ്ടായിട്ടുള്ളതായി അറിവില്ല. പുതിയ കരട് വിജ്ഞാപനം സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ലഭിച്ച അറുപത് ദിവസ കാലയളവിനുള്ളിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളോ വിശദീകരണങ്ങളോ പ്രദേശവാസികൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ലഭിച്ചിരുന്നില്ല. ശരിയായ വിധത്തിൽ കേന്ദ്രമന്ത്രാലയത്തിന് മുന്നിൽ അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള ജനങ്ങളുടെ അവസരം നഷ്ടപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തിട്ടുള്ളത്. സർക്കാർ തലത്തിലുള്ള ഏകോപനമില്ലായ്മയും അലംഭാവവും ഗുരുതരമായ വീഴ്ചതന്നെയാണ്.
സംസ്ഥാന സർക്കാർ 2018 ൽ സമർപ്പിച്ചിട്ടുള്ള പ്രപ്പോസലുകൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കാത്ത പക്ഷം 2013 - 14 കാലയളവിൽ തയ്യാറാക്കപ്പെട്ട ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് പ്രകാരമുള്ള ഇ. എസ്. എ. വില്ലേജ് ഭൂപ്രദേശങ്ങൾ അന്തിമ വിജ്ഞാപനത്തിൽ ഉൾപ്പെട്ടാൽ, 2018 ൽ കേരളസർക്കാർ സമർപ്പിച്ച പ്രപ്പോസലിൽ ഒഴിവാക്കപ്പെട്ട ജനവാസ മേഖലകളും ഇ. എസ്. എ. ആയിമാറും. അത് അനേകം പൗരന്മാരുടെ മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റത്തിനും ജനവാസ മേഖലകളിലെ വികസന മുരടിപ്പിനും വഴിയൊരുക്കും.
സംക്ഷിപ്ത ചരിത്രം:
2012 – 2013 ൽ ഗാഡ്ഗിൽ റിപ്പോർട്ട് ചർച്ചചെയ്യപ്പെട്ടു തുടങ്ങിയപ്പോൾ മുതലാണ് പശ്ചിമഘട്ട മലയോര മേഖലകൾ പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങൾ എന്ന നിലയിൽ വലിയ പ്രതിസസന്ധികൾ ഭാവിയിൽ അഭിമുഖീകരിക്കേണ്ടിവരുമെന്ന ആശങ്ക പശ്ചിമഘട്ടത്തിന്റെ ഭാഗമായ കേരളത്തിലെ ജില്ലകളിൽ അധിവസിക്കുന്നവർക്ക് രൂപപ്പെട്ടു തുടങ്ങിയത്. ആദ്യം പ്രഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ ഗാഡ്ഗിൽ കമ്മിറ്റിയും പിന്നീട് ഡോ. കൃഷ്ണസ്വാമി കസ്തൂരിരംഗൻ അധ്യക്ഷനായ ഹൈലെവൽ വർക്കിംഗ് ഗ്രൂപ്പും തുടർന്ന്, ഹൈലെവൽ വർക്കിങ് ഗ്രൂപ്പിന്റെ റിപ്പോർട്ട് പഠിച്ച് കേരളത്തിന്റെ പശ്ചാത്തലത്തിൽ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ കേരള ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ആയിരുന്ന ഡോ. ഉമ്മൻ വി ഉമ്മൻ കൺവീനർ ആയ മൂന്നംഗ എക്സ്പേർട്ട് കമ്മിറ്റിയും നിയോഗിക്കപ്പെട്ടിരുന്നു. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടാണ് ഈ വിഷയത്തിലെ കേരളസർക്കാർ നിലപാടുകൾക്കും കേന്ദ്ര മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനങ്ങൾക്കും ആധാരം.
