KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

മതപരിവർത്തന നിരോധന നിയമത്തിന്റെ രക്തസാക്ഷി


ഫാ. അഡ്വ. ബാബു ഫ്രാൻസിസ് (അലഹബാദ് രൂപത, ഉത്തർപ്രദേശ്)

(2023 ഒക്ടോബർ ഒന്നിന് മതപരിവർത്തന കുറ്റം ചുമത്തി അറസ്റ്റിലായ ഫാ. ബാബു ഫ്രാൻസിസിന് ഡിസംബർ 22 നാണ് ജാമ്യം ലഭിക്കുന്നത്)

ഞാൻ അഞ്ചുവർഷമായി അലഹബാദ് രൂപതയുടെ സാമൂഹിക സേവന വിഭാഗം ഡയറക്ടറാണ്. ചേരികളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടേറെ മേഖലകളിലുള്ള പ്രവർത്തനങ്ങളിലാണ് കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കിടെ ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.

കഴിഞ്ഞ ഒക്ടോബർ ഒന്നാംതീയതി എന്റെ ഓഫീസിൽ ജോലിചെയ്യുന്ന പീറ്റർ പോൾ എന്ന വ്യക്തിയുടെ ഭാര്യ എന്നെ വിളിച്ച്,  പീറ്റർ പോൾ പോലീസ് സ്റ്റേഷനിൽ ആണെന്നും സഹായിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി. തുടർന്ന് സ്റ്റേഷനിലെത്തിയ ഞാൻ എന്റെ വിദ്യാഭ്യാസവും പരിചയവും അറിവും എല്ലാം ഉപയോഗിച്ച് അദ്ദേഹത്തെ സഹായിക്കാൻ ശ്രമിച്ചു. അദ്ദേഹത്തിനുവേണ്ടി പോലീസിനോട് സംസാരിച്ചുകൊണ്ടിരിക്കെ ഒരു ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ സ്റ്റേഷനിൽ വന്നു വലിയ ബഹളമുണ്ടാക്കി. തുടർന്ന് പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ യാതൊരു കുറ്റവും ചെയ്യാത്ത ഞാൻ പോലീസ് കസ്റ്റഡിയിലായി. സിവിൽ നിയമവും കാനൻ നിയമവും പഠിക്കുകയും നിയമനടപടികളെക്കുറിച്ച് വ്യക്തമായി മനസിലാക്കുകയും ചെയ്തിട്ടുള്ള എനിക്ക് ആ അനുഭവം തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്റെ അറിവോ കഴിവോ ഒന്നും എന്നെ സഹായിച്ചില്ല.

ഒക്ടോബർ രണ്ടാംതിയ്യതി പോലീസ് ഉദ്യോഗസ്ഥർ എന്നെ നൈനി സെൻട്രൽ ജയിലിൽ എത്തിച്ചു. രണ്ടായിരം തടവുകാർക്കുള്ള സൗകര്യങ്ങൾ മാത്രമെങ്കിലും, 4500 തടവുകാരെ പാർപ്പിച്ചിരുന്ന ഒരു ജയിൽ ആയിരുന്നു അത്. ഭക്ഷണവും താമസവും അന്തരീക്ഷവുമെല്ലാം വളരെ പരിതാപകരം. ഒരാഴ്ചയ്ക്കുള്ളിൽ പുറത്തെത്താൻ കഴിയുമെന്നാണ് അന്ന് ഞാൻ കരുതിയത്. അലഹബാദ് രൂപതയുടെ സ്‌കൂളുകളിൽനിന്നും കോളേജുകളിൽനിന്നും പഠിച്ചുപോയ ഒട്ടേറെ ഉയർന്ന ഉദ്യോഗസ്ഥരും ജഡ്ജിമാരും സംസ്ഥാനത്ത് പലയിടങ്ങളിലായി ഉള്ളതിനാൽ ആരെങ്കിലുമൊക്കെ ഇടപെടുമെന്നായിരുന്നു കരുതിയത്. പക്ഷെ അതൊന്നുമുണ്ടായില്ല. ഒരു മാസം വരെ പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നു. എങ്ങനെയെങ്കിലും മോചിപ്പിക്കപ്പെടണമെന്നുള്ള പ്രാർത്ഥന മാത്രമായിരുന്നു ഉള്ളിലുണ്ടായിരുന്നത്. എന്നാൽ, ഒരു മാസം കഴിഞ്ഞതോടെ ദൈവം ആഗ്രഹിക്കുന്ന സമയത്ത് പുറത്തുവരട്ടെ എന്നായി ചിന്ത. പിന്നീടുള്ള പ്രാർത്ഥനകളും അപ്രകാരമായിരുന്നു.  

ജയിലിൽ ഒപ്പമുണ്ടായിരുന്നവർ കാര്യങ്ങൾ മനസിലാക്കിയിരുന്നു. തദ്ദേശീയരായ ഹൈന്ദവരായിരുന്നു ജയിലിൽ ഏറെയും ഉണ്ടായിരുന്നത്. അവർ പലപ്പോഴും എന്നെ ആശ്വസിപ്പിച്ചു. “നിങ്ങൾ അപ്രകാരം മതം മാറ്റങ്ങളൊന്നും നടത്തുന്നില്ല എന്ന് ഞങ്ങൾക്കറിയാം” എന്നാണ് അവരിൽ പലരും എന്നോട് പറഞ്ഞത്. “സർക്കാരിന്റെ കളികളാണ് ഇതെല്ലാം” എന്നായിരുന്നു അവരുടെ പോലും ബോധ്യം. “ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിക്കഴിയുമ്പോൾ അച്ചനെ കാണാൻ വരും, എന്റെ കുട്ടികളെ അച്ചന്റെ സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കണം” എന്ന് അവരിൽ ചിലർ എന്നോട് പറഞ്ഞു. “പന്ത്രണ്ടാം ക്‌ളാസ് വരെ ഞങ്ങളുടെ സ്‌കൂളിൽ പഠിച്ച് പുറത്തിറങ്ങിക്കഴിയുമ്പോഴേയ്ക്ക് അവർ ക്രിസ്ത്യാനികളായി മാറിയാലോ” എന്ന് ഞാൻ അവരോട് ചോദിച്ചു. അതൊക്കെ വെറും പ്രചാരണങ്ങൾ മാത്രമാണെന്ന് ഞങ്ങൾക്കറിയാം എന്നായിരുന്നു അവരുടെ മറുപടി.  

എന്റെ അനുഭവം ഒരു ഉദാഹരണം മാത്രമാണ്. വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ വൈദികരും സന്യസ്തരും വിശ്വാസികളും സമാനമായ അവസ്ഥകളിലൂടെ കടന്നുപോകുന്നു. മതപരിവർത്തന നിയമം ദുരുപയോഗിച്ചുകൊണ്ട് ഇല്ലാത്ത കുറ്റം ചുമത്തി ജാമ്യം പോലും നൽകാതെ ജയിലിൽ അടയ്ക്കുകയാണ് പലപ്പോഴും ചെയ്തുവരുന്നത്. ദൈവത്തിൽ ആശ്രയിച്ചും പ്രാർത്ഥനയിൽ അഭയം തേടിയുമാണ് ഞങ്ങളേവരും ഈ പ്രതിസന്ധികളെ ആത്മധൈര്യത്തോടെ അതിജീവിക്കുന്നത്. അതുമാത്രമാണ് ഏക മാർഗ്ഗമെന്ന് എനിക്കുണ്ടായ അനുഭവങ്ങൾ എന്നെ പഠിപ്പിച്ചു.

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *