KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

ദയാവധങ്ങളുടെ മരണസംസ്കാരം മനുഷ്യത്വത്തെ വിഴുങ്ങുമ്പോൾ

മനുഷ്യജീവന്റെ മൂല്യത്തെ ഭൗതികമായ ഉൽപ്പാദനക്ഷമതയുടെ അളവുകോലിൽ അളന്നുതുടങ്ങുന്ന സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവിതം ഉൽപ്പാദനക്ഷമമായിരിക്കുമ്പോൾ മാത്രം വിലമതിക്കപ്പെടുകയും, കഷ്ടപ്പാടുകളിലും രോഗാവസ്ഥയിലും അത് ഉപേക്ഷിക്കപ്പെടേണ്ട ഒന്നായി മാറുകയും ചെയ്യുന്ന ഈ അവസ്ഥയെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ‘ജീവന്റെ സുവിശേഷം’ (Evangelium Vitae – 1995) എന്ന വിഖ്യാതമായ ചാക്രികലേഖനത്തിലൂടെ വിശേഷിപ്പിച്ചത് ‘മരണസംസ്കാരം’ എന്നാണ് (Evangelium Vitae, 12, 21, 24, 28, 50, 64, 87, 95, 100). കഴിഞ്ഞ ദിവസം (26 March 2026) ലോകമനസാക്ഷിയെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു നോയേലിയ കാസ്റ്റില്ലോ എന്ന ഇരുപത്തഞ്ചുകാരി സ്‌പെയിനിൽ ദയാവധത്തിന് വിധേയയായത്. കടുത്ത മാനസിക തകർച്ചയിലൂടെ കടന്നുപോയ അവൾക്ക് മരണം സ്വയം തെരഞ്ഞെടുക്കാൻ നിയമം അനുമതി നൽകി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് (24 March 2026), ഇന്ത്യയിലെ ഹരീഷ് റാണയുടെ ദയാവധവും പലവിധ ചർച്ചകൾക്ക് വഴിവച്ചിരുന്നു. വാസ്തവത്തിൽ, മരണസംസ്കാരം നമ്മുടെ നിയമവ്യവസ്ഥയെയും ചിന്താഗതിയെയും എത്രത്തോളം കീഴ്പ്പെടുത്തിക്കഴിഞ്ഞു എന്നതിന്റെ ഭീതിദമായ അടയാളപ്പെടുത്തലുകളാണ് ഈ രണ്ട് സംഭവങ്ങളും.

സ്‌പെയിനിലെയും ഇന്ത്യയിലെയും കേസുകളെ താരതമ്യം ചെയ്യുമ്പോൾ സങ്കടകരമായ ഒരു വൈരുദ്ധ്യം നമുക്ക് കാണാൻ സാധിക്കും. സ്‌പെയിനിൽ മകളെ മരണത്തിന് വിട്ടുകൊടുക്കില്ലെന്ന് കരഞ്ഞുപറഞ്ഞ മാതാപിതാക്കളുടെ ഹൃദയവേദന കാണാൻ അവിടുത്തെ നീതിപീഠം തയ്യാറായില്ല; മറിച്ച് സ്വയംനിർണ്ണയാവകാശം എന്ന അപകടകരമായ തത്വത്തെ മുൻനിർത്തി ആ ഇരുപത്തിയഞ്ചുകാരിക്ക് മരണം വിധിക്കാനാണ് ഭരണകൂടം തയ്യാറായത്. ഇന്ത്യയിലാകട്ടെ, വർഷങ്ങൾ നീണ്ട പരിചരണത്തിനൊടുവിൽ തളർന്നുപോയ മാതാപിതാക്കൾ തന്നെ മകന്റെ മരണത്തിനായി നീതിപീഠത്തിന് മുന്നിലെത്തി. എന്നാൽ, ആ മാതാപിതാക്കളുടെ കണ്ണീരിനപ്പുറം, ആ യുവാവിനെ ഏറ്റെടുക്കാൻ സന്നദ്ധരായ മറ്റാരെങ്കിലും സമൂഹത്തിലുണ്ടോ എന്ന് പരിശോധിക്കാനോ, ആ ജീവൻ നിലനിർത്താൻ ബദൽ മാർഗ്ഗങ്ങൾ തേടാനോ ഇവിടുത്തെ ഭരണകൂടത്തിനോ നിയമസംവിധാനങ്ങൾക്കോ കഴിഞ്ഞില്ല.

