മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം
മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം
റവ. ഡോ. അരുൺ കലമറ്റത്തിൽ
പരിശുദ്ധ കന്യകമറിയത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനം വീണ്ടും ചർച്ചയാവുകയാണ്. മാതാവിനെക്കുറിച്ചുള്ള നിലപാടുകളിൽനിന്ന് സഭ പിന്നോട്ടു പോകുകയാണോ, മാതാവിനെക്കുറിച്ചുള്ള വിഷയങ്ങളിൽ സഭ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തുന്നുണ്ടോ എന്നിങ്ങനെ പല ചോദ്യങ്ങളാണ് ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാവുന്ന വിധത്തിൽ ചർച്ച ചെയ്യപ്പെടുന്നത്. വിശ്വാസപ്രബോധനങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ ഏറ്റവും പുതിയ ‘ഡോക്ട്രൈനൽ നോട്ട്’ (പ്രബോധന രേഖ) ആണ് ഈ ചർച്ചകൾക്ക് ആധാരം.
ആശങ്കകൾ
വിശ്വാസകാര്യങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം ലെയോ പതിനാലാമൻ മാർപാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിച്ച ‘വിശ്വാസികളുടെ മാതാവ്’ എന്ന് പരിഭാഷപ്പെടുത്താവുന്ന Mater Populi fidelis എന്ന പ്രബോധനം വഴി പരിശുദ്ധ കന്യകമറിയത്തെ സഹരക്ഷക (co-redemptrix), കൃപാവരത്തിന്റെ മാതാവ് (Mother of all Grace), മധ്യസ്ഥ (Mediatrix) എന്നീ വിശേഷണങ്ങളോടെ അവതരിപ്പിക്കുന്നത് ഉചിതമല്ല എന്ന് പ്രഖ്യാപിച്ചു. പരിശുദ്ധ കന്യകമറിയത്തിന് വലിയ പ്രാധാന്യം നൽകുന്ന കത്തോലിക്കാ സഭ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പരസ്യനിർദേശം നൽകിയതെന്ന ചോദ്യം ചിലരെയെങ്കിലും സ്വാഭാവികമായും ആശങ്കപ്പെടുത്താവുന്നതാണ്. കത്തോലിക്കാ സഭ ഇനി മേലിൽ മാതാവിന്റെ മാധ്യസ്ഥ്യം തേടുകയോ ദൈവത്തിന്റെ രക്ഷാകര പ്രവൃത്തിയോട് അവളെ ബന്ധപ്പെടുത്തുകയോ അവളുടെ കൃപാവര പൂർണതയെ അംഗീകരിക്കുകയോ ചെയ്യുകയില്ലേ എന്നും സംശയിക്കപ്പെടാൻ ഇടയുണ്ട്.
യാഥാർഥ്യം
ഒന്നാമതായി, കത്തോലിക്കാ സഭ ഒരിക്കലും പരിശുദ്ധ കന്യകമറിയത്തെ സഹരക്ഷകയായി പഠിപ്പിക്കുകയോ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ, ചരിത്രത്തിൽ ചിലരെങ്കിലും മാതാവ് സഹരക്ഷകയാണ് എന്ന് കരുതിയിട്ടുണ്ടുതാനും. ഉദാഹരണത്തിന്, വിശുദ്ധ ബർണാഡിന്റെ കുരിശിൻചുവട്ടിലെ മറിയത്തെക്കുറിച്ചുള്ള പത്താം നൂറ്റാണ്ടിലെ പ്രഭാഷണങ്ങൾ പിന്നീട് സഹരക്ഷക എന്ന് പലരും മറിയത്തെ വിളിക്കാൻ ഇടയാക്കിയിട്ടുണ്ട്. സാൽസ്ബുർഗിൽനിന്നുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ഗാനമാണ് മറിയത്തെ ആദ്യമായി സഹരക്ഷക എന്നു വിളിച്ചത്. തുടർന്ന് പലരും അത് സഭയുടെ പ്രബോധനമാണെന്ന് തെറ്റിദ്ധരിക്കുകയും മാതാവിനെ സഹരക്ഷകയായി വാഴ്ത്തുകയും ചെയ്തു.
ചില ഭക്തസംഘടനകളും സമൂഹങ്ങളും പരിശുദ്ധ പിതാവിനോട് മറിയത്തെ സഹരക്ഷകയായി പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്. ചില മാർപാപ്പമാർ എങ്കിലും ഔദ്യോഗിക പ്രബോധനത്തിന്റെ ഭാഗമല്ലാതെ, വ്യത്യസ്തമായ ഒരർഥത്തിൽ മറിയത്തെ “സഹരക്ഷക” എന്ന വിധത്തിൽ പരാമർശിച്ചിട്ടുണ്ട് എന്നതും യാഥാർഥ്യമാണ്. എന്നാൽ, ഒരുകാലത്തും മറിയം സഹരക്ഷകയാണെന്ന് കത്തോലിക്കാ സഭ പഠിപ്പിച്ചിട്ടില്ല എന്നു മാത്രമല്ല, അവൾ സഹരക്ഷകയായി കരുതപ്പെടരുതെന്നത് അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ടുതാനും. വിശ്വാസ തിരുസംഘത്തിന്റെ പ്രീഫക്ട് ആയിരുന്ന കർദിനാൾ റാറ്റ്സിംഗർ മറിയത്തെ സഹരക്ഷകയായോ കൃപാവരങ്ങളുടെ മധ്യസ്ഥയായോ അംഗീകരിക്കാൻ ആവില്ലെന്ന് 1996ൽ വ്യക്തമായി പ്രഖ്യാപിച്ചു. അതൊരു വിശ്വാസസത്യമായി നിർവചിക്കണം എന്ന അപേക്ഷയെ നിരാകരിച്ചുകൊണ്ടായിരുന്നു ഈ പ്രഖ്യാപനം.
പിന്നീട് ഫ്രാൻസിസ് പാപ്പാ തന്റെ പ്രഭാഷണങ്ങളിൽ പലതവണ ഇക്കാര്യം ആവർത്തിച്ചിട്ടുണ്ട്. “സ്നേഹം വർധിക്കുമ്പോൾ നാം ഉപയോഗിക്കുന്ന വാക്കുകൾ അതിശയോക്തി കലർന്നതായിത്തീരാൻ ഇടയുണ്ട്” എന്ന് പാപ്പാ സരസമായി ഓർമിപ്പിച്ചിരുന്നു. നിഷ്കളങ്കമായ മരിയൻ സ്നേഹത്തിന്റെ തീവ്രവും എന്നാൽ അതിശയോക്തിപരവുമായ പരാമർശങ്ങളാണ് ഇവയൊക്കെ എന്നാണ് പാപ്പാ പറഞ്ഞത്. പക്ഷേ നാം അത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തിരുന്നു. ഇതിന്റെ തുടർച്ചയെന്നോണമാണ് ഇപ്പോൾ വിശ്വാസപ്രബോധനത്തിന്റെ കാര്യാലയം വഴി ഇത്തരം പരാമർശങ്ങൾ ഉചിതമല്ല എന്നും ഒഴിവാക്കപ്പെടണം എന്നും തിരുസഭ ഔദ്യോഗികമായി ആവർത്തിച്ച് പ്രഖ്യാപിച്ചിരിക്കുന്നത്.
വിശ്വാസജീവിതത്തിന്റെ വിവേകവും സൂക്ഷ്മതയും
മനുഷ്യാവതാരം ചെയ്ത പൂർണ ദൈവവും പൂർണ മനുഷ്യനുമായ മിശിഹായിൽനിന്ന് തീർത്തും വിഭിന്നമായി പരിപൂർണമായി മനുഷ്യവ്യക്തി മാത്രമാണ് പരിശുദ്ധ കന്യകമറിയം എന്ന ഓർമയും ബോധ്യവും എപ്പോഴും നിലനിർത്തുന്ന വിധത്തിലാണ് സഭാ ജീവിതവും അജപാലന ശുശ്രൂഷയും ക്രമീകരിക്കപ്പെടേണ്ടത്. മാതാവിൽ ഏതെങ്കിലും തരത്തിലുള്ള ദൈവത്വം ആരോപിക്കുന്നതും അങ്ങനെ തെറ്റിദ്ധരിപ്പിക്കപ്പെടാവുന്ന വിധത്തിലുള്ള ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നതും സൂക്ഷ്മതയോടെ ഒഴിവാക്കേണ്ടതാണ്. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രം ഈശോമിശിഹാ മാത്രമാണ് എന്നു നിരന്തരം ഓർമിപ്പിക്കപ്പെടേണ്ടതുണ്ട്. പ്രാർഥനകളിലും പ്രഘോഷണങ്ങളിലും ആഘോഷങ്ങളിലും തിരുനാളുകളിലുമൊക്കെ ഈശോമിശിഹായുടെ പ്രാമുഖ്യം വിവേകത്തോടെ പ്രകടമാക്കണം എന്നുതന്നെയാണ് മറിയംതന്നെയും ആഗ്രഹിക്കുന്നത് എന്ന് തിരുസഭയ്ക്ക് നല്ല ബോധ്യമുണ്ട്.
