ഭരണഘടനാ വിരുദ്ധമായ എഫ്.സി.ആർ.എ ഭേദഗതി ബിൽ 2026: വെല്ലുവിളി രാജ്യത്തെ സാധാരണക്കാർക്ക്
ജോണി പള്ളിവാതുക്കൽ
(ലേഖകൻ എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റും സാമ്പത്തിക നിയമ വിദഗ്ധനുമാണ്)
ഇന്ത്യയിലെ എഫ്.സി.ആർ.എ നിയമം അമ്പതാം വർഷത്തിൽ; നിയമവും നിയമപരിഷ്‌കരണങ്ങളുടെ നാൾവഴികളും പുതിയ പരിഷ്‌കരണത്തിലെ ഭരണഘടനാവിരുദ്ധതയും സംബന്ധിച്ച വിശദമായ അവലോകനം.
2010-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിദേശ ധനസഹായ നിയന്ത്രണ നിയമം (FCRA), 1976-ലെ പഴയ നിയമത്തിന് ബദലായാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതുതാൽപ്പര്യം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക എന്നതായിരുന്നു ഈ നിയമനിർമ്മാണത്തിന്റെ പ്രാഥമിക ലക്ഷ്യം. 2011 മെയ് ഒന്ന് മുതലാണ് ഈ ആദ്യമായി പരിഷ്കരിക്കപ്പെട്ട നിയമം രാജ്യത്ത് ഔദ്യോഗികമായി നിലവിൽ വന്നത്. ഈ നിയമം കേവലം ഏതെങ്കിലും ഒരു മതവിഭാഗത്തെയോ പ്രത്യേക സംഘടനകളെയോ മാത്രം ബാധിക്കുന്ന ഒന്നല്ല എന്നത് നാം തിരിച്ചറിയേണ്ടതുണ്ട്. എല്ലാ മതങ്ങളിലും പെട്ടവർക്കും നിരവധി സന്നദ്ധ സംഘടനകൾക്കും ഉൾപ്പെടെ പതിനായിരക്കണക്കിന് എഫ്.സി.ആർ.എ അക്കൗണ്ടുകൾ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകൾക്കിടെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
വിവിധ സാമൂഹിക – മത സംഘടനകൾ വഴിയുള്ള സേവനങ്ങൾ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെട്ടു നിൽക്കുന്ന ഒന്നാണ്. ഗ്രാമപ്രദേശങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം, ആദിവാസി – മത്സ്യത്തൊഴിലാളി മേഖലകൾ, പാലിയേറ്റീവ് കെയർ, വയോജന സംരക്ഷണം, മാനസികാരോഗ്യ ചികിസാ കേന്ദ്രങ്ങൾ, ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങൾ, ക്യാൻസർ കെയർ, സ്വയംതൊഴിൽ മേഖലകൾ തുടങ്ങി സാധാരണക്കാരന്റെ ജീവിതത്തെ സ്പർശിക്കുന്ന മേഖലകളിലെല്ലാം വിദേശ സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ സാന്നിധ്യമുണ്ട്. അതുകൊണ്ടുതന്നെ വിദേശ സഹായ നിയന്ത്രണ നിയമത്തിൽ വരുന്ന ഓരോ മാറ്റവും സ്ഥാപനങ്ങളുടെ നിലനിൽപ്പ് എന്നതിലുപരി രാജ്യത്തെ സാധാരണ ജനങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന കാര്യമാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് ഈ നിയമത്തിൽ കൊണ്ടുവരുന്ന ഭേദഗതികളെ നാം ഗൗരവകരമായി വിശകലനം ചെയ്യേണ്ടത്.
2010 ലെ എഫ്.സി.ആർ.എ നിയമം
വളരെയധികം കർശനമായ നിബന്ധനകളോടെയാണ് 2010-ലെ എഫ്.സി.ആർ.എ നിയമം വിഭാവനം ചെയ്തിരിക്കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഈ നിയമപ്രകാരം സംഘടനകൾക്കും സ്ഥാപനങ്ങളും വ്യക്തികൾക്കും നൽകപ്പെടുന്ന രജിസ്ട്രേഷന്റെ കാലാവധി അഞ്ച് വർഷത്തേക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. ഇതിനർത്ഥം, ഓരോ അഞ്ച് വർഷം കൂടുമ്പോഴും സംഘടനകൾ തങ്ങളുടെ രജിസ്ട്രേഷൻ കൃത്യമായി പുതുക്കിയിരിക്കണം എന്നത് നിർബന്ധമാണ്. നിയമപരമായ എല്ലാ നിബന്ധനകളും പാലിക്കുന്നുണ്ടോ എന്ന് ഓരോ ഘട്ടത്തിലും ഉറപ്പുവരുത്താൻ ഭരണകൂടത്തിന് ഇതിലൂടെ സാധിക്കുന്നു.
വിദേശത്തുനിന്നുള്ള ധനസഹായം സ്വീകരിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകൾ വഴി മാത്രമുള്ള ഇടപാടുകൾ ഈ നിയമം പൂർണ്ണമായും നിർബന്ധമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ കൃത്യമായ റിപ്പോർട്ടിംഗ് – ഓഡിറ്റിങ് സംവിധാനവും ഈ നിയമത്തിന്റെ ഭാഗമായി നിലവിൽ വന്നിട്ടുണ്ട്. എല്ലാ വർഷവും വാർഷിക റിട്ടേൺ എഫ് സി 4 എന്ന ഫോമിൽ എല്ലാവർഷവും ഡിസംബർ മുപ്പത്തൊന്നിനകം കേന്ദ്ര ആഭ്യന്തര വകുപ്പിൽ സമർപ്പിക്കേണ്ടതുണ്ട്. ഇതിലൂടെ വിദേശ ഫണ്ടിന്റെ ഓരോ രൂപയും എവിടെ ചെലവഴിച്ചു എന്ന് വ്യക്തമാക്കാൻ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും ബാധ്യസ്ഥരാണ്.
വാർഷിക റിട്ടേണിനൊപ്പം ചാർട്ടേഡ് അക്കൗണ്ടന്റ് ഓഡിറ്റ് ചെയ്ത കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും ഭാരവാഹികളുടെ പട്ടികയും മറ്റു രേഖകളും ഓരോ വർഷവും ഡിസംബർ 31-ാം തീയതിക്ക് മുൻപായി ഓൺലൈൻ വഴി സമർപ്പിക്കണമെന്നതാണ് വ്യവസ്ഥ. നിയമം അനുശാസിക്കുന്ന നിബന്ധനകൾ ലംഘിക്കുന്ന പക്ഷം രജിസ്ട്രേഷൻ റദ്ദാക്കാനോ, സസ്പെൻഡ് ചെയ്യാനോ, പുതുക്കുന്നത് നിരസിക്കാനോ ഗവൺമെന്റിന് പൂർണ്ണ അധികാരമുണ്ട്. ഇത്തരത്തിൽ കർക്കശമായ നിരീക്ഷണ സംവിധാനം നിലനിൽക്കുമ്പോഴാണ് പുതിയ ഭേദഗതികൾ വരുന്നത്.
സന്നദ്ധ സംഘടനകളെ വളരെ കർക്കശമായി നിരീക്ഷിക്കാൻ ഈ നിയമം ഭരണകൂടത്തിന് വിപുലമായ അധികാരം നൽകുന്നുണ്ട്. 2011-ൽ നിലവിൽ വന്ന ചട്ടങ്ങൾ ഈ നിയമത്തിന്റെ നടത്തിപ്പിനെ കൂടുതൽ ശക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് 2020-ൽ ഗവൺമെന്റ് വീണ്ടും പുതിയ ഭേദഗതികൾ കൊണ്ടുവന്നത്. ഈ ഭേദഗതികൾ വിവിധ സംഘടനകളുടെ പ്രവർത്തനസ്വാതന്ത്ര്യത്തെ കൂടുതൽ പരിമിതപ്പെടുത്തുന്നവയായിരുന്നു.
2020-ലെ കൂടുതൽ നിയന്ത്രണങ്ങൾ
2020-ലെ ഭേദഗതി പ്രകാരം എല്ലാ സ്ഥാപനങ്ങളും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡൽഹി ബ്രാഞ്ച് വഴി മാത്രമേ വിദേശ സഹായം സ്വീകരിക്കാവൂ എന്ന് നിശ്ചയിക്കപ്പെട്ടു. ഇങ്ങനെ ലഭിക്കുന്ന ഫണ്ട് മറ്റൊരു എഫ്.സി.ആർ.എ അക്കൗണ്ടിലേക്കോ മറ്റ് ബാങ്ക് അക്കൗണ്ടിലേക്കോ കൈമാറ്റം ചെയ്യാൻ പാടില്ലെന്നും അന്നത്തെ പുതിയ വ്യവസ്ഥയിലുണ്ട്. ഇത്തരം നടപടിക്രമങ്ങൾ വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾ മന്ദീഭവിപ്പിക്കാൻ ഇടയാക്കിയിരുന്നു.
മറ്റൊരു പ്രധാന മാറ്റം അഡ്മിനിസ്ട്രേറ്റീവ് എക്സ്പെൻസുകളിൽ അഥവാ ഭരണനിർവഹണ ചെലവുകളിൽ വന്ന വലിയ നിയന്ത്രണമാണ്. മുമ്പ് വിദേശ ഫണ്ടിന്റെ 50 ശതമാനം വരെ ഇത്തരം ചെലവുകൾക്കായി ഉപയോഗിക്കാമായിരുന്നു എന്നത് പുതിയ നിയമം 20 ശതമാനമായി കുറച്ചു. ഒരു സ്ഥാപനത്തിന്റെ ദൈനംദിന നടത്തിപ്പിനെ ഇത് വലിയ രീതിയിൽ ബാധിക്കുന്ന ഒന്നാണ്. ജീവനക്കാരുടെ ശമ്പളം മുതൽ വാടക വരെയുള്ള കാര്യങ്ങൾ ഈ പരിധിക്കുള്ളിൽ നിൽക്കേണ്ടി വരുന്നു.
ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഓഫീസ് ജീവനക്കാരുടെ ശമ്പളം, വാഹന ചെലവുകൾ എന്നിവയെല്ലാമാണ് അഡ്മിനിസ്ട്രേറ്റീവ് ചെലവുകളിൽ ഉൾപ്പെടുന്നത്. അതേസമയം കെട്ടിട നിർമ്മാണം, പ്രോജക്ട് മാനേജർമാരുടെ ശമ്പളം, പ്രോജക്ടിന്റെ നടത്തിപ്പ് എന്നിവ പ്രോജക്ട് ചെലവുകളായാണ് സാധാരണ കണക്കാക്കപ്പെടുന്നത്. മൊത്തം ലഭിക്കുന്ന തുകയുടെ 20 ശതമാനത്തിനുള്ളിൽ അഡ്മിനിസ്ട്രേഷൻ ചെലവുകൾ ഒതുക്കേണ്ടി വരുന്നത് വലിയ പ്രായോഗിക വെല്ലുവിളികൾ ഉയർത്തുകയുണ്ടായിരുന്നു.
വിദേശ ഫണ്ട് ഏത് ആവശ്യത്തിനാണോ ലഭിച്ചത്, ആ ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാൻ പാടുള്ളൂ എന്നത് നിയമത്തിന്റെ കാതലായ വശമാണ്. ഉദാഹരണത്തിന് കെട്ടിട നിർമ്മാണത്തിന് ലഭിച്ച തുക അതിന്റെ മെറ്റീരിയൽ വാങ്ങാനോ, അല്ലെങ്കിൽ ഒരു സ്കൂൾ ബസ് വാങ്ങാൻ ലഭിച്ചത് അതിനോ മാത്രമായി ഉപയോഗിക്കാം. ഈ നിയമങ്ങൾ ഏതെങ്കിലും തരത്തിൽ ലംഘിക്കപ്പെട്ടാൽ രജിസ്ട്രേഷൻ സസ്പെൻഡ് ചെയ്യാനും പുതുക്കുന്നത് നിരസിക്കാനും വേണ്ടിവന്നാൽ രജിസ്‌ട്രേഷൻ റദ്ദാക്കാനുമുള്ള അധികാരം ആഭ്യന്തര മന്ത്രാലയത്തിനുണ്ട്. കൃത്യമായ നിരീക്ഷണവും ഉദ്യോഗസ്ഥർ നേരിട്ടെത്തിയുള്ള പരിശോധനയും ഇതിനായി ഗവൺമെന്റ് നടത്തുന്നുണ്ട്.
2010-ലെ നിയമത്തിലെ സെക്ഷൻ 15 പ്രകാരം, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നിമിത്തം രജിസ്ട്രേഷൻ റദ്ദാക്കപ്പെടുന്ന സ്ഥാപനങ്ങളുടെ ആസ്തികൾ ഗവൺമെന്റ് അഥോറിറ്റിയിൽ നിക്ഷിപ്തമാകും. സ്ഥാപനത്തിന്റെ ബാക്കി നിൽക്കുന്ന ബാലൻസ് ഫണ്ടും ഈ വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ആസ്തികളും ഇതിൽ ഉൾപ്പെടും. ഇത്തരത്തിൽ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കാനും ഗവൺമെന്റിന് നിയമപരമായ അധികാരമുണ്ട്. ഇത് ദുരുപയോഗം തടയുന്നതിനുള്ള ഒരു മുൻകരുതൽ കൂടിയാണ്.
സെക്ഷൻ 14 എ പ്രകാരം സംഘടനകൾ സ്വമേധയാ സറണ്ടർ ചെയ്യുന്ന സർട്ടിഫിക്കറ്റുകൾക്കും ഈ ആസ്തി കൈമാറ്റ വ്യവസ്ഥ ബാധകമാക്കിയിട്ടുണ്ട്. ഇപ്രകാരം ശക്തമായ നിയമങ്ങൾ നിലവിലുള്ള പശ്ചാത്തലത്തിലാണ് 2026-ലെ എഫ്.സി.ആർ.എ ഭേദഗതി ബിൽ ലോകസഭയിൽ അവതരിപ്പിക്കപ്പെട്ടത്.
പുതിയ ബില്ലിലെ വ്യവസ്ഥകളും ആസ്തികൾ പിടിച്ചെടുക്കലും
1961-ലെ ഇൻകം ടാക്സ് ആക്ടിന് പകരമായി 2025-ലെ ആക്ട് നടപ്പിൽവരുത്തുന്നതിന് മുമ്പായി ഗവൺമെന്റ് പൊതുജനാഭിപ്രായം തേടിയിരുന്നു. എന്നാൽ എഫ്.സി.ആർ.എ ഭേദഗതിയുടെ കാര്യത്തിൽ അത്തരമൊരു പൊതുജനാഭിപ്രായം തേടൽ നടന്നതായി എവിടെയും കാണുന്നില്ല. സന്നദ്ധ മേഖലകളിലെ വിപുലമായ പ്രവർത്തനങ്ങളെയും സാധാരണക്കാരെയും ഇത് ബാധിക്കുമെന്നിരിക്കെ ഇതൊരു ഗൗരവകരമായ പോരായ്മയാണ്. ജനാധിപത്യപരമായ ചർച്ചകൾ ഇവിടെ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.
2026-ലെ ബില്ലിൽ ‘അഡ്മിനിസ്ട്രേറ്റർ’, ‘ഡെസിഗ്നേറ്റഡ് അഥോറിറ്റി’ എന്നീ പദവികൾ പുതുതായി നിർവചിച്ചിട്ടുണ്ട്. സെൻട്രൽ ഗവൺമെന്റ് നോട്ടിഫൈ ചെയ്യുന്ന ഈ അഥോറിറ്റിയിൽ, കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരോ സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരോ ഉൾപ്പെട്ടേക്കാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളെ നിരീക്ഷിക്കാൻ ഇത്തരം പ്രാദേശിക അഥോറിറ്റികളായ ചീഫ് സെക്രട്ടറി, ജില്ലാ കളക്ടർ സഹായം സർക്കാർ തേടാൻ സാധ്യതയുണ്ട്. ഉദ്യോഗസ്ഥർക്ക് ഇത്തരം പ്രവർത്തനങ്ങളിൽ കൂടുതൽ അധികാരം നൽകുന്നതാണ് പുതിയ രീതി.
ഈ ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സെക്ഷൻ 14 ബി-യുമായി ബന്ധപ്പെട്ട പുതിയ വ്യവസ്ഥകളാണ്. രജിസ്ട്രേഷൻ പുതുക്കാൻ അപേക്ഷിക്കാതിരിക്കുകയോ അല്ലെങ്കിൽ അപേക്ഷ നിരസിക്കപ്പെടുകയോ, ഏതെങ്കിലും കാരണവശാൽ രജിസ്‌ട്രേഷൻ പുതുക്കപ്പെടാതിരിക്കുകയോ ചെയ്താൽ സ്ഥാപനത്തിന്റെ ആസ്തികൾ ഗവൺമെന്റ് അഥോറിറ്റി ഏറ്റെടുക്കുന്ന സാഹചര്യം സംജാതമാകും. നിസാരമായ സാങ്കേതിക കാരണങ്ങളാൽ പോലും രജിസ്‌ട്രേഷൻ നഷ്ടപ്പെടാൻ ഇടയാകുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ പ്രൊവിഷൻ അത്യന്തം അപകടകരമാണ്.
സെക്ഷൻ 15 റദ്ദാക്കി പകരം സെക്ഷൻ 16 എ എന്ന പുതിയ വിഭാഗം ചാപ്റ്റർ 3 എ-യിൽ ഉൾപ്പെടുത്തിക്കൊണ്ട് സ്ഥാപനങ്ങളുടെ സ്വത്തുക്കളും എഫ്.സി.ആർ.എ അക്കൗണ്ടിലുള്ള ബാലൻസും ഡെസിഗ്നേറ്റഡ് അഥോറിറ്റിയിൽ നിക്ഷിപ്തമാകുന്ന ഭരണഘടനാവിരുദ്ധമായ ഒരുമാറ്റമാണ് ഇവിടെ ഉൾപ്പെട്ടിരിക്കുന്നത്. രജിസ്ട്രേഷൻ റദ്ദാക്കപ്പെടുന്നവരും സറണ്ടർ ചെയ്യുന്നവരും പുതുക്കാൻ സാധിക്കാത്തവരും എല്ലാം ഈ സെക്ഷന്റെ പരിധിയിൽ വരും. ഇത് സന്നദ്ധ സംഘടനകളുടെയും എല്ലാ മത സ്ഥാപനങ്ങളുടെയും ഭാവി പ്രവർത്തനങ്ങളെ വലിയ രീതിയിൽ ബാധിക്കുന്ന ഒരു നീക്കമാണ്. നിയമപരമായ കാരണങ്ങളാൽ പ്രവർത്തനം തടസ്സപ്പെടുമ്പോൾ അത് ഈ രാജ്യത്തെ പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളെയാണ് ഇല്ലാതാക്കുന്നത്.
രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യപ്പെടുകയോ, സറണ്ടർ ചെയ്യപ്പെടുകയോ, പുതുക്കൽ നിരസിക്കപ്പെടുകയോ ചെയ്തതായി ആഭ്യന്തരവകുപ്പ് നിശ്ചയിക്കുന്ന തിയ്യതി മുതൽ ആസ്തികളും അക്കൗണ്ടിലെ ബാലൻസ് തുകയും ഡെസിഗ്നേറ്റഡ് അഥോറിറ്റിയിൽ പ്രൊവിഷണലായി നിക്ഷിപ്തമാകും. വിദേശ സഹായം കൊണ്ടു നിർമ്മിച്ചതോ വാങ്ങിയതോ ആസ്തികൾ മാത്രമല്ല, മറ്റ് പ്രാദേശിക സ്രോതസ്സുകളിൽ നിന്നുള്ള പണം കൂടി ചേർത്ത് സ്വരുക്കൂട്ടിയവയും ഇതിൽ ഉൾപ്പെടും. ഉദാഹരണത്തിന് ഒരു കോടി രൂപ വിദേശ സഹായവും അഞ്ച് കോടി രൂപ പ്രാദേശിക സഹായവും ചേർത്ത് വാങ്ങിയതോ പണികഴിപ്പിച്ചതോ ആയ സ്ഥലവും കെട്ടിടടവും മുഴുവനായി അതോറിറ്റിയിൽ നിക്ഷിപ്തമാകുന്ന അവസ്ഥയാണിത്. ഇത് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന സമൂഹത്തിൽ സൃഷ്ടിക്കും.
ലോക്കൽ ഫണ്ട് കൊണ്ട് ആർജ്ജിച്ച ഭാഗം തിരിച്ചു കിട്ടണമെങ്കിൽ ഡെസിഗ്നേറ്റഡ് അഥോറിറ്റിക്ക് പ്രത്യേകം അപേക്ഷ നൽകേണ്ടതുണ്ട്. എന്നാൽ ഒരു കെട്ടിടത്തിന്റെയോ സ്ഥലത്തിന്റെയോ കാര്യത്തിൽ വിദേശ പണം ഏത് ഭാഗത്ത് ഉപയോഗിച്ചു എന്ന് വേർതിരിക്കുക പ്രായോഗികമായി അസാധ്യമാണ്. ഇത്തരത്തിൽ ഏറ്റെടുക്കപ്പെടുന്ന സ്ഥാപനങ്ങളുടെ മാനേജ്‌മെന്റ് ചുമതലയും നടത്തിപ്പും സർക്കാർ നിശ്ചയിക്കുന്ന അഥോറിറ്റിക്കോ അഡ്മിനിസ്ട്രേറ്റർക്കോ ആയിരിക്കും ലഭിക്കുന്നത്.
പിന്നീട് പുതിയ സർട്ടിഫിക്കറ്റ് ലഭിക്കുകയോ രജിസ്ട്രേഷൻ പുതുക്കി കിട്ടുകയോ ചെയ്താൽ മാത്രമേ ആസ്തികൾ തിരിച്ചു കിട്ടാൻ സാധ്യതയുള്ളൂ. എന്നാൽ ഇത് തീരുമാനിക്കാനുള്ള അധികാരം പൂർണ്ണമായും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്. ഇതിൽ വരുന്ന കാലതാമസം സ്ഥാപനങ്ങളെ സ്ഥിരമായി ഗവൺമെന്റ് അഥോറിറ്റിയുടെ കീഴിലാക്കും. ഇത് പലപ്പോഴും ദീർഘകാലത്തേക്ക് നീളുന്ന നിയമക്കുരുക്കുകൾക്ക് വഴി വെക്കാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള നടപടികൾക്കെതിരെ ജില്ലാകോടതിയിൽ അപ്പീൽ നൽകുന്നതിനുള്ള അവസരം ബില്ലിൽ പറയുന്നുണ്ടെങ്കിലും നടപടിക്രമങ്ങൾക്ക് വളരെയധികം കാലതാമസം വരുമെന്നതിനാൽ, അത് ഒരു പരിഹാരമാർഗ്ഗമായി പരിഗണിക്കാനാവില്ല.
ഇത്തരത്തിൽ ഏറ്റെടുക്കുന്ന ആസ്തികൾ കേന്ദ്രസർക്കാരിന്റേയോ, സംസ്ഥാന സർക്കാരിന്റെയോ മന്ത്രാലയങ്ങൾക്കോ, ഡിപ്പാർട്ട്മെന്റുകൾക്കോ ഏജൻസികൾക്കോ അതുമല്ലെങ്കിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ കൈമാറാൻ ഡെസിഗ്നേറ്റഡ് അഥോറിറ്റിക്ക് സാധിക്കും. അല്ലെങ്കിൽ ഇവ വിറ്റ് ലഭിക്കുന്ന പണവും അക്കൗണ്ടിലെ ബാലൻസ് തുകയും കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് മാറ്റാനും ഡെസിഗ്നേറ്റഡ് അഥോറിറ്റിക്ക് അധികാരമുണ്ട്. സന്നദ്ധ മേഖലയിൽ ദശാബ്ദങ്ങളായി നടന്നുവരുന്ന സാമൂഹിക പ്രവർത്തനങ്ങളെളെയും മതപരമായ കാര്യങ്ങളെയും ഇല്ലാതാക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യാൻ ഇത് കാരണമാകും. സ്ഥാപനങ്ങൾ ഇല്ലാതാകുമ്പോൾ അതിന്റെ പ്രയോജനം ലഭിച്ചിരുന്ന സാധാരണക്കാരൻ പെരുവഴിയിലാകുന്നു.
ഭരണഘടനാ വിരുദ്ധതയും മൗലികാവകാശ ലംഘനങ്ങളും
സന്നദ്ധ സംഘടനകൾ നടത്തുന്ന സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ മുതൽ, വിവിധ മത നേതൃത്വങ്ങളുടെ പള്ളികൾ, മോസ്ക്കുകൾ, അമ്പലങ്ങൾ എന്നിവയെല്ലാം ഇതിന്റെ പരിധിയിൽ വരും. 1976 മുതലുള്ള ആസ്തികൾ ഇത്തരത്തിൽ സർക്കാർ നിയന്ത്രണത്തിലാകുന്നത് ഗൗരവകരമായ സ്ഥിതിവിശേഷമാണ്. വിദേശ ഫണ്ടിനൊപ്പം പ്രാദേശിക ഫണ്ട് കൂടി ഉപയോഗിച്ചുള്ള ആസ്തികളുടെ മേലുള്ള ഈ കടന്നുകയറ്റം ഭരണഘടനാപരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് വ്യക്തികളുടെയും കൂട്ടായ്മകളുടെയും സ്വത്തവകാശത്തെ ബാധിക്കുന്ന ഒന്നാണ്.
ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ (ആർട്ടിക്കിൾ 25-28) ഈ നിയമം ബാധിക്കാനിടയുണ്ട്. മതസ്ഥാപനങ്ങൾക്കും ജീവകാരുണ്യ സംഘടനകൾക്കും അവരുടെ ആസ്തികൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമാണിത്. തങ്ങളുടെ മതപരമായ ആവശ്യങ്ങൾക്കായി സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. ഉദ്യോഗസ്ഥർക്ക് ഇത്തരം സ്ഥാപനങ്ങളിൽ അമിതാധികാരം നൽകുന്നത് ഈ അവകാശങ്ങളുടെ ലംഘനമാണ്.
ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനായുള്ള ആർട്ടിക്കിൾ 30-ന്റെ ലംഘനമായും ഇതിനെ നിയമവിദഗ്ദ്ധർ കാണുന്നുണ്ട്. വിദ്യാലയങ്ങളും ആശുപത്രികളും നടത്താനുള്ള സ്വയംഭരണാധികാരം ഇതിലൂടെ നഷ്ടപ്പെട്ടേക്കാം. നിസാരമായ കാരണങ്ങളുടെ പേരിൽ പോലും രജിസ്ട്രേഷൻ പുതുക്കലിലെ വീഴ്ചയുടെ പേരിൽ സ്ഥാപനം തന്നെ ഏറ്റെടുക്കുന്നത് ഭരണഘടന നൽകുന്ന സംരക്ഷണത്തിന് വിരുദ്ധമാണ്. ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
ഇന്ത്യയുടെ ഭരണഘടനയിൽ സ്വത്തവകാശത്തെ സംരക്ഷിക്കുന്ന ആർട്ടിക്കിൾ 300 എ പ്രകാരം കൃത്യമായ നിയമ നടപടികൾ ഇല്ലാതെ ആസ്തികൾ പിടിച്ചെടുക്കാൻ പാടില്ല. എന്നാൽ എഫ്.സി.ആർ.എ ഭേദഗതിയിലെ വ്യവസ്ഥകൾ ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നവയാണ്. രജിസ്ട്രേഷൻ പുതുക്കാത്ത കേവലമായ കാരണങ്ങളാൽ ആസ്തികൾ ഏറ്റെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെ മുൻപിൽ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള ഒന്നാണ്.
1947 മുതൽ സ്വതന്ത്ര ഇന്ത്യയുടെ വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിൽ സന്നദ്ധ സംഘടനകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഗവൺമെന്റിന് എത്താൻ സാധിക്കാത്ത വിദൂര ഇടങ്ങളിൽ പോലും ഈ സ്ഥാപനങ്ങൾ ഇന്നും സേവനം എത്തിക്കുന്നു. ആദിവാസികൾക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ഇവരുടെ പ്രവർത്തനങ്ങൾ നിശ്ചലമാകുന്നത് രാജ്യത്തിന് വലിയ നഷ്ടമായിരിക്കും. പാവപ്പെട്ടവരുടെ ആശ്രയമായ ഇത്തരം കേന്ദ്രങ്ങളെ ഇല്ലാതാക്കാനുള്ള നീക്കം അംഗീകരിക്കാനാവാത്തതാണ്. സ്വതന്ത്ര ഇന്ത്യയിൽ ആരംഭം മുതൽ പ്രവർത്തിക്കുന്നതും 1976 മുതൽ എഫ്.സി.ആർ.എ അക്കൗണ്ട് ഉള്ളതുമായ സ്ഥാപനങ്ങളെ പോലും ഇക്കാലത്തെ നിസ്സാരമായ പിഴവുകളുടെ പേരിൽ ഈ നിയമത്തിനുകീഴിൽ കൊണ്ടുവരാനും ആസ്തികൾ പിടിച്ചെടുക്കാനും പുതിയ നിയമ പരിഷ്കരണത്തിന് സാധിക്കും.
ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള എണ്ണമറ്റ സ്ഥാപനങ്ങൾ വിദേശ സഹായത്തോടെ മികച്ച സേവനങ്ങൾ നൽകിവരുന്നു. ഇവയെല്ലാം ഒരു ഗവൺമെന്റ് അഥോറിറ്റിക്ക് കീഴിലാകുന്നത് മതസ്ഥാപനങ്ങളുടെ പ്രവർത്തന സ്വാതന്ത്ര്യത്തെ കാര്യമായി ബാധിക്കും. ഗവൺമെന്റിന് ഒറ്റയ്ക്ക് ചെയ്യാൻ കഴിയാത്ത വലിയ കാര്യങ്ങളാണ് ഇത്തരം നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനുകൾ ചെയ്തുകൊണ്ടിരിക്കുന്നത്. അവയെ സംരക്ഷിക്കുകയാണ് വേണ്ടത്.
ഭരണഘടനാനുസൃതമായ പരിഹാരവും വിദഗ്ദ്ധ സമിതിയുടെ ആവശ്യകതയും
വിദേശ സഹായം കൃത്യമായി റെഗുലേറ്റ് ചെയ്യപ്പെടണം എന്ന കാര്യത്തിൽ രാജ്യത്തിൽ ആർക്കും തർക്കമില്ല. എന്നാൽ അത് ആസ്തികൾ അന്യായമായി പിടിച്ചെടുക്കുന്ന രീതിയിലാകുന്നത് ഭരണഘടനാ വിരുദ്ധമാണ്. കള്ളപ്പണ ഇടപാടുകൾ പോലുള്ള കുറ്റകൃത്യങ്ങൾ തടയാൻ മറ്റ് ശക്തമായ നിയമങ്ങൾ (PML Act) നിലവിലുണ്ട്. സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളെ ആകെ തകർക്കുന്ന രീതിയിലുള്ള നീക്കങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഇത് സമൂഹത്തിന്റെ നന്മയ്ക്കായി നിലകൊള്ളുന്നവരെ നിരുത്സാഹപ്പെടുത്തുമെന്നു തീർച്ച.
എഫ്.സി.ആർ.എ ഭേദഗതി ബിൽ ഒരു വിദഗ്ധ കമ്മിറ്റിക്കോ, പാർലമെന്ററി സബ്ജക്ട് കമ്മിറ്റിക്കോ വിടേണ്ടത് അത്യാവശ്യമാണ്. പൊതുജനങ്ങളുടെ അഭിപ്രായം കൂടി കണക്കിലെടുത്തു മാത്രമേ ഇത്തരം നിർണ്ണായക നിയമനിർമ്മാണങ്ങൾ നടത്താവൂ. ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകൾ നീക്കം ചെയ്തുകൊണ്ട് മാത്രമേ ഈ നിയമവുമായി മുന്നോട്ട് പോകാൻ പാടുള്ളൂ. സന്നദ്ധ മേഖലയുടെ വിശ്വാസ്യത നിലനിർത്തിക്കൊണ്ടുള്ള മാറ്റങ്ങളാണ് ആവശ്യം.
സന്നദ്ധ മേഖലയിലെ പ്രവർത്തനങ്ങൾ ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതവുമായി അടുത്തുനിൽക്കുന്നവയാണ്. അവയെ നിശ്ചലമാക്കുന്ന നിയമപരിഷ്കാരങ്ങൾ രാജ്യത്തിന് ഗുണകരമാകില്ല എന്ന തിരിച്ചറിവ് ഭരണകൂടത്തിന് ഉണ്ടാകണം. ജനാധിപത്യപരമായ ചർച്ചകളിലൂടെയും സുതാര്യമായ നടപടികളിലൂടെയും മാത്രമേ ഇത്തരം നിയമങ്ങൾ നടപ്പിലാക്കാവൂ. സാധാരണക്കാരന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന തരത്തിലുള്ള ഭേദഗതികളാണ് ഇവിടെ ഉണ്ടാകേണ്ടത്.
ഭരണകൂടത്തിന്റെ നിയന്ത്രണങ്ങൾ സേവന പ്രവർത്തനങ്ങളെ ഇല്ലാതാക്കുന്ന തരത്തിലാകരുത്. രാജ്യത്തെ ഓരോ പൗരനും അർഹമായ സേവനങ്ങൾ ലഭ്യമാക്കുന്നതിൽ സന്നദ്ധ സംഘടനകൾക്കുള്ള പങ്ക് വലുതാണ്. ആ പങ്ക് തിരിച്ചറിഞ്ഞുകൊണ്ട്, ഭരണഘടനാപരമായ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് മാത്രമേ പുതിയ നിയമങ്ങളെ നാം സ്വീകരിക്കാവൂ. സന്നദ്ധ സേവന മേഖലയെ സംരക്ഷിക്കുന്നത് രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിന് തുല്യമാണ്. അപ്രകാരമല്ലാത്ത നിയമനിർമാണങ്ങൾ എതിർക്കപ്പെടേണ്ടവയാണ്. വിദേശ ധനസഹായ നിയന്ത്രണ നിയമം നിയന്ത്രണത്തിനുവേണ്ടിയുള്ളതാണ്, അത് പിടിച്ചെടുക്കലിനുള്ള ഉപകരണമായി മാറ്റപ്പെടാൻ പാടില്ല.