വിശ്വാസവും ശാസ്ത്രവും കൈകോർത്തപ്പോൾ: 1963 ൽ തുമ്പയിൽ യാഥാർഥ്യമായ ഇന്ത്യയുടെ ബഹിരാകാശ സ്വപ്നത്തിന് ഇന്ന് 63 ആം മൂന്നാം വാർഷികം
ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ 1963 നവംബർ 21 ഒരു നിർണായക ദിനമാണ്. അന്നാണ് തിരുവനന്തപുരം തുമ്പയിലെ തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനിൽ (TERLS) നിന്ന് ഇന്ത്യയുടെ ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ചത്. അമേരിക്കയിൽനിന്ന് എത്തിച്ച രണ്ടു ഘട്ടങ്ങളുള്ള നൈക്ക്–അപ്പാച്ചെ (Nike-Apache) റോക്കറ്റിന്റെ ആ വിക്ഷേപണം ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ യാത്രയ്ക്ക് തുടക്കമിട്ടു. എന്നാൽ ഈ ചരിത്രനിമിഷത്തിനു പിന്നിൽ ശാസ്ത്രജ്ഞരുടെ അധ്വാനത്തിനപ്പുറം ലോകം പ്രത്യേകം ഓർമിക്കേണ്ട മറ്റൊരു മഹത്തായ ചരിത്രം കൂടിയുണ്ട് – വിശ്വാസത്തിനൊപ്പം ശാസ്ത്രത്തെയും നെഞ്ചോട് ചേർത്ത ഒരു ക്രൈസ്തവ സമൂഹത്തിന്റെ വിട്ടുകൊടുക്കലിന്റെയും സമർപ്പണത്തിന്റെയും ചരിത്രം.
1960-കളുടെ തുടക്കത്തിൽ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് അനുയോജ്യമായ ഒരു കേന്ദ്രം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. വിക്രം സാരാഭായിയും സംഘവും. ഭൂമിയുടെ കാന്തിക ഭൂമധ്യരേഖയോടുള്ള സാമീപ്യം തുമ്പയെ ബഹിരാകാശ പഠനങ്ങൾക്ക് അനുയോജ്യമായ ഇടമാക്കി. എന്നാൽ അവിടെ ഒരു ഗവേഷണകേന്ദ്രം സ്ഥാപിക്കുക എന്നത് എളുപ്പമായിരുന്നില്ല. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന ആ പ്രദേശത്ത് പുരാതനമായ സെന്റ് മേരി മഗ്ദലന ദേവാലയവും ബിഷപ്പ് ഹൗസുമുണ്ടായിരുന്നത് ഗവേഷക സംഘത്തിന്റെ ശ്രദ്ധയിൽ പെട്ടു.
വിക്രം സാരാഭായി അന്നത്തെ തിരുവനന്തപുരം രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് പീറ്റർ ബെർണാർഡ് പെരേരയെ സമീപിച്ചു. ശാസ്ത്രഗവേഷണത്തിനായി ദേവാലയവും ബിഷപ്പ് ഹൗസും വിട്ടുനൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ബിഷപ്പിന് ആ ആവശ്യത്തിന്റെ ഗൗരവം മനസിലായെങ്കിലും സ്വയം അദ്ദേഹം തീരുമാനത്തിലെത്തിയില്ല. ഒരു ഞായറാഴ്ച ദിവ്യബലിക്കുശേഷം വിശ്വാസിസമൂഹത്തിനു മുന്നിൽ അദ്ദേഹം വിഷയം അവതരിപ്പിച്ചു. ശാസ്ത്രം യുക്തിയിലൂടെ സത്യത്തെ അന്വേഷിക്കുമ്പോൾ ആത്മീയതയും മനുഷ്യനന്മയ്ക്കായി ദൈവാനുഗ്രഹം തേടുകയാണെന്ന ആശയം അദ്ദേഹം അവർക്കുമുന്നിൽ പങ്കുവച്ചു. ദേവാലയം ശാസ്ത്രത്തിന്റെ മഹത്തായൊരു ദൗത്യത്തിനായി വിട്ടുനൽകാൻ കഴിയുമോ എന്ന ചോദ്യത്തിന് വിശ്വാസിസമൂഹം ഒരേ സ്വരത്തിൽ ‘ആമേൻ’ എന്നു മറുപടി നൽകി.
അങ്ങനെ ഒരു ദേവാലയവും ബിഷപ്പ് ഹൗസും മാത്രമല്ല, ഒരു സമൂഹത്തിന്റെ വലിയൊരു സ്വപ്നവും ഇന്ത്യയുടെ ശാസ്ത്രചരിത്രത്തിന്റെ ഭാഗമായി മാറി. ദേവാലയം ശാസ്ത്രജ്ഞരുടെ ഡിസൈനിങ് കേന്ദ്രമായും റോക്കറ്റ് അസംബ്ലി കേന്ദ്രമായും പ്രവർത്തിച്ചു. ബിഷപ്പ് ഹൗസ് ഗവേഷണപ്രവർത്തനങ്ങളുടെ ഓഫീസായി മാറി. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സഹകരണവും പങ്കാളിത്തവും ഈ പ്രവർത്തനങ്ങളുടെ നിർണായക ഘടകമായിരുന്നു. വിശ്വാസിസമൂഹത്തിനായി പുതിയ ദേവാലയവും കെട്ടിടങ്ങളും ക്രമേണ ഒരുക്കപ്പെട്ടു.
