KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

മുനമ്പത്ത് വൈകുന്ന നീതി അനീതിയാണ്

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI

“Justice delayed is justice denied” അഥവാ, “വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതി നിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്.

നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്.

2025 ജനുവരി ഒന്നിന്, വഖഫ് അവകാശവാദ വിഷയത്തിൽ മുനമ്പം നിവാസികൾ നിരാഹാര സമരം ആരംഭിച്ച് എൺപത് ദിവസം പൂർത്തിയായിരിക്കുകയാണ്. പതിറ്റാണ്ടുകളായി തങ്ങൾ അധിവസിച്ചിരുന്ന ഭൂമി പിൽക്കാലത്തുണ്ടായ ഒരു കരിനിയമത്തിന്റെ ദുരുപയോഗം മൂലം നഷ്ടപ്പെടുമെന്ന ദുരവസ്ഥയിലാണ് അവർ സമരത്തിനിറങ്ങിയത്. സമരം ആരംഭിക്കുന്നതിന് മുമ്പുള്ള കാലങ്ങളിൽ ഈ പ്രശ്നം പരിഹരിക്കാൻ തങ്ങളാലാവും വിധം അവർ പരിശ്രമിച്ചിട്ടും ഒരു പ്രതിവിധി കണ്ടെത്താൻ ഉത്തരവാദിത്വപ്പെട്ടവരാരും അവരെ സഹായിച്ചില്ല. ഒടുവിൽ, ശക്തമായി സമരമുഖത്തേയ്ക്കിറങ്ങിയപ്പോഴാണ് ഈ പ്രശ്നം പൊതുസമൂഹത്തിന്റെയും മാധ്യമങ്ങളുടെയും മുന്നിലെത്തുന്നത്.

പ്രതിസന്ധിയുടെ പിന്നാമ്പുറം

2019 ൽ വഖഫ് ബോർഡ് ആ പ്രദേശത്തെ ആസ്‌തിപ്പട്ടികയിലേയ്ക്ക് ഉൾപ്പെടുത്തിയതുവഴിയായാണ് ഇപ്പോഴുള്ള പ്രതിസന്ധി രൂപപ്പെടുന്നത്. അതിനുശേഷം പലരും നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങളും അന്വേഷണങ്ങളും വ്യക്തമാക്കുന്നത് വഖഫ് ബോർഡിന്റെ തീരുമാനം തികച്ചും അന്യായവും നിയമ വിരുദ്ധവുമാണെന്നാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിന് പതിറ്റാണ്ടുകൾക്കുമുമ്പ് പാട്ടത്തിനു ലഭിച്ച ഭൂമി സ്വാതന്ത്ര്യാനന്തരം എപ്രകാരമാണ് സ്വകാര്യ സ്വത്തായി മാറിയത് എന്നതിന് വ്യക്തമായ ഉത്തരം ഇനിയും ലഭ്യമല്ല. എങ്കിലും, 1950 ൽ ഫാറൂഖ് കോളേജിന് ഇഷ്ടദാനമായി ലഭിച്ച ഭൂമിക്കുമേൽ ക്രയവിക്രയ അവകാശവും ഉടമ്പടി പ്രകാരം ഉണ്ടായിരുന്നു എന്നുള്ളതാണ് ഇത് വഖഫ് ഭൂമിയല്ല എന്ന് ഉറപ്പിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പലപ്പോഴായി ഫാറൂഖ് കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുള്ളതും തങ്ങൾക്ക് ലഭിച്ച സ്ഥലം വഖഫ് ഭൂമി ആയിരുന്നില്ല എന്നതാണ്.

പലരും നടത്തിയ സൂക്ഷ്മ നിരീക്ഷണങ്ങളും അന്വേഷണങ്ങളും വ്യക്തമാക്കുന്നത് വഖഫ് ബോർഡിന്റെ തീരുമാനം തികച്ചും അന്യായവും നിയമ വിരുദ്ധവുമാണെന്നാണ്.

സംസ്ഥാന സർക്കാരിന് പെട്ടെന്നുള്ള ഇടപെടൽ പലവിധത്തിലും സാധ്യമായിരുന്നു എന്നിരിക്കിലും സമരം ആരംഭിച്ച് ഏഴ് ആഴ്ചകൾക്കൊടുവിൽ, നവംബർ അവസാനം ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മീഷനായി നിയോഗിക്കുകയാണ് സർക്കാർ ചെയ്തത്. മൂന്നു മാസമാണ് കമ്മീഷന് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ജുഡീഷ്യൽ കമ്മീഷനെ വലിയ പ്രതീക്ഷയോടെയാണ് മുനമ്പം നിവാസികൾ കാണുന്നതെങ്കിലും തങ്ങളുടെ സമരം അവസാനിപ്പിക്കാൻ അവർ തയ്യാറായിട്ടില്ല.

വഖഫ് ബോർഡിന്റെയും മുസ്ളീം സംഘടനകളുടെയും നിലപാട്

മുനമ്പം പ്രദേശത്തെ അറുനൂറിൽപരം കുടുംബങ്ങളുടെ സ്വന്തമായ ഭൂമിയ്ക്ക് മേലുള്ള വഖഫ് അവകാശവാദം ഒരു ഘട്ടത്തിലും പിൻവലിക്കാൻ വഖഫ് ബോർഡ് തയ്യാറായിട്ടില്ല. മുസ്ളീം ലീഗ് ഉൾപ്പെടെയുള്ള വിവിധ മുസ്ളീം സംഘടനകൾ ഈ വിഷയത്തിൽ പലപ്പോഴായി നയതന്ത്രപരമായ സമീപനം സ്വീകരിച്ചിട്ടുണ്ടെങ്കിലും വഖഫ് അവകാശവാദത്തെ തള്ളിപ്പറയാൻ ആരും തയ്യാറായിട്ടില്ല. എങ്കിലും, മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന നിലപാട് ആരംഭം മുതൽ സ്വീകരിച്ചിട്ടുള്ള വ്യക്തിയാണ് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഡിസംബർ 25 ന് മുനമ്പം സമരപ്പന്തലിൽ പ്രത്യാശാ ദീപം തെളിക്കാനെത്തിയ അദ്ദേഹം വീണ്ടും തന്റെ നിലപാട് ആവർത്തിക്കുകയുണ്ടായി. രേഖകൾ പരിശോധിച്ച ശേഷമാണ് താൻ ഈ നിലപാട് സ്വീകരിച്ചതെന്നും വി. ഡി. സതീശൻ മാധ്യമങ്ങൾക്കു മുന്നിൽ വ്യക്തമാക്കുകയുണ്ടായിരുന്നു. ജോയിന്റ് പാർലമെന്ററി കമ്മറ്റിയുടെ മുൻപാകെ വഖഫ് നിയമ പരിഷ്കരണത്തിന് എതിർപ്പ് അറിയിച്ച വേളയിൽ മുനമ്പം വഖഫ് ഭൂമിയല്ല എന്ന നിലപാടാണ് കോൺഗ്രസ്സ് എംപി മാർ സ്വീകരിച്ചതെന്ന് അക്കാലത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ, മുസ്ളീം ലീഗ് നേതാവ് കെ. എം. ഷാജി പരസ്യമായി വി. ഡി. സതീശനെ തള്ളിപ്പറയുകയുണ്ടായി. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും വി. ഡി. സതീശന്റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അത് വഖഫ് ഭൂമിയല്ല എന്ന നിലപാട് മുസ്ളീം ലീഗിനില്ലെന്നുമാണ് പൊതുവേദിയിൽ വച്ച് കെ. എം. ഷാജി പറഞ്ഞത്. തുടർന്ന്, കൂടുതൽ ശക്തമായ ഭാഷയിലാണ് ലീഗ് നേതാവ് ഇ. ടി. മുഹമ്മദ് ബഷീർ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചത്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്നും വഖഫ് ഭൂമി ആണോ അല്ലയോ എന്ന കാര്യത്തിൽ യാതൊരു തർക്കത്തിന്റെയും ആവശ്യമില്ലെന്നും ആരുപറഞ്ഞാലും അതങ്ങനെ അല്ലാതാകില്ലെന്നുമാണ് ഇ. ടി. പറഞ്ഞത്. വയനാട്ടിലെയും പാലക്കാട്ടിലെയും ചേലക്കരയിലെയും ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷമാണ് ഇത്തരം വാദങ്ങൾ പരസ്യമായി ഉയർന്നു തുടങ്ങിയത് എന്നതും ശ്രദ്ധേയമാണ്.

പിന്നീട് മാധ്യമങ്ങളോട് സംസാരിച്ച പി. കെ. കുഞ്ഞാലിക്കുട്ടിയും സാദിഖ് അലി ശിഹാബ് തങ്ങളും മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന വാദത്തെ തള്ളിയില്ല. അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കരുത് എന്ന മുസ്ളീം ലീഗിന്റെ നിലപാടാണ് സാദിഖ് അലി ശിഹാബ് തങ്ങൾ പലപ്പോഴായി വ്യക്തമാക്കിയത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ല എന്ന് ആരും പറഞ്ഞിട്ടില്ല എന്ന് കുഞ്ഞാലിക്കുട്ടിയും പ്രതികരിക്കുകയുണ്ടായി. ഇത്തരത്തിൽ തുടക്കത്തിൽ മുസ്ളീം ലീഗ് സ്വീകരിച്ച നയപരമായ സമീപനത്തിൽ ക്രമേണ മാറ്റം വരുന്നതായാണ് വ്യക്തമായിട്ടുള്ളത്. തുടർന്ന് പ്രധാനികളെല്ലാം പരസ്യമായ പ്രതികരണങ്ങളിൽനിന്ന് വിട്ടു നിൽക്കുകയും ചെയ്യുന്നു.

തുടക്കത്തിൽ മുസ്ളീം ലീഗ് സ്വീകരിച്ച നയപരമായ സമീപനത്തിൽ ക്രമേണ മാറ്റം വരുന്നതായാണ് വ്യക്തമായിട്ടുള്ളത്.

പല മുസ്ലീം സംഘടനകളും ഈ വിഷയത്തിൽ കൂടുതൽ ശക്തവും വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. വിവിധ മുസ്ലീം സംഘടനകളുടെ മുഖപത്രങ്ങളും ഓൺലൈൻ മാധ്യമങ്ങളും മറ്റും വ്യാപകമായ പ്രചരണങ്ങൾ ഈ വിഷയം സംബന്ധിച്ച് നടത്തുകയുണ്ടായിട്ടുണ്ട്. മുനമ്പം വിഷയത്തെ പ്രതിരോധിക്കാനും ജനശ്രദ്ധ വഴിതിരിച്ചുവിടാനുമായി മറ്റുചില അനുബന്ധ പ്രചരണങ്ങൾ നടത്തുന്നതിനും അത്തരക്കാർ ശ്രമിച്ചു. കത്തോലിക്കാസഭയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂവുടമകൾ എന്ന രീതിയിലുള്ള പ്രചരണങ്ങളും ഈയടുത്ത കാലത്തുണ്ടായ ടി.ഡി.എസ് കേസിലെ സുപ്രീം കോടതി വിധി സംബന്ധിച്ചുള്ള തെറ്റിദ്ധരിപ്പിക്കുന്നവ്യാഖ്യാനങ്ങളും ചില കോണുകളിൽ നിന്നും ഉണ്ടായത് ഉദാഹരണങ്ങളാണ്.

ഭാവിയിൽ നേരിടാനിടയുള്ള വെല്ലുവിളികൾ

ഈ വിഷയത്തിൽ അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ സ്വീകരിക്കുന്ന നിലപാട് എന്തുതന്നെയായാലും അത് എപ്രകാരമാണ് കേരള സമൂഹം സ്വീകരിക്കുക എന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്. മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, എന്നാൽ മുനമ്പം നിവാസികൾ പുറത്താക്കപ്പെടാൻ പാടില്ല എന്ന മുസ്ളീം ലീഗിന്റെ നിലപാട് പ്രത്യക്ഷത്തിൽ നല്ല സമീപനമെന്ന് തോന്നാമെങ്കിലും നിരവധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. മുനമ്പം വഖഫ് ഭൂമിയാണെന്ന് സ്ഥാപിക്കപ്പെട്ടാൽ നിലവിലുള്ള വഖഫ് നിയമപ്രകാരം എങ്ങനെ പ്രദേശവാസികൾക്ക് അവിടെ തുടരാൻ കഴിയും എന്നുള്ളതാണ് പ്രധാന ചോദ്യം. മറ്റെവിടെയെങ്കിലും തുല്യമായ ഭൂമി വിട്ടുകൊടുത്ത് മുനമ്പത്തെ ഭൂമി തൽസ്ഥിതിയിൽ നിലനിർത്തുക എന്നുള്ളതാവാം ഒരുപക്ഷേ പരിഹാരമായി മുന്നോട്ടു വയ്ക്കപ്പെടുന്നത്. എന്നാൽ, അത് ശാശ്വത പരിഹാരമെന്ന് കരുതാനാവില്ല. നിലവിലുള്ള വഖഫ് നിയമം ഇപ്രകാരം തന്നെ തുടരുന്ന പക്ഷം വർഷങ്ങൾക്കുശേഷം മറ്റാരെങ്കിലും വീണ്ടും അവകാശവാദം ഉന്നയിക്കുകയും പ്രശ്നപരിഹാരത്തിന് സ്വീകരിച്ച നടപടിയെ ചോദ്യം ചെയ്യുകയും ഉണ്ടായാൽ വീണ്ടും സമാനമായ പ്രതിസന്ധികൾ ഉടലെടുത്തേക്കാം. മുനമ്പത്തെ ഭൂമി വഖഫ് അല്ല എന്ന തീരുമാനമാണ് ഉണ്ടാകുന്നതെങ്കിൽ, ഇപ്പോൾ മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന നിലപാട് ശക്തമായി സ്വീകരിച്ചിരിക്കുന്ന സമുദായ സംഘടനാ നേതൃത്വങ്ങളുടെ പ്രതികരണം എപ്രകാരമായിരിക്കും എന്നുള്ള ചോദ്യമാണ് മറ്റൊന്ന്.

ആരംഭഘട്ടത്തിൽ ഫലപ്രദമായ ചർച്ചകൾ നടത്തിയിരുന്നെങ്കിൽ വളരെ മുമ്പേ എളുപ്പത്തിൽ പരിഹരിക്കാമായിരുന്ന ഒരു തർക്കം മാത്രമായിരുന്നു ഇത് എന്ന അഭിപ്രായ പ്രകടനം പ്രതിപക്ഷം പലപ്പോഴായി ഉന്നയിക്കുകയുണ്ടായിരുന്നു. ഇനിയെങ്കിലും ഗൗരവപൂർണമായ ഇടപെടൽ നടത്താൻ സർക്കാർ തയ്യാറാകണമെന്ന് ജനുവരി മൂന്നിന് സമരപ്പന്തൽ സന്ദർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറയുകയുണ്ടായി. ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച നടപടിയോടെ സർക്കാരിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല എന്നത് വസ്തുതയാണ്. നിലവിൽ ഈ വിഷയത്തിൽ വന്നുചേർന്നിരിക്കുന്ന സങ്കീർണ്ണതകൾ സർക്കാരിന്റെ ഉത്തരവാദിത്വം വളരെയേറെ വർധിപ്പിച്ചിട്ടുമുണ്ട്.

നിലവിൽ ഈ വിഷയത്തിൽ വന്നുചേർന്നിരിക്കുന്ന സങ്കീർണ്ണതകൾ സർക്കാരിന്റെ ഉത്തരവാദിത്വം വളരെയേറെ വർധിപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള പ്രതിസന്ധികൾ

ഈ വിഷയത്തിൽ അനാവശ്യമായി വന്നുചേർന്ന ആശയസംഘട്ടനവും തത്ഫലമായ ആശയക്കുഴപ്പങ്ങളുമാണ് നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധികൾ. അതിന്റെ ഭാഗമായ രാഷ്ട്രീയ, വർഗ്ഗീയ മുതലെടുപ്പുകൾ സമൂഹ മാധ്യമങ്ങളിൽ പ്രകടമാണ്. സ്ഥിതിഗതികൾ ഇനിയും വഷളാകുന്ന പക്ഷം കൂടുതൽ വലിയ പ്രതിസന്ധികളിലേയ്ക്ക് കേരളം എത്തിച്ചേർന്നേക്കാം. ഇവിടെയാണ് സാമൂഹിക ഐക്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുസമൂഹവും സമുദായ നേതൃത്വങ്ങളും കൂടുതൽ ജാഗ്രത പുലർത്തേണ്ടത്. രാഷ്ട്രീയ, വർഗ്ഗീയ മുതലെടുപ്പുകൾ ഈ വിഷയവുമായി ബന്ധപ്പെട്ടു സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് അനേകർ പലപ്പോഴായി ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കത്തോലിക്കാ സഭാനേതൃത്വം ഇക്കാര്യത്തിൽ വലിയ ജാഗ്രത പുലർത്തിവരുന്നുണ്ട്. സഭാമേലധ്യക്ഷന്മാർ പലപ്പോഴായി ഇത്തരമൊരു വിഷയം പൊതുജന ശ്രദ്ധയിൽ പെടുത്തുകയുണ്ടായി. മുസ്ളീം ലീഗ് നേതാക്കളിൽ ചിലരും സാമൂഹിക ഐക്യം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള നീക്കങ്ങൾക്കെതിരെ ഉദ്ബോധനങ്ങൾ നടത്തുകയുണ്ടായിരുന്നു. എന്നാൽ, ഈ വിഷയത്തിൽ അവർക്കിടയിൽ പോലും തുടരുന്ന അഭിപ്രായ അനൈക്യവും അതിന്റെ തുടർച്ചയായുണ്ടായേക്കാവുന്ന അസ്വാരസ്യങ്ങളും ആശങ്കാജനകമാണ്.

സർക്കാർ ഇടപെടലുകൾക്ക് സംഭവിക്കുന്ന കാലതാമസവും ഉദാസീനതയും വളരെ ഗൗരവമായ പോരായ്മകളാണ് എന്ന് പറയാതിരിക്കാനാവില്ല. ഈ വിഷയം രമ്യമായും നീതിനിഷ്ഠമായും പരിഹരിക്കുന്നതിന് ആവശ്യമായ ജാഗ്രതയോടെയുള്ള നീക്കങ്ങൾ നടത്തുന്നതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതോടെ തൽക്കാലം “കൈകഴുകുന്ന” നിലപാടും അനുബന്ധമായ അശ്രദ്ധയും തുടരുന്ന പക്ഷം, വലിയ പ്രതിസന്ധികൾ ഭാവിയിൽ കേരളം നേരിട്ടേക്കാം.

ഈ വിഷയം രമ്യമായും നീതിനിഷ്ഠമായും പരിഹരിക്കുന്നതിന് ആവശ്യമായ ജാഗ്രതയോടെയുള്ള നീക്കങ്ങൾ നടത്തുന്നതിൽ വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്.

പരിഹാരമെന്ത്?

പരിഹാരമാർഗ്ഗങ്ങളിൽ പ്രധാനമായൊന്ന് സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കുകയാണ്. നിലവിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന ജുഡീഷ്യൽ കമ്മീഷനിൽ വലിയ പ്രതീക്ഷകളാണ് മുനമ്പം ജനതയ്ക്കുള്ളത്. എന്നാൽ, തല്ക്കാലം മുഖം രക്ഷിക്കാനായി സ്വീകരിച്ച നടപടി മാത്രമല്ല ജുഡീഷ്യൽ കമ്മീഷന്റെ നിയമനമെന്ന് സർക്കാർ സംവിധാനങ്ങൾ തെളിയിക്കേണ്ടിയിരിക്കുന്നു. വലിയ ജാഗ്രതയും സൂക്ഷ്മതയോടെയുള്ള ശ്രദ്ധയും സംസ്ഥാന സർക്കാരിന്റെ പക്ഷത്തുനിന്ന് ആവശ്യമുണ്ട്.

