KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

ഭാരതത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണം : കെ.സി.ബി.സി.

ആഗസ്റ്റ് ഒന്നുമുതൽ അഞ്ചുവരെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കെസിബിസിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പത്രക്കുറിപ്പ് 

1. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ നമ്മുടെ രാജ്യം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് പൗരന്മാരുടെ ആഹ്ലാദം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 75 വര്‍ഷങ്ങളിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ള വളര്‍ച്ച ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിരിക്കുന്നു. ഓരോ ഇന്ത്യന്‍ പൗരനും അഭിമാനിക്കാന്‍ തക്കവിധം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കാര്‍ഷിക-വ്യവസായ-വ്യാപാര-വിപണന രംഗങ്ങളിലും മറ്റു തലങ്ങളിലും വര്‍ദ്ധിച്ച തോതില്‍ വളര്‍ച്ച നേടാന്‍ സാധിച്ചത് വലിയ നേട്ടമാണ്. എല്ലാറ്റിമുപരി ഇന്ത്യയുടെ ജനാധിപത്യ സംവിധാനം ലോകത്തിനുമുമ്പില്‍ മാതൃകയായി നിലനില്ക്കുന്നുവെന്നതും ഇന്ത്യന്‍ ജനതയുടെ ജനാധിപത്യബോധത്തെ വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്തിട്ടുള്ളതും ആമുഖത്തില്‍ പറഞ്ഞിട്ടുള്ളതുമായ സാഹോദര്യവും സമത്വവും മതേതരത്വവും നിലനിറുത്തികൊണ്ട് ഐക്യത്തിനും അഖണ്ഡതയ്ക്കുംവേണ്ടി നിലകൊള്ളാനുള്ള പ്രതിജ്ഞ പുതുക്കാന്‍ ഈ അവസരത്തില്‍ കഴിയട്ടെയെന്നാശംസിക്കുന്നു. ഭാരതത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിയണം.

2. കേരളത്തിലെ കര്‍ഷകരെ വലിയതോതില്‍ ബാധിക്കുന്ന ബഫര്‍സോണ്‍ പ്രഖ്യാപനം സംബന്ധിച്ച് ഉയര്‍ന്നിട്ടുള്ള ആശങ്കകളും ആധികളും പരിഹരിക്കാന്‍ സര്‍ക്കാര്‍ യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രയത്‌നിക്കണം. സുപ്രീംകോടതി നിശ്ചയിച്ചിട്ടുള്ള സമയപരിധിക്കുള്ളില്‍ കൃത്യമായ പഠനവിവരങ്ങളുടെ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ എംപവര്‍ കമ്മിറ്റിക്കു നല്‍കേണ്ട റിപ്പോര്‍ട്ടു യഥാസമയം നല്‍കാന്‍ സര്‍ക്കാരിനു കഴിയണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നു അനുകൂല നടപടികള്‍ സത്വരമായി ഉണ്ടാകണമെന്ന് അഭ്യര്‍ഥിക്കുന്നു.

3. തീരദേശത്തു വസിക്കുന്നവര്‍ സര്‍ക്കാരിന്റെ മുന്നില്‍ ഉയര്‍ത്തിയിട്ടുള്ള കാര്യങ്ങളില്‍ സത്വരമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകണം. തീരശോഷണം സംബന്ധിച്ചു വിശദമായ പഠനം നടത്താനും അതിനുകാരണമായ കാര്യങ്ങള്‍ കണ്ടെത്തി പരിഹരിക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

4. വര്‍ദ്ധിച്ചതോതിലുള്ള മഴ 2018-ലെ പ്രളയ ദുരിതത്തെ ഓര്‍മ്മിപ്പിക്കുന്നു. സര്‍ക്കാര്‍ നല്കുന്ന മുന്നറിയിപ്പുകള്‍ അനുസരിച്ച് ജാഗ്രതയോടെ ആയിരിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. മഴക്കാല കെടുതികള്‍ക്കൊപ്പം രോഗങ്ങളും വ്യാപിക്കാന്‍ സാധ്യതയുണ്ട്. റോഡുകളുടെ ശോച്യാവസ്ഥ ദുരിതം വര്‍ധിപ്പിക്കുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാഹചര്യങ്ങള്‍ക്കൊത്ത് ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജനങ്ങള്‍ ജാഗ്രത കൈവിടാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. സഭാസംവിധാനങ്ങളും സംഘടനകളും ജനങ്ങളുടെ രക്ഷക്കും സുരക്ഷിതത്വത്തിനുംവേണ്ടി ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.