123 വില്ലേജുകളിൽ പ്രത്യേകം കമ്മിറ്റികൾ രൂപീകരിച്ചു പഠനം നടത്തിയ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി 123 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല പ്രദേശമായി പരിമിതപ്പെടുത്തി പുനർനിർണ്ണയിച്ചു. അതിൽ 886.7 ചതുരശ്ര കിലോമീറ്റർ ആയിരുന്നു വനേതര പ്രദേശങ്ങളും ബാക്കി 9107 ചതുരശ്ര കിലോമീറ്റർ റിസർവ് വനമേഖലമായി നിശ്ചയിച്ചത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിൽ സംഭവിച്ച പിഴവാണെന്ന് വിലയിരുത്തപ്പെടുന്നു. തുടർന്ന്, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യ ഇ. എസ്. എ. കരട് വിജ്ഞാപനം 2014 ൽ പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന ഇ. എസ്. എ. പ്രദേശം ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിർദ്ദേശപ്രകാരമുള്ള 9993.7 ചതുരശ്ര കിലോമീറ്റർ ആയിരുന്നു. പിന്നീട് 2015, 2017, 2018, 2022, 2024 വർഷങ്ങളിലായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അഞ്ച് കരട് വിജ്ഞാപനങ്ങൾ കൂടി പ്രസിദ്ധീകരിച്ചു. അവയിലും കേരളത്തിന്റെ പരിസ്ഥിതി ദുർബ്ബല പ്രദേശമായി പറഞ്ഞിരിക്കുന്നത് 9993.7 ചതുരശ്ര കിലോമീറ്റർ തന്നെയാണ്.
ഇതിൽ ആറാമത്തേതും അവസാനത്തേതുമായ 2024 ജൂലൈ 31 ന് പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തിൽ മാത്രമാണ് കേരളത്തിന്റെ ഇ. എസ്. എ. വില്ലേജുകളുടെ വിശദാംശങ്ങൾ ഉള്ളത്. ബാക്കി അഞ്ച് വിജ്ഞാപനങ്ങളിലും ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളം സമർപ്പിച്ചിരിക്കുന്ന ഭേദഗതികൾ പൂർണ്ണമായി അംഗീകരിച്ചിരിക്കുന്നതിനാൽ കേരളത്തെ കരട് വിജ്ഞാപനത്തിൽ ഒഴിവാക്കിയിരിക്കുന്നു എന്ന വിശദീകരണമാണുള്ളത്. കേരളത്തിന്റെ ഇ. എസ്. എ. പ്രദേശത്തിന്റെ ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശ പ്രകാരമുള്ള ആകെ അളവ് ആരംഭത്തിൽ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും തുടർന്നുള്ള ഭാഗങ്ങളിൽ, സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെടെ കേരളത്തെക്കുറിച്ചുള്ള പരാമർശങ്ങളില്ല. വിശദാംശങ്ങൾ കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് എന്ന സൂചനമാത്രം ആദ്യ അഞ്ച് കരട് വിജ്ഞാപനങ്ങളിലും ആദ്യഭാഗത്ത് കാണാം.
2018 ലെ സംസ്ഥാന സർക്കാരിന്റെ പ്രപ്പോസലുകൾ
ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കപ്പെടുകയും ആദ്യ കരട് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തുകയും ചെയ്ത് നാലു വർഷങ്ങൾക്ക് ശേഷം 2018 ലാണ് ജിയോ കോർഡിനേറ്റുകൾ ഉൾപ്പെട്ട മാപ്പ് ഫയലുകളും ഇ. എസ്. എ. വിശദാംശങ്ങളും വ്യക്തമായ പ്രപ്പോസലുകളും സംസ്ഥാന സർക്കാർ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കുന്നത് (No.271/A2/2017/Envt.). അതിന് മുമ്പ് 2018 ഏപ്രിൽ 18 ന് ഡൽഹിയിൽ വച്ചുനടന്ന ഇ. എസ്. എ. ചർച്ചയിൽ കേരളത്തിന്റെ പ്രതിനിധികൾ പങ്കെടുക്കുകയും പുതിയ പഠനങ്ങളുടെ വെളിച്ചത്തിൽ ചില ഭേദഗതികൾ ഉണ്ടെന്നും മന്ത്രിസഭയുടെ അനുമതി ലഭിച്ചതിന് ശേഷം കേന്ദ്ര മന്ത്രാലയത്തിന് സമർപ്പിക്കുമെന്നും അറിയിക്കുകയും ചെയ്തിരുന്നു. തുടർന്ന് 2018 ജൂൺ 16 നാണ് വിശദമായ റിപ്പോർട്ട് സമർപ്പിക്കപെട്ടത്. തുടർന്ന് 2019 ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന ഇ. എസ്. എ. മീറ്റിങ്ങിൽ കേരളത്തിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുകയും കേരളം സമർപ്പിച്ച നിർദ്ദേശങ്ങൾ ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
2018 ജൂൺ മാസത്തിൽ കേരളം സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിശ്ചയിച്ച ഇ. എസ്. എ. പ്രദേശങ്ങളുടെ വിസ്തൃതിയിൽ കാര്യമായ വ്യത്യാസങ്ങൾ വരുത്തി, 8656.46 ചതുരശ്ര കിലോമീറ്റർ ഇ. എസ്. എ. യാണ് നിശ്ചയിച്ചിരുന്നത്. ഇ. എസ്. എ. വില്ലേജുകൾ 123ൽ നിന്ന് 92 ആയി ചുരുക്കുകയുമുണ്ടായി (എങ്കിലും 123 വില്ലേജുകളുടെയും വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നു). ഇക്കാര്യങ്ങൾ 2019 ൽ തന്നെ കേന്ദ്ര മീറ്റിങ്ങിൽ ചർച്ച ചെയ്യപ്പെട്ടിട്ടും 2022 ൽ പ്രസിദ്ധീകരിച്ച അഞ്ചാം കരട് വിജ്ഞാപനത്തിലും കേരളത്തിന്റെ ഇ. എസ്. എ. വില്ലേജ് വിശദാംശങ്ങൾ ഉൾപ്പെടുത്തപ്പെട്ടില്ല എന്നുള്ളത് ഗൗരവമായി കാണേണ്ടതുണ്ട്.
ആറാം കരട് വിജ്ഞാപനം
2024 ജൂലൈ 31 ന് പ്രസിദ്ധീകരിക്കപ്പെട്ട കരട് വിജ്ഞാപനത്തിൽ ആദ്യമായി കേരളത്തിന്റെ ഇ. എസ്. എ. വില്ലേജ് വിശദാംശങ്ങൾ ഉൾപ്പെടുത്തപ്പെട്ടപ്പോൾ അതിലെ വില്ലേജുകളുടെ എണ്ണം 131 ആണ് (123 + 8 Bifurcated villages). 2018 ൽ കേരളം സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ചർച്ചയിൽ പരിഗണിച്ചെങ്കിലും കരട് വിജ്ഞാപനത്തിൽ വന്നിട്ടില്ല എന്നുള്ളതാണ് ഇപ്പോഴുള്ള പ്രധാന ആശങ്കകൾക്ക് അടിസ്ഥാനം. സംസ്ഥാന സർക്കാർ 2018 ൽ പ്രപ്പോസലുകൾ സമർപ്പിച്ചിട്ടും കരട് വിജ്ഞാപനത്തിൽ അത് ഉൾപ്പെടാത്തത് സർക്കാരിന്റെ അവകാശവാദങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടാനിടയാക്കി.
കേരളമൊഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളുടെയും ഇ. എസ്. എ. വില്ലേജുകളുടെ വിശദാംശങ്ങൾ കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരമുള്ളവയാണ്. എന്നാൽ, 2013 ലെ ഒന്നാം കരട് വിജ്ഞാപനപ്രകാരം, കേരളത്തിലെ ഇ. എസ്. എ. വില്ലേജുകളുടെ വിസ്തൃതിയായി കാണിച്ചിരിക്കുന്നത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിശ്ചയിച്ചതുതന്നെയാണ്. എല്ലാ സംസ്ഥാനങ്ങളിലും ആദ്യ കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്ന ആകെ വിസ്തൃതിയും ഇ. എസ്. എ. വിശദാംശങ്ങളും തന്നെയാണ് പിന്നീടുള്ള ആറു കരട് വിജ്ഞാപനങ്ങളിലും ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്. ആദ്യ കരട് വിജ്ഞാപനം തയ്യാറാക്കുമ്പോൾ നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ മറ്റെല്ലാ സംസ്ഥാനങ്ങളുടെയും കാര്യത്തിൽ എന്നതുപോലെ കേരളത്തിന്റെ കാര്യത്തിലും ഇപ്പോഴും തുടരുകയാണ്. കാതലായ മാറ്റങ്ങൾ അന്തിമ വിജ്ഞാപനത്തിലേ ഉൾപ്പെടുത്തപ്പെടുകയുള്ളൂ എന്നാണ് ഇതേകുറിച്ച് ലഭിക്കുന്ന വിശദീകരണം. മറ്റു സംസ്ഥാനങ്ങളും ഈ കാലയളവിൽ ഇ. എസ്. എ. വിസ്തൃതിയിൽ മാറ്റം വരുത്താനുള്ള പഠനങ്ങൾ നടത്തുകയും റിപ്പോർട്ടുകൾ നൽകുകയും ചെയ്തിട്ടുള്ളതാണ്. കേരളത്തെ സംബന്ധിച്ച്, 2018 ൽ ജനവാസ മേഖലകളെയൊക്കെ ഒഴിവാക്കി സംസ്ഥാന സർക്കാർ നൽകിയ പ്രപ്പോസലുകൾ കേന്ദ്രം അംഗീകരിക്കുമോ എന്ന കാര്യത്തിലുള്ള അവ്യക്തതയാണ് ആശങ്കകൾക്ക് അടിസ്ഥാനമായി നിൽക്കുന്നത്.
കഡസ്ട്രൽ മാപ്പും ജിയോ കോർഡിനേറ്റഡ് മാപ്പ് ഫയലും
കേരളത്തിലെ ഇ. എസ്. എ. വില്ലേജുകളുടെ കഡസ്ട്രൽ (അതിർത്തി അടയാളപ്പെടുത്തിയ) മാപ്പ് തയ്യാറാക്കിയത് ഉമ്മൻ വി. ഉമ്മൻ കമ്മിറ്റിയ്ക്കുവേണ്ടിയാണ്. അത് പ്രസിദ്ധീകരിച്ചത് കേരള ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിലാണ്. നിലവിൽ അത് പൂർണ്ണമായ രീതിയിൽ ലഭ്യമല്ല. സംസ്ഥാന വിദൂരസംവേദന പരിസ്ഥിതി കേന്ദ്രം (Kerala State Remote Sensing and Environment Centre) ക്രോഡീകരിച്ചു നൽകുകയും അവരുടെ തന്നെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്ത പൂർണ്ണമായ കഡസ്ട്രൽ മാപ്പിന്റെ ലിങ്ക് ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്നത് പ്രവർത്തന രഹിതമാണ്. അതേസമയം, ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമായ ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി റിപ്പോർട്ടിന്റെ ഭാഗമായി കഡസ്ട്രൽ മാപ്പുകൾ ലഭ്യമാണ്. 2013 – 14 നു ശേഷം ഇ. എസ്. എ. വില്ലേജുകളുടെ കഡസ്ട്രൽ മാപ്പ് തയ്യാറാക്കിയിട്ടില്ല എന്നാണ് ലഭ്യമായ വിവരം. 2018 ൽ സംസ്ഥാന വിദൂരസംവേദന പരിസ്ഥിതി കേന്ദ്രത്തിന്റെ സഹായത്തോടെ സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റ് തയ്യാറാക്കിയ മാപ്പ് ഫയലുകൾ ലഭ്യമാക്കിയിരിക്കുന്നത് അവരുടെതന്നെ വെബ്സൈറ്റിലാണ്.
ബയോഡൈവേഴ്സിറ്റി ബോർഡിൽനിന്നുള്ള വിശദീകരണപ്രകാരം, ഇ. എസ്. എ. സംബന്ധിച്ച പഠനങ്ങൾ, റിപ്പോർട്ട് തയ്യാറാക്കൽ തുടങ്ങിയവ വാസ്തവത്തിൽ ബയോഡൈവേഴ്സിറ്റി ബോർഡിന്റെ ഉത്തരവാദിത്തത്തിൽ പെടുന്നതല്ല. കുറെ കാലങ്ങളായി ആ ഡിപ്പാർട്ട്മെന്റിൽ ആർക്കും ഈ വിഷയവുമായി ബന്ധമോ, സർക്കാരുമായി ഇക്കാര്യത്തിൽ ഏതെങ്കിലും വിധത്തിലുള്ള ആശയവിനിമയമോ ഇല്ല. ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിയോഗിക്കപ്പെട്ടപ്പോൾ ഡോ. ഉമ്മൻ വി. ഉമ്മൻ സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് ചെയർമാൻ ആയിരുന്നതിനാൽ അദ്ദേഹം ബോർഡിന്റെ സാങ്കേതിക സൗകര്യങ്ങൾ തന്റെ കമ്മിറ്റിയുടെ പഠനങ്ങൾക്കായി ഉപയോഗിക്കുകയായിരുന്നു. അക്കാലത്ത് ഈ ആവശ്യത്തിനായി പ്രത്യേകമായി വകുപ്പോ വെബ്സൈറ്റോ ഇല്ലാതിരുന്നതിനാൽ ആദ്യഘട്ട ഡോക്യുമെന്റുകൾ ആ വെബ്സൈറ്റിൽ ലഭ്യമാക്കി. എന്നാൽ പിന്നീട് പരിസ്ഥിതി കാലാവസ്ഥ വ്യതിയാന (Department of Environment and Climate Change) വകുപ്പ് പ്രത്യേകമായി ആരംഭിക്കപ്പെട്ടപ്പോൾ ഇ. എസ്. എ. സംബന്ധിച്ച ഉത്തരവാദിത്തങ്ങൾ അവരുടേതായി മാറുകയും, വിജ്ഞാപനങ്ങളും ഡോക്യുമെന്റുകളും അവരുടെ വെബ്സൈറ്റിൽ ലഭ്യമാക്കുകയും ചെയ്തു. എന്നാൽ, ഈ മാറ്റം സംബന്ധിച്ച പൊതുവായ അറിയിപ്പ് കേരള സർക്കാരിൽനിന്ന് ഉണ്ടായിട്ടുള്ളതായി അറിവില്ല. കഡസ്ട്രൽ മാപ്പ്, അതിർത്തി വിശദാംശങ്ങൾ തുടങ്ങിയവ ഉൾപ്പെടുന്ന മുൻ ഫയലുകളൊന്നും പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യവുമല്ല.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ആറ് കരട് വിജ്ഞാപനങ്ങളിലും കേരളത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിർത്തി വിവരങ്ങളും വിശദാംശങ്ങളും ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് എന്ന് ആവർത്തിക്കുന്നുണ്ട്. ആറാമത്തേതിലും വില്ലേജുകളുടെ അതിർത്തി വിവരങ്ങളും കഡസ്ട്രൽ മാപ്പും ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് എന്ന് പറഞ്ഞിരിക്കുന്നത് ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. എന്നാൽ, ജിയോ കോർഡിനേറ്റ്സ് ഉൾപ്പെടുന്ന മാപ്പ് ഫയലുകൾ (kml/ kmz) ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ടെന്ന് കരട് വിജ്ഞാപനത്തിൽ എടുത്തു പറഞ്ഞിട്ടില്ല. കഡസ്ട്രൽ മാപ്പും അതിർത്തി സംബന്ധിച്ച വിവരങ്ങളും കൃത്യമായ രീതിയിൽ ലഭ്യമാക്കാത്തതും ഇത് സംബന്ധിച്ച വിഷയങ്ങൾക്ക് സർക്കാർ വ്യക്തത നൽകാത്തതും നിയമപരമായി ചോദ്യം ചെയ്യപ്പെടാവുന്നതാണ്.
ജിയോ കോർഡിനേറ്റഡ് മാപ്പ് ഫയലുകൾ ലഭ്യമായിരിക്കുന്നത് kml, kmz (Keyhole Markup Language, Zipped Keyhole Markup Language) ഫയലുകളായിട്ടാണ് (ഗൂഗിൾ എർത്തിലേയ്ക്ക് ഈ ഫയലുകൾ ഇംപോർട്ട് ചെയ്താലേ ശരിയായ രീതിയിൽ അതിർത്തികൾ തിരിച്ചറിയാനാവൂ). രണ്ടു ഫയലുകളാണ് കേരളസർക്കാർ നിലവിൽ ലഭ്യമാക്കിയിരിക്കുന്നത്. ഒന്ന്, കസ്തൂരി രംഗൻ, ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ടുകളിൽ പറഞ്ഞിട്ടുള്ള 123 (ഇപ്പോൾ 131) വില്ലേജുകളുടെ മുഴുവൻ അതിർത്തി. രണ്ട്, കേരള സർക്കാർ 2018 ൽ നൽകിയ റിപ്പോർട്ട് പ്രകാരമുള്ള പരിഷ്കരിച്ച ഇ. എസ്. എ. പ്രപ്പോസൽ പ്രകാരമുള്ള അതിർത്തി. രണ്ടു മാപ്പുകളും നൽകിയിരിക്കുന്നത് ഒഴിവാക്കപ്പെട്ട മേഖലകൾ തിരിച്ചറിയാൻ ഉപകാരപ്രദമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒന്നുള്ളത്, ഉമ്മൻ വി. ഉമ്മൻ റിപ്പോർട്ട് പ്രകാരം വില്ലേജുകളിൽനിന്ന് ആദ്യഘട്ടത്തിൽ ഒഴിവാക്കിയതും നിലവിൽ കേന്ദ്ര മന്ത്രാലയം അംഗീകരിച്ചതുമായ ഇ. എസ്. എ. പ്രദേശത്തിന്റെ അതിർത്തികൾ പ്രത്യേകമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതിനാൽതന്നെ ഇ. എസ്. എ. കരട് വിജ്ഞാപനത്തിലെ വിവരങ്ങൾക്ക് അവലംബമായി ആ ഫയലുകൾ നിർദ്ദേശിക്കാനാവില്ല.
സംസ്ഥാന സർക്കാരിന്റെ പാളിച്ചകൾ
ഈ വിഷയത്തിലെ സർക്കാരിന്റെ നിലപാടും സർക്കാർ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് 2018 ൽ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിന്റെ നിലവിലെ അവസ്ഥയും വ്യക്തമായി വിശദീകരിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിഞ്ഞില്ല/ അതിന് തുനിഞ്ഞില്ല. രണ്ടു മാസം മുന്നിൽ ഉണ്ടായിരുന്നിട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി അഭിപ്രായ രൂപീകരണം നടത്താനുള്ള നടപടിക്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കരട് വിജ്ഞാപനവും സംസ്ഥാന സർക്കാരിന്റെ പ്രപ്പോസലുകളും ഇ. എസ്. എ. മാപ്പും ഒത്തുനോക്കാനുള്ള ക്രമീകരണവും സർക്കാർ ഒരുക്കിയില്ല. ഇത് ഗുരുതരമായ വീഴ്ചയാണ്.
സംസ്ഥാന സർക്കാരിന്റെ ഈ വിഷയവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകൾക്കിടയിലുള്ള ഏകോപനമോ ആശയവിനിമയമോ പോലും ഈ കാലയളവിൽ നടന്നിട്ടില്ല. ഇ. എസ്. എ. കരട് വിജ്ഞാപനത്തിൽ ഇ. എസ്. എ. വില്ലേജുകളുടെ കഡസ്ട്രൽ മാപ്പും മറ്റു വിശദാംശങ്ങളും ലഭ്യമാക്കിയിരിക്കുന്നതായി പറയുന്ന ബയോഡൈവേഴ്സിറ്റി ബോർഡിന്റെ വെബ്സൈറ്റ് അപ്ഡേറ്റഡ് അല്ല എന്ന് മാത്രമല്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ബയോഡൈവേഴ്സിറ്റി ബോർഡിന് യാതൊരുവിധ നിർദ്ദേശങ്ങളും നൽകിയിട്ടുമില്ല. ഇ. എസ്. എ. വില്ലേജുകളുടെ കഡസ്ട്രൽ മാപ്പുകൾ തയ്യാറാക്കുകയും അപ്ഡേഷനുകൾക്ക് ആവശ്യമായ സാങ്കേതിക സഹായങ്ങൾ നല്കിവരുകയും ചെയ്യുന്ന സംസ്ഥാന വിദൂരസംവേദന പരിസ്ഥിതി കേന്ദ്രം (Kerala State Remote Sensing and Environment Centre) അധികൃതർക്കും ഇക്കാര്യവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ ലഭിച്ചിട്ടില്ല.
