മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗം: സാഗർ രൂപതയിലെ ഹോസ്റ്റലുകളെല്ലാം അടച്ചുപൂട്ടി
സി. മെറീന എസ്ജെ (സാഗർ രൂപത)
രണ്ടര വർഷം മുമ്പ് മധ്യപ്രദേശിലെ ഇന്റ്ഖേരി എന്ന സ്ഥലത്തുള്ള ആദിവാസി പെൺകുട്ടികൾക്കായുള്ള ഒരു ഹോസ്റ്റലിലായിരുന്നു ഞാൻ സേവനം ചെയ്തിരുന്നത്. ഹോസ്റ്റലിന് പുറമെ, സോഷ്യൽ സർവീസ് അപ്പൊസ്തലേറ്റിന്റെ പ്രവർത്തനങ്ങളും ഞങ്ങൾക്ക് അവിടെയുണ്ടായിരുന്നു. ആറാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളായിരുന്നു അവിടെയുണ്ടായിരുന്നത്.
2021 നവംബർ എട്ടിന് ഞാനും ഒരു ജൂനിയർ സിസ്റ്ററും മാത്രം കോൺവെന്റിൽ ഉണ്ടായിരുന്നപ്പോൾ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഒരു സംഘം പുരുഷന്മാർ അപ്രതീക്ഷിതമായി അവിടേയ്ക്ക് എത്തി. സന്ദർശകർ എത്തിയിരിക്കുന്ന വിവരം ജൂനിയർ സിസ്റ്റർ വന്ന് അറിയിച്ചതനുസരിച്ച് ഞാൻ ചെന്നപ്പോൾ ഹോസ്റ്റൽ കാണണമെന്ന് ആവശ്യപ്പെട്ട് അകത്തേയ്ക്ക് തള്ളിക്കയറാൻ ശ്രമിക്കുകയായിരുന്നു അവർ. സ്ത്രീകളും പെൺകുട്ടികളും മാത്രമുള്ള ഒരു സ്ഥാപനത്തിലേക്ക് ധാർഷ്ട്യത്തോടെ അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന അവരെ അതിന് അനുവദിക്കേണ്ടതില്ലായിരുന്നെങ്കിലും അപ്പോൾ അങ്ങനെ ചിന്തിച്ചില്ല. ആരാണ് നിങ്ങൾ എന്ന എന്റെ ചോദ്യത്തിന് മറുപടിയായി അവരിൽ ഒരാൾ ഐഡി കാർഡ് എടുത്തുനീട്ടി. ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂങ്കോയാണ് ആ വ്യക്തി എന്ന് കാർഡിൽ നിന്ന് വ്യക്തമായി. ഒപ്പം വന്നവരിൽ ചില സി ഡബ്ള്യു സി മെമ്പർമാരും റെയ്സൺ ജില്ലയിലെ വുമൺ ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസറും ഉണ്ടായിരുന്നതായി മനസിലാക്കാനായി.
കുട്ടികളുടെ കിടപ്പുമുറിയിലേയ്ക്ക് കൊണ്ടുപോകാനാണ് അവർ ആദ്യം ആവശ്യപ്പെട്ടത്. കിടപ്പുമുറിയിലും അതിന് ശേഷം കുട്ടികൾ ഇടപഴകുന്ന എല്ലാ ഇടങ്ങളിലും അവർ പരിശോധന നടത്തി. ഒരിടത്ത് ഒരു കുട്ടിയുടെ പഠനോപകരണങ്ങൾ വച്ചിരുന്നതിന്റെ സമീപത്തുനിന്ന് ഒരു ബൈബിൾ അവർക്ക് കിട്ടി. ഒരു നിധി കിട്ടിയ സന്തോഷത്തോടെയാണ് അവർ ആ ബൈബിൾ കരസ്ഥമാക്കിയത്. തുടർന്ന് പല ഭാഗങ്ങളിൽനിന്നായി ചില പ്രാർത്ഥന പുസ്തകങ്ങളും ബൈബിളുകളും കൂടി ലഭിച്ചതോടെ തങ്ങൾ അന്വേഷിച്ചതെന്തോ അത് കണ്ടുകിട്ടിയ സന്തോഷത്തിൽ അവർ തെരച്ചിൽ അവസാനിപ്പിച്ചു.
