KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

മതപരിവർത്തന നിരോധന നിയമങ്ങൾ മധ്യപ്രദേശിൽ

ബിഷപ്പ് ജെയിംസ് അത്തിക്കളം (സാഗർ രൂപത, മദ്ധ്യപ്രദേശ്)

നമ്മിൽ പലരും മനസിലാക്കിയിട്ടുള്ളതുപോലെ, ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ ക്രൈസ്തവർ വിവിധ സംസ്ഥാനങ്ങളിൽ നേരിടുന്ന പീഡനങ്ങൾ ചില തീവ്ര വർഗ്ഗീയ സംഘടനകളുടെ അജണ്ടകളുടെ ഭാഗമാണ്. അത്തരമൊരു ക്രൈസ്തവവേട്ട വലിയ വെല്ലുവിളികളിലേയ്ക്ക് ക്രൈസ്തവസമൂഹത്തെയാകമാനം നയിച്ചിട്ടുണ്ട്. ക്രൈസ്തവരുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും ഇടപെടലുകളും അവസാനിപ്പിക്കുക, ചില സംസ്ഥാനങ്ങളിൽനിന്ന് തന്നെ ക്രൈസ്തവരെ തുരത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ചില ഗ്രൂപ്പുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങൾ പൂർണ്ണമായും നിഷ്ക്രിയത പുലർത്തുകയാണ്. സത്യത്തിനും നീതിക്കും നിയമത്തിനും അനുസൃതമായിട്ടല്ല ഇത്തരം സംസ്ഥാനങ്ങളിലെ കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത്.

സാഗർ രൂപതയിൽ ഞങ്ങൾക്ക് ഒട്ടേറെ വെല്ലുവിളികൾ നേരിടേണ്ടതായി വരുന്നുണ്ട്. എന്തെങ്കിലും വലിയ പരിപാടികൾ സംഘടിപ്പിക്കേണ്ടതായി വരുമ്പോൾ കടുത്ത ആശങ്കകൾ ഞങ്ങൾക്കുള്ളിൽ രൂപപ്പെടാറുണ്ട്. സാഗർ രൂപതയുടെ പരിധിയിലുള്ള ഫോർമേഷൻ സെന്ററുകളുടെയും, മൈനർ സെമിനാരിയുടെയും നടത്തിപ്പ് വെല്ലുവിളികൾ നിറഞ്ഞതാണ്. ഇത്തരം സ്ഥാപനങ്ങളിലെല്ലാം വിവിധ സർക്കാർ വകുപ്പുകളിൽനിന്നുള്ള ഉദ്യോഗസ്ഥർ വന്നു പലപ്പോഴായി പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ഫോർമേഷൻ കാലഘട്ടത്തിലായിരിക്കുന്നവർക്ക് ഒരു ഗ്രൂപ്പായി യാത്രചെയ്യാൻ പോലും കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും മറ്റ് പൊതു ഇടങ്ങളിലും മേൽപ്പറഞ്ഞ സംഘടനാ പ്രവർത്തകർ അവരെ തടഞ്ഞുവയ്ക്കാനും തെറ്റായ ആരോപണങ്ങൾ ഉന്നയിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാനുമുള്ള സാധ്യതകളുണ്ട്. പ്രത്യേകിച്ച് മധ്യപ്രദേശിൽ, ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെയുള്ള നമ്മുടെ പ്രവർത്തനങ്ങൾ എല്ലാം അത്തരക്കാരുടെ നിരീക്ഷണ വലയത്തിലാണ്.

വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ പാവപ്പെട്ടവരുടെ ഉന്നമനവും ക്ഷേമവും ലക്‌ഷ്യം വച്ചുകൊണ്ട് ചെയ്തുവരുന്ന സേവനപ്രവൃത്തികളെയെല്ലാം മതപരിവർത്തനമായി ചിത്രീകരിച്ചുകൊണ്ട് നമ്മെ വേട്ടയാടുന്ന സാഹചര്യമാണുള്ളത്. ഇത്തരം നിരന്തര ഭീഷണികളും ഉദ്യോഗസ്ഥരുടെ റെയ്ഡുകളും ഉപദ്രവങ്ങളും മൂലം ഹോസ്റ്റലുകൾ, ഓർഫനേജുകൾ തുടങ്ങിയവ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഒരു ഹോസ്റ്റൽ നടത്തിയതിന്റെ പേരിൽ നേരിട്ട വ്യാജ ആരോപണങ്ങളെ തുടർന്നാണ് കഴിഞ്ഞ ജനുവരി മാസം മലയാളിയായ സിഎംഐ വൈദികൻ ഫാ. അനിൽ മാത്യു അറസ്റ്റിലായതും ജയിലിൽ അടയ്ക്കപ്പെട്ടതും. സാഗർ രൂപതയുടെ ഒരു ഓർഫനേജിൽ പരിശോധനയ്‌ക്കെത്തിയ ചില ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്തതിനെ തുടർന്ന് വൈദികർക്കെതിരെ കേസെടുത്ത സംഭവം മുമ്പ് ഉണ്ടായിട്ടുണ്ട്.

ലക്നൗ അതിരൂപതയുടെ പാസ്റ്ററൽ സെന്ററിന്റെ ഹാൾ ഒരു പ്രൊട്ടസ്റ്റന്റ് ഗ്രൂപ്പിന്റെ ആവശ്യത്തിന് ഒരു ദിവസം വിട്ടുകൊടുത്തു എന്ന ഒറ്റ കാരണത്താലാണ് രൂപതയുടെ സോഷ്യൽ സർവീസ് വിഭാഗം ഡയറക്ടറായ ഫാ. ഡൊമിനിക് ദീർഘകാലം ജയിലിൽ കഴിഞ്ഞത്. ജബൽപൂർ രൂപതയുടെ ബിഷപ്പിന് കഴിഞ്ഞ വിശുദ്ധവാര തിരുക്കർമ്മങ്ങളിലൊന്നും പങ്കുചേരാൻ കഴിഞ്ഞില്ല. പിതാവിനെതിരെ ഉന്നയിക്കപ്പെട്ട വ്യാജ ആരോപണത്തെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യപ്പെടുകയും, എന്നാൽ മുൻ‌കൂർ ജാമ്യം ലഭിക്കാതിരിക്കുകയും ചെയ്തതാണ് കാരണം. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. പോലീസ് ഡിപ്പാർട്ട്മെന്റിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യമുണ്ടെങ്കിലും നമ്മെ സഹായിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. തീവ്ര വർഗ്ഗീയ സംഘടനകൾ പോലീസ് സ്റ്റേഷനുകളിൽ ചെലുത്തുന്ന സമ്മർദ്ദവും രാഷ്ട്രീയ നേതാക്കളിൽനിന്ന് അവർക്ക് ലഭിക്കുന്ന പിന്തുണയുമാണ് കാരണം.  

തെർത്തുല്യന്റെ വാക്കുകൾ പ്രകാരം, രക്തസാക്ഷികളുടെ ചുടുനിണമാണ് സഭയുടെ വളർച്ചയ്ക്ക് അടിസ്ഥാനം. ഇത്തരം പ്രതിബന്ധങ്ങളിലൊന്നും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മിഷനറിമാരും ക്രൈസ്തവ സമൂഹവും തളരുകയില്ല എന്ന് തീർച്ച. പീഡനങ്ങളും പ്രയാസങ്ങളും തകർച്ചകളുമെല്ലാം ധീരതയോടെ നേരിട്ട് ക്രിസ്തുവിന്റെ സ്നേഹവും കാരുണ്യവും ഈ ജനത്തിന് പകർന്നു നൽകുവാൻ തുടർന്നും പരിശ്രമിക്കുകതന്നെ ചെയ്യും.

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *