മിഷനറിമാരുടെ കേരളം
ഡോ. വള്ളിക്കാവ് മോഹൻദാസ്
(2023 ഡിസംബർ 16ന് പി.ഒ.സിയിൽ വച്ച് നടത്തിയ ജാഗ്രത സദസ്സിൽ ഡോ. വള്ളിക്കാവ് മോഹൻദാസ് നടത്തിയ പ്രഭാഷണത്തിന്റെ ലേഖന രൂപം)
ഇത്തരമൊരു പേരിൽ ഒരു ഗ്രന്ഥം തയ്യാറാക്കണം എന്ന് പ്രത്യേകമായി ചിന്തിച്ചുറപ്പിച്ച് തയ്യാറാക്കിയ ഒരു കൃതിയല്ല “മിഷനറിമാരുടെ കേരളം”. എന്റെ വിഷയം ചരിത്രവും പത്രപ്രവർത്തനവുമാണ്. പത്രപ്രവർത്തനത്തിൽ ഗവേഷണം ചെയ്യാൻ തീരുമാനിച്ചിറങ്ങി ചരിത്രത്തെയും പത്രപ്രവർത്തനത്തെയും കുറിച്ച് ആഴത്തിൽ പഠിക്കാൻ തയ്യാറായപ്പോൾ എന്റെ മുന്നിൽ പത്രങ്ങൾക്കൊപ്പം വന്നുനിന്ന കുറെയേറെ മുഖങ്ങളുണ്ട്. ഞാൻ നേരിട്ടുകണ്ടിട്ടുള്ള മുഖങ്ങളില്ലെങ്കിലും അവരുടെ ധൈഷണിക സാന്നിധ്യംകൊണ്ടും സമർപ്പിതമായ ചേതസുകൊണ്ടും പത്രങ്ങളുടെ പിന്നിലൂടെ അവർ എന്റെ മുന്നിലേയ്ക്ക് കടന്നുവരികയായിരുന്നു.
മലയാളത്തിലേത് മാത്രമല്ല, ഇന്ത്യയിലെ എല്ലാ പ്രാദേശികഭാഷകളിലെയും ആദ്യത്തെ പത്രങ്ങൾ ആരംഭിച്ചത് വിദേശികളാണ് എന്നുള്ളത് ഒരുപക്ഷെ നാം മനസിലാക്കാത്ത വാസ്തവമാണ്. മഹാകവി ഉള്ളൂരിന്റെ വളരെ പ്രശസ്തമായ വരികളാണ്, “ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തഃരംഗം, കേരളമെന്ന് കേട്ടാലോ, തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ”. കേരളത്തെക്കുറിച്ച് വളരെ അഭിമാനം കൊള്ളുന്നവരാണ് നാം. നമ്മുടെ മാതൃഭൂമി എന്ന് അഭിമാനത്തോടെ കേരളത്തെക്കുറിച്ച് നാം പറയുന്നു. ഭാരതത്തെക്കുറിച്ച് പറയുമ്പോഴും കേൾക്കുമ്പോഴും നമുക്ക് വലിയ അഭിമാനമുണ്ട്. ഭാരതീയൻ ആയിരിക്കുക എന്നുള്ളതിൽ അഭിമാനം കൊള്ളുകയും, കേരളത്തെക്കുറിച്ച് ഓർക്കുമ്പോൾ രക്തം തിളയ്ക്കണമെന്നു പറയുകയും ചെയ്യുമ്പോൾ ഈ സംസ്ഥാനത്തെയും രാജ്യത്തെയുംകുറിച്ച് എത്രമാത്രം നാം പഠിച്ചിട്ടുണ്ട് എന്നുള്ളത് പ്രധാനപ്പെട്ട ചോദ്യമാണ്.
ഹെർമൻ ഗുണ്ടർട്ടിന്റെ മഹദ് സംഭാവനകൾ
മലയാള ഭാഷ, മലയാള പത്രപ്രവർത്തനം, മലയാള സാഹിത്യം ഇതൊക്കെ പരിശോധിക്കുമ്പോൾ നമുക്ക് എത്രമാത്രം സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞിട്ടുണ്ട് എന്ന് പരിശോധിക്കേണ്ടതുണ്ട്. മലയാളത്തിലെ ആദ്യത്തെ പത്രത്തെക്കുറിച്ച് പറയുമ്പോൾ നാം രാജ്യസമാചാരം എന്ന പേരാണ് പറയുക. സ്‌കൂളുകളിൽ ഈ പേര് പഠിക്കുന്നതോടൊപ്പം അത് ആരംഭിച്ച ആളുടെ പേരും കുട്ടികൾ പഠിക്കുന്നുണ്ട്. മലയാളിയോ ഇന്ത്യക്കാരനോ ഏഷ്യക്കാരനോ അല്ലാത്ത ഡോ. ഹെർമൻ ഗുണ്ടർട്ട് എന്ന ജർമൻ ക്രിസ്ത്യൻ മിഷനറിയുടെ പേരാണ് അത്. ഒരു പത്രം നടത്തുക എന്നതിനേക്കാൾ ഉപരി, അതിന്റെ പത്രാധിപർ ആയിരിക്കുകയും, എല്ലാ പേജുകളും എഴുതിയുണ്ടാക്കുകയും അതുവഴി ആദ്യമായി കേരളത്തിന്റെ ചരിത്രം രേഖപ്പെടുത്തി വയ്ക്കുകയുമാണ് അദ്ദേഹം ചെയ്തത്. ഹെർമൻ ഗുണ്ടർട്ടിനെക്കുറിച്ച് പറയാതെ മലയാള ഭാഷയുടെ ചരിത്രത്തെക്കുറിച്ച് നമുക്ക് പറയാൻ കഴിയില്ല.
ധാരാളം പഴഞ്ചൊല്ലുകളാൽ സമ്പന്നമാണ് മലയാള ഭാഷ. ഇതൊക്കെ എപ്രകാരമാണ് നമുക്ക് പകർന്നുകിട്ടിയത് എന്നന്വേഷിച്ചാൽ അതിനും നാം കടപ്പെട്ടിരിക്കുന്നത് ഹെർമൻ ഗുണ്ടർട്ടിനോടാണ്.
ഓണാഘോഷത്തോടനുബന്ധിച്ചുള്ള വളരെ പ്രശസ്തമായ ഈരടികളാണ്, “മാവേലി നാടു വാണീടും കാലം, മാനുഷരെല്ലാരുമൊന്നുപോലെ..” എന്ന് തുടങ്ങുന്നത്. ഈ വരികൾ നമുക്ക് എങ്ങനെയാണ് കിട്ടിയതെന്ന് ചോദിച്ചാൽ നമുക്ക് വ്യക്തമായ ഉത്തരമില്ല. തലമുറകൾ കൈമാറി വന്നതാണെന്ന ചിന്തയാണ് പൊതുവെ ഉള്ളത്. എന്നാൽ, ആ അന്വേഷണം നമ്മെ കൊണ്ടെത്തിക്കുന്നത് ഹെർമൻ ഗുണ്ടർട്ടിലേയ്ക്കും അദ്ദേഹത്തിന്റെ പത്രമായ രാജ്യ സമാചാരത്തിലേയ്ക്കുമാണ്. ധാരാളം പഴഞ്ചൊല്ലുകളാൽ സമ്പന്നമാണ് മലയാള ഭാഷ. ഇതൊക്കെ എപ്രകാരമാണ് നമുക്ക് പകർന്നുകിട്ടിയത് എന്നന്വേഷിച്ചാൽ അതിനും നാം കടപ്പെട്ടിരിക്കുന്നത് ഹെർമൻ ഗുണ്ടർട്ടിനോടാണ്. നമ്മുടെ സ്വന്തമെന്ന് നാം കരുതുന്ന നമ്മുടെ മണ്ണിന്റെ മണമുള്ള പഴഞ്ചൊല്ലുകൾ മുഴുവൻ ശേഖരിച്ചു സൂക്ഷിച്ചത് അദ്ദേഹമാണ്.
ഭാഷയുടെ അടിസ്ഥാനങ്ങളിൽ ഒന്നാണ് നിഘണ്ടുക്കൾ. ഇന്ന് ഒരുപാട് ഡിക്ഷ്ണറികൾ നമുക്ക് മുന്നിലുണ്ട്. പത്ത് ഡിക്ഷ്ണറികൾ എടുത്തുവച്ച് കൂടുതൽ മെച്ചപ്പെട്ട പുതുതായൊന്ന് നിർമ്മിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ, അപ്രകാരം ഒന്നുപോലും മാതൃകയായി ഇല്ലാതിരുന്ന ഒരു കാലത്ത് ശൂന്യതയിൽനിന്ന് അത്തരമൊന്ന് നിർമ്മിച്ചയാളാണ് ഡോ. ഹെർമൻ ഗുണ്ടർട്ട്. ഇന്ന് സാധാരണ മലയാളികളുടെ ഭാഷയുടെ അടിത്തറയായി നിലകൊള്ളുന്നത് അദ്ദേഹത്തിന്റെ അധ്വാനമാണ്. രാജ്യ സമാചാരത്തെയും അതിന്റെ പിന്നിലെ പ്രവർത്തനങ്ങളെയും കുറിച്ച് പഠിച്ചുവന്നപ്പോൾ ഹെർമൻ ഗുണ്ടർട്ട് എന്ന പ്രതിഭയെക്കുറിച്ചുകൂടി പഠിക്കേണ്ടതുണ്ടെന്ന് എനിക്ക് തോന്നി. അങ്ങനെ നടത്തിയ പഠനങ്ങളിൽനിന്ന് വ്യക്തമായ ചില കാര്യങ്ങളുണ്ടായിരുന്നു.
ഡിക്ഷ്ണറികൾ ഒന്നുപോലും മാതൃകയായി ഇല്ലാതിരുന്ന ഒരു കാലത്ത് ശൂന്യതയിൽനിന്ന് അത്തരമൊന്ന് നിർമ്മിച്ചയാളാണ് ഡോ. ഹെർമൻ ഗുണ്ടർട്ട്. ഇന്ന് സാധാരണ മലയാളികളുടെ ഭാഷയുടെ അടിത്തറയായി നിലകൊള്ളുന്നത് അദ്ദേഹത്തിന്റെ അധ്വാനമാണ്. പൊതുവെ എല്ലാവരും കരുതുന്നതുപോലെ സുവിശേഷ പ്രഘോഷണത്തിന് വന്ന ആൾ ആയിരുന്നില്ല ഹെർമൻ ഗുണ്ടർട്ട്. അദ്ദേഹം അധ്യാപകനായാണ് ഇന്ത്യയിലെത്തിയത്.
പൊതുവെ എല്ലാവരും കരുതുന്നതുപോലെ സുവിശേഷ പ്രഘോഷണത്തിന് വന്ന ആൾ ആയിരുന്നില്ല ഹെർമൻ ഗുണ്ടർട്ട്. അദ്ദേഹം അധ്യാപകനായാണ് ഇന്ത്യയിലെത്തിയത്. സുവിശേഷ വേലയ്ക്കായി തമിഴ്‌നാട്ടിലെത്തിയവരുടെ കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി വന്ന അധ്യാപകനാണ് അദ്ദേഹം. അങ്ങനെ തമിഴ്‌നാട്ടിലെത്തിയ അദ്ദേഹം കുട്ടികളെ പഠിപ്പിച്ചിരുന്നതോടൊപ്പം ആദ്യം തമിഴും തുടർന്ന് സമീപ സംസ്ഥാനങ്ങളിലെ ഭാഷകളും പഠിക്കുകയുണ്ടായി. ഒട്ടേറെ ഭാഷകൾ പഠിച്ചതിനൊപ്പമാണ് മലയാളം പഠിച്ചതെങ്കിലും അദ്ദേഹം മലയാളം പഠിക്കുക മാത്രമല്ല, പിന്നീട് കേരളത്തിലെത്തി മലയാളത്തിനുവേണ്ടി വ്യാകരണവും നിഘണ്ടുവും തയ്യാറാക്കുകയും മലയാളത്തിൽ ആദ്യത്തെ പത്രം ആരംഭിക്കുകയും ചെയ്തു. അപ്രകാരമുള്ള ഒരാളാണ് നമുക്ക് മുന്നിൽ നിൽക്കുന്ന ഈ വ്യക്തി. വാസ്കോഡ ഗാമ കേരളത്തിൽ വന്നതുൾപ്പെടെയുള്ള വിവിധ അറിവുകളും ഒട്ടനവധി ലോകകാര്യങ്ങളുമെല്ലാം നമ്മെ പഠിപ്പിച്ചതും രേഖപ്പെടുത്തിവച്ചതും മറ്റാരുമല്ല, ഹെർമൻ ഗുണ്ടർട്ട് തന്നെയാണ്.
വാസ്തവത്തിൽ വർഷങ്ങൾ അധ്വാനിച്ച് ഇതൊക്കെ അദ്ദേഹം ചെയ്തത് എന്തിനുവേണ്ടിയാണ് എന്നൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്. മിഷനറിമാരുടെ ആവശ്യത്തിന് വേണ്ടിയും ക്രൈസ്തവവൽക്കരണത്തിന് വേണ്ടിയുമാണ് ഇതൊക്കെ ചെയ്തതെന്ന് കരുതുന്നവരുണ്ട്. എന്നാൽ, ഹെർമൻ ഗുണ്ടർട്ടിന്റെ ജീവിതം പഠിച്ചാൽ അദ്ദേഹം ഒരാളെപ്പോലും മതപരിവർത്തനം ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ ലക്‌ഷ്യം തികച്ചും വിദ്യാഭ്യാസപരമായിരുന്നു. അദ്ദേഹം കുട്ടികളെ പഠിപ്പിക്കുന്നതിനായി വന്ന് ഭാഷ പഠിക്കുകയും ഭാഷയെ വളർത്തുകയും ഒരു ജനതയെ മുഴുവൻ ഭാഷയുടേതായ വിശാല ലോകത്തേയ്ക്ക് പ്രവേശിപ്പിക്കുകയും ചെയ്തു. അപ്പോൾ ചോദിക്കാം, നമുക്ക് അന്ന് ഭാഷ ഉണ്ടായിരുന്നില്ലേ? ആ ഭാഷ ആശയവിനിമയത്തിന് പര്യാപ്തമായിരുന്നില്ല? പക്ഷെ, ഒരു കാര്യം വ്യക്തമാണ്, ഇന്ന് സംസാരിക്കുന്ന മലയാള ഭാഷയ്ക്ക് നാം കടപ്പെട്ടിരിക്കുന്നത് ഡോ. ഹെർമൻ ഗുണ്ടർട്ടിനോടാണ്. കാരണം, നമുക്കൊരു ഗദ്യഭാഷ ഉണ്ടാക്കിത്തന്നത് പ്രധാനമായും അദ്ദേഹമാണ്.
മിഷനറിമാർ നടത്തിയത് സാമൂഹിക പരിഷ്കരണം
മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛൻ എന്നാണ് നാം പഠിച്ചു തുടങ്ങുന്നത്. അദ്ദേഹം അദ്ധ്യാത്മ രാമായണം തയ്യാറാക്കിയതാണ് കാരണം. അദ്ദേഹത്തിന്റെ രചനകളെല്ലാം പദ്യമാണ്. എഴുത്തച്ഛന് മുമ്പ് ജീവിച്ചിരുന്നയാളാണ് ചെറുശ്ശേരി. ചെറുശ്ശേരിയുടെ കൃഷ്ണഗാഥയും പദ്യമാണ്. അവർ ഇരുവർക്കും ശേഷം കുഞ്ചൻ നമ്പ്യാരിലെയ്‌ക്കെത്തിയാൽ അദ്ദേഹത്തിന്റെ രചനകളും പദ്യമാണെന്ന് കാണാം. പദ്യഭാഷയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന മലയാളം ഗദ്യഭാഷയിലേയ്ക്ക് നിർണ്ണായകമായ ചുവടുവയ്പ്പ് നടത്തിയതിലാണ് നാം മിഷനറിമാരോട് കടപ്പെട്ടിരിക്കുന്നത്.
ഭാഷയെക്കുറിച്ചുള്ള ആഴമുള്ള പഠനം ഭാഷയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളെക്കുറിച്ചുള്ള ഗവേഷണവും ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയാണ് അച്ചടി മുതലായവയുടെ ചരിത്രവും നിർണ്ണായകമായി മാറുന്നത്. അത്തരം വിഷയങ്ങളിൽ ഏതു വശങ്ങളിലേക്ക് സഞ്ചരിച്ചാലും നാം ചെന്നെത്തുന്നത് മിഷനറിമാരുടെ മുന്നിലാണ് എന്നുള്ളതാണ് വാസ്തവം. ഏതെങ്കിലും ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടിയല്ല, ലോകത്തിലെ മുഴുവൻ ആളുകളുടെയും മനസിനെ വിമലീകരിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുകയും തങ്ങളുടെ ദൗത്യം പൂർത്തീകരിക്കുകയും ചെയ്യുമ്പോൾ അത് സുവിശേഷ പ്രഘോഷണം എന്ന ഒരു പ്രവൃത്തിക്ക് അപ്പുറത്തേയ്ക്കാണ് എത്തിച്ചേരുന്നത്. അത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. പൊതുവെ പറഞ്ഞുകേൾക്കുന്ന മിഷനറിമാരുടെ ലക്‌ഷ്യം ഒറ്റവാക്കിൽ ക്രൈസ്തവീകരണം എന്നുള്ളതാണ്. എന്നാൽ, അതായിരുന്നില്ല വാസ്തവം. മിഷനറിമാരുടെ ഇടപെടലുകളിലൂടെ സംഭവിച്ചിട്ടുള്ളത് ഒട്ടേറെ കാര്യങ്ങളാണ്. സാമൂഹികമായ മാറ്റങ്ങളാണ് അവരിലൂടെ പ്രധാനമായും സംഭവിച്ചിട്ടുള്ളത്. സമൂഹത്തെയും ഭാഷയെയും കാലത്തെയും ചരിത്രത്തെയും മെച്ചപ്പെടുത്തിയെടുക്കുകയാണ് അവർ ചെയ്തത്.