മരണ തിരഞ്ഞെടുപ്പിനെ പിന്താങ്ങുന്ന നിയമവ്യവസ്ഥിതി

പല രാജ്യങ്ങളിലും ദയാവധം നിയമപരമായി അനുവദനീയമാണ്. ചില സാഹചര്യങ്ങളിൽ മരണം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന സങ്കല്പം എല്ലാ ധാർമ്മിക അതിരുകളെയും ലംഘിക്കുന്ന കാഴ്ചയാണ് നോയേലിയയുടെ കേസിൽ നാം കാണുന്നത്. മാരകമായ ശാരീരിക രോഗങ്ങളില്ലാതിരുന്നിട്ടും, മാനസിക സംഘർഷങ്ങളുടെ പേരിൽ മരണം ആവശ്യപ്പെട്ട ആ യുവതിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുന്നതിന് പകരം, മരണം ഒരു ആനുകൂല്യമായി അനുവദിക്കുകയാണ് ഭരണകൂടം ചെയ്തത്. മാതാപിതാക്കളുടെ സ്വാഭാവികമായ സ്നേഹത്തെയും അവകാശത്തെയും തള്ളിക്കളഞ്ഞ്, മകൾക്ക് മരിക്കാനുള്ള മരുന്ന് നൽകാൻ അനുമതി നൽകിയ നിയമം മനുഷ്യത്വത്തോടുള്ള വെല്ലുവിളിയാണ്. ജീവന്റെ മഹത്വവും മൂല്യവും ഉയർത്തിപ്പിടിക്കേണ്ടതിന് പകരം മരണം വിതരണം ചെയ്യുന്ന ഇത്തരം നിയമ വ്യവസ്ഥിതികൾ സത്യത്തിൽ ഒരു ധാർമ്മിക ആത്മഹത്യയിലേക്കാണ് സമൂഹത്തെ നയിച്ചുകൊണ്ടിരിക്കുന്നത്.

ഇതാണ് ദയാവധ നിയമങ്ങൾ സൃഷ്ടിക്കുന്ന ‘സ്ലിപ്പറി സ്ലോപ്പ്’. മാരകമായ രോഗങ്ങളുള്ളവർക്ക് വേണ്ടി എന്ന് പറഞ്ഞു തുടങ്ങുന്ന ഇത്തരം നിയമങ്ങൾ, കാലക്രമേണ മാനസിക വിഷാദം അനുഭവിക്കുന്നവരിലേക്കും, വൈകല്യമുള്ളവരിലേക്കും, ഒടുവിൽ ജീവിതം മടുത്തു എന്ന് ചിന്തിക്കുന്നവരിലേക്കും വ്യാപിക്കുന്നു. കൊലപാതകത്തെ ദയയെന്ന് വിളിക്കാൻ തുടങ്ങുന്നതോടെ, രോഗികളെയും അവശരെയും സംരക്ഷിക്കാനുള്ള സമൂഹത്തിന്റെ ഉത്തരവാദിത്തം ഇല്ലാതാകുന്നു. നോയേലിയയുടെ മരണം ലോകത്തിന് നൽകുന്ന സന്ദേശം ഇതാണ്: നിങ്ങൾക്ക് ജീവിതം മടുത്തെങ്കിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങളുടെ പക്കൽ മരുന്നുകളുണ്ട്, പക്ഷേ നിങ്ങളെ സ്നേഹിക്കാൻ ഞങ്ങൾക്ക് സമയവും സൗകര്യവുമില്ല.

മരണം അനുവദിക്കുന്ന ഭരണകൂട നിസ്സംഗത

ഇന്ത്യയിലെ സാഹചര്യം ഇതിൽ നിന്ന് വ്യത്യസ്തമാണെങ്കിലും ഫലം ഒന്നുതന്നെയാണ്. ഹരീഷ് റാണയുടെ മാതാപിതാക്കൾ ദയാവധത്തിനായി കോടതിയെ സമീപിച്ചത് അവരുടെ ഹൃദയവേദനയുടെയും നിസ്സഹായതയുടെയും അങ്ങേയറ്റത്താണ്. എന്നാൽ ദയാവധത്തെ അനുകൂലിക്കാൻ മടിക്കുന്ന ഒരു ജനാധിപത്യരാജ്യം ചെയ്യേണ്ടിയിരുന്നത് ആ കുടുംബത്തിന്റെ തളർച്ചയെ അംഗീകരിക്കുന്നതിനൊപ്പം തന്നെ, ആ ജീവൻ സംരക്ഷിക്കാൻ സമൂഹത്തിന് എന്ത് ചെയ്യാൻ കഴിയുമെന്ന് അന്വേഷിക്കുകയായിരുന്നു. ഹരീഷ് റാണയുടെ മാതാപിതാക്കൾക്ക് അവനെ നോക്കാൻ കഴിയില്ലെങ്കിൽ, ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ സന്നദ്ധരായ സ്ഥാപനങ്ങളോ സന്നദ്ധ സംഘടനകളോ ഉണ്ടോ എന്ന് പരിശോധിക്കാനുള്ള ഉത്തരവാദിത്വംകൂടി കോടതിക്ക് ഏറ്റെടുക്കാമായിരുന്നു.

മനുഷ്യജീവനെ കേവലം ഒരു ബാധ്യതയായി കാണുന്ന പ്രവണത നമ്മുടെ കുലീനമായ സംസ്കാരത്തിന് ചേർന്നതല്ല. ദയാവധത്തിനുള്ള ഹർജികൾ കോടതികളിൽ പരിഗണിക്കപ്പെടുകയും അനുവദിക്കപ്പെടുകയും ചെയ്തുതുടങ്ങുമ്പോൾ, അത് സ്നേഹപൂർണ്ണമായ കരുതൽ നൽകേണ്ട ഉത്തരവാദിത്വത്തിൽ നിന്നുള്ള ഭരണകൂടത്തിന്റെ ഒളിച്ചോട്ടത്തിന്റെയും ആരംഭമായി മാറുന്നു. സ്ലിപ്പറി സ്ലോപ്പ് പ്രതിഭാസം ഭാവിയിൽ ഇവിടെയും കാണാനാകും.

സഭയുടെ പ്രബോധനങ്ങൾ

നല്ല സമരിയാക്കാരൻ: വത്തിക്കാൻ പുറപ്പെടുവിച്ച ‘നല്ല സമരിയക്കാരൻ’ (Samaritanus Bonus – 2020) എന്ന പ്രബോധനം ഇത്തരം സാഹചര്യങ്ങളിൽ സഭയുടെ നിലപാട് വ്യക്തമാക്കുന്നുണ്ട്. നല്ല സമരിയക്കാരന്റെ മാതൃക പിന്തുടരുന്ന ഈ രേഖ ഊന്നിപ്പറയുന്നത്, രോഗം സുഖപ്പെടുത്താൻ കഴിയാത്ത സാഹചര്യത്തിലും ഒരു വ്യക്തിയെ പരിചരിക്കാൻ സാധിക്കുമെന്നാണ്. സുഖപ്പെടുത്തുക എന്നത് വൈദ്യശാസ്ത്രത്തിന്റെ പരിധിയാണെങ്കിൽ, പരിചരിക്കുക എന്നത് സ്നേഹത്തിന്റെ അനന്തമായ ദൗത്യമാണ്. ചികിത്സ ഫലിക്കാത്തിടത്ത് മരണം വിധിക്കുന്നത് രോഗിയോടുള്ള ക്രൂരതയാണെന്നും, അവിടെ സഭ ആവശ്യപ്പെടുന്നത് സ്നേഹ സാന്നിധ്യത്തിന്റെ ആത്മീയതയാണെന്നും ഈ രേഖ വ്യക്തമാക്കുന്നു.

‘സമരിത്താനുസ് ബോനസ്’ പ്രകാരം, ഭക്ഷണവും വെള്ളവും അവശ്യ പരിചരണങ്ങളും നൽകുന്നത് ഒരിക്കലും ഒരു വൈദ്യ ചികിത്സയല്ല, മറിച്ച് അത് ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് നൽകേണ്ട അടിസ്ഥാനപരമായ പരിഗണനയുടെ ഭാഗമാണ്. ഇവ നിഷേധിക്കുന്നതുവഴി സംഭവിക്കുന്നത് അന്തസ്സുള്ള മരണമല്ല, മറിച്ച് ആസൂത്രിതമായ കൊലപാതകമാണ്. ഹരീഷ് റാണയെപ്പോലെ അബോധാവസ്ഥയിലോ/ അർദ്ധബോധാവസ്ഥയിലോ കഴിയുന്ന ഒരാൾക്ക് നൽകുന്ന ഓരോ തുള്ളി വെള്ളവും ദൈവാരാധനയ്ക്ക് തുല്യമാണ്. ആ ജീവനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് മനുഷ്യന്റെ അധികാരപരിധിയിലുള്ള കാര്യമല്ല. സഹനത്തിന്റെ അർത്ഥം ലോകം വിസ്മരിക്കുമ്പോഴാണ് ദയാവധം ഒരു പരിഹാരമായി അവതരിപ്പിക്കപ്പെടുന്നത്.

അനന്ത മാഹാത്മ്യം: ദയാവധത്തെയും ‘തുണയ്ക്കപ്പെട്ട ആത്മഹത്യ’യെയും (Assisted Suicide) ന്യായീകരിക്കാൻ ഇന്ന് ലോകം ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യുന്ന പ്രയോഗമാണ് ‘അന്തസ്സുള്ള മരണം’ എന്നത്. എന്നാൽ വത്തിക്കാൻ 2024ൽ പുറത്തിറക്കിയ ‘അനന്തമാഹാത്മ്യം’ (Dignitas Infinita) എന്ന പ്രബോധനം ഇതിലെ വൈരുദ്ധ്യം കൃത്യമായി ചൂണ്ടിക്കാണിക്കുന്നുണ്ട്. കടുത്ത വേദനയോ രോഗാവസ്ഥയോ ഒരു വ്യക്തിയുടെയും അന്തസ്സിനെയോ മാഹാത്മ്യത്തെയോ ഇല്ലാതാക്കുന്നില്ല. ജീവൻ എന്നത് ദൈവത്തിന്റെ ദാനമാണെന്നും അതിൽ മനുഷ്യന് ആധിപത്യമില്ലെന്നും വ്യക്തമാക്കുന്ന സഭ ഇതിനെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്: ജീവനാണ് അവകാശം, മരണമല്ല; മരണം സ്വീകരിക്കപ്പെടേണ്ടതാണ്, അത് നൽകപ്പെടേണ്ടതല്ല. ഈ മൗലിക തത്വം യാതൊരു വിട്ടുവീഴ്ചയുമില്ലാതെ നാം മുറുകെ പിടിക്കേണ്ടതുണ്ട്.

സ്വയം മരിക്കാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയെ അതിനായി സഹായിക്കുന്നതോ അതിന് കൂട്ടുനിൽക്കുന്നതോ അന്തസ്സുള്ള പ്രവൃത്തിയല്ല. മറിച്ച്, ‘തുണയ്ക്കപ്പെട്ട ആത്മഹത്യ’ എന്നത് ജീവന്റെ മാഹാത്മ്യത്തിന് എതിരായ വലിയൊരു തെറ്റാണെന്നും ഈ രേഖ ഓർമ്മിപ്പിക്കുന്നു. രോഗാവസ്ഥയിൽ തളർന്നു കിടക്കുന്നവരെയോ അബോധാവസ്ഥയിലുള്ളവരെയോ ഒരു ഭാരമായി കാണുന്ന ആധുനിക മനോഭാവത്തെ സഭ ശക്തമായി എതിർക്കുന്നു. ഹരീഷ് റാണയെപ്പോലെയുള്ളവരുടെ കാര്യത്തിൽ ഈ പ്രബോധനം ഏറെ പ്രസക്തമാണ്. ജീവിതത്തിന്റെ ബാഹ്യമായ ഗുണനിലവാരമല്ല (Quality of life) ഒരു മനുഷ്യന്റെ വില നിശ്ചയിക്കുന്നത് എന്ന് സഭ അടിവരയിടുന്നു. “ജീവിതത്തിന്റെ ഗുണനിലവാരം എത്ര മോശമാണെങ്കിലും മനുഷ്യജീവൻ എപ്പോഴും അതിന്റേതായ മാഹാത്മ്യം നിലനിർത്തുന്നു” എന്നാണ് സഭ പ്രഖ്യാപിക്കുന്നത്.

ഏറ്റവും ദുർബലമായ അവസ്ഥയിൽ പോലും ഓരോ വ്യക്തിക്കും ‘അനന്തമായ മാഹാത്മ്യം’ ഉണ്ടെന്നും, അവരെ സ്നേഹത്തോടെ പരിചരിക്കുകയെന്നത് നമ്മുടെ ധർമ്മമാണെന്നും സഭ പഠിപ്പിക്കുന്നു. മരിക്കാൻ തുണ നൽകുന്നതിന് (Assisted Suicide) പകരം, പാലിയേറ്റീവ് കെയർ പോലുള്ള സംവിധാനങ്ങളിലൂടെ രോഗിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കുകയാണ് വേണ്ടത്. മരണം സ്വയം തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത് ഒരു നാഗരികതയുടെ പരാജയമാണെന്ന് സഭ അടിവരയിടുന്നു.

ലിയോ പാപ്പയുടെ ധീരമായ നിലപാട്

ലിയോ പതിനാലാമൻ പാപ്പ തന്റെ 2025-ലെ ക്രിസ്മസ് സന്ദേശത്തിൽ ഇക്കാര്യം അതീവ ഗൗരവത്തോടെയാണ് സൂചിപ്പിച്ചത്. പാപ്പ പറഞ്ഞു: “മരണത്തെ ഒരു അവകാശമായി പ്രഖ്യാപിക്കുന്ന നിയമങ്ങൾ യഥാർത്ഥത്തിൽ മനുഷ്യന്റെ നിസ്സഹായതയെയും വേദനയെയും ഭരണകൂടം ചൂഷണം ചെയ്യുന്നതാണ്. വേദനിക്കുന്നവനെ ഇല്ലാതാക്കുന്നതല്ല, മറിച്ച് വേദന ഇല്ലാതാക്കി അവനെ സ്നേഹത്തോടെ ചേർത്തുപിടിക്കുന്നതാണ് യഥാർത്ഥ പുരോഗതി. ഭൗതികമായ ഉൽപ്പാദനക്ഷമതയല്ല, മറിച്ച് ജീവനോടുള്ള ആദരവാണ് ഒരു നാഗരികതയുടെ മൂല്യം നിശ്ചയിക്കുന്നത്.” പാപ്പയുടെ ഈ വാക്കുകൾ ഹരീഷ് റാണമാരെയും നോയേലിയമാരെയും പോലെ തകർന്നുപോയവർക്ക് ലഭിക്കേണ്ട സംരക്ഷണത്തെക്കുറിച്ചുള്ള വലിയൊരു ഓർമ്മപ്പെടുത്തലാണ്.

ഭരണകൂടങ്ങൾ സാമ്പത്തിക ലാഭത്തിനും പ്രായോഗികതയ്ക്കും മുൻഗണന നൽകുമ്പോൾ, സഭ മനുഷ്യന്റെ ആത്മീയമായ അന്തസ്സിനാണ് വില നൽകുന്നത്. ദയാവധം എന്നത് സ്നേഹത്തിന്റെ അഭാവമാണെന്ന് പാപ്പ ഓർമ്മിപ്പിക്കുന്നു. സ്നേഹിക്കാൻ കഴിയാത്തതുകൊണ്ടാണ് നാം മരണത്തെ അനുവദിക്കുന്നത്. സ്‌പെയിനിലെ മാതാപിതാക്കളെ തോൽപ്പിച്ച നിയമം സ്നേഹത്തെയാണ് തോൽപ്പിച്ചത്. ഇന്ത്യയിലെ കോടതി മാതാപിതാക്കളുടെ തളർച്ചയെ മാത്രം കണ്ടപ്പോൾ, അത് ആ ജീവന്റെ അനന്തമായ മൂല്യത്തെയാണ് വിസ്മരിച്ചത്. സഭ മുന്നോട്ടുവെക്കുന്ന ‘സ്നേഹത്തിന്റെ സാമ്പത്തികശാസ്ത്രം’ വേദനിക്കുന്നവനെ ഒരു ഭാരമായല്ല, മറിച്ച് ദൈവത്തിന്റെ സമ്മാനമായാണ് കാണുന്നത്.