സംഘം മടങ്ങുംമുമ്പ് രജിസ്റ്ററുകൾ ഉൾപ്പെടെയുള്ള രേഖകളും, കണ്ടെടുത്ത ബൈബിൾ ഉൾപ്പെടെയുള്ള പുസ്തകങ്ങളും കസ്റ്റഡിയിൽ എടുത്ത് വിശദമായ അന്വേഷണം നടത്തണമെന്നും റെക്കോർഡ്സ് ശരിയല്ലെങ്കിൽ ഹോസ്റ്റൽ അടച്ചുപൂട്ടി കുട്ടികളെ വീടുകളിലേക്ക് തിരിച്ചെത്തിക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ചെയർമാൻ വുമൺ ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസർക്ക് നിർദ്ദേശം നൽകുന്നത് ഞങ്ങൾ കേട്ടിരുന്നു. കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കാതെ അവർ അന്ന് മടങ്ങിയെങ്കിലും പിറ്റേദിവസം പത്രങ്ങളിൽ വന്ന വാർത്ത വിചിത്രമായിരുന്നു. ട്രൈബൽ ഹോസ്റ്റൽ എന്ന പേരിൽ മതപഠന ശാല നടത്തുന്നുവെന്നും, ആദിവാസി കുട്ടികളെ നിബ്ബന്ധിച്ച് ക്രിസ്ത്യൻ പ്രാർത്ഥനകൾ ചൊല്ലിക്കുന്നുവെന്നും മറ്റുമായിരുന്നു വാർത്തയുടെ ഉള്ളടക്കം.
മതപരിവർത്തനം എന്ന ആരോപണത്തിലേക്കാണ് വാർത്തയും അന്വേഷണവും നീളുന്നത് എന്ന് മനസിലാക്കാനായതിനാൽ പത്രവാർത്ത വന്ന അന്നുതന്നെ ഞങ്ങൾ കുട്ടികളുടെ മാതാപിതാക്കളെ ബന്ധപ്പെടുകയും, ഇതുപോലൊരു പ്രതിസന്ധി ഉണ്ടായ പശ്ചാത്തലത്തിൽ ഹോസ്റ്റലിന്റെ പ്രവർത്തനത്തെക്കുറിച്ച് അവരുടെ അഭിപ്രായം രേഖാമൂലം ഉടൻ തന്നെ എഴുതിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ദൂരെയുള്ള രക്ഷിതാക്കൾ പോലും എത്തി അഭിപ്രായം എഴുതി നൽകുകയുണ്ടായി. ഇപ്പോൾ ആരോപിക്കപ്പെടുന്നതുപോലെയുള്ള നീക്കങ്ങൾ യാതൊന്നും ഇത്രയും വർഷങ്ങൾക്കിടയിൽ ഹോസ്റ്റലിൽ നടന്നിട്ടില്ലെന്നും അവിടെയുള്ള താമസം കുട്ടികൾക്ക് ഏറെ ഗുണകരമാണെന്നും, ആ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനാൽ എല്ലാ കുട്ടികളും സ്കൂളിൽ മുന്നിലാണെന്നും മാതാപിതാക്കൾ എഴുതി. ഒപ്പം, ഹോസ്റ്റലിലെ കുട്ടികളും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ കത്തുകളും രേഖകളും കളക്ടർ, എസ് പി തുടങ്ങിയവർക്കും വുമൺ ആൻഡ് ചൈൽഡ് വെൽഫെയർ ഓഫീസിലും സമർപ്പിച്ചു.
ഇത്രയൊക്കെ ചെയ്തിട്ടും ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ ഈ വിഷയത്തിൽ ഇടപെട്ടില്ല. കാര്യങ്ങളൊക്കെ തങ്ങൾക്ക് വ്യക്തമായി അറിയാമെങ്കിലും മുകളിൽനിന്ന് വലിയ സമ്മർദ്ദം ഉളളതിനാൽ ഒന്നും ചെയ്യാൻ കഴിയില്ലെന്നായിരുന്നു അവർ അറിയിച്ചത്. തുടർന്നുള്ള നാളുകളിൽ വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ മാറിമാറി ഹോസ്റ്റലിൽ എത്തുകയും കുട്ടികളെയും രക്ഷിതാക്കളെയും സിസ്റ്റേഴ്സിനെയുമെല്ലാം ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടിരുന്നു. അക്കാലത്ത് സാമൂഹ്യ സേവന വിഭാഗത്തിന്റെ ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾക്കുള്ള ഒരു പ്രോജക്ടിനായി വിദേശ ഫണ്ട് സ്വീകരിച്ചിരുന്നു. വിദേശത്തുനിന്ന് ഫണ്ട് സ്വീകരിച്ച് അത് മതപരിവർത്തനത്തിന് ഉപയോഗിക്കുന്നു എന്നായിരുന്നു പിന്നീടുയർന്ന മറ്റൊരു ആരോപണം. കേന്ദ്ര ആഭ്യന്തര വകുപ്പിൽനിന്നുൾപ്പെടെ അന്വേഷണങ്ങളുണ്ടായി. കടുത്ത ഉപദ്രവങ്ങളാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് പിന്നീടുണ്ടായത്.
എല്ലാ ഡോക്യുമെന്റുകളും കൃത്യമായി സമർപ്പിച്ചെങ്കിൽ പോലും കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നിർദ്ദേശമായിരുന്നു പൊലീസിന് ലഭിച്ചിരുന്നത്. എന്നാൽ, യാതൊരു തെളിവും സൃഷ്ടിക്കാൻ കഴിയാതെപോയതുകൊണ്ടു മാത്രം അത് നടന്നില്ല. പിന്നീട് കോടതി ഇടപെടൽ വഴിയായി അത്തരം നീക്കങ്ങൾ അവസാനിച്ചു. ഹോസ്റ്റലിൽ താമസിച്ചിരുന്ന കുട്ടികളുടെ നിശ്ചയദാർഢ്യവും മനോബലവും എടുത്തുപറയേണ്ട കാര്യമാണ്. അവർ ഹോസ്റ്റലിൽ തന്നെ കഴിയണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയും വീടുകളിലേക്ക് പോകാൻ വിസമ്മതിക്കുകയും ചെയ്തു. ഹോസ്റ്റൽ പൂട്ടേണ്ടതായി വന്നില്ലെങ്കിലും മാസങ്ങൾ നീണ്ട മാനസിക സംഘർഷവും പ്രതിസന്ധികളുമാണ് അക്കാലത്ത് ഞങ്ങൾക്ക് ഉണ്ടായത്. ഹോസ്റ്റലിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട അനാവശ്യ പ്രശ്നങ്ങൾ സൊസൈറ്റിയുടെ മറ്റു പ്രവർത്തനങ്ങളെയും ബാധിച്ചേക്കാം എന്നുള്ളതും മറ്റൊരു ആശങ്കയായിരുന്നു.
ഇത്തരം പ്രതിസന്ധികൾ ഉടലെടുത്ത പശ്ചാത്തലത്തിൽ ഹോസ്റ്റൽ തുടർന്ന് പ്രവർത്തിക്കേണ്ടതില്ല എന്ന് കഴിഞ്ഞ വർഷം തീരുമാനിക്കുകയുണ്ടായി. നിലവിൽ ഇന്റ്ഖേരി ഹോസ്റ്റലിൽ കുട്ടികളെ താമസിപ്പിക്കുന്നില്ല. ഇവിടെ മാത്രമല്ല, സാഗർ രൂപതയുടെ പരിധിയിലുള്ള ഹോസ്റ്റലുകളെല്ലാം സമാനമായ പ്രതിസന്ധികൾക്കൊണ്ട് പ്രവർത്തനം അവസാനിപ്പിച്ചിരിക്കുകയാണ്. അക്കാരണത്താൽ നിർദ്ധനരായ നൂറുകണക്കിന് കുടുംബങ്ങളും കുട്ടികളും പ്രതിസന്ധിയിലാണ് എന്നുള്ളതാണ് വാസ്തവം. ഇതിനെല്ലാം കാരണം സർക്കാരിന്റെ ശത്രുതാപരമായ സമീപനവും മതപരിവർത്തന നിരോധന നിയമത്തിന്റെ ദുരുപയോഗവുമാണ്.