മാർ ജോർജ് കൂവക്കാട് കർദ്ദിനാൾ
ഭാരതസഭയ്ക്ക് കൃപയുടെ നിറവായി ചങ്ങനാശേരി അതിരൂപതാംഗം ആർച്ച്ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാട് കർദിനാൾസംഘത്തിന്റെ ഭാഗമായി. ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 8.30ന് (വത്തിക്കാൻ സമയം വൈകുന്നേരം നാല്) വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയിൽ മാർ കൂവക്കാട്ട് ഉൾപ്പെടെ 21 പേരെ ഫ്രാൻസിസ് മാർപാപ്പ കർദിനാൾ പദവിയിലേക്ക് ഉയർത്തി.
പ്രതിജ്ഞയ്ക്കുശേഷം ഓരോരുത്തരെയും മാർപാപ്പയുടെ അടുത്തേക്ക് ക്ഷണിക്കുകയായിരുന്നു. സ്ഥാനികചിഹ്നങ്ങളായ മുടിയും മോതിരവും സ്ഥാനികദേവാലയം നിശ്ചയിച്ചുകൊണ്ടുള്ള ബൂളയും മാർപാപ്പ നവ കർദിനാൾമാർക്കു നൽകി അവരെ ആശീർവദിച്ചു. ഇരുപതാമതായാണ് മാർ കൂവക്കാട്ട് സ്ഥാനചിഹ്നങ്ങൾ സ്വീകരിച്ചത്.
മാർ ജോർജ് ആലഞ്ചേരി, മാർ ക്ലീമിസ് കാതോലിക്കാ ബാവ ഉൾപ്പെടെയുള്ള കർദിനാൾമാർ തിരുക്കർമങ്ങളിൽ പങ്കാളികളായി. സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ, ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ തോമസ് പാടിയത്ത്, മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉൾപ്പെടെ ആർച്ച്ബിഷപ്പുമാരുടെയും ബിഷപ്പുമാരുടെയും നീണ്ട നിര തിരുക്കർമങ്ങളിൽ സവിശേഷ സാന്നിധ്യമായിരുന്നു.
കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തിലുള്ള ഏഴംഗ ഔദ്യോഗിക പ്രതിനിധിസംഘത്തിനു പുറമെ മാർ ജോർജ് കൂവക്കാട്ടിന്റെ കുടുംബാംഗങ്ങളുൾപ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിന് മലയാളികളും മറ്റു കർദിനാൾമാരുടെ രാജ്യത്തുനിന്നുള്ളവരും ഉൾപ്പെടെ ആയിരങ്ങളാണ് ചടങ്ങിനു സാക്ഷ്യം വഹിക്കാൻ എത്തിയത്.