അസാധാരണ ചികിത്സകളും സഭ നൽകുന്ന വ്യക്തതയും

ദയാവധത്തെ എതിർക്കുമ്പോൾ തന്നെ, സഭ യാഥാർത്ഥ്യബോധമുള്ള നിലപാടാണ് സ്വീകരിക്കുന്നത്. മരണം അനിവാര്യമായിരിക്കുന്ന സാഹചര്യത്തിൽ, രോഗിയെ അനാവശ്യമായി യന്ത്രസഹായത്തോടെ വേദനാജനകമായി നിലനിർത്തുന്നതിനെ സഭ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ അടിസ്ഥാനപരമായ പരിചരണങ്ങൾ നിഷേധിക്കുന്നത് വലിയ തെറ്റാണ്. ഇവിടെയാണ് പലരും തെറ്റിദ്ധരിക്കപ്പെടുന്നത്. മരണം തടയുകയല്ല സഭയുടെ ലക്ഷ്യം, മറിച്ച് സ്വാഭാവികമായ മരണം സംഭവിക്കുന്നത് വരെ സ്നേഹപൂർണ്ണമായ ശുശ്രൂഷ ഉറപ്പാക്കുകയാണ്.

പാലിയേറ്റിവ് കെയർ ചികിത്സകൾ ഇന്ന് ഏറെ പുരോഗമിച്ചിട്ടുണ്ട്. ശാരീരിക വേദനകൾ കുറയ്ക്കാനും മാനസികമായ പിന്തുണ നൽകാനും ആധുനിക വൈദ്യശാസ്ത്രത്തിന് ഇത്തരത്തിൽ കഴിയും. ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് മരണം മാത്രം ഏക പോംവഴിയായി അവതരിപ്പിക്കുന്നത് മരണവ്യാപാരത്തിൽ ലാഭം കൊയ്യുന്നവരുടെ അജണ്ടയാണ്.

വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ ആഹ്വാനം ചെയ്തതുപോലെ, നാം ഓരോരുത്തരും ജീവന്റെ പക്ഷം ചേരേണ്ടതുണ്ട്. മരണത്തെ ഒരു മനുഷ്യാവകാശമായി ചിത്രീകരിക്കുന്ന ലജ്ജാകരമായ നീക്കങ്ങളെ നാം ചോദ്യം ചെയ്യണം. ലോകം മരണത്തിന്റെ നിയമങ്ങൾ നിർമ്മിക്കുമ്പോൾ, സഭ ജീവന്റെ സുവിശേഷം പ്രഘോഷിച്ചുകൊണ്ടേയിരിക്കും. പണമില്ലാത്തവർക്കും, നോക്കാൻ ആളില്ലാത്തവർക്കും, മാനസികമായി തളർന്നവർക്കും മരണം ഏക പോംവഴിയായി ലോകം കാണിച്ചുകൊടുക്കുമ്പോൾ, സഭ അവിടെ സ്നേഹത്തിന്റെ വഴികൾ തുറക്കുന്നു. ഹരീഷ് റാണമാരും നോയേലിയമാരും നമുക്ക് മുന്നിൽ ഉയർത്തുന്ന വെല്ലുവിളി, ഈ ലോകത്തെ കൂടുതൽ കരുണയുള്ളതാക്കി മാറ്റുക എന്നതാണ്; അല്ലാതെ കരുണ ആവശ്യമുള്ളവരെ കൊന്നുതള്ളുകയല്ല. ജീവിതം ഒരു സമ്മാനമാണ്, അത് ദൈവത്തിന്റേതാണ്; അത് തിരിച്ചെടുക്കാൻ മനുഷ്യന് അധികാരമില്ല.

ഫാ. ഡോ. മൈക്കിൾ പുളിക്കൽ
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ

Editor

Leave a Reply

Your email address will not be published. Required fields are marked *