ലോകത്തിലെ മുഴുവൻ ആളുകളുടെയും മനസിനെ വിമലീകരിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിച്ച ഒരു കൂട്ടം ആളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തുകയും തങ്ങളുടെ ദൗത്യം പൂർത്തീകരിക്കുകയും ചെയ്യുമ്പോൾ അത് സുവിശേഷ പ്രഘോഷണം എന്ന ഒരു പ്രവൃത്തിക്ക് അപ്പുറത്തേയ്ക്കാണ് എത്തിച്ചേരുന്നത്. സമൂഹത്തെയും ഭാഷയെയും കാലത്തെയും ചരിത്രത്തെയും മെച്ചപ്പെടുത്തിയെടുക്കുകയാണ് അവർ ചെയ്തത്.
അച്ചടിയും അക്ഷരങ്ങളും
1578 ൽ കൊല്ലത്ത് “ദിവ്യരക്ഷകന്റെ കലാലയം” എന്ന പ്രസിലാണ് കേരളത്തിൽ ആദ്യമായി അച്ചടി നടക്കുന്നത്. സെന്റ് ഫ്രാൻസിസ് സേവ്യറിന്റെ ഒരു പുസ്തകത്തിന്റെ തമിഴ് പരിഭാഷയാണ് ആദ്യമായി അവിടെ അച്ചടിച്ചത്. ആ പ്രസിന്റെ പേര് തന്നെ വളരെ മനോഹരവും കാവ്യാത്മകവുമാണ്. അക്കാലത്തെ മിഷനറിമാരുടെ ഭാഷയോടുള്ള സ്നേഹം ഇത്തരം മനോഹരമായ നാമങ്ങളിലൂടെ തന്നെ പ്രകടമാകുന്നുണ്ട്. ഈ കാലഘട്ടത്തിലെ ഒരു പ്രസാധന സംരംഭത്തിന്റെ ഉത്തരവാദിത്തപ്പെട്ട ആൾ എന്ന നിലയിൽ, അക്കാലത്ത് ആ പ്രസിനുവേണ്ടി അവർ ഉപയോഗിച്ച സാങ്കേതിക വിദ്യയും അവരുടെ ശാസ്ത്ര പരിജ്ഞാനവും വളരെ അത്ഭുതകരവും മഹത്തരവും ആയിരുന്നു എന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും.
1678 ലാണ് മലയാളം ആദ്യമായി അച്ചടിക്കപ്പെടുന്നത്. ആംസ്റ്റർഡാമിൽ പ്രിന്റ് ചെയ്യപ്പെട്ട “ഹോർത്തൂസ് മലബാറിക്കസ്” എന്ന ഗ്രന്ഥത്തിലാണ് അത്. “വട്ടെഴുത്തി”ലാണ് ആ ഗ്രന്ഥത്തിൽ മലയാളം അച്ചടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽത്തന്നെ നമുക്ക് ഉറപ്പിക്കാൻ കഴിയും, ഇക്കാലഘട്ടത്തിൽ നാം ഉപയോഗിക്കുന്ന അക്ഷരങ്ങൾ അന്നുണ്ടായിരുന്നില്ല എന്നുളളത്. 1829 ലാണ് നാം ഇന്ന് ഉപയോഗിക്കുന്ന അക്ഷരങ്ങൾ സിഎംഎസ് മിഷനറിയായ ബെഞ്ചമിൻ ബെയ്‌ലി രൂപകൽപ്പന ചെയ്യുന്നത്. മലയാള ഭാഷ ആരോട് കടപ്പെട്ടിരിക്കുന്നു എന്ന ചോദ്യം വീണ്ടും ഇവിടെ ഉയർന്നുവരുന്നുണ്ട്. അക്കാലത്ത് ഒരു കൊല്ലനെ കൂലികൊടുത്തിരുത്തി അദ്ദേഹം രൂപകൽപ്പന ചെയ്തതാണ് ഇന്ന് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഉരുണ്ട രൂപത്തിലുള്ള സുന്ദരമായ മലയാളം അക്ഷരങ്ങൾ. 1821 ൽ സിഎംഎസ് മിഷനറിമാരുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസിൽ ബഞ്ചമിൻ ബെയ്‌ലി രൂപകൽപ്പന ചെയ്ത മലയാള അക്ഷരങ്ങൾ ഉപയോഗിച്ച് പ്രിന്റ് ചെയ്യാൻ കഴിയുമായിരുന്നില്ല. അതിനാൽ, അദ്ദേഹം ഒരു ആശാരിയുടെ സേവനം ഉപയോഗപ്പെടുത്തി സ്വയം രൂപകൽപ്പന ചെയ്ത് നിർമ്മിച്ച പ്രസ്സിലാണ് ആദ്യമായി മലയാളം അച്ചടിച്ചത്. കോട്ടയത്ത് ഇപ്പോഴും ബെയ്‌ലി പ്രസ്സ് സൂക്ഷിച്ചിരിക്കുന്നു. ഒരു സെമിനാരി അധ്യാപകനായാണ് ബെഞ്ചമിൻ ബെയ്‌ലി കേരളത്തിലേയ്ക്ക് വരുന്നത്.
1829 ലാണ് നാം ഇന്ന് ഉപയോഗിക്കുന്ന അക്ഷരങ്ങൾ സിഎംഎസ് മിഷനറിയായ ബെഞ്ചമിൻ ബെയ്‌ലി രൂപകൽപ്പന ചെയ്യുന്നത്. മലയാള ഭാഷ ആരോട് കടപ്പെട്ടിരിക്കുന്നു എന്ന ചോദ്യം വീണ്ടും ഇവിടെ ഉയർന്നുവരുന്നുണ്ട്.
മിഷണറിമാരുടെ സാമൂഹിക പ്രതിബദ്ധത
ഇത്തരത്തിൽ കേരളത്തിലെത്തി വലിയ സംഭാവനകൾ കൈരളിക്ക് നൽകിയ മിഷനറിമാരിൽ ആരും അക്കാര്യങ്ങളൊന്നും ചെയ്തത് പരപ്രേരണയാലോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുടെ മറവിലോ ആയിരുന്നില്ല. എന്തിനുവേണ്ടി അവർ വന്നുവോ, അതിനപ്പുറമുള്ള മഹത്തരമായ പ്രവർത്തനങ്ങളിൽ അവർ മുഴുകുകയാണ് ഉണ്ടായത്. ആ കാലഘത്തോടും, അവർ ജീവിച്ച ദേശത്തോടും, ജനങ്ങളോടുമുള്ള പ്രതിബദ്ധതയായിരുന്നു എല്ലാത്തിനും പിന്നിൽ. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അരങ്ങുവാണിരുന്ന ആ കാലഘട്ടത്തിൽ ഉദാത്തമായ ഒരു സംസ്കാരമോ പര്യാപ്തമായ ഒരു ഭാഷ പോലുമോ ഇല്ലാതിരുന്ന ആ ജനതയെ സമുദ്ധരിക്കാൻ അവർ തീരുമാനിച്ചു എന്നതാണ് വാസ്തവം. എല്ലാം കണ്ടിട്ടും കണ്ടില്ല എന്ന് ഭാവിച്ച് അവർക്ക് കടന്നുപോകാമായിരുന്നെങ്കിലും അവർ അത് ചെയ്തില്ല. വലിയ പ്രതിബന്ധങ്ങൾ നേരിട്ടുകൊണ്ടുകൂടിയാണ് അവർ ഇക്കാര്യങ്ങളെല്ലാം ഈ നാടിനുവേണ്ടി ചെയ്തത്.
തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അരങ്ങുവാണിരുന്ന ആ കാലഘട്ടത്തിൽ ഉദാത്തമായ ഒരു സംസ്കാരമോ പര്യാപ്തമായ ഒരു ഭാഷ പോലുമോ ഇല്ലാതിരുന്ന ആ ജനതയെ സമുദ്ധരിക്കാൻ അവർ തീരുമാനിച്ചു എന്നതാണ് വാസ്തവം. എല്ലാം കണ്ടിട്ടും കണ്ടില്ല എന്ന് ഭാവിച്ച് അവർക്ക് കടന്നുപോകാമായിരുന്നെങ്കിലും അവർ അത് ചെയ്തില്ല.
1846 ലും 48 ലുമായി ബഞ്ചമിൻ ബെയ്‌ലി രണ്ടു നിഘണ്ടുക്കളും (മലയാളം – ഇംഗ്ലീഷ്, ഇംഗ്ലീഷ് – മലയാളം) എഴുതിയുണ്ടാക്കി. ഡിക്ഷ്ണറി ഉണ്ടാക്കിയപ്പോൾ ആദ്യം അദ്ദേഹം മുന്നിൽ എടുത്തുവച്ച ഗ്രന്ഥം അമരകോശ (അമരസിംഹൻ നാലാം നൂറ്റാണ്ടിൽ രചിച്ച സംസ്കൃത ശബ്ദകോശം) മാണ്. അമരകോശത്തിലെ മുഴുവൻ പദങ്ങളും അദ്ദേഹം മലയാളത്തിലേയ്ക്ക് ഉപയോഗപ്പെടുത്തുകയുണ്ടായി. കൂടാതെ നാട്ടിൻപുറങ്ങളിൽ സാധാരണക്കാർക്കിടയിലൂടെ സഞ്ചരിച്ച് കിട്ടാവുന്ന വാക്കുകൾ മുഴുവൻ കണ്ടെത്തി സഹായികളെ ഉപയോഗിച്ച് അർത്ഥം മനസിലാക്കി അവയെല്ലാം തന്റെ നിഘണ്ടുവിൽ ഉൾപ്പെടുത്തി. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത് ലോകചരിത്രമായാലും, മറ്റെന്തു വിഷയമായാലും, ക്രൈസ്തവർക്കെതിരായ ആശയപ്രചാരണങ്ങൾ തന്നെയായാലും, ഉപയോഗിക്കുന്ന വാക്കുകളിൽ വലിയൊരു പങ്കും അദ്ദേഹത്തിന്റെ ഡിക്ഷ്ണറിയിൽനിന്നുള്ളതാണ്. ക്രൈസ്തവ മിഷനറിമാരുടെ അതുല്യസംഭാവനയായ ഭാഷ ക്രൈസ്തവർക്കെതിരായ ആശയ പ്രചാരണങ്ങളിലും മാറ്റിനിർത്താനാവില്ല എന്നുള്ളത് ക്രൂരമായ ഒരു തമാശകൂടിയാണ്. കൂടുതൽ ആധുനികമായ ഒരു നിഘണ്ടു എഴുതിയുണ്ടാക്കുന്നത് 1872 ൽ ഹെർമൻ ഗുണ്ടർട്ട് ആണ്. സാധാരണക്കാരന് കൂടുതൽ ഉപയോഗപ്രദമാകുന്ന രീതിയിലാണ് അദ്ദേഹം അത് ചെയ്തത്.