ലഭ്യമായ വിശദീകരണങ്ങൾ പ്രകാരം ഇ. എസ്. എ. സംബന്ധമായ നടപടിക്രമങ്ങളുടെയെല്ലാം ചുമതല നിക്ഷിപ്തമായിരിക്കുന്നത് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ ഓഫീസിലാണ്. പ്രസ്തുത ഓഫീസ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇ. എസ്. എ. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പൊതു അറിയിപ്പുകൾ നൽകുകയോ, വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയോ ചെയ്തിട്ടില്ല. ബഹു. മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ചുമതലയിലുള്ള പരിസ്ഥിതി, ആസൂത്രണ – സാമ്പത്തികകാര്യ മന്ത്രാലയങ്ങൾക്ക് കീഴിൽവരുന്ന ഓഫീസുകളാണ് മേല്പറഞ്ഞവ മൂന്നും. ഇവയ്ക്കിടയിലോ പൊതുവിലോ യാതൊരുവിധ ഏകോപനവും കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് നടന്നിട്ടില്ല എന്നുള്ളതാണ് വാസ്തവം. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള നീക്കങ്ങളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. അക്കാരണത്താൽ ഇതുവരെയുള്ള സംസ്ഥാന സർക്കാരിന്റെ ഈ വിഷയത്തിലുള്ള ഇടപെടലുകളുടെ നിലവിലുള്ള സ്ഥിതിയും ഭാവിയും അവ്യക്തമാണ്.
ഗോവ സർക്കാർ പലപ്പോഴായി നൽകിയിട്ടുള്ള പ്രപ്പോസലുകൾ പരിഗണിച്ച് 2021 – 2024 കാലയളവിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഉത്തരവുകൾ ഇറക്കിയിട്ടുള്ളതിന് തെളിവുകളുണ്ട്. കേരളം നൽകിയിട്ടുള്ള നിർദ്ദേശങ്ങൾക്ക് അത്തരത്തിൽ കേന്ദ്ര മന്ത്രാലയത്തിൽനിന്നുള്ള പ്രതികരണമോ അനുബന്ധ ഉത്തരവുകളോ ലഭിച്ചിട്ടുണ്ടോ എന്നുള്ളത് വ്യക്തമല്ല. അതിനാൽ, കേരളത്തിന്റെ നിർദ്ദേശങ്ങൾ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം യുക്തമായ രീതിയിൽ പരിഗണിച്ചോ/ പരിഗണിക്കുമോ എന്നതിന് സ്ഥിരീകരണം സംസ്ഥാന സർക്കാർ ലഭ്യമാക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഈ വിഷയത്തിലെ ആശയക്കുഴപ്പങ്ങളും ആശങ്കകളും നിലനിൽക്കും.
പരിഗണിക്കപ്പെടേണ്ട വിഷയങ്ങൾ
സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന പ്രപ്പോസലുകൾ കേന്ദ്രം അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾ മാത്രമല്ല ഈ വിഷയത്തിലുള്ളത്. 2018 ൽ സംസ്ഥാന സർക്കാർ സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിലെ മാപ്പും പുനഃപരിശോധിക്കപ്പെടേണ്ടതുണ്ട്. അന്ന് സമർപ്പിച്ച പ്രപ്പോസലിൽ വ്യക്തമാക്കുന്നതുപ്രകാരം ജനവാസമേഖലകളെ പൂർണ്ണമായി ഇ. എസ്. എ. പരിധിയിൽനിന്ന് ഒഴിവാക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, അനുബന്ധമായി തയ്യാറാക്കപ്പെട്ട മാപ്പിൽ ഇനിയും ഉൾപ്പെട്ടിരിക്കുന്ന ജനവാസമേഖലകളുണ്ട്. അത്തരം വിശദാംശങ്ങൾ വ്യക്തമായി മനസിലാക്കാനും പരാതി നൽകാനും പ്രദേശവാസികൾക്ക് കഴിഞ്ഞിട്ടില്ല. അതുപോലെതന്നെ, ഇ. എസ്. എ. മേഖലകൾ ഇടകലർന്നുവരുന്ന ഭൂപ്രദേശങ്ങളിലെ റോഡ്, പാലം തുടങ്ങിയ അവശ്യ നിർമ്മിതികളെ ഇ. എസ്. എ. നിയന്ത്രണങ്ങൾ ബാധിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതും പ്രധാനപ്പെട്ട മറ്റൊരു ആവശ്യമാണ്.
കേരളത്തിലെ ജനങ്ങളെ ആശയക്കുഴപ്പത്തിൽ അകപ്പെടുത്തുന്ന വിധത്തിൽ, കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് വ്യക്തമായ നടപടികളോ, അറിയിപ്പുകളോ ഉണ്ടാകാത്ത സാഹചര്യവും ജിയോ കോർഡിനേറ്റുകൾ ഉൾപ്പെട്ട മാപ്പ് സംബന്ധിച്ച വ്യക്തത ജനങ്ങൾക്ക് ലഭിക്കാത്തതിനാലും എല്ലാ ജനങ്ങൾക്കും മനസിലാകുന്ന രീതിയിൽ കരട് വിജ്ഞാപനം മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാത്തതിനാലും കരട് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നതുപ്രകാരം വിശദാംശങ്ങൾ കൃത്യമായ രീതിയിൽ വെബ്സൈറ്റിൽ ലഭ്യമല്ലാത്തതിനാലും തിരുത്തലുകൾ വരുത്തി രണ്ടാമതൊരു നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനോ, പ്രതികരണങ്ങൾ അറിയിക്കുന്നതിനുള്ള സമയപരിധി നീട്ടി ലഭിക്കുന്നതിനോ നിർദ്ദേശിക്കാൻ കൂടുതൽ സംഘടനകളും വ്യക്തികളും നിയമനടപടികൾക്ക് മുന്നിട്ടിറങ്ങുന്നത് ഗുണകാരമായിരിക്കും.
2018 ൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ടിരിക്കുന്ന മാപ്പിലും പ്രപ്പോസലുകളിലും പിഴവുകൾ കടന്നുകൂടിയിരിക്കുന്നതായുള്ള ആക്ഷേപങ്ങളുമുണ്ട്. അപ്രകാരം സംഭവിച്ചാൽ 2018 ലെ സംസ്ഥാന സർക്കാരിന്റെ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പൂർണ്ണമായി അവഗണിക്കപ്പെടാൻ അത് വഴിയൊരുക്കിയേക്കാം. സംസ്ഥാന സർക്കാർ ഇനിയെങ്കിലും ആത്മാർത്ഥവും കാര്യക്ഷമവുമായ ഇടപെടലുകൾ നടത്താൻ തയ്യാറാവുകയാണ് അവിടെ ആവശ്യം.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഇ. എസ്. എ. നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടുള്ള കേരള സർക്കാർ ഇടപെടലുകൾ അംഗീകരിക്കപ്പെടേണ്ടത് തന്നെയാണ്. അതേസമയം, പൂർണ്ണമായ പ്രശ്നപരിഹാരവുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യക്ഷമതയോടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുകയും പൊതുജനങ്ങൾക്ക് ശരിയായ രീതിയിലുള്ള മാർഗ്ഗ നിർദ്ദേശങ്ങളും വിശദീകരണങ്ങളും നൽകുകയും ചെയ്യേണ്ടിയിരുന്നു. എങ്കിലും, ഈ വൈകിയ വേളയിലും പരിഹാരം അന്യമല്ല. കോടതിയുടെ ഇടപെടലുകൾക്കൊപ്പം, ജനപ്രതിനിധികളുടെ ഇടപെടലുകളും ഇവിടെ ഗുണം ചെയ്തേക്കും. ജാഗ്രതയോടെ നിലപാട് സ്വീകരിക്കാത്ത പക്ഷം ഇനിയൊരു അവസരം ഇക്കാര്യത്തിൽ കേരളത്തിന് ലഭിച്ചുകൊള്ളണമെന്നില്ല.