KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

മാർപാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾ ലളിതമാക്കി: പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി

2024 ഏപ്രിൽ 29 ന് ഫ്രാൻസിസ് പാപ്പ അംഗീകാരം നൽകിയതിനെത്തുടർന്ന്, മാർപാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പ് പുറത്തിറക്കി. നവംബർ നാലിന് ഇതിന്റെ പ്രഥമ കോപ്പി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചുവെന്ന് ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസ് അറിയിച്ചു. ഇതേ ഓഫീസാണ് പാപ്പയുടെ നിർദേശപ്രകാരം പുതുക്കിയ പുസ്തകത്തിന്റെ എഡിറ്റിങ് പൂർത്തിയാക്കിയത്.

പുതുക്കിയ ക്രമമനുസരിച്ച്, പാപ്പയുടെ മുറിയിലല്ല, സ്വകാര്യചാപ്പലിൽ വച്ചായിരിക്കും മരണം സ്ഥിരീകരിക്കുക. മരണശേഷം മൃതശരീരം തുറന്ന പെട്ടിക്കുള്ളിൽ സൂക്ഷിക്കുക, വിശ്വാസികൾക്ക് വണക്കത്തിനായി തുറന്ന പെട്ടിയിൽത്തന്നെ പാപ്പയുടെ ശരീരം പ്രദർശിപ്പിക്കുക, മുൻപുണ്ടായിരുന്നതിൽനിന്ന് വ്യത്യസ്തമായി സൈപ്രസിന്റെയും ഈയത്തിന്റെയും ഓക്കുമരത്തിന്റെതുമായ മൂന്ന് പെട്ടികളിൽ അടയ്ക്കുന്നത് നിർത്തലാക്കുക തുടങ്ങിയ മാറ്റങ്ങളാണ് പുസ്തകത്തിൽ നിർദേശിച്ചിരിക്കുന്നത്. പുതിയ ക്രമമനുസരിച്ച്, നാകപ്പെട്ടിക്കുള്ളിലുള്ള തടിപ്പെട്ടിയിലായിരിക്കും പാപ്പയുടെ ഭൗതികശരീരം സൂക്ഷിക്കുക.

1998 ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കപ്പെട്ട പാപ്പമാരുടെ മൃതസംസ്കാര ചടങ്ങുകൾക്കായുള്ള പുസ്തകത്തിന്റെ നവീകരിച്ച പതിപ്പെന്ന രീതിയിലാണ് പുതിയ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. 2005 ൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെ മൃതസംസ്കാര ചടങ്ങുകൾക്ക് 1998 ലെ പുസ്തകമനുസരിച്ചുള്ള ക്രമങ്ങളാണ് സ്വീകരിച്ചിരുന്നത്. ഇവയിൽ ചില മാറ്റങ്ങൾ വരുത്തിയാണ് 2023 ൽ ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മൃതസംസ്കാര ചടങ്ങുകൾ നടന്നത്.

ഫ്രാൻസിസ് പാപ്പ പലവട്ടം പരസ്യമായി പ്രഖ്യാപിച്ചതും ആവശ്യപ്പെട്ടതുമനുസരിച്ച് പാപ്പമാരുടെ മൃതസംസ്കാരച്ചടങ്ങുകൾ കൂടുതൽ ലളിതമാക്കുകയും ഉത്ഥിതനായ ക്രിസ്‌തുവിലുള്ള വിശ്വാസത്തെ മെച്ചപ്പെട്ട രീതിയിൽ പ്രകടിപ്പിക്കുന്നതാക്കി അവയെ മാറ്റുകയും ചെയ്യുന്നതിനായാണ് പുസ്തകം നവീകരിക്കപ്പെട്ടതെന്ന് പാപ്പയുടെ ആരാധനാക്രമ ചടങ്ങുകൾക്കായുള്ള വത്തിക്കാനിലെ ഓഫീസിന്റെ നേതൃത്വം വഹിക്കുന്ന ആർച്ച്ബിഷപ്പ് ദിയേഗൊ റവേല്ലി അറിയിച്ചു.

മാർപാപ്പ എന്നാൽ, ലോകത്തിലെ ശക്തനായ ഒരു വ്യക്തി എന്നല്ല, ക്രിസ്തുവിന്റെ ശിഷ്യനും ഇടയനുമായ ഒരാളാണ് എന്ന് വ്യക്തമാക്കുന്നതിനുവേണ്ടിയുള്ള മാറ്റങ്ങളാണ് നവീകരിച്ച പതിപ്പിൽ കാണാനാകുകയെന്ന് ആർച്ച്ബിഷപ്പ് റവേല്ലി വ്യക്തമാക്കി. മുൻപുണ്ടായിരുന്നതുപോലെ, മരണമടഞ്ഞ പാപ്പ താമസിച്ചിരുന്ന സ്ഥലം, വത്തിക്കാൻ ബസിലിക്ക, മൃതസംസ്കാരം നടക്കുന്നയിടം എന്നീ മൂന്ന് സ്ഥലങ്ങളിൽ വച്ചുള്ള പ്രാർഥനകൾ നവീകരിച്ച ക്രമമനുസരിച്ചും തുടരും. എന്നാൽ, ഇവയിൽ വി. ജോൺ പോൾ രണ്ടാമൻ പാപ്പയുടെയും ബെനഡിക്ട് പതിനാറാമൻ പാപ്പയുടെയും മൃതസംസ്കാര ചടങ്ങുകളുടെകൂടി പശ്ചാത്തലത്തിൽ വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്.

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *