ഒന്നിനും മടിക്കാത്ത കേരള യുവത്വം
നിഷ ജോസ്
സൈക്കോളജിസ്റ്റ്
മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തരീതിയിൽ ചെറുപ്രായക്കാരായ വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയുമിടയിൽ കുത്തനെ ഉയരുന്ന അക്രമ വാസനയും ആത്മഹത്യാ പ്രവണതകളും അതുമൂലമുള്ള അസ്വാഭാവിക മരണങ്ങളും കണ്ട് മനസ് മരവിച്ചിരിക്കുകയാണ് മലയാളികൾ. ഏറ്റവുമൊടുവിൽ തിരുവനന്തപുരത്ത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപത്തിമൂന്നുകാരനാണ്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഒരുകൂട്ടം സീനിയർ വിദ്യാർത്ഥികൾ ജൂനിയർ വിദ്യാർത്ഥികളെ റാഗിങ്ങ് എന്ന പേരിൽ പൈശാചികമായ രീതിയിൽ പീഡനത്തിനിരയാക്കിയ വാർത്ത പുറത്തുവന്നത്. ഇത്തരം നിരവധി അക്രമസംഭവങ്ങൾക്കൊപ്പം സ്‌കൂൾ വിദ്യാർത്ഥികളുടെയുൾപ്പെടെ ആത്മഹത്യാ വാർത്തകൾ പലതും ഈ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കൂട്ടക്കൊലപാതകങ്ങൾക്കും ഏതുവിധത്തിലുമുള്ള അക്രമങ്ങൾക്കും മടികാണിക്കാത്തവരുടെയും ആത്മഹത്യയെ പ്രശ്നപരിഹാരങ്ങൾക്കുള്ള കുറുക്കുവഴിയായി കാണുന്നവരുടെയും എണ്ണം നമ്മുടെ കുട്ടികൾക്കും യുവജനങ്ങൾക്കുമിടയിൽ വർധിച്ചുവരുന്നുണ്ട് എന്ന വസ്തുതയെ അത്യന്തം ഗൗരവമായി വിചിന്തന വിഷയമാക്കേണ്ട നാളുകളാണിത്.
കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ കേരളയുവതയ്ക്കിടയിൽ സംഭവിച്ചിട്ടുള്ളതും ഇപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതും എന്താണെന്നുള്ളതിനെക്കുറിച്ചുള്ള ചർച്ചകൾ പല തലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നു. ലഹരി, സമൂഹമാധ്യമങ്ങൾ, രക്തരൂക്ഷിതമായ അക്രമങ്ങൾ പ്രമേയമാക്കുന്ന ചലച്ചിത്രങ്ങൾ, സാമൂഹിക – കുടുംബാന്തരീക്ഷങ്ങളിലെ മാറ്റങ്ങൾ തുടങ്ങി കോവിഡാനന്തര പ്രതിസന്ധികൾ വരെയുള്ള ഒട്ടേറെ കാരണങ്ങളിലേയ്ക്ക് പലരും വിരൽ ചൂണ്ടുന്നു.
സൈബർ കുറ്റകൃത്യങ്ങൾ, മയക്കുമരുന്നിന്റെ ഉപയോഗം തുടങ്ങിയവ വിവിധ കേസുകളുമായി ബന്ധപ്പെട്ട് നിരന്തരം കാണപ്പെടുന്നതിനാൽ സമൂഹമാധ്യമങ്ങളുടെ സ്വാധീനവും മയക്കുമരുന്ന് മാഫിയകളുടെ ഇടപെടലുകളും സ്വാഭാവികമായി ഇത്തരം നിരവധി കേസുകളിൽ വലിയ സ്വാധീനമായി മാറുന്നു എന്നത് നിസ്തർക്കമാണ്. കൗമാരപ്രായക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്കിടയിലും അക്രമ പ്രവണതകളും ആത്മഹത്യാ ചിന്തകളും വർദ്ധിച്ചിരിക്കുന്നത് വലിയ ദുഃസൂചനയാണ്.
നിയമ – നീതിനിർവഹണ സംവിധാനങ്ങൾപോലും നിഷ്ക്രിയമോ നിശബ്ദമോ ആയി തുടരുന്ന സാഹചര്യമാണ് ഇന്നുള്ളത്. ലഹരിയുടെ വ്യാപനം, സമൂഹമാധ്യമങ്ങളുടെ പരിധിവിട്ട സ്വാധീനം തുടങ്ങിയവയെ ഫലപ്രദമായി നേരിടാൻതക്ക സംവിധാനങ്ങൾ സർക്കാരിനുപോലുമില്ല എന്ന ദുരവസ്ഥ നിലനിൽക്കുന്നു. സാമൂഹിക – സംഘടനാ സംവിധാനങ്ങളും കുടുംബങ്ങളും പകച്ചുനിൽക്കുന്ന അവസ്ഥയും ഇക്കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. അപ്രതീക്ഷിതമായ ദുരന്തങ്ങൾ തുടരെത്തുടരെ കണ്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരമൊരു പ്രതിസന്ധിയെ എപ്രകാരം നേരിടാൻ കഴിയുമെന്ന ചോദ്യത്തിനുത്തരം ആർക്കുംതന്നെയില്ല എന്നതാണ് വാസ്തവം.
കാരണങ്ങൾ ചിന്തിച്ചാൽ
അത്യന്തം ആശങ്കാജനകമായ ഒരു സാഹചര്യത്തെയാണ് കേരളം ഇന്ന് നേരിടുന്നത് എന്നുള്ളത് നിസ്തർക്കമാണ്. മനഃശാസ്ത്രപരവും, സാമൂഹികവും, സാംസ്കാരികവുമായ ഒട്ടേറെ കാരണങ്ങൾ ഇവിടെയുണ്ട്. അതേസമയം, ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തങ്ങളുടെ ഉത്തരവാദിത്വത്തിൽനിന്ന് സർക്കാർ സംവിധാനങ്ങൾക്കും ആത്മീയ നേതൃത്വങ്ങൾക്കും ഒഴിവാകാൻ കഴിയുകയുമില്ല. കഴിഞ്ഞ ചില പതിറ്റാണ്ടുകൾക്കിടയിൽ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക സാംസ്കാരിക മാറ്റങ്ങളെ അതർഹിക്കുന്ന ഗൗരവത്തിൽ പരിഗണിക്കാൻ കഴിയാതെപോയ കുടുംബങ്ങൾ മുതൽ സാമൂഹിക സാംസ്ക്കാരിക മത രാഷ്ട്രീയ നേതൃത്വങ്ങൾ വരെ ആത്മപരിശോധനയ്ക്ക് സ്വയം വിധേയരാകേണ്ടതുണ്ട്.
കുട്ടികൾക്കും യുവജനങ്ങൾക്കുമിടയിൽ സംഭവിക്കുന്നത്:
കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങളുണ്ടായിരിക്കുന്നു. സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങളും വലിയൊരു ശതമാനം മാതാപിതാക്കളുടെ സാമ്പത്തിക – സാമൂഹിക അരക്ഷിതാവസ്ഥയും തിരക്കേറിയ ജീവിത ശൈലിയും പിൻതലമുറയെ വലിയ അളവിൽ സ്വാധീനിച്ചിട്ടുണ്ട്. കുടുംബബന്ധങ്ങൾക്കപ്പുറം പിയർ പ്രഷറും സമൂഹമാധ്യമങ്ങളുമാണ് നല്ലൊരു വിഭാഗത്തിന്റെ ചിന്താശേഷിയെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്.
ഇക്കാരണത്താൽ തന്നെ തങ്ങളുടെ ചുറ്റുപാടുകളിൽനിന്നുള്ള സമ്മർദ്ദങ്ങൾക്ക് വളരെ എളുപ്പത്തിൽ അവർ കീഴടങ്ങുന്നു. ലൈംഗിക ചൂഷണങ്ങളുടെ കാര്യത്തിലോ മയക്കുമരുന്ന് ഉപയോഗത്തിലോ മുതൽ, അക്രമ പ്രവർത്തനങ്ങളിൽ ഭാഗഭാക്കുകളാകുകയോ അത്തരം ഘട്ടങ്ങളിൽ മനസാക്ഷിക്ക് വിരുദ്ധമായി നിശബ്ദരാകുന്നതോ പോലുള്ള കാര്യങ്ങളിൽ വരെ വിവിധ തലങ്ങളിൽ അത്തരം മാറ്റങ്ങൾ പ്രകടമാണ്.
മയക്കുമരുന്ന് ഉപയോഗം ഇത്തരക്കാർക്കിടയിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. കഴിഞ്ഞ ചില വർഷങ്ങൾക്കിടെ കേരളത്തിലെ യുവജനങ്ങൾക്കിടയിൽ ഉയർന്നുകൊണ്ടിരിക്കുന്ന ലഹരി ഉപയോഗം ഭീതിതമായ നിലയിലാണുള്ളത്. ചില ഗൂഡ സംഘങ്ങൾ കേരളത്തിന്റെ നിലവിലുള്ള സാമൂഹിക സാഹചര്യത്തെ കച്ചവട താത്പര്യങ്ങൾക്കായി ദുരുപയോഗിക്കുന്നുണ്ട് എന്നുള്ളത് വസ്തുതയാണ്. സർക്കാർ ശരിയായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്താത്തപക്ഷം സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നതിൽ തർക്കമില്ല.
ഇവിടെ സമാന പ്രായക്കാരും സുഹൃത്തുക്കളുമായവരുടെ സ്വാധീനം പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. സാമൂഹിക തിൻമകളെ – അത് മയക്കുമരുന്ന് ഉപയോഗമോ, റാഗിംഗോ, മറ്റ് അക്രമ പ്രവൃത്തികളോ തുടങ്ങി സാമൂഹിക, കുടുംബ സംവിധാനങ്ങളെയോ ധാർമ്മിക മൂല്യങ്ങളെയോ ചോദ്യം ചെയ്യുന്നതും ആകാം – നിസാരവൽക്കരിക്കുന്ന ആൾക്കൂട്ടങ്ങൾ കുട്ടികൾക്കും യുവജനങ്ങൾക്കുമിടയിൽ വിവിധ തലങ്ങളിൽ പ്രകടമാണ്. അത്തരം നിഷേധാത്മക ആശയങ്ങൾ പ്രചരിപ്പിക്കുന്ന സംഘടിത സംവിധാനങ്ങൾ കേരളത്തിലുൾപ്പെടെ സജീവമാണെന്നതും വസ്തുതയാണ്.
സൂക്ഷ്മമായി നിരീക്ഷിച്ചാൽ
ഇത്തരമൊരു സാഹചര്യത്തിലേയ്ക്ക് കേരളത്തെ എത്തിച്ചിരിക്കുന്ന ഘടകങ്ങൾ പലതുണ്ട്. ഇത്രമാത്രം ദുർബലമായ ഒരു മാനസികാവസ്ഥയിലേക്ക് എപ്രകാരമാണ് ഒരു വിഭാഗം യുവജനങ്ങളും കൗമാരപ്രായക്കാരും എത്തിപ്പെടുന്നത്?
വേരുകൾ നഷ്ടപ്പെടുന്നു: കുടുംബ ബന്ധങ്ങളാണ് ധാർമ്മിക മൂല്യങ്ങളുടെ അടിസ്ഥാന പാഠശാലകളാകേണ്ടത്. ആ ഒരർത്ഥത്തിൽ മനുഷ്യന്റെ വ്യക്തിത്വം എക്കാലവും വേരൂന്നി നിൽക്കേണ്ടത് ആരോഗ്യകരമായ കുടുംബാന്തരീക്ഷങ്ങളിലേക്കാണ്. അത്തരത്തിൽ സ്വന്തം ഭവനങ്ങളിൽനിന്ന് അഭ്യസിക്കുന്ന ധാർമ്മിക, സാമൂഹിക, വ്യക്തി മൂല്യങ്ങൾ കൈവിടാത്ത വലിയൊരു വിഭാഗം പേർ മാതൃകകളായി ഇന്നും നമുക്കുമുന്നിലുണ്ട്. എന്നാൽ, ഇക്കാലഘട്ടത്തിൽ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് വാർത്തകളിൽ നിറയുന്ന ചിലരെക്കുറിച്ച് ‘അവർ അത്തരക്കാരാണെന്ന് തങ്ങൾ ചിന്തിച്ചിരുന്നേയില്ല’ എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പോലും അഭിപ്രായം പ്രകടിപ്പിക്കുന്നെങ്കിൽ അക്കൂട്ടരുടെ വേരുകൾ നഷ്ടപ്പെടുന്നുണ്ട് അഥവാ ആരോഗ്യകരമായ കുടുംബബന്ധങ്ങൾ നിലനിൽക്കുന്നില്ല എന്നു കരുതാം. കുടുംബങ്ങളിൽനിന്ന് ലഭിച്ച ബാലപാഠങ്ങളിൽ നിലനിൽക്കാൻ കഴിയാതെ പോകുന്നതോ, അത്തരം ധാർമ്മിക മൂല്യങ്ങളെ ഉൾക്കൊള്ളാൻ കഴിയാതെ പോകുന്നതോ, കുടുംബത്തിന് അയാളിൽ സ്വാധീനം ചെലുത്താൻ കഴിയാതെ പോകുന്നതോ, അതുമല്ലെങ്കിൽ മറ്റാരെങ്കിലുമോ ചില പ്രസ്ഥാനങ്ങളോ ആ വ്യക്തിയിൽ കൂടുതൽ സ്വാധീനം ചെലുത്തുന്നതോ ആകാം കാരണം. എന്തുതന്നെയാണെങ്കിലും ഇത്തരത്തിലുള്ള സംഭവങ്ങൾ വലിയ വിചിന്തനം ആവശ്യപ്പെടുന്നുണ്ട്.
വിദ്യാഭ്യാസ സംബന്ധമായ സമ്മർദ്ദങ്ങൾ: കേരളത്തിലെ യുവജനങ്ങളും വിദ്യാർത്ഥി സമൂഹവും കഴിഞ്ഞ ചില പതിറ്റാണ്ടുകളായി കൂടിയ സമ്മർദ്ദങ്ങളിലാണ്. യഥാർത്ഥ താൽപ്പര്യങ്ങൾക്കപ്പുറം തങ്ങളുടെ തന്നെ അപക്വമായ ധാരണകൾ പ്രകാരമോ, മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നിർദ്ദേശങ്ങൾ പ്രകാരമോ പിയർ പ്രഷറിന്റെ സമ്മർദ്ദങ്ങൾ മൂലമോ തനിക്ക് യോജിക്കാത്ത വഴി തെരഞ്ഞെടുക്കുകയും അതിന്റെ പ്രത്യാഘാതമെന്നോണം പലവിധ മാനസിക സമ്മർദ്ദങ്ങളുടെ പിടിയിൽ അകപ്പെടുകയും ചെയ്യുന്നവരുടെ എണ്ണം ചെറുതല്ല. അപ്രകാരം സംഭവിക്കുന്ന പരാജയങ്ങൾ മാനസിക തകർച്ചയിലേയ്ക്കും ദൗർബല്യങ്ങളിലേയ്ക്കും ഒരാളെ നയിക്കാനുള്ള സാധ്യത വളരെ വലുതാണ്.
രാഷ്ട്രീയ – അക്കാദമിക സാഹചര്യങ്ങൾ
രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെ കടന്നുകയറ്റം, അതിന്റെ ഭാഗമായ സമ്മർദ്ദങ്ങൾ, താൽക്കാലിക കാര്യലാഭങ്ങൾക്കായി ചില സംഘങ്ങൾക്കൊപ്പം നിലകൊള്ളാൻ നിർബ്ബന്ധിതരാകുന്നത് തുടങ്ങി കലാലയങ്ങളിലെ വിദ്യാർത്ഥി സമൂഹങ്ങൾ പലപ്പോഴും തങ്ങൾ ആഗ്രഹിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ നിർബ്ബന്ധിതരാകുന്നുണ്ട്. സർക്കാർ ഉടമസ്ഥതയിലുള്ള കലാലയങ്ങളാണ് പലപ്പോഴും അക്രമരാഷ്ട്രീയത്തിന്റെ കൂത്തരങ്ങായി മാറുന്നത്. ഇത്തരം കലാലയങ്ങളിലെ കലുഷിതമായ സാഹചര്യങ്ങൾ പ്രത്യക്ഷമോ പരോക്ഷമോ ആയ രീതിയിൽ എല്ലാ വിദ്യാർത്ഥികളുടെയും മാനസികാവസ്ഥയെയും മൂല്യബോധത്തെയും സ്വാധീനിക്കുന്നുണ്ട്. കോട്ടയം ഗവണ്മെന്റ് നഴ്‌സിംഗ് കോളേജ്, പൂക്കോട് വെറ്റിനറി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിങ്ങനെ അനിഷ്ടസംഭവങ്ങൾക്കൊണ്ട് കുപ്രസിദ്ധി നേടിയ സർക്കാർ കലാലയങ്ങൾ ഉദാഹരണങ്ങളാണ്. ഇത്തരം കലാലയങ്ങളിലുണ്ടായ കിരാതമായ അക്രമ സംഭവങ്ങൾ പരിഗണിച്ച്, കലാലയങ്ങളിലെ സാഹചര്യങ്ങൾ പഠനവിധേയമാക്കാനും നടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറാകണം.
ചലച്ചിത്രങ്ങളുടെയും മാധ്യമങ്ങളുടെയും സ്വാധീനം.
2004 ൽ റിലീസ് ആയ സൂപ്പർഹിറ്റ് ചലച്ചിത്രമാണ് ദൃശ്യം. ഒരു കൊലപാതകത്തിന്റെയും പ്രത്യേക രീതിയിലുള്ള തെളിവ് നശിപ്പിക്കലിന്റെയും കഥപറയുന്ന പ്രസ്തുത ചലച്ചിത്രം റിലീസ് ആയതിന് ശേഷം മാധ്യമങ്ങൾ “ദൃശ്യം മോഡൽ” എന്ന വിശേഷണം നൽകിയ കൊലപാതകങ്ങൾ നിരവധിയാണ്. ആത്മഹത്യകളിലേയ്ക്കും കൊലപാതകങ്ങളിലേയ്ക്കും അക്രമസംഭവങ്ങളിലേയ്ക്കും കാഴ്ചക്കാരെയും വായനക്കാരെയും നയിച്ചിട്ടുള്ള സിനിമകൾക്കും രചനകൾക്കും ലോകവ്യാപകമായി നിരവധി ഉദാഹരണങ്ങളുണ്ട്. കഴിഞ്ഞയിടെ ഹൈദരാബാദിൽനിന്നുള്ള ഒരു സ്‌കൂൾ അധ്യാപിക വിദ്യാഭ്യാസ കമ്മീഷന് മുന്നിൽ സംസാരിക്കവേ നടത്തിയ ചില വെളിപ്പെടുത്തലുകൾ മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. പുഷ്പ എന്ന തെലുങ്ക് സിനിമ തന്റെ സ്‌കൂളിലെ പകുതി കുട്ടികളെയെങ്കിലും വളരെ മോശമായി സ്വാധീനിച്ചു എന്നാണ് അവർ പറഞ്ഞത്. തോന്നിയതുപോലെ നടക്കുകയും അസഭ്യം പറയുകയും ചെയ്യുന്നവരായി അവർ മാറി.
ഇതിനകം ഒട്ടനവധി പഠനങ്ങൾ ഈ മേഖലയിൽ നടന്നിട്ടുണ്ട്. മലയാളത്തിൽ കഴിഞ്ഞ കുറച്ചു മാസങ്ങൾക്കിടയിൽ ഇറങ്ങിയ ചില ചലച്ചിത്രങ്ങൾക്ക് ഇപ്രകാരം വിമർശനങ്ങൾ ഉയർന്നിരുന്നു. ആഴ്ചകളോളം ഹൗസ്ഫുൾ ആയി പ്രദർശിപ്പിച്ച നിഷ്ടൂരമായ കൊലപാതക പരമ്പരകൾക്കൊണ്ടു നിറഞ്ഞ ഒരു ചലച്ചിത്രത്തിന് കാണികളായി കയറിയവരിൽ ഏറിയ പങ്കും പ്ലസ്‌ടു, കോളേജ് വിദ്യാർഥികളും യുവജനങ്ങളുമായിരുന്നു. ഇത്തരം ജോണറിൽ ഇറങ്ങുന്ന ചലച്ചിത്രങ്ങളുടെയെല്ലാം സ്ഥിതി ഇതുതന്നെ. അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും ലഹരി ഉപയോഗത്തിന്റെയും അതിപ്രസരം കുത്തിനിറച്ച ചലച്ചിത്രങ്ങൾ കാണികളെ – പ്രത്യേകിച്ച്, യൗവന കൗമാര പ്രായങ്ങളിലുള്ളവരെ – സ്വാധീനിക്കുമെന്നതിൽ സംശയമില്ല.
ഇത്തരം വാർത്തകളുടെ അനാരോഗ്യകരമായ റിപ്പോർട്ടിങ്ങും എടുത്തുപറയേണ്ടതുണ്ട്. കൂട്ട കൊലപാതകങ്ങൾ, ആത്മഹത്യകൾ, അക്രമ സംഭവങ്ങൾ തുടങ്ങിയവയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി മണിക്കൂറുകളും ദിവസങ്ങളും നീളുന്ന ചർച്ചകളാക്കി മാറ്റുന്നതും അനേകരെ സ്വാധീനിക്കും. വിദ്യാർത്ഥികൾക്കിടയിലെ ആത്മഹത്യകൾ വർധിക്കാൻ ഒരു കാരണം ഇത്തരം ആത്മഹത്യകൾ ധാരാളമായി നടക്കുന്നതായുള്ള വാർത്തകൾ തന്നെയാണെന്ന നിരീക്ഷണങ്ങളുണ്ട്. ഇളം പ്രായത്തിലുള്ളവർക്ക് പ്രചോദനം നൽകുന്ന കണ്ടന്റുകൾക്കപ്പുറം കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന വിധത്തിലുള്ള ക്രൈം റിപ്പോർട്ടിംഗിന് അമിത പ്രാധാന്യം നൽകുന്ന മാധ്യമങ്ങൾ പുനർവിചിന്തനം നടത്തേണ്ടത് ആവശ്യമാണ്.
സോഷ്യൽ മീഡിയയുടെ സ്വാധീനമാണ് മറ്റൊന്ന്. കുട്ടികൾക്കിടയിലും യുവജനങ്ങൾക്കിടയിലും വൈറലാകുന്ന കോണ്ടെന്റുകൾ നിരീക്ഷിച്ചാൽ അവയിൽ ഭൂരിഭാഗവും അക്രമത്തെയും അധമ ചിന്തകളെയും പ്രോത്സാഹിപ്പിക്കുന്നവയും സോഷ്യൽമീഡിയ അടിമത്തത്തിലേയ്ക്ക് നയിക്കുന്നവയുമാണെന്ന് കാണാം. വായനയും കൂട്ടുകാരൊത്തുള്ള സമയം ചെലവഴിക്കലും ഇല്ലാതായ ഇന്നത്തെ യുവ തലമുറയും വിദ്യാർത്ഥി സമൂഹവും സമൂഹമാധ്യമങ്ങളിൽ അഭയം തേടിയിരിക്കുന്നത് വലിയ ദോഷഫലങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. പ്രത്യേകിച്ച് കോവിഡ് കാലത്തിന് ശേഷം കൊച്ചു കുട്ടികൾ പോലും സ്മാർട്ട് ഫോണുകൾക്ക് അടിമകളായി മാറിയിരിക്കുന്നതും മാതാപിതാക്കൾ ഇക്കാര്യത്തിൽ ശരിയായ ശ്രദ്ധ ചെലുത്താത്തതും കൂടുതൽ സങ്കീർണ്ണമായ പ്രതിസന്ധികൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
പ്രതിവിധിയെന്ത്?
ഇന്ന് നാം അഭിമുഖീകരിക്കുന്ന സങ്കീർണ്ണ സാഹചര്യത്തെ ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുകയാണ് പ്രധാനം. വെള്ളപ്പൊക്കത്തിൽ ലോകം മുഴുവൻ മുങ്ങിയാലും എന്റെ ഭവനം മുങ്ങില്ല എന്ന് കരുതാനാണ് ആർക്കും താൽപ്പര്യം. എന്നാൽ, ഇതേ കലുഷിതമായ ലോകത്തിലാണ് എന്റെ മക്കളും ജീവിക്കുന്നതെന്നും അതിനാൽ കരുതൽ ആവശ്യമാണെന്നും എല്ലാ മാതാപിതാക്കളും തിരിച്ചറിയണം. അവരുമായി വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും അവർക്കുവേണ്ടി സമയം ചെലവഴിക്കാനും അമാന്തം കാണിക്കരുത്. മക്കളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ യഥാസമയം തിരിച്ചറിയാൻ മാതാപിതാക്കൾക്ക് കഴിയണം. ദൈവ വിശ്വാസത്തിലും ആത്മീയ ബോധ്യങ്ങളിലും ധാർമ്മിക മൂല്യങ്ങളിലും അവർ ഉറച്ചുനിൽക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള അടിസ്ഥാന ഉത്തരവാദിത്തം മാതാപിതാക്കൾക്കുണ്ട്. കുടുംബവുമായുള്ള പൊക്കിൾകൊടി ബന്ധം അവർക്ക് ഒരിക്കലും നഷ്ടപ്പെടാതിരിക്കട്ടെ.
ഇതിന് തുടർച്ചയായ ഉത്തരവാദിത്തമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആത്‌മീയ നേതൃത്വങ്ങൾക്കും ഉള്ളത്. മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന, സ്വാധീനങ്ങൾക്ക് കീഴ്‌പെട്ടുകൊണ്ടിരിക്കുന്ന ഇളം മനസുകളെ തിരിച്ചറിയാനും പിന്തിരിപ്പിക്കാനുമുള്ള കൂട്ടുത്തരവാദിത്തം അവർക്കുണ്ട്. കുട്ടികളെ മാത്രമല്ല മാതാപിതാക്കളെയും ഉത്തമബോധ്യത്തിലും തിരിച്ചറിവുകളിലും നിലനിർത്താനുള്ള വലിയ ചുമതലയിൽനിന്ന് ആത്മീയ, സാമുദായിക, സാമൂഹിക നേതൃത്വങ്ങൾ അകന്നു നിൽക്കരുത്. ഒപ്പം, ഇപ്രകാരം ഗുരുതരമായ ഭീഷണികളെ സംസ്ഥാനം നേരിടുന്ന സാഹചര്യത്തിൽ എല്ലാ തലങ്ങളിലും ഉണർന്ന് പ്രവർത്തിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണം.