KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

സന്യാസിനികളുടെ കേസ് എൻഐഎ കോടതിയുടെ പരിഗണനയ്ക്ക് വിട്ടു; ജാമ്യം ലഭിക്കാതിരിക്കാൻ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ നീക്കം.

ഛത്തീസ്ഘട്ടിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്തും മതപരിവർത്തനവുമെന്ന വാസ്തവവിരുദ്ധമായ ആരോപണങ്ങളെ തുടർന്ന് അറസ്റ്റിലായി ആറു ദിവസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും സെഷൻസ് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചില്ല. BNS 143 പ്രകാരം, മനുഷ്യക്കടത്ത് എന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നതിനാൽ കേസ് കൈകാര്യം ചെയ്യാൻ സെഷൻസ് കോടതിക്ക് അധികാരമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വിഷയം എൻഐഎ കോടതിക്ക് കൈമാറുകയാണുണ്ടായത്. മനുഷ്യക്കടത്ത് ചാർജ് ചെയ്യപ്പെട്ടാൽ കേസിന്റെ ഗൗരവം അനുസരിച്ച് കേസന്വേഷണം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് ഡിവിഷന് (AHTD) കൈമാറ്റം ചെയ്യാമെന്ന വ്യവസ്ഥ അനുസരിച്ചാണ് കോടതി അപ്രകാരം ചെയ്തത്. വാസ്തവങ്ങൾ മനസിലാക്കിയ ഏവരും ആരോപണങ്ങൾ വ്യാജമെന്ന് അംഗീകരിക്കുന്ന പശ്ചാത്തലത്തിലും ഇപ്രകാരമൊരു നീക്കമുണ്ടായത് ഹിന്ദുത്വ സംഘടനകളുടെ ഇടപെടലുകളുടെ തുടർച്ചയാണെന്ന ആരോപണങ്ങളുണ്ട്.

ഇന്നലെ (ജൂലൈ 29), കേസിൽ സന്യാസിനിമാർക്കൊപ്പം പ്രതി ചേർക്കപ്പെട്ട വ്യക്തിയായ സുക്മൻ മാണ്ഡവിയ്ക്കുവേണ്ടി അദ്ദേഹത്തിന്റെ ആളുകൾ മജിസ്‌ട്രേറ്റ് കോടതിയിൽ ജാമ്യാപേക്ഷ നൽകുകയും ഹർജി തള്ളുകയുമുണ്ടായിരുന്നു. സെഷൻസ് കോടതിയുടെ ഇന്നത്തെ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ സന്യാസിനിമാരുടെ ജാമ്യാപേക്ഷ എൻഐഎ കോടതിക്കുമുന്നിൽ വൈകാതെ സമർപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

ഇതിനിടെ സന്യാസിനിമാർക്ക് ജാമ്യം ലഭിക്കാതിരിക്കാൻ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ ഭാഗത്തുനിന്ന് ആസൂത്രിതമായ നീക്കങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജാമ്യഹർജി പരിഗണിക്കുന്നതിന് മുമ്പ് മുതൽ കോടതി പരിസരത്ത് തടിച്ചുകൂടിയ ബജ്‌റംഗ്ദൾ – തീവ്ര ഹിന്ദുത്വ വാദികൾ കലാപാന്തരീക്ഷം സൃഷ്ടിക്കുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തിരുന്നു. ജാമ്യം ലഭിച്ചില്ല എന്ന വാർത്ത അറിഞ്ഞതോടെ അവർ ആഹ്ലാദാരവങ്ങൾ മുഴക്കി. ഇത്തരത്തിൽ കോടതിയെയും സർക്കാരിനെയും സമ്മർദ്ദത്തിലാക്കുന്നവിധത്തിലാണ് ബജ്‌റംഗ്ദൾ പ്രവർത്തകരുടെ നീക്കങ്ങൾ.

കോടതിഇടപെടൽ സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ സെഷൻസ് കോടതി ഉത്തരവിന്റെ പകർപ്പ് ലഭ്യമാകുന്നതോടെയേ വ്യക്തമാകൂ.

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *