പോപ്പ് ഫ്രാൻസിസ്: മാനവികതയുടെ നവയുഗ പ്രവാചകൻ
ഡോ. ഫാ. മൈക്കിൾ പുളിക്കൽ CMI
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ
ബനഡിക്ട് പതിനാറാമൻ പാപ്പയുടെ സ്ഥാനത്യാഗത്തെ തുടർന്ന് സമ്മേളിച്ച കോൺക്ലേവ് 2013 മാർച്ച് 13 ന് കത്തോലിക്കാ സഭയുടെ 266 ആമത്തെ തലവനെ പ്രഖ്യാപിച്ചപ്പോൾ ലോകം മുഴുവൻ ആ വ്യക്തി ആരാണെന്നന്വേഷിക്കുകയായിരുന്നു. അന്നോളം സ്വന്തം രാജ്യമായ അർജന്റീനയ്ക്ക് പുറത്ത് ആർക്കുംതന്നെ പരിചിതനായിരുന്നില്ലാതിരുന്ന കർദ്ദിനാൾ ജോർജ്ജ് മാരിയോ ബർഗോളിയോ ആയിരുന്നു അത്. അദ്ദേഹത്തെക്കുറിച്ചുള്ള ആദ്യ വിവരങ്ങൾ പുറത്തുവന്നപ്പോൾ ഒരുപക്ഷെ പലർക്കും ഇച്ഛാഭംഗം തോന്നിയിരിക്കണം. ബഹുഭൂരിപക്ഷവും ആഗ്രഹിച്ചതിനേക്കാൾ പ്രായക്കൂടുതലുള്ള പാപ്പ, 76 വയസ് പ്രായമുണ്ടായിരുന്നു അന്ന് അദ്ദേഹത്തിന്. കത്തോലിക്കാ സഭയിൽ തന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളിൽനിന്ന് ഒരു മെത്രാൻ വിരമിക്കുന്ന പ്രായം 75 വയസ് ആയിരിക്കെയാണ് ഇപ്രകാരമൊരു തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ ആദ്യ ലാറ്റിൻ അമേരിക്കൻ പാപ്പ എന്ന വിശേഷണമാണ് അദ്ദേഹത്തിന് ആദ്യമായി ലഭിച്ചത്. അദ്ദേഹം തെരഞ്ഞെടുത്ത പേരും ഏവർക്കും അദ്ഭുതമായിരുന്നു, ഫ്രാൻസിസ്. സഹജീവി സ്നേഹം മുഖമുദ്രയാക്കിയ, പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ച, ഒരു വൈദികൻ പോലുമില്ലാതിരുന്ന വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ പേരാണ് മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ അദ്ദേഹം സ്വീകരിച്ചത്.
പോപ്പ് ഫ്രാൻസിസ് സ്ഥാനമേറ്റതിനുശേഷം ദിവസങ്ങൾക്കുള്ളിൽ തന്നെ ആ വ്യക്തിത്വത്തെ ലോകം തിരിച്ചറിഞ്ഞുതുടങ്ങി. കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ എന്ന നിലയിൽ കത്തോലിക്കാ പ്രബോധനങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ശക്തമായി സ്വീകരിച്ചതോടൊപ്പം വ്യക്തിജീവിതത്തിന്റെ ലാളിത്യവും മൂല്യാധിഷ്ഠിത സമീപനങ്ങളും പലപ്പോഴായി വെളിപ്പെട്ടത് മത ദേശ ഭേദമന്യേ സകല ജനങ്ങളും വലിയ സന്തോഷത്തോടെയാണ് കണ്ടത്.
ജനങ്ങളുടെ പാപ്പ
തന്റെ മുൻഗാമികളിൽ നിന്ന് വളരെ വ്യത്യസ്ഥമായ സമീപനങ്ങളാണ് പോപ്പ് ഫ്രാൻസിസ് ആദ്യ ദിനം മുതൽ സ്വീകരിച്ചത്. പാപ്പമാരുടെ ആർഭാടപൂർണ്ണമായ ഔദ്യോഗിക ഭവനം ഒഴിവാക്കി കാസ സാന്ത മാർത്ത എന്ന ചെറു ഭവനത്തിൽ താമസമാക്കാനാണ് ഫ്രാൻസിസ് പാപ്പ നിശ്ചയിച്ചത്. വസ്ത്രധാരണത്തിൽ പോലും പാപ്പ സ്വതന്ത്രമായ നിലപാടുകളാണ് സ്വീകരിച്ചത്. വലിയ സുരക്ഷ നൽകുന്ന ലക്ഷ്വറി വാഹനങ്ങൾ ഉപേക്ഷിച്ച് ചെറിയ കാറുകളും മറ്റും ഉപയോഗിക്കാൻ തീരുമാനിച്ചതായിരുന്നു മറ്റൊരു വിപ്ലവം.
ഇത്തരത്തിലുള്ള തീരുമാനങ്ങൾ ആദ്യ ദിവസങ്ങളിൽതന്നെ കൈക്കൊണ്ട ഫ്രാൻസിസ് പാപ്പയ്ക്ക് “ജനങ്ങളുടെ പാപ്പ” എന്ന വിശേഷണം ആരംഭത്തിൽതന്നെ ലഭിച്ചു. മാസങ്ങൾക്കുള്ളിൽ ടൈം മാഗസിൻ അതേ വിശേഷണത്തോടെ പാപ്പയെ കവർ ചിത്രമായി അവതരിപ്പിക്കുകയും ഏറെ വൈകാതെ പേഴ്സൺ ഓഫ് ദ ഇയറായി തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആഗോളസമൂഹം ഫ്രാൻസിസ് പാപ്പയെ എപ്രകാരമാണ് കണ്ടതെന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ലോകപ്രശസ്തമായ ടൈം മാഗസിന്റെ ഇപ്രകാരമുള്ള അവതരണങ്ങൾ.
സ്നേഹത്തിന്റെയും വിനയത്തിന്റെയും പാപ്പ
“ഒരു സാധാരണ ക്രൈസ്തവ വിശ്വാസിയാണ് ഞാൻ, എനിക്കുവേണ്ടി പ്രാർത്ഥിക്കണം” എന്ന ആമുഖത്തോടെ എല്ലാ തലങ്ങളിലുമുള്ള ക്രൈസ്തവരോട് അനുരൂപപ്പെടാനുള്ള മനസ്ഥിതിയാണ് ഫ്രാൻസിസ് പാപ്പ ആദ്യ ദിവസം തന്നെ വെളിപ്പെടുത്തിയത്. പാപ്പയുടെ തുടർന്നുള്ള പ്രബോധനങ്ങളിലും ഇത്തരമൊരു മനസ്ഥിതി പ്രകടമായിരുന്നു. സുവിശേഷത്തിന്റെ ആനന്ദം (Evangelii Gaudium (The Joy of the Gospel), 2013) എന്ന ആദ്യ വർഷത്തെ ചാക്രിക ലേഖനത്തിലും പാപ്പ ഊന്നൽ നൽകിയത് പാവപ്പെട്ടവർക്കാണ്. വലിയ കൊട്ടാരങ്ങളിൽ താമസിക്കുന്നവർക്കല്ല, പാവപ്പെട്ടവർക്കുവേണ്ടിയുള്ളതാണ് സുവിശേഷം എന്ന് പാപ്പ വ്യക്തമാക്കി. പീഡിതരെ ദൈവം ഒരിക്കലും അവഗണിക്കുകയില്ല എന്ന് പാപ്പ പറഞ്ഞത് 2014 ജൂൺ 29 നാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ചികിൽസാലയമാണ് സഭ എന്ന് പാപ്പ 2013 സെപ്റ്റംബറിൽ നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അധഃസ്ഥിതരും പാവപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമായ വലിയൊരു വിഭാഗം ജനങ്ങൾക്ക് പാപ്പയുടെ വാക്കുകൾ ആശ്വാസജനകമായി മാറി. അത്തരം ജനവിഭാഗങ്ങളെ സംബന്ധിച്ച് തങ്ങൾക്ക് അപരിചിതനായ ഒരാളല്ല, മറിച്ച് തങ്ങളുടെ സഹയാത്രികനാണ് പാപ്പ എന്ന ഉറപ്പാണ് ആരംഭത്തിൽതന്നെ ലഭിച്ചത്.
സുവിശേഷത്തിന്റെ ആനന്ദം: നിരാലംബരോടുള്ള പരിഗണന
അസമത്വങ്ങൾക്കും സാമ്പത്തിക അനീതിക്കുമെതിരെയുള്ള തുറന്നെഴുത്തായിരുന്നു പാപ്പയുടെ 2013ലെ ചാക്രികലേഖനമായ സുവിശേഷത്തിന്റെ ആനന്ദം (Evangelii Gaudium). ഇതിനകം ഒരു വ്യാഴവട്ടക്കാലത്തോളം കത്തോലിക്കാ സഭയെ നയിച്ച ഫ്രാൻസിസ് പാപ്പയെ എക്കാലവും നയിച്ച ആദർശങ്ങളും അദ്ദേഹത്തിന്റെ അടിസ്ഥാന മനോഭാവവും ഏവർക്കും വ്യക്തമായത് ആ ചാക്രിക ലേഖനത്തിലൂടെയാണ്. ഉപഭോഗ സംസ്കാരത്തെയും സ്വാർത്ഥ ചിന്തകളെയും അതിൽ പാപ്പ തള്ളിപ്പറയുകയും സഭ എക്കാലവും പാവപ്പെട്ടവരുടെ കൂടെയായിരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു. ഇത്തരം നിലപാടുകളിൽനിന്ന് ഒരിക്കലും ഫ്രാൻസിസ് പാപ്പ അണുവിട വ്യതിചലിച്ചിട്ടില്ല എന്നതാണ് വസ്തുത. മത വർഗ്ഗ ദേശ വ്യത്യാസമില്ലാതെ എക്കാലവും പാവപ്പെട്ടവരുടെയും വേദനിക്കുന്നവരുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും അവമതിക്കപ്പെടുന്നവരുടെയും കൂടെ നിലകൊള്ളാൻ പാപ്പ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
പണിയേണ്ടത് മതിലുകളല്ല, പാലങ്ങൾ
മതിലുകൾ പൊളിച്ച് പാലങ്ങൾ പണിയാനാണ് ഫ്രാൻസിസ് പാപ്പ എക്കാലവും ലോകത്തെ ഉദ്ബോധിപ്പിച്ചത്. പല അവസരങ്ങളിലും തന്റെ തന്നെ പ്രവൃത്തികളിലൂടെ അദ്ദേഹം മാതൃക നൽകുകയും ചെയ്തിരുന്നു. രാജ്യങ്ങൾ തമ്മിലും മതങ്ങൾ തമ്മിലും വർഗ്ഗങ്ങൾ തമ്മിലും വളർന്നുവരുന്ന വിഭാഗീയതയും ശത്രുതാ മനോഭാവവും ശ്രദ്ധയിൽ പെട്ടപ്പോഴെല്ലാം പാപ്പ തന്നെ നേരിട്ട് ഇടപെടാൻ ഔത്സുക്യം പുലർത്തിയിട്ടുണ്ട്. യുക്രൈൻ റഷ്യ വിഷയത്തിലും ഇസ്രായേൽ പലസ്തീൻ വിഷയത്തിലും രാഷ്ട്രീയ മത നേതൃത്വങ്ങളുമായി പലപ്പോഴും നേരിട്ട് ചർച്ചകൾ നടത്തിയത് ഉദാഹരണമാണ്. ആഭ്യന്തര കലാപം കൊടുമ്പിരികൊണ്ടിരുന്ന ദക്ഷിണ സുഡാനിൽ ആയിരങ്ങൾ കൊല്ലപ്പെടുന്ന സാഹചര്യം നിലനിന്നപ്പോൾ ആ രാജ്യത്തെ രാഷ്ട്രീയ നേതാക്കളുമായി ചർച്ച നടത്തിയ പാപ്പ അവരുടെ പാദം ചുംബിച്ച് സമവായത്തിനായി യാചിച്ചിരുന്നു.
സഭയ്ക്കുള്ളിൽ നടക്കേണ്ട രൂപാന്തരീകരണം
ആനുകാലിക സംഭവവികാസങ്ങളും മാറുന്ന ലോകക്രമവും അനുസരിച്ചുള്ള ഒരു രൂപാന്തരീകരണം സഭയ്ക്കുള്ളിൽ സംഭവിക്കണമെന്ന ബോധ്യം കാത്തു സൂക്ഷിച്ചിരുന്നതിനൊപ്പം അതിന് അനുസൃതമായ മാർഗനിർദ്ദേശങ്ങൾ എല്ലായ്പ്പോഴും പാപ്പ നൽകിയിരുന്നു. സഭാ – സാമൂഹിക ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന വൈദികർക്കും സന്യസ്തർക്കുമായി പാപ്പ നൽകിയിരുന്ന നിർദ്ദേശങ്ങൾ സഭാത്മകമെന്നതിനൊപ്പം പുരോഗമനപരവുമായിരുന്നു. സുവിശേഷാനുസൃതമായ ജീവിതം നയിക്കുന്നതിനൊപ്പം, മാറുന്ന ലോകക്രമത്തിനുസൃതമായി പുരോഗമന ചിന്താഗതികളെ ഉൾക്കൊണ്ട് ക്രിയാത്മകമായി വിശ്വാസ സമൂഹത്തെ നയിക്കാനാണ് പാപ്പ ആഹ്വാനം ചെയ്തിരുന്നത്.
അതേസമയം, സഭ പ്രതിസന്ധി ഘട്ടങ്ങളെയും ആരോപണങ്ങളെയും നേരിട്ട ഘട്ടങ്ങളിൽ പ്രായോഗികവും സഭാത്മകവുമായ പ്രതികരണങ്ങൾ നൽകുന്നതിലും മുഖംനോക്കാതെ നടപടികൾ സ്വീകരിക്കുന്നതിലും പാപ്പ ഒരിക്കലും വീഴ്ച വരുത്തിയിട്ടില്ല. സ്ത്രീ സമൂഹം പല വിധത്തിൽ പാർശ്വവൽക്കരിക്കപ്പെടുകയും പിൻതള്ളപ്പെടുകയും ചെയ്യുന്ന ആനുകാലിക ലോകത്ത് സ്ത്രീ സമൂഹത്തെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനായി എന്നും ആഹ്വാനം ചെയ്ത പാപ്പ, വത്തിക്കാനിലെയും സഭയിലെയും തന്ത്രപ്രധാനമായ നിരവധി സ്ഥാനങ്ങളിൽ സ്ത്രീകളെ നിയമിച്ചു.
അഭയാർത്ഥികളോടുള്ള നിലപാട്
ഫ്രാൻസിസ് പാപ്പ ഏറ്റവുമധികം വിമർശനങ്ങൾ നേരിട്ടിട്ടുള്ളത് അഭയാർത്ഥികളോടുള്ള നിലപാടുകൾ നിമിത്തമാണ്. മനുഷ്യരോട് കരുണ കാണിക്കേണ്ടത് മതത്തിന്റെയോ വർഗ്ഗത്തിന്റെയോ പൗരത്വത്തിന്റെയോ പേരിലല്ല, സകലരും കരുണയ്ക്ക് അർഹരാണ് എന്ന കാഴ്ചപ്പാടാണ് അഭയാർത്ഥി വിഷയത്തിലും പാപ്പ എന്നും പുലർത്തിയിട്ടുള്ളത്. വാസ്തവത്തിൽ അത് കത്തോലിക്കാ സഭയുടെ അടിസ്ഥാന പ്രബോധനങ്ങളുടെ ഭാഗമാണ്. ക്രിസ്തു കാണിച്ചിട്ടുള്ള മാതൃകയും അതുതന്നെയാണ്. അഭയാർഥികളായി വന്നുകയറിയവർ മൂലം വിവിധ യൂറോപ്യൻ രാജ്യങ്ങൾ പലവിധ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരുന്നപ്പോഴും തന്റെ നിലപാടിൽ വെള്ളം ചേർക്കാൻ പാപ്പ തയ്യാറായില്ല. സ്വന്തം രാജ്യങ്ങളിൽനിന്ന് പുറന്തള്ളപ്പെടുന്നവരെ മാനവികതയുടെ കണ്ണിലൂടെ കാണുകയും മതമോ ജാതിയോ പരിഗണിക്കാതെ സ്വീകരിക്കാൻ തയ്യാറാവുകയും വേണമെന്ന ഉപദേശമാണ് എല്ലാ രാജ്യങ്ങൾക്കും പാപ്പ നൽകിയത്.
ക്രിസ്തീയതയെ എന്നും ഉയർത്തിപ്പിടിക്കുന്ന വ്യക്തിയായിട്ടുപോലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പാപ്പ പരസ്യമായി രംഗത്തു വന്നത് പോലും അഭയാർത്ഥി വിഷയത്തിലാണ്. ക്രിസ്തുവിന്റെ മാതൃക പിന്തുടരുന്ന, കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്കുവേണ്ടി ശക്തമായി നിലകൊള്ളുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് ഈ വിഷയത്തിൽ മറ്റൊരു നിലപാട് സ്വീകരിക്കാൻ സാധ്യമല്ല എന്നതാണ് വാസ്തവം. മനുഷ്യന്റെ മഹത്വത്തെയും മനുഷ്യജീവനെയും ഏതൊരാവസ്ഥയിലും മുൻവിധികളില്ലാതെ മറ്റു മനുഷ്യർ മാനിക്കണമെന്ന അടിസ്ഥാന ധാർമ്മിക തത്വത്തിനപ്പുറമല്ല പാപ്പയുടെ ഈ വിഷയത്തിലെ കാഴ്ചപ്പാട്. ആ വിശാലമായ കാഴ്ചപ്പാടിലേയ്ക്ക് ആഗോള സമൂഹം ഇനിയും എത്തിച്ചേരേണ്ടിയിരിക്കുന്നു.
പരിസ്ഥിതിക്കുവേണ്ടി നിലകൊണ്ട പാപ്പ
കാർബൺ ബഹിർഗമനം കുറച്ചുകൊണ്ടുവരാൻ ലക്ഷ്യമാക്കിയുള്ള പാരീസ് ഉടമ്പടി സംബന്ധിച്ച ചർച്ചകളെ ഏറ്റവുമധികം സ്വാധീനിച്ച ഒന്നാണ് 2015 ൽ പ്രസിദ്ധീകരിച്ച ലൗദാത്തോ സി (അങ്ങേയ്ക്ക് സ്തുതി) എന്ന, ഫ്രാൻസിസ് പാപ്പയുടെ ചാക്രിക ലേഖനം. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് നിർണ്ണായകമായ ഒരു മാർഗ്ഗരേഖയായി ആ ചാക്രികലേഖനം വിലയിരുത്തപ്പെടുന്നു. കാലാവസ്ഥാ വ്യതിയാനം അടിയന്തിര ശ്രദ്ധ അർഹിക്കുന്ന ഒരു യാഥാർഥ്യമാണെന്നും മനുഷ്യന് ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞുവച്ചു. ഏവരും തങ്ങളുടെ ജീവിത ശൈലി അതിനനുസരിച്ച് ക്രമപ്പെടുത്താനും സമഗ്രവും സന്തുലിതവുമായ ഒരു ആവാസവ്യവസ്ഥിതി രൂപപ്പെടുത്താനും പാപ്പ ആഹ്വാനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം ഏറ്റവുമധികം ബാധിക്കുന്നത് സാധാരണക്കാരും പാവപ്പെട്ടവരുമായ മനുഷ്യരെ ആയതിനാൽ ഇതൊരു സാമൂഹിക നീതി സംബന്ധമായ വിഷയംകൂടിയാണ് എന്ന് പാപ്പ അടിവരയിട്ടു പറഞ്ഞു.
ലൗദാത്തോ സിയുടെ തുടർച്ചയായി 2023 ൽ ലൗദാത്തെ ദേയും (ദൈവത്തിന് സ്തുതി) എന്നപേരിൽ ഒരു അപ്പസ്തോലിക പ്രബോധനവും പ്രസിദ്ധീകരിക്കുകയുണ്ടായി. പാരിസ്ഥിതികമായ പ്രതിസന്ധികൾ വർധിക്കുമ്പോഴും ക്രിയാത്മക ഇടപെടലുകൾക്ക് ലോകരാജ്യങ്ങൾ അമാന്തം കാണിക്കുന്നതിനെ പാപ്പ അതിൽ വിമർശിക്കുകയുണ്ടായി. ആഗോള തലത്തിലുള്ള പരിശ്രമം ഇക്കാര്യത്തിൽ ഉണ്ടാകേണ്ടതിനെക്കുറിച്ച് പാപ്പ ഊന്നിപ്പറഞ്ഞു. പാപ്പയുടെ വാക്കുകൾ വത്തിക്കാനിൽ പ്രവർത്തികമാക്കുകയുമുണ്ടായി. ലോകത്തിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ രാഷ്ട്രമാണ് വത്തിക്കാൻ. പാപ്പയുടെ ആഹ്വാനം ശിരസാവഹിച്ച കത്തോലിക്കാ സഭാ പ്രാദേശിക നേതൃത്വങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് എല്ലാ രാജ്യങ്ങളിലും വലിയ പ്രാധാന്യം നൽകി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
ജീവസംരക്ഷകനായ പാപ്പ
ജീവന്റെ മൂല്യം ഉയർത്തിപ്പിടിച്ചുകൊണ്ട് ഏതവസ്ഥയിലും മനുഷ്യജീവൻ സംരക്ഷിക്കപ്പെടണമെന്ന ഉറച്ച നിലപാട് എക്കാലവും ഫ്രാൻസിസ് പാപ്പ സ്വീകരിച്ചിരുന്നു. ഗർഭസ്ഥ ശിശുക്കളുടെ മുതൽ ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവനെ പാപ്പ ഒരേ മൂല്യത്തോടെ പരിഗണിക്കുകയും എല്ലായ്പ്പോഴും ജീവന് ഭീഷണി നേരിടുന്നവർക്കുവേണ്ടി സംസാരിക്കുകയും ചെയ്തു. ഗർഭച്ഛിദ്രം കുറ്റകരമാണ് എന്ന നിലപാടാണ് പാപ്പ സ്വീകരിച്ചിരുന്നത്. ഗർഭസ്ഥ ശിശുവിന് എന്തെങ്കിലും വൈകല്യങ്ങൾ ഉള്ള ഘട്ടത്തിൽ അബോർട്ട് ചെയ്യാൻ തീരുമാനിക്കുന്നതിനെ പോലും പാപ്പ എതിർക്കുകയും അത് വലിച്ചെറിയൽ സംസ്കാരത്തിന്റെ ഭാഗമാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ദയാവധത്തിനും വധശിക്ഷയ്ക്കും യുദ്ധങ്ങൾക്കും കലാപങ്ങൾക്കും ആയുധ വ്യാപാരത്തിനുമെല്ലാം എതിരായ നിലപാടുകൾ നിരന്തരം സ്വീകരിച്ചിരുന്ന ഫ്രാൻസിസ് പാപ്പ അത്തരം സന്ദർഭങ്ങളിലെല്ലാം മുഖ്യ പരിഗണന നൽകിയത് മനുഷ്യ ജീവനാണ്. അഭയാർത്ഥികൾക്ക് അനുകൂലമായ നിലപാട് എന്നും സ്വീകരിക്കാൻ കാരണവും അതുതന്നെ. ദാരിദ്ര്യം, ഉച്ചനീചത്വങ്ങൾ, അനീതി തുടങ്ങിയ സാമൂഹിക തിന്മകൾക്കെല്ലാം എതിരെ പാപ്പ നിലകൊള്ളുന്നതിനും അടിസ്ഥാന കാരണവും മനുഷ്യ ജീവനെ അദ്ദേഹം ഏറ്റവും മൂല്യവത്തായി പരിഗണിച്ചു എന്നത് തന്നെയാണ്.
ആധുനിക ലോകത്തിനൊപ്പം സഞ്ചരിച്ച പാപ്പ
ശാസ്ത്ര സാങ്കേതിക നേട്ടങ്ങൾക്കും ആധുനിക ലോകത്തിന്റെ വളർച്ചയ്ക്കും ഒപ്പം ഫ്രാൻസിസ് പാപ്പ സഞ്ചരിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജൈവ സാങ്കേതിക വിദ്യയുടെ മേഖലയിലെ നൂതന സംരംഭങ്ങൾ, ചികിത്സാ രംഗത്തെ പുതിയ നേട്ടങ്ങൾ തുടങ്ങിയവയെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചിരുന്ന പാപ്പ യഥാസമയം വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളും വിലയിരുത്തലുകളും ലോകത്തിന് നൽകിക്കൊണ്ടിരുന്നു. ഡിജിറ്റൽ എത്തിക്സിനുവേണ്ടി സംസാരിച്ച പാപ്പ, നിർമ്മിത ബുദ്ധി മനുഷ്യ മാഹാത്മ്യത്തിന് വിഘാതമാകരുതെന്ന് പലപ്പോഴും ഓർമ്മിപ്പിച്ചു. നിർമ്മിതബുദ്ധി മനുഷ്യനെ നിയന്ത്രിക്കുന്ന സാഹചര്യം ഉടലെടുത്തേക്കാനിടയുള്ളതിനാൽ രാജ്യാന്തര തലത്തിൽ മാനദണ്ഡങ്ങൾ രൂപപ്പെടുത്താൻ ലോകരാജ്യങ്ങളോട് പാപ്പ ആഹ്വാനം ചെയ്തു.
ജനിതക പരിഷ്കരണങ്ങൾ, ക്ളോണിങ് തുടങ്ങിയവ മനുഷ്യ മാഹാത്മ്യത്തെ ചോദ്യം ചെയ്യുമെന്നതിനാൽ അതിന് എതിരായ നിലപാടാണ് പാപ്പ സ്വീകരിച്ചത്. അതേസമയം, അപൂർവ്വ രോഗങ്ങൾ, ക്യാൻസർ, മാനസികാരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചികിത്സാമേഖലയിലെ ഗവേഷണങ്ങൾക്ക് പാപ്പ എന്നും വലിയ പ്രോത്സാഹനം നൽകി. മനുഷ്യന്റെ ജ്ഞാനവും ധാർമ്മിക ചിന്തയും ഉത്തരവാദിത്ത ബോധവും ഉൾച്ചേരാത്തപക്ഷം സാങ്കേതിക വിദ്യകൾ അപൂർണ്ണമാണ് (ലൗദാത്തോ സി) എന്നാണ് പാപ്പയുടെ വാക്കുകൾ. മനുഷ്യന്റെ ശാസ്ത്രീയ നേട്ടങ്ങളെയും സാങ്കേതിക വളർച്ചയെയും തികച്ചും പുരോഗമനപരമായാണ് പാപ്പ നോക്കിക്കണ്ടത്.
ഇന്ത്യയെ സ്നേഹിച്ച പാപ്പ
സ്ഥാനം ഏറ്റെടുത്ത ആദ്യ കാലം മുതൽ ഇന്ത്യ സന്ദർശിക്കാൻ ഫ്രാൻസിസ് പാപ്പ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ സംസ്കാരത്തെയും ഇന്ത്യയിലെ സഭാ സമൂഹങ്ങളെയും പാപ്പ ഏറെ സ്നേഹത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. പലപ്പോഴായി വത്തിക്കാനിൽ നടന്ന മതാന്തര സംവാദങ്ങളിൽ ഇന്ത്യയിൽനിന്നുള്ള പ്രതിനിധികൾക്ക് കൂടിയ പരിഗണന ലഭിച്ചിരുന്നതായി കാണാം. ഇന്ത്യയിലെ സഭാ സമൂഹത്തിന് എക്കാലവും പാപ്പ വലിയ പരിഗണന നൽകിയിട്ടുണ്ട്. ഏറ്റവുമൊടുവിൽ മാർ ജോർജ്ജ് ജേക്കബ് കൂവക്കാടിലൂടെ കേരളത്തിന് ഒരു കർദ്ദിനാളിനെ നൽകിയത് ഉദാഹരണമാണ്. വി. കുര്യാക്കോസ് ഏലിയാസ് ചാവറ, വി. എവുപ്രാസ്യ, വി. മറിയം ത്രേസ്യ തുടങ്ങിയവരുടെ വിശുദ്ധപദവികൾ കേരളത്തിന് ഫ്രാൻസിസ് പാപ്പ നൽകിയ സമ്മാനമാണ്. വി. മദർ തെരേസ, വി. ദൈവ സഹായം പിള്ള എന്നിവരും പാപ്പയുടെ കാലഘട്ടത്തിൽ വിശുദ്ധരായി ഉയർത്തപ്പെട്ടു.
പാപ്പയെയും പാപ്പയുടെ നിലപാടുകളെയും ആദരവോടെയും സ്നേഹത്തോടെയും എന്നും വീക്ഷിച്ചിരുന്ന ഇന്ത്യൻ സർക്കാർ അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പാപ്പ പലപ്പോഴായി കൂടിക്കാഴ്ച നടത്തുകയുണ്ടായിരുന്നു.
