നമുക്കു വേണ്ടത് കര്‍മനിരതയായ സഭ: ഫ്രാൻസിസ് മാർപ്പാപ്പ
വത്തിക്കാന്‍: നമ്മുടെ കാലഘട്ടം അഭിമുഖീകരിക്കുന്ന അടിയന്തര പ്രശ്നങ്ങള്‍ക്കു നേരേ കണ്ണടയ്ക്കാതെ ലോകത്തിന്റെ നിലവിളി കേള്‍ക്കുന്ന ഒരു സഭ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
സിനഡാത്മകതയെ ആസ്പദമാക്കി നടന്നുവന്ന ആഗോള സിനഡിനു സമാപനം കുറിച്ച് ഒക്ടോബർ 27 ഞായറാഴ്ച വത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന വിശുദ്ധ കുര്‍ബാന മധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു മാര്‍പാപ്പ.
ഒരു സിനഡല്‍ സഭ ക്രിസ്തുവിനെപ്പോലെ ആവശ്യമുള്ളവരെ സേവിക്കുന്നതില്‍ കര്‍മനിരതമായിരിക്കണം. നമുക്കു വേണ്ടത് ഉദാസീനവും പരാജയപ്പെടുന്നതുമായ ഒരു സഭയല്ല, മറിച്ച് ലോകത്തിന്റെ നിലവിളി കേള്‍ക്കുകയും കര്‍ത്താവിനെ സേവിക്കുന്നതില്‍ കൈകളില്‍ ചെളിപുരളാന്‍ അനുവദിക്കുകയും ചെയ്യുന്ന ഒരു സഭയാണ്. ഇന്നത്തെ സ്ത്രീ-പുരുഷന്മാര് ഉന്നയിക്കുന്ന ചോദ്യങ്ങള്‍, നമ്മുടെ കാലത്തെ വെല്ലുവിളികള്‍, സുവിശേഷവത്കരണത്തിന്റെ അനിവാര്യത, മനുഷ്യരാശിയെ ബാധിക്കുന്ന അനേകം മുറിവുകള്‍ എന്നിവയ്ക്കു മുമ്പില്‍ സഭയ്ക്ക് നിഷ്ക്രിയമായി തുടരാനാകില്ല. നമുക്കു വേണ്ടത് ഉദാസീനമായ ഒരു സഭയല്ല, മറിച്ച് കര്‍മനിരതയായ സഭയാണ്.
നിശബ്ദമായ സഭയല്ല, മാനവികതയുടെ നിലവിളി ഉള്‍ക്കൊള്ളുന്ന സഭയാണു വേണ്ടത്. അന്ധയായ സഭയല്ല, മറിച്ച് ക്രിസ്തുവിനാല്‍ പ്രകാശിതമായ സഭയാണു വേണ്ടത്. അതു മറ്റുള്ളവരെ പ്രോജ്വലിപ്പിക്കുന്നു. ഒരു നിശ്ചലസഭയല്ല വേണ്ടത്, മറിച്ച് ലോകത്തിന്റെ തെരുവുകളിലൂടെ തന്റെ കര്‍ത്താവിനോടൊപ്പം നടക്കുന്ന മിഷനറി സഭയാണു വേണ്ടത്: മാര്‍പാപ്പ പറഞ്ഞു.