സഭയിൽ മറിയത്തിന്റെ സ്ഥാനമെന്ത്?
അങ്ങനെയെങ്കിൽ മറിയത്തിന് ഈ രക്ഷാകർമത്തിൽ പങ്കാളിത്തം ഒന്നുമില്ലേ? തീർച്ചയായും ഉണ്ട് എന്നുതന്നെയാണ് തിരുസഭ മനസിലാക്കുന്നത്. ആ പങ്കാളിത്തം ദൈവികപദ്ധതിയോടുള്ള വിധേയപ്പെടലാണ്. “ഇതാ കർത്താവിന്റെ ദാസി” എന്ന അവളുടെ പ്രഖ്യാപനം ദൈവിക പദ്ധതിയോടുള്ള തന്റെ വിധേയത്വം പ്രഖ്യാപിക്കലാണ്. രണ്ടാം വത്തിക്കാൻ കൗൺസിൽ ഇങ്ങനെ പ്രഖ്യാപിച്ചു: “സഭാ പിതാക്കന്മാർ മറിയത്തെ പരിഗണിക്കുന്നത് കേവലം ഒരുനിഷ്ക്രിയമായ ദൈവത്തിന്റെ ഉപകരണം പോലെയല്ല. അവൾ വിശ്വാസംകൊണ്ടും അനുസരണംകൊണ്ടും സ്വാതന്ത്ര്യത്തോടെ ദൈവത്തിന്റെ മനുഷ്യരക്ഷയുടെ പ്രവൃത്തിയിൽ സഹകരിച്ചവളാണ്.” അവൾ തന്നെത്തന്നെ ദൈവഹിതത്തിന് വിട്ടുകൊടുക്കുകയും ഈശോയുടെ അമ്മയാകാൻ സഹനപൂർവം സന്നദ്ധയാവുകയും ചെയ്തു. ഈ അർഥത്തിലാണ് ജോൺ പോൾ രണ്ടാമൻ മാർപാപ്പ “മിശിഹായുടെ രക്ഷാപദ്ധതിയോട് അവൾ സഹകരിച്ചു” എന്നു പ്രസ്താവിച്ചത്. അവളുടെ സഹായംകൊണ്ടാണ് മനുഷ്യരക്ഷ സാധ്യമായത് എന്നായിരുന്നില്ല അതിന്റെ അർഥം എന്നുമാത്രം.
പരിശുദ്ധ കന്യകമറിയത്തിന് തിരുസഭയിൽ എക്കാലത്തും വലിയ സ്ഥാനമാണുള്ളത്. ഉന്നതമായ വണക്കത്തിന് യോഗ്യയാണ് അവൾ. ആ വണക്കം ആരാധനയല്ല. ആരാധന ദൈവത്തിനു മാത്രമുള്ളതാണ്. മറിയം ദൈവമല്ല എന്നും ദൈവത്തിന് അവൾ ഒരിക്കലും തുല്യയല്ല എന്നും കത്തോലിക്കാ സഭയ്ക്ക് വ്യക്തമായി അറിയാം.
എന്നാൽ, അവൾ വിശ്വാസികളുടെ അമ്മയാണ്. മാതൃത്വത്തിന്റെ തീവ്രവും പരിശുദ്ധവുമായ ഒരു ബന്ധം അവൾക്ക് വിശ്വാസസമൂഹത്തോട് പൊതുവിലും തന്റെ പുത്രനിൽ വിശ്വസിക്കുന്ന ഓരോരുത്തരോടും ഉണ്ട്. അവൾ ഈശോയുടെ അമ്മ ആയിരിക്കുമ്പോൾതന്നെ അവിടത്തെ ഉത്തമയായ ശിഷ്യകൂടിയാണ്. അവൾ മിശിഹായിൽനിന്ന് പഠിക്കുകയും അവയെ ഗാഢമായി ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്തു. കുരിശിന്റെ ചുവടുവരെ ഈശോയെ അനുഗമിക്കാൻ വിശ്വാസബോധ്യവും ആത്മധൈര്യവും അവൾക്കുണ്ടായിരുന്നു.
പൂർണമായും മനുഷ്യസ്ത്രീയായ അവൾ തിരുസഭയുടെ ദൃശ്യ മാതൃകയാണ്. മറ്റാരെയുംപോലെ പാപസാധ്യതകൾ ഉണ്ടായിരുന്നിട്ടും തനിക്കു ലഭിച്ച ഉദ്ഭവ പരിശുദ്ധിയിൽ പരിപൂർണതയോടെ അവൾ നിലനിന്നു. അക്കാരണത്താൽ അവളുടെ ജീവിതം സഭയ്ക്ക് മാതൃകയും പ്രചോദനവും ആണ്. ആത്മശരീരങ്ങളോടെ അവൾ സ്വർഗത്തിലേക്ക് സ്വീകരിക്കപ്പെട്ടെങ്കിൽ അവളെ അനുകരിക്കുന്ന സഭ മുഴുവനും അതേ സ്വർഗപ്രവേശനത്തിന് അർഹമാണ്. അതുകൊണ്ട് തിരുസഭയിൽ മനുഷ്യരിൽ ഒന്നാം സ്ഥാനത്തുതന്നെയാണ് അവൾ.
അവൾ എങ്ങനെ വിളിക്കപ്പെടണം?
സഹരക്ഷകയെന്നും കൃപാവരത്തിന്റെ അമ്മയെന്നും വിളിക്കപ്പെടരുത് എന്നു പറയുന്നതിനുവേണ്ടി മാത്രമല്ല ഈ രേഖ നൽകപ്പെട്ടിരിക്കുന്നത്. അവൾ എങ്ങനെ ശരിയായി വിളിക്കപ്പെടണം എന്ന് ഓർമിപ്പിക്കുന്നതിനുവേണ്ടിക്കൂടിയാണ്. മറിയം വിളിക്കപ്പെടേണ്ടത് വിശ്വാസികളുടെ മാതാവ് എന്നാണ്. ദൈവമായ ഈശോയ്ക്ക് ജന്മം കൊടുക്കുക വഴി അവൾ ദൈവമാതാവ് എന്നും ശരിയായ അർഥത്തിൽ വിളിക്കപ്പെടണം. അവൾ ദൈവകൃപ നിറഞ്ഞൊഴുകുന്ന നീരരുവിയാണ്. ‘വിശ്വാസികളായ ജനത്തിന്റെ അമ്മ’ എന്ന് അവൾ ഏറ്റവും ഉചിതമായി വിളിക്കപ്പെടണം എന്ന് ആഹ്വാനം ചെയ്തുകൊണ്ടാണ് ഈ പ്രബോധന രേഖ നൽകപ്പെട്ടിരിക്കുന്നത്
എന്തുകൊണ്ട്?
മറിയത്തെ ഇത്രമേൽ വിലമതിക്കുന്ന കത്തോലിക്കാ സഭ എന്തുകൊണ്ടാണ് എല്ലാക്കാലത്തും ഇത്തരമൊരു നിലപാടെടുക്കുന്നത് എന്നതൊരു ഗൗരവമുള്ള ചോദ്യമാണ്. മിശിഹായിലൂടെയുള്ള രക്ഷയെക്കുറിച്ചുള്ള തിരുസഭയുടെ വ്യക്തതയുള്ള ബോധ്യമാണ് ഈ നിലപാടിന് ആധാരം. ഈശോമിശിഹായാണ് ഏക രക്ഷകൻ എന്നും മിശിഹായുടെ മനുഷ്യാവതാരവും പരിത്രാണ രഹസ്യങ്ങളും ആണ് മനുഷ്യരക്ഷ സാധ്യമാക്കിയതെന്നും എല്ലാക്കാലത്തും തിരുസഭ വ്യക്തതയോടെ പ്രഖ്യാപിക്കുന്നു.
മനുഷ്യരക്ഷ ദൈവത്തിന്റെ പ്രവൃത്തിയാണ്. ത്രിത്വൈക ദൈവം ഈശോമിശിഹാ വഴിയാണ് മനുഷ്യവംശത്തെ വീണ്ടെടുക്കുന്നത്. മിശിഹായിലൂടെ യാഥാർഥ്യമാക്കുകയും പൂർത്തീകരിക്കുകയും ചെയ്ത രക്ഷാകര കർമത്തിന് മറ്റ് ആരുടെയും സഹായമോ പങ്കാളിത്തമോ ആവശ്യമില്ല. അത് ദൈവത്തിന്റെ വലിയ ഔദാര്യവും സ്നേഹത്തിന്റെ പ്രവൃത്തിയുമാണ്. ‘മറിയം സഹരക്ഷകയാണ്’ എന്നു പറയുമ്പോൾ മിശിഹായുടെ രക്ഷാകർമം അതിൽതന്നെ അപൂർണമാണെന്നോ മറിയത്തിന്റെ സഹായം കൂടാതെ അത് സാധ്യമാവുകയില്ലായിരുന്നു എന്നോ കരുതപ്പെടാനുള്ള സാധ്യതയുണ്ട്.
സമാനമായി, മറിയം കൃപാവരത്തിന്റെ അമ്മയാണ് എന്നു പറയുമ്പോൾ എല്ലാ കൃപകളും മറിയത്തിൽനിന്നാണ് ഉദ്ഭവിക്കുന്നത് എന്നൊരു ധ്വനി അതിനുണ്ട്. സകല കൃപകളുടെയും ഉറവിടം ദൈവം മാത്രമാണ്. ഏകജാതനായ മിശിഹാ എല്ലാ കൃപകളും വർഷിക്കുന്നത് അവിടുന്ന് സ്ഥാപിച്ച പരിശുദ്ധ കൂദാശകളിലൂടെയാണ്. ഈ നിത്യസത്യത്തെ ‘കൃപാവരത്തിന്റെ അമ്മ’ എന്ന പ്രയോഗം വികലമാക്കാൻ ഇടയുണ്ട്.
ഇവയേക്കാൾ കൂടുതൽ ശ്രദ്ധയാവശ്യമുള്ള ഒരു പരാമർശമാണ് ‘മധ്യസ്ഥയായ മാതാവ്’ എന്നത്. ദൈവത്തിനും മനുഷ്യനും ഇടയിൽ ഏക മധ്യസ്ഥനായി ഈശോമിശിഹാ മാത്രമാണുള്ളത്. മിശിഹായുടെ ഏക മധ്യസ്ഥത്തിന് സമാനമായി മാതാവിനെ അവതരിപ്പിക്കരുത് എന്നതാണ് തിരുസഭയുടെ ബോധ്യം. മാതാവിന് നമുക്കുവേണ്ടി മാധ്യസ്ഥ്യം അപേക്ഷിക്കാൻ കഴിയും എന്നതും ‘അവൾ മധ്യസ്ഥയാണ്’ എന്നതും ദൈവശാസ്ത്രപരമായി വലിയ വ്യത്യാസമുള്ള പരാമർശങ്ങളാണ്.
ഈശോമിശിഹാ ‘ഏക മധ്യസ്ഥൻ’ ആയിരിക്കുന്നത് അവിടന്ന് ഒരേസമയം പൂർണ ദൈവവും പൂർണ മനുഷ്യനുമാണ് എന്നതുകൊണ്ടാണ്. ദൈവത്വത്തിന്റെയും മനുഷ്യാവസ്ഥയുടെയും മധ്യസ്ഥത പുലർത്തുന്ന മറ്റാരുമില്ല എന്നാണ് മിശിഹാ ഏക മധ്യസ്ഥൻ എന്നതിന്റെ അർഥം. എന്നാൽ മറിയവും വിശുദ്ധരും ജീവിച്ചിരിക്കുന്ന നമുക്കു വേണ്ടി ദൈവസന്നിധിയിൽ മാധ്യസ്ഥ്യം യാചിക്കാൻ കഴിവുള്ളവരാണ് എന്നും തിരുസഭയ്ക്ക് അറിയാം. ഈ വ്യത്യാസത്തെ വ്യക്തമായി അവതരിപ്പിക്കാതെ മധ്യസ്ഥ എന്ന് മറിയത്തെ വിളിക്കുന്നത് വലിയ തെറ്റിദ്ധാരണകൾക്ക് ഇടവരുത്തുമെന്ന് കത്തോലിക്കാ സഭയ്ക്ക് നല്ല ബോധ്യമുണ്ട്.
അത്തരം സാധ്യതകളെയാണ് തിരുസഭ ഈ പ്രബോധനം വഴി ഒഴിവാക്കാൻ ശ്രമിക്കുന്നത്. ഇത്തരം ദൈവശാസ്ത്രപരമായ സൂക്ഷ്മത ഭാവിയിൽ ഉടലെടുക്കാവുന്ന അബദ്ധപ്രബോധനങ്ങളെ തടയുന്നതിനും വിശ്വാസ സംബന്ധമായ വ്യക്തത നൽകുന്നതിനും ആവശ്യമാണ്.
കടപ്പാട്: ദീപിക ദിനപത്രം, നവംബർ 06, 2025.

മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം