മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകും: കെസിബിസി അധ്യക്ഷൻ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കോസ്
കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കോസ് മുനമ്പം സമരപ്പന്തലിലെത്തി. മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് സമരവേദിയിൽ സംസാരിച്ച അദ്ദേഹം വാഗ്ദാനം ചെയ്തു. ശാശ്വതമായ പരിഹാരമാണ് മുനമ്പത്തെ ജനതയ്ക്ക് വേണ്ടതെന്നും സമ്പൂർണ്ണമായ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതുവരെ സമരം ചെയ്യുമെന്നും ആ സമരത്തിന് കേരളകത്തോലിക്കാ സഭയുടെയും സകല സുമനസുകളുടെയും പിന്തുണ ഉണ്ടായിരിക്കുമെന്നും കർദ്ദിനാൾ ക്ളീമിസ് പറഞ്ഞു. വഖഫ് നിയമപരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാർ മുനമ്പം ജനതയോട് കാണിച്ചത് അനീതിയാണെന്നും മുനമ്പം നിവസികൾ നേരിടുന്ന സമാനതകളില്ലാത്ത ഈ പ്രതിസന്ധിഘട്ടത്തിൽ സർക്കാരും പ്രതിപക്ഷവും രാഷ്ട്രീയ പാർട്ടികളും അവർക്കൊപ്പം നിലകൊള്ളണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
കെസിബിസി ജാഗ്രത കമ്മീഷൻ ചെയർമാനും മൂവാറ്റുപുഴ രൂപതാധ്യക്ഷനുമായ റവ. ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്, കെസിബിസി ജാഗ്രത കമ്മീഷൻ വൈസ് ചെയർമാനും കോട്ടപ്പുറം രൂപതാധ്യക്ഷനുമായ റൈറ്റ് റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ, ആലപ്പുഴ രൂപതാധ്യക്ഷനും കൊച്ചി രൂപത അഡ്മിനിസ്ട്രേറ്ററുമായ റൈറ്റ് റവ. ഡോ. ജെയിംസ് ആനാപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു. കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി റവ. ഡോ. മൈക്കിൾ പുളിക്കൽ, കെസിബിസി ജെപിഡി കമ്മീഷൻ സെക്രട്ടറി ഫാ. ജേക്കബ് മാവുങ്കൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.