തുറവിക്കുവേണ്ടി നിലകൊണ്ട പാപ്പ
എല്ലാ വിഭാഗത്തിലും എല്ലാ അവസ്ഥകളിലും ഉള്ള മനുഷ്യരെയും എന്ന് തുടങ്ങി, എല്ലാത്തിനെയും തുറവിയോടെ സമീപിക്കുന്ന ശൈലിയാണ് എന്നും ഫ്രാൻസിസ് പാപ്പയ്ക്ക് ഉണ്ടായിരുന്നത്. ഭിന്ന ലൈംഗിക ആഭിമുഖ്യം വച്ചുപുലർത്തുന്നവരുടെ കാര്യത്തിലും വിവാഹ മോചിതരുടെയും പുനർ വിവാഹിതരുടെയും കാര്യത്തിലും തുടങ്ങി മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തപ്പെട്ടേക്കാനിടയുള്ളവരുടെ കാര്യത്തിൽ, പ്രഥമ ദൃഷ്ട്യാ വിധിതീർപ്പ് കൽപ്പിച്ച് അകറ്റി നിർത്തുന്നതിന് പകരം കരുണയോടെ ചേർത്തു നിർത്തുന്ന സമീപനമാണ് പാപ്പ ആരംഭം മുതൽ സ്വീകരിച്ചത്. സാഹചര്യങ്ങൾ എന്തുതന്നെയായാലും ഒരുവനെ വിധിക്കാൻ താനാളല്ല എന്നായിരുന്നു പാപ്പയുടെ പക്ഷം.
മറ്റു മതവിഭാഗങ്ങളുമായും അകത്തോലിക്കാ സമൂഹങ്ങളുമായും അടുപ്പവും സഹകരണവും വളർത്താനും നിരന്തരം സംവാദങ്ങളിൽ ഏർപ്പെടാനും ഫ്രാൻസിസ് പാപ്പ എന്നും ശ്രദ്ധിച്ചിരുന്നു. വിവിധ മുസ്ളീം രാജ്യങ്ങളിൽ പോലും പാപ്പയ്ക്ക് ലഭിച്ച ആവേശോജ്വലമായ സ്വീകരണങ്ങൾ അത്തരം നീക്കങ്ങളുടെ സദ്ഫലങ്ങൾക്ക് ഉദാഹരണങ്ങളായി വിലയിരുത്താം. മാനവിക സൗഹാർദത്തിനുവേണ്ടിയുള്ള നയപ്രഖ്യാപന രേഖയിൽ 2019 ൽ ഗ്രാൻഡ് ഇമാമിനോപ്പം പാപ്പ ഒപ്പുവയ്ക്കുകയുണ്ടായിരുന്നു. ഏവരും ഒരുമിച്ച് ഭാവിയെ പണിതുയർത്തുക എന്നുള്ളതല്ലാതെ മറ്റൊരു മാർഗ്ഗം ഇന്ന് ലോകത്തിന് മുന്നിലില്ല എന്ന് പറയുകയുണ്ടായി.
മതവിഭാഗങ്ങളും മത നേതാക്കളുമായി മാത്രമല്ല, സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുമായും, രാഷ്ട്ര നേതാക്കളുമായും നിരന്തരം സമ്പർക്കം പുലർത്തുകയും സംവാദങ്ങളിൽ ഏർപ്പെടുകയും പലപ്പോഴും ഒരു തിരുത്തൽ ശക്തിയായി മാറുകയും ചെയ്ത ഫ്രാൻസിസ് പാപ്പയെ ലോകം അറിയുകയും അംഗീകരിക്കുകയും ചെയ്തത് ഒരു ആത്മീയ നേതാവ് എന്നതിലുപരി ഒരു ലോക നേതാവ് എന്ന നിലയിലാണ്. ഈ ആധുനിക സമൂഹത്തിൽ നിലപാടുകൾക്കൊണ്ടും വീക്ഷണങ്ങൾ കൊണ്ടും ജീവിത പ്രവർത്തന മാതൃകകൾ കൊണ്ടും ഇത്രമാത്രം ലോകത്തെ സ്വാധീനിച്ച മറ്റൊരു വ്യക്തിത്വമില്ല എന്നതാണ് വാസ്തവം.