അന്ന് റോക്കറ്റിന്റെ ഭാഗങ്ങളും ഉപകരണങ്ങളുമൊക്കെ സൈക്കിളുകളിലും കാളവണ്ടികളിലുമാണ് വിക്ഷേപണകേന്ദ്രത്തിലെത്തിച്ചിരുന്നത്. പരിമിതമായ സൗകര്യങ്ങളിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞരുടെ ആത്മാർഥതയും സമർപ്പണവും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് അടിത്തറയിട്ടു. തുമ്പയിലെ ചെറിയൊരു ഗവേഷണകേന്ദ്രത്തിൽനിന്ന് ആരംഭിച്ച യാത്രയാണ് പിന്നീട് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്കും ഉപഗ്രഹ വിക്ഷേപണങ്ങളിലേക്കും ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ അഭിമാനദൗത്യങ്ങളിലേക്കും വളർന്നത്.
1968 ഫെബ്രുവരി രണ്ടിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി തുമ്പ ഇക്വറ്റോറിയൽ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര ശാസ്ത്രഗവേഷണ കേന്ദ്രമായി ലോകത്തിന് സമർപ്പിച്ചു. ഇതോടെ വിവിധ രാജ്യങ്ങൾക്ക് ശാസ്ത്രീയ ഗവേഷണങ്ങൾക്കായി ഉപയോഗിക്കാവുന്ന അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമായി തുമ്പ മാറി. ഒരു പ്രാദേശിക ക്രൈസ്തവ ദേവാലയത്തിന്റെ വാതിലുകൾ തുറന്നുകൊടുത്തതിലൂടെ ആരംഭിച്ച സംരംഭം ലോകശാസ്ത്രഗവേഷണത്തിന് സംഭാവന നൽകുന്ന നിലയിലേക്ക് വളർന്നുവെന്നത് ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു ഏടാണ്.
ഇവിടെ എടുത്തുപറയേണ്ടത് ശാസ്ത്രവും മതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഒരു വലിയ സന്ദേശമാണ്. ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ ഭയത്തോടെയോ സംശയത്തോടെയോ കാണാതെ, മനുഷ്യന്റെ അറിവിനെയും അന്വേഷണങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന തുറന്ന സമീപനമാണ് ഈ സംഭവത്തിൽ കത്തോലിക്കാ സഭയുടെ നേതൃത്വം പ്രകടിപ്പിച്ചത്. വിശ്വാസം ശാസ്ത്രത്തിന് തടസ്സമാകേണ്ടതില്ലെന്നും മനുഷ്യനന്മയ്ക്കായുള്ള ശാസ്ത്രീയ മുന്നേറ്റങ്ങൾക്ക് പ്രചോദനവും പിന്തുണയുമേകണമെന്നും തുമ്പയിലെ വിശ്വാസിസമൂഹം ലോകത്തിന് കാണിച്ചുകൊടുത്തു.
ഇന്ന് ഇന്ത്യയുടെ ബഹിരാകാശ നേട്ടങ്ങൾ ലോകം ആദരവോടെ കാണുമ്പോൾ, ആ വിജയത്തിന്റെ ആദ്യ അധ്യായങ്ങളിൽ ഇടംപിടിച്ച തുമ്പയിലെ ദേവാലയത്തെയും ബിഷപ്പ് പീറ്റർ ബെർണാർഡ് പെരേരയെയും അവിടത്തെ വിശ്വാസിസമൂഹത്തെയും മറന്നുകൂടാ. സ്വന്തം ആരാധനാലയവും സൗകര്യങ്ങളും രാജ്യത്തിന്റെ ശാസ്ത്രസ്വപ്നത്തിനായി വിട്ടുകൊടുത്ത ആ തീരുമാനം സമാനതകളില്ലാത്ത ഒരു ക്രൈസ്തവ സാക്ഷ്യമാണ്. വിശ്വാസം മനുഷ്യനെ കൂടുതൽ വിശാലമായ ലോകത്തിലേക്ക് തുറക്കണമെന്നും, യഥാർഥ ആത്മീയത മനുഷ്യരാശിയുടെ പുരോഗതിക്കൊപ്പം സഞ്ചരിക്കണമെന്നും ഓർമിപ്പിക്കുന്ന ചരിത്രം.
നവംബർ 21-ന് ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്റെ വാർഷികം ആചരിക്കുമ്പോൾ, അത് ആകാശത്തേക്ക് ഒരു റോക്കറ്റ് ഉയർന്നതിന്റെ വാർഷികം മാത്രമല്ല. വിശ്വാസവും ശാസ്ത്രവും കൈകോർത്താൽ മനുഷ്യരാശിക്ക് എത്ര ഉയരങ്ങളിലേക്ക് മുന്നേറാനാകുമെന്ന വലിയൊരു സന്ദേശം കൂടിയാണ്.