വഖഫ് നിയമ പരിഷ്കരണ ബിൽ കേന്ദ്ര സർക്കാർ മുന്നോട്ടുവച്ചതിന് പിന്നാലെയാണ് മുനമ്പം വഖഫ് അവകാശവാദ വിഷയം കേരളത്തിൽ ചർച്ചയാകുന്നത്. ആ നിയമത്തിന് ആവശ്യമായ ചില പരിഷ്കരണങ്ങൾ ഉണ്ടാകേണ്ടതുണ്ട് എന്ന കാര്യത്തിൽ കേരള കത്തോലിക്കാ സഭയ്ക്കും എതിരഭിപ്രായമില്ല. ന്യൂനപക്ഷ, മതവിശ്വാസ സംബന്ധമായ മൗലിക അവകാശങ്ങൾ ലംഘിക്കപ്പെടാതെ തന്നെ മറ്റുള്ളവർക്ക് ദോഷകരമായേക്കാവുന്നതും ദുരുപയോഗ സാധ്യതകൾ ഉള്ളതുമായ വ്യവസ്ഥകൾ പരിഷ്കരിക്കപ്പെടുകയാണ് ആവശ്യം.

നിലവിലുള്ള വഖഫ് നിയമത്തിലെ ചില വകുപ്പുകൾ വളരെ ദോഷകരമാണ് എന്നതിൽ തർക്കമില്ല. ഉദാഹരണമായി, നാൽപ്പതാം വകുപ്പിന്റെ പ്രാരംഭ ഖണ്ഡിക ഇപ്രകാരമാണ്: The Board may itself collect information regarding any property which it has “reason to believe to be”[waqf] property and if any question arises whether a particular property is [waqf] property or not or whether a [waqf] is a Sunni [waqf] or a Shia [waqf], it may, after making such inquiry as it may deem fit, decide the question. “വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ” ഒരു വസ്തു വഖഫ് പ്രോപ്പർട്ടി ആയി സ്ഥിരീകരിക്കാനുള്ള നടപടികളിലേക്ക് വഖഫ് ബോർഡിന് പ്രവേശിക്കാം എന്നാണ് ഇവിടെ പറഞ്ഞുവയ്ക്കുന്നത്.

വഖഫ് നിയമത്തിന്റെ നാൽപ്പതാം വകുപ്പ് പ്രകാരം “വിശ്വസിക്കാൻ കാരണമുണ്ടെങ്കിൽ” ഒരു വസ്തു വഖഫ് പ്രോപ്പർട്ടി ആയി സ്ഥിരീകരിക്കാനുള്ള നടപടികളിലേക്ക് വഖഫ് ബോർഡിന് പ്രവേശിക്കാം

ഈ വകുപ്പ് പ്രകാരമാണ് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് സ്ഥാപിക്കാനായി കേരള വഖഫ് ബോർഡ് നടപടികൾ ആരംഭിച്ചത്. ഇപ്രകാരമൊരു നടപടി വഖഫ് ബോർഡ് ആരംഭിക്കുന്ന പക്ഷം അവകാശവാദത്തിന്റെ ന്യായാന്യായങ്ങൾ പരിശോധിക്കപ്പെടുന്നതിന് മുമ്പുതന്നെ ഉടമസ്ഥരുടെ റവന്യൂ അവകാശങ്ങൾ തടസപ്പെടുകയും വർഷങ്ങളോളം കേസുമായി മുന്നോട്ടുപോകേണ്ടി വരികയും ചെയ്യും. ഇത്തരം വിഷയങ്ങൾ പരിഗണനയ്ക്ക് വരുന്നത് വഖഫ് ട്രൈബ്യൂണലിന് മുന്നിലാണ്. എന്നാൽ, വഖഫ് ട്രൈബ്യൂണലിന്റെ വിധിക്ക് അപ്പീലിനു പോകാനുള്ള അവസരം പരിമിതപ്പെടുത്തുന്ന വ്യവസ്ഥയും നിലവിലുള്ള വഖഫ് നിയമത്തിലുണ്ട്. തത്വത്തിൽ അത്യന്തം അപകടകരമായ ദുരുപയോഗ സാധ്യതകളാണ് വഖഫ് നിയമത്തിൽ ഉൾച്ചേർന്നിരിക്കുന്നത്.

