വഖഫ് ഭേദഗതി ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും പാസായി
ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും വഖഫ് ഭേദഗതി ബിൽ പാസായി. ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചാൽ വിജ്ഞാപനം ഇറങ്ങുന്ന തീയതി മുതൽ പുതിയ നിയമം പ്രാബല്യത്തിലാകും.
ലോക്സഭയിൽ ഇന്നലെ പുലർച്ചെവരെ നീണ്ട ചർച്ചയ്ക്കുശേഷം 288-232 വോട്ടുകൾക്കു പാസാക്കിയ ബില്ലിന്റെ രാജ്യസഭയിലെ ചർച്ചയും വോട്ടെടുപ്പും രാത്രി ഏറെ വൈകിയാണ് അവസാനിച്ചത്. എട്ടു മണിക്കൂർ നിശ്ചയിച്ച ചർച്ച ഫലത്തിൽ 12 മണിക്കൂർ നീണ്ടു.
അതേസമയം, വഖഫ് ഭേദഗതിക്കു മുൻകാല പ്രാബല്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും വ്യക്തമാക്കിയതോടെ മുനന്പത്തെ 600ലേറെ മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ പ്രശ്നത്തിനു വേഗം പരിഹാരമുണ്ടാകില്ല.
നിയമം നടപ്പിലാകുന്നതോടെ മുനന്പം അടക്കം വഖഫ് ബോർഡുകളുമായുള്ള തർക്കങ്ങൾ ഇല്ലാതാകുമെന്ന് മന്ത്രി റിജിജു പാർലമെന്ററിൽ നൽകിയ ഉറപ്പിനു വിരുദ്ധമാണ് അദ്ദേഹം അതേ പ്രസംഗത്തിൽ നടത്തിയ വിശദീകരണങ്ങളെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി.