നൈജീരിയയിൽ സെമിനാരി റെക്ടറെ തട്ടിക്കൊണ്ടുപോയി
അബുജ: നൈജീരിയയില്‍ കത്തോലിക്കാ വൈദികനെ തോക്കുധാരികള്‍ തട്ടിക്കൊണ്ടുപോയി. എഡോ സംസ്ഥാനത്തുള്ള ഔച്ചി രൂപതയിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ മൈനര്‍ സെമിനാരി റെക്ടര്‍ ഫാ. തോമസ് ഒയോഡിനെയാണു കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ഏഴിന് സെമിനാരിയില്‍ സായാഹനപ്രാര്ഥനയ്ക്കിടെ അക്രമികള്‍ തട്ടിക്കൊണ്ടുപോയത്.
സെമിനാരിക്കുനേരെ തോക്കുധാരികള്‍ ആക്രമണം നടത്തിയെന്നും സെമിനാരി വൈസ് റെക്ടറും വൈദികവിദ്യാര്‍ഥികളും സുരക്ഷിതരാണെന്നും രൂപത കമ്മ്യൂണിക്കേഷന്‍സ് വിഭാഗം ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ അറിയിച്ചു. വൈദികവിദ്യാര്‍ഥികളെയും സെമിനാരിയിലെ ജീവനക്കാരെയും താത്കാലികമായി സുരക്ഷിതമായ സ്ഥലത്തേക്കു മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തട്ടിക്കൊണ്ടുപോകപ്പെട്ട ഫാ. തോമസിനെക്കുറിച്ച് ഇനിയും ഒരു വിവരവും ലഭിച്ചിട്ടില്ല. വൈദികനെ കാട്ടിലേക്കാണു കൊണ്ടുപോയതെന്ന് റിപ്പോര്‍ട്ടുണ്ട്.