ലൈസൻസില്ലാത്ത വിദേശ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങളുടെ എണ്ണം പെരുകുന്നു. നിയമ നിർമ്മാണത്തിനൊരുങ്ങി സർക്കാർ.
തിരുവനന്തപുരം: കമ്പോഡിയയിലെ ജോലി തട്ടിപ്പും തുടർന്നുള്ള സംഭവവികാസങ്ങളും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിലേക്കാണ് സർക്കാരിനെ നയിക്കുന്നത്. വിദേശ പഠനം, തൊഴിൽ സംബന്ധമായ വിസ വാഗ്ദാനംചെയ്ത് തട്ടിപ്പു നടത്തുന്ന ഏജൻസികൾ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ സമഗ്രമായ നിയമനിർമ്മാണം അനിവാര്യമാണെന്ന് നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കൺസൾട്ടേഷൻ യോഗം വിലയിരുത്തി. കേരളത്തിൽ മാത്രം ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പതിനായിരത്തോളം റിക്രൂട്ട്മെന്റ്, കൺസൾട്ടിങ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് യോഗത്തിൽ ചൂണ്ടിക്കാണിക്കപ്പെട്ടത്. സംസ്ഥാന തലത്തിൽ യുക്തമായ നിയമനിർമ്മാണത്തിനുള്ള സാദ്ധ്യതകൾ ആരായാൻ യോഗം തീരുമാനിച്ചിട്ടുണ്ട്. നോർക്ക, ആഭ്യന്തര, നിയമ വകുപ്പുകൾ, പ്രൊട്ടക്ടർ ഓഫ് എമിഗ്രന്റ്‌സ്, ലോക കേരള സഭ, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ തുടങ്ങി ഇരുപതോളം വകുപ്പ്, സംഘടനാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
ഒരുലക്ഷത്തോളം രൂപ ശമ്പളം വാഗ്ദാനം ലഭിച്ച് തട്ടിപ്പിൽ അകപ്പെട്ട യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ജോലി തട്ടിപ്പിനിരയായി കമ്പോഡിയയിൽ കുടുങ്ങിയിരുന്ന ഏഴു മലയാളി യുവാക്കൾ തിരിച്ചെത്തിയത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ഒരു യുവാവ് ഇപ്പോഴും കമ്പോഡിയയിലാണുള്ളത്.