ആദ്യമായി ഒരു മലയാള വ്യാകരണം രചിച്ചത് 1712 ൽ വിദേശ കത്തോലിക്കാ വൈദികനായിരുന്ന ഫാ. ആഞ്ചലൂസ് ഫ്രാൻസിസ് ആയിരുന്നു. ഇപ്പോൾ നാം സംസാരിക്കുന്ന കർത്തരി, കർമ്മണി, വിഭക്തി പ്രത്യയങ്ങൾ മുതലായ എല്ലാ വ്യാകരണ ഘടകങ്ങളുടെയും ഉത്ഭവം അവിടെനിന്നാണ്. ഭാഷാപ്രയോഗത്തിന്റെ കൃത്യതയും വ്യക്തതയും വ്യാകരണത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്. 1732 വരെ കേരളത്തിലുണ്ടായിരുന്ന അർണോസ് പാതിരിയാണ് ഗ്രന്ഥ ഭാഷയ്ക്ക് വ്യാകരണം രൂപപ്പെടുത്തിയത്. പക്ഷെ, പിൽക്കാലത്ത് ജനിച്ച എആർ രാജരാജ വർമ്മയാണ് കേരളപാണിനി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. 1851 ൽ ഡോ. ഹെർമൻ ഗുണ്ടർട്ട് രചിച്ച മലയാള ഭാഷാ വ്യാകരണം ഭാഷാ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണ്. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ റിപ്പോർട്ടിൽ മലയാളഭാഷ ദ്രാവിഡ ഭാഷയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മലയാള ഭാഷയെ ദ്രാവിഡ ഭാഷ എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ഹെർമൻ ഗുണ്ടർട്ട് ആയിരുന്നു. അക്കാര്യം റിപ്പോർട്ടിൽ എടുത്തുപറഞ്ഞിട്ടുണ്ട്.
മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്നതിന് മുന്നോടിയായി തയ്യാറാക്കിയ റിപ്പോർട്ടിൽ മലയാളഭാഷ ദ്രാവിഡ ഭാഷയാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. മലയാള ഭാഷയെ ദ്രാവിഡ ഭാഷ എന്ന് ആദ്യമായി വിശേഷിപ്പിച്ചത് ഹെർമൻ ഗുണ്ടർട്ട് ആയിരുന്നു.
സാഹിത്യരംഗത്തെ അതുല്യ സംഭാവനകൾ
മലയാളത്തിലെ ആദ്യ ഗ്രന്ഥം ഏതാണെന്ന ചോദ്യത്തിന് ഉത്തരം എല്ലാവർക്കും അറിയാവുന്നതുപോലെ, അത് 1772 ൽ ക്ലമന്റ് പിയാനിയൂസ് രചിച്ച സംക്ഷേപ വേദാർത്ഥം ആണ്. ഒന്നാം ഘട്ടത്തിൽ കത്തോലിക്കാ വൈദികരും രണ്ടാം ഘട്ടത്തിൽ പ്രൊട്ടസ്റ്റന്റ് മിഷനറിമാരുമാണ് മലയാള ഗദ്യത്തെ വളർത്തിയത്. ആ കാലഘട്ടത്തിൽ സാഹിത്യത്തിൽ എവിടെയും ഗദ്യം ഉണ്ടായിരുന്നില്ല. 1785 ലാണ് വർത്തമാനപുസ്തകം പ്രസിദ്ധീകരിക്കപ്പെടുന്നത്. മലയാളത്തിലെ ആദ്യ യാത്രാവിവരണംകൂടിയാണ് അത്. പിന്നീട് രാജ്യസമാചാരം, പശ്ചിമോദയം എന്നീ പത്രങ്ങളിലൂടെയാണ് മലയാളഭാഷ വളരുന്നത്. പത്രപ്രവർത്തനത്തെക്കുറിച്ച് ഒരു സങ്കല്പം പോലും ഇല്ലാതിരുന്ന കാലത്തെ ആ പത്രങ്ങളുടെ കടന്നുവരവ് വിപ്ലവകരമായിരുന്നു. രാജ്യസമാചാരം പത്രത്തിലാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇപ്പോൾ പൊതുസമൂഹം കരുതിയിരിക്കുന്നതുപോലെ 1891 ൽ പ്രസിദ്ധീകരിച്ച “വാസനാ വികൃതി” അല്ല മലയാളത്തിലെ ആദ്യത്തെ ചെറുകഥ. മലയാള ഭാഷയിൽ ആദ്യമായി ഒരു സ്ത്രീയെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നതും രാജ്യസമാചാരത്തിലാണ്. “ഗന്ധകത്തിരിക്കാരത്തി” എന്നായിരുന്നു അതിന്റെ തലക്കെട്ട്. ആഫ്രിക്ക പോലുള്ള മറ്റു രാജ്യങ്ങളെക്കുറിച്ച് ആദ്യമായി എഴുതപ്പെടുന്നതും അതേ പ്രസിദ്ധീകരണത്തിലാണ്. അത്തരത്തിലുള്ള ഒട്ടേറെ സവിശേഷതകൾ രാജ്യസമാചാരത്തിന് ഉണ്ടായിരുന്നു.
ഇപ്പോൾ പൊതുസമൂഹം കരുതിയിരിക്കുന്നതുപോലെ 1891 ൽ പ്രസിദ്ധീകരിച്ച “വാസനാ വികൃതി” അല്ല മലയാളത്തിലെ ആദ്യത്തെ ചെറുകഥ. രാജ്യസമാചാരം പത്രത്തിലാണ് മലയാളത്തിലെ ആദ്യത്തെ ചെറുകഥ പ്രസിദ്ധീകരിക്കപ്പെടുന്നത്. മലയാള ഭാഷയിൽ ആദ്യമായി ഒരു സ്ത്രീയെക്കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കുന്നതും രാജ്യസമാചാരത്തിലാണ്. “ഗന്ധകത്തിരിക്കാരത്തി” എന്നായിരുന്നു അതിന്റെ തലക്കെട്ട്.
പിൽക്കാലത്ത് 1848 മുതൽ പുറത്തിറങ്ങിയ ജ്ഞാന നിക്ഷേപം എന്ന പത്രത്തിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട “പുല്ലേലി കുഞ്ചു” എന്ന കൃതിയാണ് മലയാളത്തിലെ ആദ്യത്തെ നോവൽ സാഹിത്യം എന്നുള്ളത് മറ്റൊരു ചരിത്രസത്യമാണ്. മുമ്പ് മുതൽ നാം പഠിച്ചു വന്നിരുന്നതുപോലെ അത് അപ്പു നെടുങ്ങാടിയുടെ കുന്ദലത അല്ല. സാമൂഹിക സമുദ്ധാരണം ലക്ഷ്യം വച്ച് രചിക്കപ്പെട്ട പുല്ലേലി കുഞ്ചു എന്ന നോവൽ പ്രസിദ്ധീകരിക്കുക വലിയ വെല്ലുവിളി ആയിരുന്നെങ്കിലും ധൈര്യപൂർവ്വം മിഷനറിമാർ അതിന് തയ്യാറായത് അവരുടെ സാമൂഹിക പ്രതിബദ്ധതയുടെ അടയാളം കൂടിയാണ്. “വിദ്യാസംഗ്രഹം” എന്നപേരിൽ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യത്തെ കോളേജ് മാഗസിനും കോട്ടയം സിഎംഎസ് കോളേജിൽ നിന്ന് അക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. ഇക്കാലത്തേതുപോലെ കോളേജ് വിദ്യാർത്ഥികൾക്കുവേണ്ടി പുറത്തിറക്കിയ ഒരു മാഗസിൻ ആയിരുന്നില്ല അത്. മറിച്ച്, കോളേജിൽ നിന്ന് പൊതുസമൂഹത്തിനുവേണ്ടി പ്രസിദ്ധീകരണമായിരുന്നു വിദ്യാസംഗ്രഹം. ഇക്കാലഘട്ടത്തിൽ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറമാണ് നൂറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിലെത്തിയ മിഷണറിമാരുടെ വീക്ഷണങ്ങൾ. ഇക്കാര്യങ്ങൾ മനസിലാക്കിയാൽ നമുക്ക് അവരോട് അങ്ങേയറ്റം ബഹുമാനമാണ് അനുഭവപ്പെടുക.
പഴയ മലയാള അക്ഷരങ്ങളെക്കുറിച്ചുള്ള അറിവ് പിൽക്കാല ജനതയ്ക്ക് ലഭിച്ചതുപോലും ഹെർമൻ ഗുണ്ടർട്ടിന്റെ രണ്ടാമത്തെ പ്രസിദ്ധീകരണമായ പശ്ചിമോദയത്തിൽനിന്നുമാണ്. ശാസ്ത്രം മലയാളികൾ ആദ്യമായി വായിക്കുന്നത് പശ്ചിമോദയത്തിലൂടെയാണ്. ചിത്രങ്ങൾ സഹിതം സൗരയൂഥത്തെക്കുറിച്ച് വിവരിക്കുന്ന ശാസ്ത്രലേഖനങ്ങൾ പതിവായി പശ്ചിമോദയത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. മികച്ച ഭാഷയാണ് പശ്ചിമോദയത്തിനുണ്ടായിരുന്നത്. രാജ്യസമാചാരത്തിന് ക്രൈസ്തവ സംബന്ധിയായ ഉള്ളടക്കമാണ് ഉണ്ടായിരുന്നതെങ്കിൽ, ജനങ്ങളെ വിദ്യാഭ്യാസമുള്ളവരാക്കുക എന്ന ലക്ഷ്യമാണ് പശ്ചിമോദയത്തിന് ഉണ്ടായിരുന്നത്. ഡോ. ഹെർമൻ ഗുണ്ടർട്ട് പ്രത്യക്ഷത്തിൽ പലപ്പോഴും രംഗത്തുണ്ടായിരുന്നില്ല എന്നുള്ളതാണ് മറ്റൊരു കൗതുകം. പിന്നിൽനിന്ന്, യാതൊരു പ്രതിഫലമോ അംഗീകാരമോ കാംക്ഷിക്കാതെ പ്രവർത്തിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
ഭരണഭാഷ മലയാളമാക്കണമെന്ന ആവശ്യം നമുക്കിടയിൽ ഉയർന്നു വന്നിട്ട് ഏറെക്കാലമായിട്ടില്ല. എന്നാൽ, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് അര നൂറ്റാണ്ടുമുമ്പ് ആദ്യമായി ഈ ആവശ്യം ഉന്നയിച്ചത് നസ്രാണി ദീപികയാണ്. എത്രമാത്രം ക്രാന്തദർശികളായിരുന്നു അവർ എന്നോർത്താൽ നമുക്ക് അത്ഭുതം അടക്കാനാവില്ല. 1932 മുതൽ “ദീപിക” എന്നപേരിൽ തുടർന്ന ആ പത്രമാണ് ഇന്ന് മലയാളത്തിൽ ഉള്ളതിൽ പഴക്കമേറിയ ദിനപ്പത്രം.
നിഥീരിക്കൽ മാണിക്കത്തനാരുടെ നേതൃത്വത്തിൽ 1887ൽ മാന്നാനത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെട്ടുതുടങ്ങിയ “നസ്രാണി ദീപിക”യുടെ ചരിത്രവും ഇത്തരത്തിലാണ്. നസ്രാണി ദീപികയ്ക്ക് പിന്നിൽ കരുത്തായുണ്ടായിരുന്നത് ചാവറയച്ചൻ്റെ പാരമ്പര്യമായിരുന്നെന്ന് നമുക്കറിയാം. ഭരണഭാഷ മലയാളമാക്കണമെന്ന ആവശ്യം നമുക്കിടയിൽ ഉയർന്നു വന്നിട്ട് ഏറെക്കാലമായിട്ടില്ല. എന്നാൽ, രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് അര നൂറ്റാണ്ടുമുമ്പ് ആദ്യമായി ഈ ആവശ്യം ഉന്നയിച്ചത് നസ്രാണി ദീപികയാണ്. എത്രമാത്രം ക്രാന്തദർശികളായിരുന്നു അവർ എന്നോർത്താൽ നമുക്ക് അത്ഭുതം അടക്കാനാവില്ല. 1932 മുതൽ “ദീപിക” എന്നപേരിൽ തുടർന്ന ആ പത്രമാണ് ഇന്ന് മലയാളത്തിൽ ഉള്ളതിൽ പഴക്കമേറിയ ദിനപ്പത്രം. ഇന്ത്യയിലെ ഏറ്റവും പഴയ ദിനപ്പത്രമായ “ദിഗ്ദർശൻ” മുതൽ ഒട്ടേറെ ഭാഷകളിൽ പുറത്തിറങ്ങിയ മറ്റ് ദിനപ്പത്രങ്ങൾ വരെ എല്ലാത്തിനും പിന്നിൽ ക്രൈസ്തവ മിഷണറിമാരാണെന്ന് അഭിമാനപൂർവ്വം പറയാൻ കഴിയും.
