വയനാട്: ദുരിതബാധിതര്‍ക്കു കത്തോലിക്കാസഭയുടെ കൈത്താങ്ങ്
വയനാട്: കഴിഞ്ഞ ജൂലൈയിലെ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്ര മഴയിലും മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലിലും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങളി ലൂടെ കത്തോലിക്കാസഭ സുസ്ഥിര വരുമാനം ഉറപ്പാക്കുന്നു.
മേപ്പാടി പഞ്ചായത്തിനു പുറമെ പ്രളയബാധിതമായ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക കൈമാറിയത്. രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും കാത്തലിക് റിലീഫ് സര്‍വീസസില്‍ നിന്നുള്ള 77 ലക്ഷം രൂപയാണ് പശു വളര്‍ത്തല്‍, ആടു വളര്‍ത്തല്‍, തയ്യല്‍, ഡി ടി പി, വര്‍ക് ഷോപ്, ചായക്കട, പെട്ടിക്കട, കാറ്ററിംഗ്, നഴ്‌സറി എന്നിങ്ങനെയുള്ള തൊഴില്‍ യൂണിറ്റുകള്‍ക്കായി വിതരണം ചെയ്തിട്ടുള്ളത്.
വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ കത്തോലിക്ക രൂപത കളുടെ സാമൂഹികസേവന വിഭാഗങ്ങളായ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, ശ്രേയസ്, ജീവന എന്നിവയിലൂടെയാണ് വരുമാന പദ്ധതികള്‍ നടപ്പാക്കുന്നത്. ഇതിനാവശ്യമായ പരിശീലനവും കുടുംബങ്ങള്‍ക്കു ലഭ്യമാക്കി. നേരത്തെ കാരിത്താസ് ഇന്ത്യയുടെ നേതൃത്വ ത്തില്‍ വയനാട്ടിലെ 925 കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 9500 രൂപ വീതം നല്‍കിയിരുന്നു. സമാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൗണ്‍സലിംഗും ലഭ്യമാക്കി.
കെ സി ബി സി ഏറ്റെടുത്തിട്ടുള്ള 100 ഭവനങ്ങളുടെ നിര്‍മ്മാണത്തിനു സ്ഥലം കണ്ടെത്തുന്നതിനും അനുമതി നേടുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണ്. വൈകാതെ ഇതിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നു കെ സി ബി സി യുടെ സാമൂഹിക പ്രവര്‍ത്തനവിഭാഗമായ കെ എസ് എസ് എസ് അറിയിച്ചു.