വഖഫ് ഭേദഗതി ബില്ലിന് ജെപിസി അംഗീകാരം
ന്യൂഡൽഹി: കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് നിയമ ഭേദഗതി ബില്ലിൽ 14 മാറ്റങ്ങൾ നിർദേശിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അന്തിമ റിപ്പോർട്ടിന് അംഗീകാരം നൽകി. കോണ്ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷം നിർദേശിച്ച ഭേദഗതികളെല്ലാം പാടെ തള്ളി. ബിജെപി തീരുമാനിച്ചാൽ ബിൽ ബജറ്റ് സമ്മേളനത്തിൽത്തന്നെ പാസാക്കും.
വഖഫ് ഭേഗഗതി ബിൽ സംബന്ധിച്ച ജെപിസിയുടെ അന്തിമറിപ്പോർട്ട് പാർലമെന്റ് ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് ജെപിസി ചെയർമാനും ബിജെപി എംപിയുമായ ജഗദംബിക പാൽ പറഞ്ഞു. ഇന്നലെയായിരുന്നു ജെപിസിയുടെ അവസാന യോഗം.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം സമാപിക്കുന്ന ഫെബ്രുവരി 13 വരെ റിപ്പോർട്ട് സമർപ്പിക്കാനുള്ള തീയതി നീട്ടിയിട്ടുണ്ട്. ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഏപ്രിൽ നാലിന് സമാപിക്കുന്നതിനു മുന്പായി ലോക്സഭയിലും രാജ്യസഭയിലും ബിൽ പാസാക്കാനാണു കേന്ദ്രസർക്കാരിന്റെ നീക്കം.