ഇക്കാരണത്താൽ വഖഫ് നിയമം ശരിയായ രീതിയിൽ പരിഷ്കരിക്കപ്പെടുക ഈ കാലഘട്ടത്തിന്റെ ആവശ്യംകൂടിയാണ്. മുനമ്പത്തിന് പുറമെ കേരളത്തിൽതന്നെയും മറ്റു സംസ്ഥാനങ്ങളിലും വഖഫ് കുരുക്കിൽ അകപ്പെട്ടുകിടക്കുന്ന സ്ഥലങ്ങൾ പലതുണ്ട്. വഖഫ് ബോർഡിന്റെ വെബ്‌സൈറ്റിലെ ആസ്തി വിവര പട്ടികയിൽ വിശദാംശങ്ങൾ ലഭ്യമാണ്. അത്തരത്തിൽ വെളിയിൽ വന്ന വിവരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളും സമീപകാലത്ത് കേരളം കണ്ടിരുന്നു.

മുൻകാലപ്രാബല്യത്തോടെയുള്ള നിയമപരിഷ്കരണം

ഈ പശ്ചാത്തലത്തിൽ വഖഫ് നിയമത്തിന് മുൻകാലപ്രാബല്യത്തോടെയുള്ള പരിഷ്കരണം ഉണ്ടാകണം എന്ന ആവശ്യം വളരെ ശക്തമായി ഉയർന്നിട്ടുണ്ട്. എന്നാൽ, മുൻകാല പ്രാബല്യത്തോടെയുള്ള നിയമ പരിഷ്കരണങ്ങൾ വളരെ അപൂർവ്വമാണ് എന്നുള്ളത് ഇവിടെ ഒരു വെല്ലുവിളിയാണ്. കോഴിക്കോട് മേരിക്കുന്ന് പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന സ്ഥലത്തിനുമേൽ വഖഫ് ബോർഡ് ഉന്നയിച്ച അവകാശവാദത്തെ തുടർന്നുണ്ടായ കേസ് ഹൈക്കോടതി കഴിഞ്ഞ നവംബറിൽ തള്ളുകയുണ്ടായിരുന്നു. വഖഫ് നിയമത്തിലെ 52 A വകുപ്പ് കൂട്ടിച്ചേർക്കപ്പെട്ട 2013 ന് മുമ്പ് അവിടെ പോസ്റ്റ് ഓഫീസ് പ്രവർത്തിച്ചിരുന്നു എന്നതിനാൽ പുതിയ വകുപ്പ് ബാധകമാകില്ല എന്നതിനാലാണ് കേസ് തള്ളിപ്പോയത്.

അതേസമയം 1995 ലെ വഖഫ് നിയമത്തിലെ പല വകുപ്പുകളും കാലബന്ധിതമല്ല. 1950 ൽ നൽകിയ ദാനാധാരത്തിലെ വ്യവസ്ഥകൾ പ്രകാരം 1989 – 91 കാലഘട്ടത്തിൽ ഫാറൂഖ് കോളേജ് നടത്തിയ സ്ഥല വിൽപ്പന, 2009 ലെ നിസാർ കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 2019 ൽ വഖഫ് ബോർഡ് വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ടത് 1995 ലെ വഖഫ് നിയമത്തിന്റെ പിൻബലത്തിലാണ്. നിയമപരിഷ്കരണത്തിന് മുൻകാല പ്രാബല്യം വേണം എന്ന ആവശ്യത്തിന് നിയമപരമായ പരിമിതികൾ നേരിട്ടാലും, 1995 ലെ വഖഫ് നിയമത്തിലെ വകുപ്പുകൾ ആ കാലഘട്ടത്തിന് മുമ്പുണ്ടായിരുന്ന സ്വത്തുക്കൾക്ക് മേലും അവകാശം ഉന്നയിക്കാനുള്ള സാദ്ധ്യതകൾ തുറന്നുനൽകുന്നത് റദ്ദാക്കപ്പെടേണ്ടതുണ്ട്. അല്ലാത്തപക്ഷം ദുരുപയോഗ സാദ്ധ്യതകൾ നിലനിൽക്കുകയും മുനമ്പത്ത് ഉൾപ്പെടെ നിലവിൽ നിലനിൽക്കുന്ന അടിസ്ഥാന രഹിതമായ അവകാശവാദങ്ങൾ, പരിഷ്കരിക്കപ്പെടുന്ന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാതെ പോവുകയും ചെയ്യും.

1950 ൽ നൽകിയ ദാനാധാരത്തിലെ വ്യവസ്ഥകൾ പ്രകാരം 1989 – 91 കാലഘട്ടത്തിൽ ഫാറൂഖ് കോളേജ് നടത്തിയ സ്ഥല വിൽപ്പന, 2009 ലെ നിസാർ കമ്മീഷൻ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ 2019 ൽ വഖഫ് ബോർഡ് വഖഫ് സ്വത്താണെന്ന് അവകാശപ്പെട്ടത് 1995 ലെ വഖഫ് നിയമത്തിന്റെ പിൻബലത്തിലാണ്.

എന്നാൽ, കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന വഖഫ് നിയമ പരിഷ്കരണ ബിൽ ഇപ്പോഴും ജോയിന്റ് പാർലമെന്ററി കമ്മിറ്റിയുടെ പരിഗണനയിൽ തുടരുകയാണ്. ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് നീട്ടികൊടുത്ത കാലാവധി അടുത്ത ലോക്സഭാ സമ്മേളനത്തിന്റെ അവസാന ദിവസമായ ഫെബ്രുവരി 12 വരെയാണ്. ആ സമ്മേളനത്തിലും ബിൽ അവതരിപ്പിക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരും മറ്റു ദേശീയ രാഷ്ട്രീയ പാർട്ടികളും കേരള സർക്കാരും പ്രായോഗികവും യുക്തവുമായ നിലപാട് സ്വീകരിക്കുകയും പ്രതിസന്ധിയിലായിരിക്കുന്ന മുനമ്പം ജനത ഉൾപ്പടെയുളള സാധാരണക്കാർക്കുവേണ്ടി നിലകൊള്ളുകയും വേണം.

ഡിസംബർ നാലിന് മുനമ്പം സന്ദർശിച്ച ജസ്റ്റിസ് സി. എൻ. രാമചന്ദ്രൻ നായരുടെ വാക്കുകൾ ഏറെ ആശ്വാസപ്രദമാണ്. മുനമ്പത്തെ ജനങ്ങളുടെ ജീവിതാവസ്ഥകൾ നേരിട്ടുകണ്ട കമ്മീഷൻ, ഒരു കോടതിയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഇതുവരെ പറഞ്ഞിട്ടില്ല എന്ന വെളിപ്പെടുത്തൽ മാധ്യമങ്ങൾക്കുമുന്നിൽ നടത്തുകയുണ്ടായി. അതിനാൽ കമ്മീഷന്റെ അന്തിമ വിലയിരുത്തൽ നിർണായകമായിരിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറയുകയുണ്ടായി. ശരിയായ രീതിയിലുള്ള ഇടപെടലുകൾ യഥാസമയം നടത്താൻ സർക്കാർ തയ്യാറാവുകയും നീതിപൂർവ്വവും സത്യസന്ധവുമായ നിലപാടുകൾ രാഷ്ട്രീയപാർട്ടികൾ സ്വീകരിക്കുകയുമാണ് ഇനിയുള്ള ആവശ്യങ്ങൾ. ഈ വിഷയത്തിലെ അനാവശ്യ ശാഠ്യം കൈവിടാൻ മുസ്ളീം സംഘടനകളും നേതൃത്വവും തീരുമാനമെടുക്കണം. മുനമ്പത്തെ ജനതയ്ക്ക് നീതി ലഭിക്കുന്നതോടൊപ്പം, ഇനിയൊരു “മുനമ്പം” ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയും ഇടപെടലുകളും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഈ വിഷയത്തിലെ അനാവശ്യ ശാഠ്യം കൈവിടാൻ മുസ്ളീം സംഘടനകളും നേതൃത്വവും തീരുമാനമെടുക്കണം.

Editor

Leave a Reply

Your email address will not be published. Required fields are marked *