സാംസ്കാരിക പരിഷ്കരണം
സാഹിത്യത്തിന്റെയും പത്രപ്രവർത്തനത്തിന്റെയും കാര്യത്തിൽ മാത്രമല്ല വിദ്യാഭ്യാസ രംഗത്തും നിർണായകമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതും ക്രിസ്ത്യൻ മിഷണറിമാരാണ്. സാധാരണക്കാർക്ക് അറിവ് പ്രാപ്യമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് സമഗ്രമായ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യംവച്ച് ക്രൈസ്തവ മിഷണറിമാർ രംഗപ്രവേശം ചെയ്തത്. ആധുനിക വിദ്യാഭ്യാസരീതികൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെമെമ്പാടും അവതരിപ്പിച്ചത് മിഷണറിമാരാണ്. ഇക്കാലഘട്ടത്തിലും തലയുയർത്തി നിൽക്കുന്ന പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പലതും അക്കാലത്ത് ആരംഭിച്ചവയാണ്.
സാധാരണക്കാർക്ക് അറിവ് പ്രാപ്യമല്ലാതിരുന്ന ഒരു കാലഘട്ടത്തിലാണ് സമഗ്രമായ വിദ്യാഭ്യാസ മുന്നേറ്റം ലക്ഷ്യംവച്ച് ക്രൈസ്തവ മിഷണറിമാർ രംഗപ്രവേശം ചെയ്തത്. ആധുനിക വിദ്യാഭ്യാസരീതികൾ കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെമെമ്പാടും അവതരിപ്പിച്ചത് മിഷണറിമാരാണ്.
ഇക്കാര്യങ്ങൾക്കെല്ലാം അതീതമായി നിലനിൽക്കുന്നവയാണ് മിഷണറിമാരുടെ സാമൂഹിക നവോദ്ധാരണ പ്രവർത്തനങ്ങൾ. പ്രസിദ്ധീകരണങ്ങളിലൂടെയും വിദ്യാഭ്യാസത്തിലൂടെയും അതിന് അടിത്തറയിട്ട ക്രിസ്ത്യൻ മിഷണറിമാർ സാമൂഹിക നവോദ്ധാനത്തിനായി മുന്നിട്ടിറങ്ങുകയും ചെയ്തു. വൈകുണ്ഡസ്വാമികളുടെ പേരിൽ അറിയപ്പെടുന്നെങ്കിലും സ്ത്രീകളുടെ മേൽമുണ്ട് കലാപത്തിന് പിന്നിൽ പരോക്ഷമായുള്ളത് മിഷണറിമാർ ആണെന്ന് ചരിത്രം വ്യക്തമാക്കുന്നു. അത്തരത്തിലുള്ള ഒട്ടേറെ വലിയ മാറ്റങ്ങൾക്കുള്ള ശക്തമായ പ്രചോദനമായി ക്രൈസ്തവ മിഷണറിമാരുടെ ഇടപെടലുകൾ സുവ്യക്തമാണ്.
വസൂരി പോലുള്ള മഹാമാരികൾ പതിനായിരങ്ങളെ കൊന്നൊടുക്കിയിരുന്ന ഒരു കാലത്ത് നഴ്സിംഗ് സേവനങ്ങളെ പരിചയപ്പെടുത്തിയതും, ആധുനിക ചികിൽസാ സാധ്യതകൾ ഉപയോഗപ്പെടുത്തിയതും തുടങ്ങി വിപ്ലവകരമായ മറ്റേറെ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതും ഒരു യഥാർത്ഥ നവോത്ഥാനത്തിലേക്ക് കേരള സമൂഹത്തെ കൈപിടിച്ച് നടത്തിയതും ക്രൈസ്തവ മിഷണറിമാരാണെന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാതെ പറയാനാവും.
ഡോ. വള്ളിക്കാവ് മോഹൻദാസ്: മദ്രാസ് സർവകലാശാലയിൽ നിന്നും പത്രപ്രവർത്തന ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി. പ്രോഗ്രസ്സീവ് റൈറ്റേഴ്സ് അസോസിയേഷൻ ദേശീയ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. കേരള സർക്കാർ സാംസ്‌കാരിക പ്രസിദ്ധീകരണ വകുപ്പ് ഉപദേശകസമിതി അംഗം, എഡിറ്റോറിയൽ ബോർഡ് മെമ്പർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം, കേരള സാക്ഷരതാ സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. സാഹിത്യപ്രവർത്തക സഹകരണസംഘം ഡയറക്ടർ ബോർഡ് അംഗം, കെ.പി.എ.സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗം, പ്രഭാത് ബുക്ക് ഹൗസ് ഡയറക്ടർ എന്നിങ്ങനെ വിവിധ ചുമതലകൾ വഹിക്കുന്നു. നിരവധി ചരിത്ര, സാഹിത്യ ഗ്രന്ഥങ്ങൾ രചിച്ച ഡോ. വള്ളിക്കാവ് മോഹൻദാസിന് ഒട്ടേറെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
മിഷനറിമാരുടെ കേരളം: സാംസ്‌കാരിക സാഹിത്യ വിദ്യാഭ്യാസ രംഗങ്ങളിൽ മിഷനറിമാർ കേരളത്തിന് നൽകിയ സംഭവനകളെക്കുറിച്ചും, അവരുടെ പ്രവർത്തന വൈപുല്യത്തെക്കുറിച്ചും വ്യക്തവും ലളിതവുമായ ഭാഷയിൽ പൂർണ്ണ ആധികാരികതയോടെ രചിക്കപ്പെട്ട ചരിത്ര ഗ്രന്ഥമാണ് ‘മിഷനറിമാരുടെ കേരളം”. ഈ ഗ്രന്ഥം കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുസ്തകശാലകളിൽ ലഭ്യമാണ്.