KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

ആഫ്രിക്കയിലെ തമസ്കരിക്കപ്പെടുന്ന കൂട്ടക്കുരുതികൾ

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI

നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറോളം പേർ കൊല്ലപ്പെട്ട ദാരുണ സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്. ഞായറാഴ്ച പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമർശിച്ചുകൊണ്ട് കൊടിയ പീഡനങ്ങളിലൂടെ കടന്നുപോകുന്ന നൈജീരിയ, സുഡാൻ, മ്യാന്മാർ, ഉക്രൈൻ, പശ്ചിമേഷ്യ തുടങ്ങിയ ഇടങ്ങളിലെ ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. നിരന്തരം ആക്രമണങ്ങൾക്ക് വിധേയരാകുന്ന നൈജീരിയൻ ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രിസ്ത്യാനികൾക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം പാപ്പ അഭ്യർത്ഥിക്കുകയുണ്ടായി.

ബെന്യൂ സംസ്ഥാനത്ത് ശനിയാഴ്ച പുലർച്ചെ അഗ്നിക്കിരയാക്കപ്പെട്ട അഭയാർത്ഥി ഭവനങ്ങളിലൊന്നിൽനിന്ന്.

ക്രൂരമായി ഇല്ലാതാക്കപ്പെടുന്ന നൈജീരിയൻ ക്രിസ്ത്യാനികൾ

ഒരു കത്തോലിക്കാ പുനരധിവാസ കേന്ദ്രത്തിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്നവരാണ് ശനിയാഴ്ച ബെന്യൂവിൽ വെച്ച് കൊല്ലപ്പെട്ടവർ. കുടുംബങ്ങളായി അവിടെ കഴിഞ്ഞിരുന്നവരെ പുറത്തുനിന്ന് പൂട്ടി ഭീകരർ തീവച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മനുഷ്യമനഃസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകളാണ് നൈജീരിയയുടെ വിവിധഭാഗങ്ങളിൽ വർഷങ്ങളായി തുടർന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 204 അക്രമസംഭവങ്ങൾ നൈജീരിയയിലെ വിവിധ ഭാഗങ്ങളിലായി ഉണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.

നൈജീരിയയിലെ തീവ്രവാദ അക്രമസംഭവങ്ങൾ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന “ഹ്യൂംആംഗിൾ” റിപ്പോർട്ട് പ്രകാരം 2025 മെയ്മാസത്തിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് 635 പേരാണ്. 182 പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടവർ മൂവായിരത്തോളം വരും.

നൈജീരിയയിലെ തീവ്രവാദ അക്രമസംഭവങ്ങൾ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന “ഹ്യൂംആംഗിൾ” റിപ്പോർട്ട് പ്രകാരം 2025 മെയ്മാസത്തിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് 635 പേരാണ്. 182 പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടവർ മൂവായിരത്തോളം വരും. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16769 ആണെന്ന് കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവന്ന ‘ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആ കാലഘട്ടത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവരുടെ എണ്ണം 11185 ആണ്. വളരെ കിരാതമായ കൂട്ടക്കൊലകളുടെ പരമ്പരയാണ് നൈജീരിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം കാണുന്ന ഏറ്റവും ഭീകരമായ വംശഹത്യയാണ് അത്.

2020 നവംബർ 29 ന് നൈജീരിയയിലെ ബോർണോ സംസ്ഥാനത്ത് തീവ്രവാദികൾ കൂട്ടക്കൊല ചെയ്ത 110 പേരിൽ ചിലരെ കൂട്ടത്തോടെ സംസ്കരിക്കുന്നു. ചിത്രം – റോയിട്ടേഴ്‌സ്

ആഫ്രിക്കയിൽ വ്യാപിക്കുന്ന അശാന്തി

ബുർക്കിന ഫാസോ, കോംഗോ, സോമാലിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലും ഭീകരാക്രമണങ്ങൾ പതിവായിരിക്കുകയാണ്. കഴിഞ്ഞ മാർച്ച് 28 ന് ബുർക്കിന ഫാസോയിൽ അൽഖ്വയ്‌ദ തീവ്രവാദികൾ നടത്തിയ ആക്രമണത്തിൽ അറുപതിൽപ്പരം പേർ കൊല്ലപ്പെടുകയുണ്ടായി. ഫെബ്രുവരി 12 ന് ഇസ്ലാമിക് സ്റ്റേറ്റ്‌സുമായി ബന്ധമുള്ള തീവ്രവാദികൾ കോംഗോയിൽ 70 ക്രൈസ്തവരെ കൂട്ടക്കൊല ചെയ്തിരുന്നു. മാർച്ചിൽ അൽ ഷബാബ് എന്ന ഭീകരസംഘടന സൊമാലിയയിൽ നടത്തിയ കാർ ബോംബ് ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു.

2024 ആഗസ്റ്റ് 24 ന് ബുർക്കിന ഫാസോയിൽ മുസ്ളീം തീവ്രവാദികൾ കൂട്ടക്കൊല ചെയ്തവരുടെ മൃതദേശങ്ങൾ കുഴികുത്തി മൂടുന്ന ദൃശ്യത്തിൽനിന്ന്. വാർത്ത, ചിത്രം – CNN

ഇത്തരത്തിൽ ആഫ്രിക്കൻ ഭൂഖണ്ഡം മുഴുവനോടെ അശാന്തിയുടെ വിളനിലമായി മാറിക്കൊണ്ടിരിക്കുകയാണ്. ബുർക്കിന ഫാസോ, കോംഗോ പോലുള്ള രാജ്യങ്ങളിൽ ഇസ്ലാമിക ഭീകരാക്രമണങ്ങൾ സമീപ കാലങ്ങളിലാണ് കണ്ടു തുടങ്ങിയിരിക്കുന്നത്. 94.5 ശതമാനം ക്രൈസ്തവ ജനസംഖ്യയുള്ള രാജ്യമാണ് കോംഗോ.

മതതീവ്രവാദം ഭീകരതയാകുമ്പോൾ

ബൊക്കോ ഹറാം, അൽഖ്വയ്‌ദ, ഐസിസ് തുടങ്ങിയ തീവ്ര ഇസ്ലാമിക അടിത്തറയിൽ ഉറപ്പിക്കപ്പെട്ട ഭീകര സംഘടനകൾ കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളെ ലക്ഷ്യമാക്കുകയും കൂടുതൽ വലിയ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുകയും ചെയ്യുന്നു എന്നുള്ളതാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്. ക്രൈസ്തവരെ മാത്രമല്ല, തങ്ങളുടെ തീവ്ര നിലപാടുകളെ പിന്തുണക്കാത്ത മിതവാദികളായ മുസ്ലീം വിശ്വാസികളെയും കൊലപ്പെടുത്തുന്നതിൽ ഈ ആക്രമണകാരികൾ മടി കാണിക്കുന്നില്ല.

നൈജീരിയയിൽ 2023 ക്രിസ്മസ് ദിനത്തിൽ കൂട്ടക്കൊലയ്ക്കിരയായവരെ ഒരുമിച്ചു സംസ്കരിക്കുന്നു.
നൈജീരിയയിൽ 2023 ക്രിസ്മസ് ദിനത്തിൽ കൂട്ടക്കൊലയ്ക്കിരയായവരെ ഒരുമിച്ചു സംസ്കരിക്കുന്നു.

‘ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക’യുടെ റിപ്പോർട്ട് പ്രകാരം 2020 – 23 കാലയളവിൽ 16769 ക്രൈസ്തവർ കൊലചെയ്യപ്പെട്ടപ്പോൾ, ഇസ്ലാമിക ഭീകരരുടെ കൈകളാൽ സാധാരണക്കാരായ 6235 മുസ്‌ലീം മതവിശ്വാസികളും കൊല്ലപ്പെട്ടു. ഇക്കാലയളവിൽ തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ എണ്ണായിരത്തോളം മുസ്ലീങ്ങളും ഉൾപ്പെടുന്നു. മതപരമായ വിദ്വേഷ ചിന്തകൾക്കപ്പുറം രാജ്യത്തിന്റെ സമ്പൂർണ്ണമായ തകർച്ചയും മിതവാദികളായ മുസ്ളീം വിശ്വാസികളുടെ അന്ത്യവും ഇസ്ലാമിക ഭീകരസംഘടനകൾ ലക്ഷ്യംവയ്ക്കുന്നുണ്ട് എന്ന് ഇത്തരം സംഭവങ്ങൾ വ്യക്തമാക്കുന്നു.

തമസ്കരണവും നിസംഗതയും

പതിനായിരക്കണക്കിന് പേർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുകയും ജനലക്ഷങ്ങൾ പലായനം ചെയ്യുകയും മരണം മുന്നിൽ കണ്ടു ജീവിക്കേണ്ട നിസ്സഹായാവസ്ഥയിൽ എത്തിച്ചേരുകയും ചെയ്തിട്ടും വേണ്ടവിധമുള്ള ലോകശ്രദ്ധ ഇത്തരം സംഭവങ്ങൾക്ക് ലഭിക്കുന്നില്ല എന്നതാണ് സത്യം. ശനിയാഴ്ച നൈജീരിയയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ ഇരുനൂറോളം പേർ ഭീകരരുടെ ആക്രമണത്തിൽ വെന്തു മരിച്ച ദാരുണ സംഭവം വിരലിലെണ്ണാവുന്ന മലയാള മാധ്യമങ്ങളാണ് പേരിനെങ്കിലും റിപ്പോർട്ട് ചെയ്തത്. ഭൂരിപക്ഷവും അത്തരം സംഭവങ്ങളെ മനഃപൂർവ്വം തമസ്കരിക്കുകയാണ്.

മതതീവ്രവാദ-ഭീകര സംഘടനകളുടെ നേതൃത്വത്തിലുള്ള അക്രമസംഭവങ്ങൾ ലോകമെമ്പാടും കുത്തനെ ഉയരുമ്പോഴും അപകടകരമായ മൗനം പാലിക്കുന്ന ആഗോള മാധ്യമങ്ങളും രാഷ്ട്രനേതൃത്വങ്ങളും ഇസ്ലാമിക ഭീകരവാദത്തിന് വളംവച്ചുകൊടുക്കുകയാണ്. ഭീകരാക്രമണങ്ങൾക്ക് തിരിച്ചടികൾ നേരിടുമ്പോൾ അത്തരം സംഭവങ്ങൾക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധയുടെ ഒരു ശതമാനം പോലും മേൽപ്പറഞ്ഞ വിധമുള്ള നിഷ്ഠൂരമായ കൂട്ടക്കുരുതികൾക്ക് ലഭിക്കുന്നില്ല എന്നത് നീചമായ അവഗണന മാത്രമല്ല മനുഷ്യകുലത്തോട് മുഴുവനുള്ള അപരാധംകൂടിയാണ്.

2023 ഒക്ടോബറിൽ ഹമാസ് ഭീകരർ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ തിരിച്ചടിയെ ഏകപക്ഷീയമായി വിലയിരുത്തിയ ഒരുകൂട്ടം മാധ്യമങ്ങളും രാഷ്ട്രീയക്കാരും അന്നുമുതൽ കേരളത്തിൽ നടത്തിവരുന്ന പ്രചരണങ്ങൾക്ക് ഏവരും സാക്ഷികളാണ്.

2023 ഒക്ടോബറിൽ ഹമാസ് ഭീകരർ ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ തിരിച്ചടിയെ ഏകപക്ഷീയമായി വിലയിരുത്തിയ ഒരുകൂട്ടം മാധ്യമങ്ങളും രാഷ്ട്രീയക്കാരും അന്നുമുതൽ കേരളത്തിൽ നടത്തിവരുന്ന പ്രചരണങ്ങൾക്ക് ഏവരും സാക്ഷികളാണ്. അക്കൂട്ടർ മറ്റുരാജ്യങ്ങളിൽ ക്രൈസ്തവ സമൂഹവും, എന്തിനേറെ മിതവാദികളായ മുസ്ലീം വിശ്വാസികൾ പോലും നേരിടുന്ന വെല്ലുവിളികളോട് എക്കാലവും മുഖംതിരിക്കുകയാണ് ഉണ്ടായിട്ടുള്ളത്. ചെറുതും വലുതുമായ ഒട്ടേറെ ഇസ്ലാമിക ഭീകരസംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന സംഹാരതാണ്ഡവത്തെ തമസ്കരിക്കുക വഴിയായി അവർ പൊതുസമൂഹത്തെ വലിയ രീതിയിൽ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നു. ആധുനിക ലോകം കണ്ടിട്ടുള്ളതിൽ ഏറ്റവും ഭീകരമായ കൂട്ടക്കൊലകൾക്ക് നേതൃത്വം നൽകിയിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിനെ അപലപിക്കാൻ പോലും ഇന്നോളവും അത്തരക്കാർ തയ്യാറായിട്ടില്ല എന്നതാണ് വസ്തുത.

ഈ കാലഘട്ടത്തിൽ ലോകം നേരിടുന്ന വലിയ വെല്ലുവിളികളെ നിഷ്പക്ഷമായും സന്തുലിതമായും സമീപിക്കുകയാണ് യഥാർത്ഥ ആവശ്യം. എല്ലാത്തരം തീവ്രവാദ സമീപനങ്ങളും അതിക്രമങ്ങളും ഒരുപോലെ എതിർക്കപ്പെടേണ്ടതുണ്ട്. അന്ധമായി ആരുടെയെങ്കിലും പക്ഷം ചേർന്നുകൊണ്ട് തീവ്രവാദ നീക്കങ്ങളെയും അക്രമപ്രവണതളെയും പ്രതിരോധിക്കാൻ കഴിയുമെന്ന ചിന്ത മൂഡത്വമാണ്. സ്വാധീനശക്തികൾക്കതീതമായി മാനവികതയ്ക്ക് എതിരായ എല്ലാ പ്രവർത്തനങ്ങളെയും ഒരുപോലെ തള്ളിപ്പറയുകയും മത – രാഷ്ട്ര വ്യത്യാസമില്ലാതെ അക്രമങ്ങൾക്കിരയാവുകയും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന എല്ലാ ജനങ്ങൾക്കുവേണ്ടിയും ശബ്ദിക്കാൻ, ലിയോ പാപ്പ ആഹ്വാനം ചെയ്തതുപോലെ, രാഷ്ട്രീയ നേതൃത്വങ്ങളും മാധ്യമങ്ങളും ഇനിയെങ്കിലും തയ്യാറാവുകയും വേണം.

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *