ഇഎസ്എ കരട് വിജ്ഞാപനം: സർക്കാരിന്റെ വിശദീകരണം തൃപ്തികരമോ?
ഇഎസ്എ (പരിസ്ഥിതി ദുർബ്ബല പ്രദേശം) കരട് വിജ്ഞാപനം സംബന്ധിച്ച വിഷയത്തിൽ പേരാവൂർ എംഎൽഎ സണ്ണി ജോസഫിന്റെ ശ്രദ്ധ ക്ഷണിക്കലിന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നൽകുകയുണ്ടായിരുന്നു. 2013 മുതലുള്ള സംസ്ഥാന സർക്കാർ ഇടപെടലുകൾ വ്യക്തമാക്കിയ മറുപടിയിൽ പ്രത്യേകിച്ച് 2016 മുതൽ ഇഎസ്എ വില്ലേജുകളിലെ ജനവാസ മേഖലകൾ ഒഴിവാക്കി പുതിയ പ്രപ്പോസൽ സമർപ്പിക്കുന്നതിനായി സർക്കാർ നടത്തിയ നീക്കങ്ങൾ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. ഈ പ്രധാന വിഷയത്തിൽ ഗൗരവപൂർണമായ ഇടപെടലുകൾ പല ഘട്ടങ്ങളിലായി നടത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തൽ തീർച്ചയായും ആശ്വാസപ്രദമാണ്. അതേസമയം, മുമ്പ് പലപ്പോഴായി പലരും ചൂണ്ടിക്കാണിച്ചിട്ടുള്ള ആശയക്കുഴപ്പങ്ങളും ഉയർത്തിക്കാണിച്ചിട്ടുള്ള ആശങ്കകളും ഇപ്പോഴും നിലനിൽക്കുന്നുണ്ട്.
സംസ്ഥാന സർക്കാരിന് സംഭവിച്ച വീഴ്ച
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ ജൂലൈ 31 ന് പ്രസിദ്ധപ്പെടുത്തിയ ആറാം ഇഎസ്എ കരട് വിജ്ഞാപനം സംബന്ധിച്ചുള്ള തുടർനടപടികൾ ശരിയാംവണ്ണം ഏകോപിപ്പിക്കുന്നതിൽ സംഭവിച്ച അലംഭാവമാണ് സംസ്ഥാന സർക്കാരിന് പറ്റിയ എടുത്തുപറയത്തക്കതായ വീഴ്ച. സെപ്റ്റംബർ 28 വരെയുള്ള 60 ദിവസം കരട് വിജ്ഞാപനത്തിന്മേലുള്ള ആക്ഷേപങ്ങൾ കേന്ദ്ര മന്ത്രാലയത്തിന് മുന്നിൽ സമർപ്പിക്കാനുള്ള പ്രദേശവാസികളുടെ അവകാശം സംസ്ഥാന സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ ഗൗരവമായെടുത്തില്ല. സെപ്റ്റംബർ അവസാന ആഴ്ചയിൽ ഈ വിഷയത്തിലുള്ള ഒരു ഹർജ്ജി ഹൈക്കോടതിക്ക് മുന്നിലെത്തിയപ്പോഴാണ് ഏതെങ്കിലും വിധത്തിലുള്ള വിശദീകരണം സർക്കാരിന്റെ ഭാഗത്തുനിന്ന് ലഭ്യമായത്. ബയോഡൈവേഴ്‌സിറ്റി ബോർഡിന്റെ സൈറ്റിൽ മാപ്പ് ഫയലുകളും റിപ്പോർട്ടുകളും ലഭ്യമാക്കിയതും അപ്പോഴാണ്. അപ്പോഴേയ്ക്കും അഭിപ്രായങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചിരുന്നു.
ഉന്നയിക്കപ്പെട്ടിരിക്കുന്ന ആവശ്യങ്ങൾ
സാധാരണ ജനങ്ങൾക്ക് മനസിലാകുന്ന രീതിയിൽ കരട് വിജ്ഞാപനം മലയാളത്തിൽ പ്രസിദ്ധീകരിക്കുക, എല്ലാവർക്കും മനസിലാകുന്ന വിധത്തിൽ വ്യക്തമായ കഡസ്ട്രൽ മാപ്പ് പ്രസിദ്ധീകരിക്കുക, ആക്ഷേപങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി രണ്ടുമാസംകൂടി നീട്ടി നൽകുകയോ കരട് വിജ്ഞാപനം പുനഃപ്രസിദ്ധീകരിക്കുകയോ ചെയ്യുക എന്നിവയാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടിരിക്കുന്ന പ്രധാന ആവശ്യങ്ങൾ. ഈ ആവശ്യങ്ങൾ തീർച്ചയായും പരിഗണിക്കപ്പെടേണ്ടവയാണ്. അല്ലാത്തപക്ഷം പ്രദേശവാസികളുടെ പരാതികൾ യാതൊന്നും പരിഗണിക്കപ്പെടാതെയും ഒട്ടേറെ ജനവാസ മേഖലകൾ ഉൾപ്പെട്ടും അന്തിമ വിജ്ഞാപനം പ്രസിദ്ധീകരിക്കപ്പെട്ടേക്കാം. അതിര്‍ത്തി നിര്‍ണ്ണയത്തിലെ അപാകത പരിഹരിക്കാനുള്ള നടപടികൾ തുടരുമെന്ന് പറയുമ്പോഴും മേൽപ്പറഞ്ഞ ആവശ്യങ്ങൾ കേന്ദ്ര മന്ത്രാലയത്തിൽനിന്ന് അംഗീകരിച്ചുകിട്ടാനുള്ള നടപടികളും സർക്കാർ സ്വീകരിക്കേണ്ടതാണ്.
ഇഎസ്എ പുനർനിർണയം
2014 മുതൽ 2024 വരെയുള്ള പത്തുവർഷ കാലയളവിനുള്ളിൽ പ്രസിദ്ധീകരിക്കപ്പെട്ട ആറ് കരട് വിജ്ഞാപനങ്ങളിലും കേരളത്തിന്റെ ഇഎസ്എ ഭൂപ്രദേശം ഉമ്മൻ വി. ഉമ്മൻ കമ്മിറ്റി നിർണ്ണയിച്ച 9993.7 ചതുരശ്ര കിലോമീറ്റര്‍ ആണ്. പിന്നീട് സംസ്ഥാന സർക്കാർ സമർപ്പിച്ച പുനർനിർണ്ണയ രേഖകളും പ്രപ്പോസലുകളും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇനിയും അംഗീകരിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് “യോജിക്കുന്ന സമീപനം കേന്ദ്ര മന്ത്രാലയം സ്വീകരിച്ചില്ല” എന്നാണ് നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞിരിക്കുന്നത്. ഇത് അത്യന്തം ആശങ്കാജനകമാണ്. 2018 മുതൽ സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള പ്രപ്പോസലുകൾ കേന്ദ്ര മന്ത്രാലയം അംഗീകരിക്കാത്ത പക്ഷം പിന്നീട് പഠനങ്ങൾ നടത്തി ഒഴിവാക്കിയ 33 വില്ലേജുകൾ ഉൾപ്പെടെ ഒട്ടേറെ ജനവാസ മേഖലകൾ ഇഎസ്എ ആയി മാറും. കേരളത്തിന്റെ പ്രപ്പോസലുകൾ എന്തുകൊണ്ടാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകരിക്കാത്തത് എന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. സമർപ്പിച്ച റിപ്പോർട്ടുകളിലും പുനർനിർണ്ണയിക്കപ്പെട്ട ഇഎസ്എ മാപ്പുകളിലും ഏതെങ്കിലും വിധത്തിലുള്ള പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ തിരുത്തലുകൾ വരുത്തി സമർപ്പിക്കാൻ ആവശ്യമായ നടപടികളും സർക്കാർ സ്വീകരിക്കേണ്ടതുണ്ട്.
രണ്ടാംഘട്ടത്തിൽ ഒഴിവാക്കപ്പെട്ട ഇഎസ്എ മേഖലകളിൽ റിസർവ് വനമേഖലകൾ ഉൾപ്പെട്ടിട്ടുണ്ടോ?
