KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

കാണാമറയത്തെ പ്രണയച്ചതികൾ

അപൂർവ്വമായി മാത്രമാണ് ലൗജിഹാദ് എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ഇവിടെ പൊതുവായ ചർച്ചകൾക്കിടയിൽ കടന്നുവരാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ അതിശക്തമായി അത്തരമൊന്നിനെ നിരാകരിക്കാൻ ചിലർ വിവിധ തുറകളിൽനിന്ന് മുന്നോട്ടുവരാറുണ്ട്. ചിലർ വർഷങ്ങളോളമായും, സമീപകാലങ്ങളായി പലരും മുന്നോട്ടുവയ്ക്കുന്ന ചില ആശങ്കകളെ മുഖവിലയ്‌ക്കെടുക്കാൻ അധികാരികൾ എല്ലായ്പ്പോഴും വിസമ്മതിക്കുകയാണുണ്ടായിട്ടുള്ളത്. പ്രത്യേകമായി ചർച്ച ചെയ്യപ്പെടുന്ന ചില പ്രണയവിവാഹങ്ങൾ ലൗജിഹാദ് ആണോ എന്ന് തീർത്തുപറയുക എളുപ്പമല്ല. എന്നാൽ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഒരു ഉത്തരം പറയുക വളരെ എളുപ്പമാണ്. ആ ഉത്തരം ഇല്ല എന്നല്ല, ഉണ്ട് എന്നാണ്. മുൻ ഡിജിപിമാർ ഉൾപ്പെടെയുള്ള റിട്ടയേർഡ് പോലീസ് ഓഫീസർമാർ മുതൽ, ഇത്തരമൊരു വിഷയത്തെ യുക്തിപരമായി സമീപിക്കുകയും അന്വേഷിക്കുകയും ചെയ്തിട്ടുള്ള ഒട്ടേറെപ്പേർ യാതൊരു സംശയവുമില്ലാതെ ഈ ചോദ്യത്തിന് ഇതേ ഉത്തരംതന്നെ പറഞ്ഞിട്ടുണ്ട്.

ഇങ്ങനെയൊന്നില്ല എന്ന് സ്ഥാപിക്കാൻ ഒരേയൊരു ദുർബലമായ ആശയമാണ് അഥവാ, ആ ആശയത്തിൽ ഊന്നിയുള്ള വാദഗതികളാണ് പതിവായി തൽപരകക്ഷികൾ ഉയർത്താറുളളത്. അതിൽ കൂടുതൽ അത്തരക്കാർക്ക് മറ്റൊന്നും പറയാനില്ലതാനും. “ലൗ ജിഹാദ്” എന്നൊരു ജിഹാദ് ഇല്ല എന്നതാണ് അത്. ജിഹാദ് എന്നൊന്ന് മതപരമായി ഉണ്ടെന്നും, അതിന് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഉണ്ടെന്നുമിരിക്കെ അവിടെയൊന്നും ഇങ്ങനെ ഒരു ജിഹാദ് പരാമർശിക്കപ്പെട്ടിട്ടില്ല എന്നതാണ് സാങ്കേതികമായ ആ വിശദീകരണം. ഒരുപക്ഷെ അത് ശരിയായിരിക്കാം. എന്നിരുന്നാലും പ്രണയ കെണികൾ ഒരുക്കി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന തന്ത്രം കെട്ടുകഥയാകുന്നില്ല.

പെൺകുട്ടികളെ തട്ടിയെടുക്കുക എന്ന കുതന്ത്രം പുതിയതോ കേരളത്തിൽ മാത്രം ഒതുങ്ങുന്നതോ അല്ല. രീതികൾ പലയിടങ്ങളിലും വ്യത്യസ്തമായിരിക്കും എന്നുള്ളതാണ് മാറ്റം. കയ്യൂക്കിലും ആയുധങ്ങളുടെ ബലത്തിലും കാര്യം നേടാനുള്ള സാഹചര്യമുള്ള രാജ്യങ്ങളിൽ “ലൗ ജിഹാദ്” എന്നൊന്നിന് പ്രസക്തിയേയില്ല. മറ്റുമതസ്ഥരായ പെൺകുട്ടികളെ ഇഷ്ടപ്പെട്ടാൽ തട്ടിക്കൊണ്ടുപോയിട്ടുള്ള സംഭവങ്ങൾക്ക് നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ ഈ കാലഘട്ടം വരെയും എണ്ണമറ്റ ഉദാഹരണങ്ങളുണ്ട്. പാക്കിസ്ഥാൻ തന്നെയാണ് ഇക്കാലത്തെ ഏറ്റവും വലിയ ഉദാഹരണം. അത്തരം ചില ബലപ്രയോഗ ശ്രമങ്ങൾ കേരളത്തിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അന്യനാടുകളിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മതംമാറ്റി വിവാഹം കഴിക്കുന്നതിനെ ഇതുവരെ ആരും ജിഹാദ് എന്ന് വിശേഷിപ്പിച്ചിട്ടുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ആ രീതിയിൽ ചിന്തിച്ചാൽ “ലൗ ജിഹാദ്” ഇല്ല എന്ന് ചിലർ പറയാൻ നിർബ്ബന്ധിതരാകുന്നതിലും കാര്യമുണ്ട്.

എന്നാൽ, കേരളത്തിന്റെ പശ്ചാത്തലത്തിൽ ലൗജിഹാദ് എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നത് മറ്റൊരുവിധത്തിലാണ്. മുസ്‌ലിം മതഗ്രന്ഥങ്ങൾ നൽകുന്ന നിർവ്വചനമല്ല അതിനുള്ളത്. മറിച്ച്, ഇസ്ലാമിസ്റ്റുകളുടെ തന്ത്രങ്ങളും പ്രവർത്തന രീതികളും തിരിച്ചറിഞ്ഞവരും, അത്തരം തീവ്രവാദ പ്രവർത്തനങ്ങളാൽ ജീവിതം വഴിമുട്ടിയവരും കൊടുത്ത നിർവ്വചനമാണ് അതിനുള്ളത്. അത്തരമൊരു സാങ്കേതിക പ്രശ്നം മാത്രമാണ് ഈ വിഷയത്തിൽ ആശയക്കുഴപ്പമായുള്ളത്. മറ്റുള്ളവരെ ഇല്ലാതാക്കാനും തോൽപ്പിക്കാനും തകർക്കാനും മറ്റുള്ളവർക്കുള്ളതെല്ലാം പിടിച്ചെടുക്കാനും ഇസ്ലാമിസ്റ്റുകൾ നടത്തുന്നതെല്ലാം സാധാരണ മനുഷ്യരുടെ കണ്ണിൽ ജിഹാദാണ്. തോക്കും ബോംബും വാളും ഉപയോഗിച്ച് അമുസ്ലീങ്ങളെ കൊന്നൊടുക്കി ദേശങ്ങൾ പിടിച്ചെടുക്കുന്നതും, കുതന്ത്രങ്ങൾ മെനഞ്ഞ് ബിസിനസുകൾ പിടിച്ചെടുക്കുന്നതും, കള്ളപ്പണം ഒഴുക്കി ഭൂമി കയ്യടക്കുന്നതും, മയക്കുമരുന്ന് ഒഴുക്കി യുവജനങ്ങളെ മുഴുവൻ അടിമകളാക്കി തകർക്കാൻ നോക്കുന്നതും മാത്രമല്ല, പറഞ്ഞു മയക്കിയും കെണികളിൽ പെടുത്തിയും ഭീഷണിപ്പെടുത്തിയും പെൺകുട്ടികളെ വശത്താക്കുന്നതിനെയും ജിഹാദ് എന്നുതന്നെ മലയാളികൾ വിളിക്കും. ബിസിനസ് ജിഹാദ് ഇല്ല, നാർക്കോട്ടിക് ജിഹാദില്ല, ലൗ ജിഹാദില്ല എന്നൊക്കെ വീണ്ടും വീണ്ടും ഇസ്ലാമിസ്റ്റുകളും അവരുടെ കുഴലൂത്തുകാരും ആവർത്തിച്ചുകൊണ്ടിരുന്നാലും അൽപ്പം ബോധമുള്ളവർക്ക് ഇതൊക്കെ മനസിലാകും എന്ന് തീർച്ച.

ലൗജിഹാദ് എന്ന പദമല്ല ഇവിടെ പ്രശ്നം എന്ന് സർക്കാരും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവരും പൊതുസമൂഹവും മനസിലാക്കണം. പ്രണയക്കെണികൾ ഇവിടെ ഒരുക്കപ്പെടുന്നുണ്ടോ എന്നുള്ളതാണ് ചോദ്യം. സംഘടിതമായിത്തന്നെ അങ്ങനൊന്ന് സംഭവിക്കുന്നുണ്ട് എന്നതിന് ഒട്ടേറെ തെളിവുകൾ കണ്ടെത്താൻ കഴിയും എന്നതിനാൽ ഈ ആശങ്ക അടിസ്ഥാനരഹിതമല്ല. വളരെ ഗൗരവമായിത്തന്നെ സർക്കാരും അന്വേഷണ ഏജൻസികളും ഇടപെടേണ്ട ഒരു വിഷയമാണിത്. തെറ്റിദ്ധരിപ്പിച്ചും വശീകരിച്ചും കെണികൾ ഒരുക്കിയും പെൺകുട്ടികൾ വലയിൽ അകപെടുന്നുണ്ട് എന്ന കാലങ്ങളായുള്ള ആരോപണങ്ങളും ആശങ്കകളും തള്ളിക്കളയേണ്ടവയല്ല.

സ്വാഭാവിക പ്രണയങ്ങളില്ലേ?

ഇതൊക്കെ സ്വാഭാവിക പ്രണയങ്ങളല്ലേ, അതിനെ എതിർക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് പലപ്പോഴും ചിലരെ ഉത്തരം മുട്ടിക്കുന്നത്. കോടതിക്ക് മുന്നിലുളള ചോദ്യവും അതുതന്നെയാണ്. പ്രായപൂർത്തിയായ ഒരു സ്ത്രീയും പുരുഷനും വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു എന്ന് കോടതിക്ക് മുന്നിൽ പറയുന്നപക്ഷം അവരെ അതിന് അനുവദിക്കുക എന്നതല്ലാതെ മറ്റൊന്നും കോടതിക്ക് ചെയ്യാനില്ല. സ്വാഭാവിക പ്രണയമോ അസ്വാഭാവിക പ്രണയമോ എന്ന ചോദ്യം അവിടെ പ്രസക്തമല്ല. എന്നാൽ, എന്താണ് സ്വാഭാവികതയും അസ്വാഭാവികതയും എന്നുള്ള ചോദ്യം വളരെ സങ്കീർണ്ണവും ആഴമുള്ള വിശകലനം ആവശ്യമുള്ളതുമാണ്.

ചതിയിൽ പെടുത്തിയും, കബളിപ്പിച്ചും മതം മാറ്റി വിവാഹം കഴിക്കുന്നതും, വിവാഹത്തിന് ശേഷം മയക്കുമരുന്ന് കടത്തലിനും തീവ്രവാദത്തിനും ഉപയോഗിക്കുന്നതുമാണ് ലവ് ജിഹാദ് എന്ന ധാരണ ഉള്ളവരുണ്ട്. ഇത്തരത്തിൽ സംഭവിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നത് മുസ്ളീം യുവാക്കളെ പ്രണയിച്ച് വിവാഹം ചെയ്യുന്ന മറ്റുമതസ്ഥരായ പെൺകുട്ടികളുടെ ആകെ എണ്ണത്തെ അപേക്ഷിച്ച് വളരെ കുറവായതിനാൽ ഇത്തരം പ്രണയ വിവാഹങ്ങൾ ഭൂരിപക്ഷവും സ്വാഭാവിക പ്രണയങ്ങളാണെന്ന വാദമുണ്ട്. വാസ്തവത്തിൽ ലൗ ജിഹാദിനെ വ്യക്തമായി വിശദീകരിക്കാനോ, മനസ്സിലാക്കാനോ കഴിയാതെ പോയതിനാലാണ് ഇത്തരം വാദങ്ങൾ ഇപ്പോഴും ഉയരുന്നത്.

ഇത്തരം പ്രണയവിവാഹങ്ങളിൽ തീർച്ചയായും ഒരു വിഭാഗം സ്വാഭാവിക പ്രണയങ്ങൾ തന്നെയായിരിക്കും എന്നുള്ളതിൽ സംശയമില്ല. എന്നാൽ, എന്താണ് സ്വാഭാവിക പ്രണയം? അഥവാ എന്താണ് പ്രണയത്തിലെ സ്വാഭാവികത? യുക്തിപരമായി ചിന്തിച്ചാൽ വിവിധ മതവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഒരു സമൂഹത്തിൽ പ്രണയ വിവാഹങ്ങൾക്ക് ഒരു അനുപാതമുണ്ടായിരിക്കും. ഈ മതേതര സമൂഹത്തിന്റെ ഇന്നത്തെ നിലപാടുകളും കാഴ്ചപ്പാടുകളും അനുസരിച്ചും, പൊതുവെ യുവജനങ്ങളുടെ സ്വഭാവരീതികളും സംസ്കാരവും അനുസരിച്ചും ഏറെക്കുറെ ഒരേ അനുപാതത്തിലായിരിക്കണം മതാന്തര വിവാഹങ്ങൾ നടക്കേണ്ടത്. പത്ത് ക്രിസ്ത്യൻ പെൺകുട്ടികൾ ഹിന്ദു പയ്യന്മാരെ വിവാഹം കഴിക്കുന്നു എന്നിരിക്കട്ടെ. തിരിച്ചും അതേ അനുപാതത്തിൽ വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിൽ അതിലൊരു സ്വാഭാവികതയുണ്ട് (ജനസംഖ്യാനുപാതം തല്ക്കാലം മാറ്റി നിർത്താം). എന്നാൽ, ക്രിസ്ത്യൻ, ഹിന്ദു വിഭാഗങ്ങളിലെ പെൺകുട്ടികൾ എല്ലാ അനുപാതങ്ങളും തെറ്റിക്കും വിധം കൂടിയ എണ്ണംപേർ മുസ്‌ലിം യുവാക്കളെ വിവാഹം കഴിക്കുകയും, അതേസമയം വളരെ ചുരുങ്ങിയ എണ്ണം മുസ്‌ലിം പെൺകുട്ടികൾ മാത്രം മറ്റു മതസ്ഥരെ വിവാഹം കഴിക്കുകയും ചെയ്യുന്നെങ്കിൽ അതിൽ അസ്വാഭാവികതയുണ്ട്. കേരളത്തിലെ ഏത് രജിസ്ട്രാർ ഓഫീസുകളിലെ രേഖകൾ പരിശോധിച്ചാലും ഇത്തരമൊരു ആസ്വാഭാവികത വ്യക്തമാകും.

ഒറ്റനോട്ടത്തിൽ സ്വാഭാവികം എന്ന് കരുതിയാലും പരോക്ഷമായ ഒരു അസ്വാഭാവികത ഈ സംഭവങ്ങളിൽ ഉണ്ട് എന്ന് വ്യക്തം. മുസ്‌ലിം യുവാക്കൾക്ക് മറ്റുമതസ്ഥരായ പെൺകുട്ടികളെ വിവാഹം കഴിക്കാനുള്ള വലിയ സ്വാതന്ത്ര്യവും പ്രോത്സാഹനവും ആ മതം നൽകുന്നുണ്ട് എന്നുള്ളതാണ് അടിസ്ഥാന കാരണങ്ങളിൽ പ്രധാനം. എന്നാൽ, ആ സ്വാതന്ത്ര്യം പെൺകുട്ടികൾക്കില്ല എന്നുളളതാണ് അതിലെ വൈരുദ്ധ്യവും. ഈ കരണത്താൽത്തന്നെ പ്രണയത്തോടും വിവാഹത്തോടുമുള്ള ഈ വിഭാഗത്തിന്റെ നിലപാടുകൾ മറ്റു മതസ്ഥർക്ക് ഉൾക്കൊള്ളാൻ കഴിയില്ല. വിവാഹത്തോടുള്ള ഈ സമീപനത്തിന്റെ അടിസ്ഥാനം തികച്ചും മതപരമാണ് എന്ന് നിശ്ചയം. പെൺകുട്ടികൾ വിവാഹത്തിലൂടെ തങ്ങളുടെ മതത്തിന്റെ ഭാഗമായി മാറുന്നതിന്റെ പൂർണ്ണമായും സ്വാഗതം ചെയ്യുകയും, അന്യമതസ്ഥരെ വിവാഹം ചെയ്യുന്നതിലൂടെ സ്വന്തം മതത്തിൽനിന്ന് വിട്ടുപോകുന്നതിനെ ശക്തമായി എതിർക്കുകയും ചെയ്യുകയാണ് ഇവിടെ സംഭവിക്കുന്നത്. ഇത്തരമൊരു നിലപാടിന്റെ തുടർച്ചയാണ് ഭൂരിപക്ഷം പ്രണയങ്ങളും എന്ന് നിശ്ചയം. അതിനാൽത്തന്നെ പ്രത്യക്ഷത്തിൽ അത്തരം പ്രണയങ്ങൾ സ്വാഭാവികമെന്ന് വിലയിരുത്തപ്പെട്ടാലും അസ്വാഭാവികത അവിടെ മറഞ്ഞുനിൽക്കുണ്ടാവാം.

പ്രണയിക്കുന്നത് തെറ്റാണോ?

ഏതുമതസ്ഥരായ ആരെയും പ്രണയിക്കാനും വിവാഹം ചെയ്യാനും ഏതൊരു ഇന്ത്യൻ പൗരനും അവകാശവും സ്വതന്ത്ര്യവുമുണ്ട്. അതിനാൽത്തന്നെ പ്രണയം തെറ്റാണെന്ന് പറയാനാവില്ല. അതേസമയം ലൗ ജിഹാദിനെക്കുറിച്ച് സംസാരിക്കുമ്പോൾ മറ്റുചില വാസ്തവങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ട്. ഇസ്ലാം ഒഴികെയുള്ള മറ്റേത് മതവിഭാഗങ്ങളും തങ്ങളുടെ മതവിശ്വാസിയായ ഒരാൾ മറ്റൊരു മതത്തിൽ പെട്ട വ്യക്തിയെ വിവാഹം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കാറില്ല. മറ്റു നിവൃത്തിയൊന്നുമില്ലെങ്കിൽ വിവാഹം ചെയ്തുകൊടുക്കുക മാത്രമാണ് ചെയ്യുന്നത്. ഇസ്ലാമിന്റെ മതപരമായ കാഴ്ചപ്പാടിന് നേർ വിപരീതമാണ് അത്. ക്രൈസ്തവരായാലും ഹൈന്ദവരായാലും മതബദ്ധമായ ജീവിതം നയിക്കുന്ന ബഹുഭൂരിപക്ഷം പേരും വിശ്വാസപരമായ ഒരു ചട്ടക്കൂട്ടിൽ തന്നെയാണ് ഓരോ കുടുംബവും പണിതുയർത്തുന്നത്. ദൈവവിശ്വാസത്തിലുള്ള ഐക്യം കുടുംബത്തിൽ പ്രധാനമാണ്. തങ്ങളുടെ വിശ്വാസം പൂർണ്ണമായ ബോധ്യത്തോടെ സ്വീകരിച്ചുകൊണ്ട് നല്ല മനസോടെ കടന്നുവരുന്ന ഒരാളാണെങ്കിൽ മാത്രമേ ആ കുടുംബത്തെയും മതത്തെയും ഉൾക്കൊള്ളാൻ കഴിയൂ. അല്ലാത്തപക്ഷം അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. മറ്റൊരു വിശ്വാസ പശ്ചാത്തലത്തിലേയ്ക്ക് ഒരു പെൺകുട്ടിയെ പറഞ്ഞയക്കുമ്പോഴും മാതാപിതാക്കൾക്ക് ഇതേ ആശങ്കകളാണ് ഉണ്ടാവുക. എങ്കിലും മതാന്തര പ്രണയ വിവാഹങ്ങളെ തുറന്ന മനസോടെ തന്നെയാണ് ഈ കാലഘട്ടത്തിലെ ക്രിസ്ത്യൻ, ഹിന്ദു സമൂഹങ്ങൾ കാണുന്നത്.

എന്നാൽ, തങ്ങളുടേതിന് വിരുദ്ധമായ കാഴ്ചപ്പാടുകളോടെയുള്ള പ്രണയ വിവാഹ പരമ്പരകൾ ഇരു സമൂഹത്തിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. അത് സ്വാഭാവികവുമാണ്. വാസ്തവത്തിൽ, മറ്റു പ്രധാന മതവിഭാഗങ്ങളുടെ വിവാഹസംബന്ധമായ കാഴ്ചപ്പാടുകൾ ഉൾക്കൊണ്ടുകൊണ്ടും അതിനെ ആദരിച്ചുകൊണ്ടും ഇത്തരം പ്രണയ വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തുകയായിരുന്നു ഇസ്ലാം സമൂഹം ചെയ്യേണ്ടിയിരുന്നത്. ദൗർഭാഗ്യവശാൽ, നിരുത്സാഹപ്പെടുത്തുന്നതിന് പകരം കാലം കഴിയുംതോറും കൂടുതൽ പ്രോത്സാഹനം നൽകിവരുന്നതായാണ് അനുഭവങ്ങൾ തെളിയിക്കുന്നത്. പ്രണയത്തെ തുടർന്ന് മതപഠനം നൽകുന്നതിനുള്ള അമിത താൽപ്പര്യം പല കേസുകളിലും കാണുന്നതും, അത് മിക്കപ്പോഴും നിർബ്ബന്ധിതമാകുന്നതും ലൗ ജിഹാദ് ആശങ്കയായി മാറാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്.

ആസൂത്രണങ്ങളും സംഘടിത സ്വഭാവവും

സമീപകാലങ്ങളിൽ വിവാദമായി മാറിയ ചില പ്രണയവിവാഹങ്ങളിൽ ഉൾപ്പെടെ പല സംഭവങ്ങളിലും നിരവധി പേരുടെ ഇടപെടലുകളും ആൾക്കൂട്ടത്തിന്റെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. കോടതിവളപ്പിൽ പോലും വലിയ ആൾക്കൂട്ടം എത്തിച്ചേരുകയും കലാപാന്തരീക്ഷം സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രണയം വിവാഹത്തിൽ എത്തിച്ചേരാനായി വീട്ടുകാരിലും ബന്ധുക്കളിലും പോലും അനേകർ ചേർന്ന് സമ്മർദ്ദം ചെലുത്തിയ അനുഭവങ്ങൾ പലതുണ്ട്. ഇത്തരം ചില സംഭവങ്ങളുമായി ബന്ധപ്പെട്ട് അക്രമങ്ങൾ പോലും ഉണ്ടായിട്ടും വേണ്ടത്ര മാധ്യമശ്രദ്ധ അതിനൊന്നും ലഭിക്കാതെ പോയിട്ടുള്ളതും ദുരൂഹമാണ്.

പ്രണയവുമായി ബന്ധപ്പെട്ട് നടക്കുന്ന മതംമാറ്റങ്ങൾ പ്രാധാന്യമർഹിക്കുന്ന ഒരു വസ്തുതയാണ്. ഇത്തരം ബഹുഭൂരിപക്ഷം പ്രണയങ്ങളിലും വിവാഹത്തിന് മുമ്പ് തന്നെ മതപഠനവും, മതം മാറ്റവും നടന്നിട്ടുണ്ട്. പ്രണയത്തെക്കുറിച്ച് കുടുംബാംഗങ്ങൾ പോലും മനസിലാക്കുന്നതിന് മുമ്പേ മതവിശ്വാസവുമായി ബന്ധപ്പെട്ട് സംഭവിക്കുന്ന പ്രകടമായ മാറ്റങ്ങൾ പെൺകുട്ടികളിൽ കാണപ്പെട്ട സംഭവങ്ങൾ പലതുണ്ട്. ഇത്തരത്തിൽ കാണപ്പെട്ട മാറ്റങ്ങളെ തുടർന്നുള്ള അന്വേഷണങ്ങളിൽനിന്ന് മുസ്ളീം യുവാവുമായി പ്രണയത്തിലാണെന്ന് മനസിലാക്കാൻ കഴിഞ്ഞ അനുഭവവുമുണ്ട്. പ്രണയത്തിൽ വിവാഹത്തെക്കാൾ പ്രധാനം മതംമാറ്റമാണ് എന്ന് തോന്നും വിധത്തിലുള്ള ഒട്ടേറെ അനുഭവങ്ങൾ മുന്നിലുള്ളതിനാൽ തന്നെ, ഒട്ടേറെ പ്രണയങ്ങൾ ലൗജിഹാദ് എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന വിധത്തിൽ മതപരമായ ലക്ഷ്യങ്ങളോടെയുള്ളതാണ് എന്ന് അനേകർ അനുമാനിക്കുന്നതിൽ തെറ്റ് പറയാനാവില്ല.

കേരളത്തിൽ പലയിടങ്ങളിലായി അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ നിരവധി ഇസ്ലാമിക മതപഠന കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. ഇസ്ലാം മതം സ്വീകരിക്കുന്ന മറ്റുമതസ്ഥരെ ഉദ്ദേശിച്ചുള്ള സ്ഥാപനങ്ങളാണ് അവ. മുഖ്യമായും പ്രണയം മൂലം മതം മാറാൻ തയ്യാറാകുന്ന പെൺകുട്ടികളെയാണ് അത്തരം മതപഠന കേന്ദ്രങ്ങൾ ലക്ഷ്യംവയ്ക്കുന്നത്. പ്രണയം മൂലമല്ലാതെ ഇസ്ലാം മതം സ്വീകരിക്കുന്നവർ കണക്കുകൾ പ്രകാരം വളരെ അപൂർവ്വമാണ്. അങ്ങനെയെങ്കിൽ കേരളത്തിലെമ്പാടും മതപഠന കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നതിന് പ്രണയവിവാഹങ്ങളുമായി ബന്ധമുണ്ട്. വലിയ വിഭാഗം പ്രണയങ്ങളും ആസൂത്രിതമായ ലക്ഷ്യങ്ങളോട് കൂടിയതും, സംഘടനാ സംവിധാനങ്ങളുമായി ഏതൊക്കെയോ വിധത്തിൽ ബന്ധപ്പെട്ടതുമാണ് എന്നതിന്റെ സൂചനയാണ് മത പരിവർത്തനത്തിനുള്ള ഇത്തരം വ്യാപക സംവിധാനങ്ങൾ നൽകുന്നത്.

മിക്കവാറും ലൗജിഹാദ് കേസുകളും കോടതികളിൽ എത്താറുണ്ട്. കോടതികളിൽ എത്തുന്ന ഇത്തരം ഭൂരിപക്ഷം കേസുകളും പെൺകുട്ടികളുടെ കുടുംബാംഗങ്ങൾക്ക് അനുകൂലമായല്ല പര്യവസാനിക്കാറുള്ളത്. തങ്ങളുടെ ഇഷ്ടപ്രകാരമാണ് വീടുവിട്ട് പോയത് എന്ന് പെൺകുട്ടികൾ മൊഴി നൽകുന്നതാണ് കാരണം. ചില കേസുകളിൽ പെൺകുട്ടികൾ ആശയക്കുഴപ്പത്തിൽ അകപ്പെടുകയോ, നിയമപരമായ മറ്റെന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടായിരിക്കുകയോ ആകുന്ന പക്ഷം വളരെ ശക്തമായ പിന്തുണ പലരിൽനിന്നും മുസ്ളീം യുവാവിന് ലഭിക്കുന്നതായി കാണാറുണ്ട്. വളരെ പ്രഗത്ഭരായ വക്കീൽമാരുടെ സഹായം മുതൽ വേണ്ടിവന്നാൽ ബലപ്രയോഗത്തിലൂടെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനുള്ള സന്നാഹങ്ങൾവരെ കോടതിയിലും പുറത്തുമായി ഒരുക്കപ്പെടാറുണ്ട്. ഏതാനും മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് ജില്ലയിൽ സംഭവിച്ച പ്രണയവും അനുബന്ധ വിവാദങ്ങളും കോടതിയിൽ എത്തിയപ്പോൾ വലിയ അക്രമി സംഘം തന്നെ കോടതിവളപ്പിൽ വന്നുചേർന്നിരുന്നു. ഇത്രമാത്രം സന്നാഹങ്ങൾ ഒരുക്കപ്പെട്ടിരിക്കുന്നത് ശ്രദ്ധിച്ച ജഡ്ജി പെൺകുട്ടിയെ മാതാപിതാക്കൾക്കൊപ്പം പറഞ്ഞയയ്ക്കുകയാണുണ്ടായത്.

ലൗജിഹാദുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി ഉയരുന്ന ആശങ്കകൾ സമീപകാലങ്ങളായി തെളിവുകൾ സഹിതം അനേകർ ഉയർത്തിക്കാണിച്ചിട്ടും, ഒരുപക്ഷെ വളരെ വ്യക്തമായി കാര്യങ്ങൾ മനസ്സിലാക്കിയിട്ടും തള്ളിപ്പറയാനും നിരാകരിക്കാനും, ആരോപണങ്ങൾ ഉന്നയിക്കുന്നവരെ ചില പ്രത്യേക രീതികളിൽ മുദ്രകുത്തി മാറ്റിനിർത്താനും ശ്രമിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളുടെ വ്യഗ്രതയാണ്, ഇതിന്റെ സംഘടിത സ്വഭാവത്തിന്റെ മറ്റൊരു തെളിവ്. ന്യൂനപക്ഷ ഭൂരിപക്ഷ വർഗ്ഗീയതകളുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമാക്കിമാറ്റി ഇത്തരം വിഷയങ്ങളെ നിസ്സാരവൽക്കരിക്കാനുള്ള ശ്രമങ്ങളാണ് കാലങ്ങളോളമായി നടന്നുകൊണ്ടിരിക്കുന്നത്. മാധ്യമങ്ങളിലും സിനിമകളിലും മുതൽ സാഹിത്യത്തിലൂടെവരെ ഇത്തരം അതിക്രമങ്ങളെയും നിഗൂഢമായ അജണ്ടകളെയും തമസ്കരിക്കാനും വെള്ളപൂശാനും കഠിന പ്രയത്നം നടത്തുന്ന വലിയൊരു വിഭാഗം തങ്ങളുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായി ഈ വിഷയത്തിലെ ആശയക്കുഴപ്പം സമൂഹത്തിൽ നിലനിർത്തുന്നതിൽ ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. എന്നാൽ, സൂക്ഷ്മമായി ഈ രീതികൾ നിരീക്ഷിക്കാനും വിശകലനം ചെയ്യാനും തുനിയുന്നവർക്ക് വാസ്തവങ്ങൾ മനസ്സിലാക്കുക എളുപ്പമാണ്. ഇത്തരം വിഷയങ്ങളിൽ മാധ്യമലോകം നടത്തിക്കൊണ്ടിരിക്കുന്ന ഒളിച്ചുകളികൾ ചിലരുടെ ആസൂത്രണങ്ങളുടെ ഭാഗംതന്നെയാണെന്നതിൽ സംശയമില്ല.

Editor

Leave a Reply

Your email address will not be published. Required fields are marked *