അഫ്ഘാനിസ്ഥാനിലെ പെൺകുട്ടികളുടെ അവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി യൂണിസെഫ്
അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി സ്വരമുയര്‍ത്താന്‍ നാം തയ്യാറാകണമെന്ന് യൂണിസെഫ് (United Nations International Children’s Emergency Fund). കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ സ്ത്രീകളുടെ സ്വപ്നങ്ങള്‍ നിരോധിക്കപ്പെട്ടിരിക്കുന്നുവെന്നും, അവര്‍ നിശ്ശബ്ദരാക്കപ്പെട്ടിരിക്കുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ് വെളിപ്പെടുത്തി. ഒക്ടോബര്‍ 31 ന് സാമൂഹ്യമാധ്യമമായ X ൽ കുറിച്ച സന്ദേശത്തിലാണ് അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളിലേക്ക് യൂണിസെഫ് ശ്രദ്ധ ക്ഷണിച്ചത്.
മൂന്ന് വര്‍ഷത്തിലധികമായി അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസം നിരോധിക്കപ്പെട്ടതിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട്, സ്കൂളുകളില്‍നിന്ന് അകറ്റപ്പെട്ട ഈ പെണ്‍കുട്ടികള്‍ തങ്ങളുടെ വീടുകളില്‍ അടയ്ക്കപ്പെട്ടിരിക്കുകയാണെന്നും, അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും യൂണിസെഫ് അപലപിച്ചു. പല പെണ്‍കുട്ടികളും പ്രായപൂര്‍ത്തിയെത്തുന്നതിന് മുന്‍പേ വിവാഹത്തിന് നിര്‍ബന്ധിതരാകുകയാണെന്നും ഐക്യരാഷ്ട്രസഭാ സംഘടന കുറ്റപ്പെടുത്തി. ജനസംഖ്യയിലെ പകുതി ആളുകളെ പൊതുസമൂഹത്തില്‍നിന്ന് മാറ്റി ഒരു രാജ്യത്തിനും മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് യൂണിസെഫ് ഓര്‍മ്മിപ്പിച്ചു.
താലിബാന് അധികാരം പിടിച്ചെടുത്തതിനെത്തുടര്‍ന്നുണ്ടായ നിരവധി മാറ്റങ്ങളില്‍ ഒന്നായിരുന്നു പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി സ്കൂള്‍ വിദ്യാഭ്യാസം നിരോധിക്കപ്പെട്ടത്. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളില്‍ ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം പെണ്‍കുട്ടികള്‍ക്കാണ് ഉന്നതവിദ്യാഭ്യാസ സാധ്യതകള്‍ നിരോധിക്കപ്പെട്ടത്.