പൂർണ്ണമായി ഒഴിവാക്കപ്പെട്ട ചില വില്ലേജുകളിൽ റിസർവ് വനമേഖലകൾ ഉൾപ്പെടുന്നതായുള്ള ചില സൂചനകളുണ്ട്. ഖനന മാഫിയകളുടെ സമ്മർദ്ദങ്ങൾ മൂലം അത്തരം ചില പ്രദേശങ്ങൾ ഒഴിവാക്കപ്പെട്ടിരിക്കുന്നതായുള്ള ആരോപണങ്ങളും ഉയരുകയുണ്ടായിരുന്നു. അത്തരം കാരണങ്ങളാൽ സംസ്ഥാന സർക്കാരിന്റെ പ്രപ്പോസലുകൾ പൂർണ്ണമായി അവഗണിക്കപ്പെടുന്ന സാഹചര്യം ഉടലെടുത്താൽ അത് പതിനായിരക്കണക്കിന് കർഷക കുടുംബങ്ങളെയും സാധാരണക്കാരെയും ദോഷകരമായി ബാധിക്കുകയും ഒട്ടേറെ പ്രദേശങ്ങളെ വികസന മുരടിപ്പിലേയ്ക്ക് നയിക്കുകയും ചെയ്യും. ഈ വിഷയം വളരെ ഗൗരവമായെടുത്ത് അന്വേഷണം നടത്താനും തുടർനടപടികൾ സ്വീകരിക്കാനും സർക്കാർ തയ്യാറാകണം.
ജനങ്ങളുടെ ആശങ്കകളെ മുഖവിലയ്‌ക്കെടുക്കണം
പ്രദേശവാസികൾക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് പരാതികളും അഭിപ്രായങ്ങളും പലതുണ്ട്. അവർക്ക് നിലവിലുള്ള നടപടികളെക്കുറിച്ചുള്ള നിജസ്ഥിതി വ്യക്തമാക്കിക്കൊടുക്കുക എന്നത് അടിയന്തിരമായി ചെയ്യേണ്ട കാര്യമാണ്. ഇപ്പോഴും ഈ വിഷയം അവരെ സംബന്ധിച്ച് പുകമറയ്ക്കുള്ളിലാണ് എന്നതാണ് വാസ്തവം. ഇഎസ്എ മേഖലകളിലൂടെ കടന്നുപോകുന്ന റോഡുകൾ, മറ്റ് അവശ്യ നിർമ്മിതികൾ തുടങ്ങിയവ സംബന്ധിച്ച ആശയക്കുഴപ്പങ്ങൾ, പുനർനിർണ്ണയിക്കപ്പെട്ട ഇഎസ്എ മാപ്പിലും ഉൾപ്പെട്ടിരിക്കാനിടയുള്ള ജനവാസ മേഖലകൾ സംബന്ധിച്ച അവ്യക്തത, നിർദ്ദിഷ്ട ഇഎസ്എ അതിർത്തിക്ക് പുറത്തും എന്നാൽ ഒരേ വില്ലേജിലും ഉൾപ്പെടുന്ന ഭാഗങ്ങളിലെ നിർമ്മാണ പ്രവൃത്തികൾ സംബന്ധിച്ച ആശയക്കുഴപ്പം, ഒരേ ആധാരത്തിൽ ഇഎസ്എ, നോൺ ഇഎസ്എ ഭാഗങ്ങൾ ഉൾപ്പെടാനുള്ള സാധ്യത സംബന്ധിച്ച ആശങ്കകൾ എന്നിങ്ങനെ സാധാരണക്കാരുടെയുള്ളിൽ ചോദ്യങ്ങൾ പലതുണ്ട്. അത്തരം വിഷയങ്ങളിൽ പ്രദേശവാസികളുടെ ആശങ്കകളെ ഉൾക്കൊണ്ടുകൊണ്ടുള്ള നിലപാടുകൾ സ്വീകരിക്കാനുള്ള നടപടികൾ സർക്കാർ ഇനിയെങ്കിലും സ്വീകരിക്കേണ്ടതുണ്ട്.