5. കേരളസഭാനവീകരണം 2022-2025
കേരളസഭാനവീകരണം വ്യക്തിപരമായ നവീകരണത്തിലേക്ക് ഓരോ വിശ്വാസിയെയും നയിക്കണം. അതിനു സഹായകരമായവിധം അഞ്ചു കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കെ.സി.ബി.സി തീരുമാനിച്ചു. (1) നാല്പതുദിന പ്രാര്‍ത്ഥനാ-പരിത്യാഗ യജ്ഞം:  2022 സെപ്തംബര്‍ 9-ാം തീയതി മുതല്‍ ഒക്‌ടോബര്‍ 18 വരെയുള്ള നാല്പതുദിനങ്ങള്‍ പ്രാര്‍ഥനാ-പരിത്യാഗദിനങ്ങളായി പ്രഖ്യാപിച്ചു. ആ ദിവസങ്ങളില്‍ ഓരോ രൂപതയും പ്രത്യേക ക്രമീകരണങ്ങളോടെ നാല്പതുദിന പ്രാര്‍ത്ഥനാ-പരിത്യാഗ യജ്ഞം നടത്തണം. (2) വിമലഹൃദയപ്രതിഷ്ഠ: ഒക്‌ടോബര്‍ മാസം മുഴുവന്‍ കൊന്തനമസ്‌ക്കാരത്തോടെ മാതാവിന്റെ വിമലഹൃദയത്തിനു കേരളസഭയെ സമര്‍പ്പിക്കുന്നു. ഒക്‌ടോബര്‍ 31-ന് ഓരോ രൂപതയിലും രൂപതാകത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ അര്‍പ്പിക്കുന്ന ദിവ്യബലിമദ്ധ്യേ രൂപതയെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും. പി.ഒ.സിയില്‍ അര്‍പ്പിക്കുന്ന പൊന്തിഫിക്കല്‍ ദിവ്യബലിമദ്ധ്യേ കേരളസഭയെ വിമലഹൃദയത്തിന് പ്രതിഷ്ഠിക്കും. (3) പൂര്‍ണ്ണദണ്ഡവിമോചനം : റോമിലെ അപ്പസ്‌തോലിക് പെനിറ്റന്‍ഷറിയുടെ അനുവാദത്തോടെ നാല്പതുദിന പ്രാര്‍ത്ഥന-പരിത്യാഗ ദിനങ്ങളില്‍ കുമ്പസാരിച്ച് കുര്‍ബാന സ്വീകരിക്കുന്നവര്‍ക്കു പൂര്‍ണ്ണദണ്ഡവിമോചനം പ്രഖ്യാപിക്കും. (4) വൈദികര്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനാദിനം:  വൈദികര്‍ക്കുവേണ്ടി മാത്രമായി ഏകദിന പ്രാര്‍ത്ഥനാദിനം രൂപതാധ്യക്ഷന്മാര്‍ പ്രഖ്യാപിക്കും. (5) ഇടയലേഖനം : ഇക്കാര്യങ്ങള്‍ അറിയിക്കുന്നതിനായി ഓരോ രൂപതാധ്യക്ഷനും തന്റെ രൂപതയില്‍ ഇടയലേഖനം പുറപ്പെടുവിക്കും. മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവീകരണയജ്ഞനത്തിനു രൂപതാപ്രതിനിധികളും സമര്‍പ്പിത സമൂഹ പ്രതിനിധികളും കെ.സിബി.സി. കമ്മീഷന്‍ അംഗങ്ങളും മൂന്നു വ്യക്തിസഭാകാര്യാലയങ്ങളുടെ പ്രതിനിധികളും ഉള്‍പ്പെടുന്ന മേല്‍നോട്ടസമിതി നേതൃത്വം നല്കും.

കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
കെ.സി.ബി.സി, പ്രസിഡന്റ്

ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍
കെ.സി.ബി.സി, വൈസ്പ്രസിഡന്റ്

ബിഷപ്പ് ജോസഫ് മാര്‍ തോമസ്
കെ.സി.ബി.സി, സെക്രട്ടറി ജനറാള്‍

Jagratha Commission

http://kcbcjagratha.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *