KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

കേരള ക്രൈസ്തവ സമൂഹത്തിന്റെ പ്രതിസന്ധികൾക്ക് പരിഹാരം ഐക്യത്തോടെയുള്ള മുന്നേറ്റം

കേരളസമൂഹത്തിന്റെ സാംസ്‌കാരിക വളർച്ചയ്ക്കും വിദ്യാഭ്യാസ ആതുരശുശ്രൂഷാ മേഖലകൾക്കും അതിരറ്റ സംഭാവനകൾ നൽകിയിട്ടുള്ള ചരിത്രമാണ് കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങൾക്കുളളത്. ഇപ്പോഴും വിവിധ മേഖലകളിൽ ക്രൈസ്തവ സഭകൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ സമാനതകളില്ലാത്തതാണ്. “ഭൂമിയുടെ ഉപ്പും ലോകത്തിന്റെ പ്രകാശവുമായി” തീരുകയെന്ന ക്രിസ്തുവിന്റെ കൽപ്പനയ്ക്കുള്ള പ്രത്യുത്തരമാണ് കേരളത്തിലെ ക്രൈസ്തവരുടെ ഇതുവരെയുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും. ഇനിയും അത് അപ്രകാരം തന്നെയായിരിക്കും. എന്നാൽ, ഇക്കാലഘട്ടത്തിൽ കേരളത്തിലെ ക്രൈസ്തവ സമൂഹം അഭിമുഖീകരിക്കുന്ന ചില പ്രതിസന്ധികളുണ്ട്. അവയെക്കുറിച്ചുള്ള ശരിയായ അവബോധം ക്രൈസ്തവർക്കുതന്നെ ഉണ്ടായിരിക്കുകയാണ് മുഖ്യമായ ആവശ്യം. അവയിൽ ഏറിയ പങ്കിന്റെയും പരിഹാരം ശരിയായ അവബോധത്തിലൂടെയും കൂട്ടായ പരിശ്രമത്തിലൂടെയും കണ്ടെത്താൻ കഴിയും. കേരളത്തിലെ ക്രൈസ്തവ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിച്ച് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി പ്രത്യേകമായി മുന്നോട്ടുവച്ചിട്ടുള്ള നിർദ്ദേശമാണ് ക്രൈസ്തവ സമൂഹങ്ങൾക്കിടയിൽ രൂപപ്പെടേണ്ട ഐക്യം.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ നിലനിൽപ്പ് കടുത്ത വെല്ലുവിളികൾ നേരിടുന്ന സാഹചര്യങ്ങൾ, അനിയന്ത്രിതമായി കുടിയേറ്റം വർധിക്കുന്ന അവസ്ഥ തുടങ്ങിയവ നിലവിൽ കുറഞ്ഞുകൊണ്ടിരിക്കുന്ന ക്രൈസ്തവ ജനസംഖ്യ വളരെവേഗം താഴാൻ ഇടയാക്കുകയും ക്രൈസ്തവർ കേരളത്തിൽ അതീവ ദുർബ്ബല വിഭാഗമായി മാറുകയും ചെയ്യും എന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. ഇത്തരമൊരു ഭീഷണി വെല്ലുവിളിയാകുന്നത് ക്രൈസ്തവ സമൂഹത്തിനു മാത്രമല്ല എന്നുള്ളതാണ് വാസ്തവം. കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ ഇടപെടലുകളെ ദുർബ്ബലപ്പെടുത്താനും ഒട്ടേറെ സ്ഥാപനങ്ങളുടെ നടത്തിപ്പുകൾ പ്രതിസന്ധിയിലാകാനും അതിടയാക്കും. കേരളത്തിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയിൽ വലിയൊരു ശതമാനവും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിർണ്ണായക പങ്കും മറ്റ് ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിലുള്ള വലിയ പങ്കാളിത്തവും കയ്യാളുന്ന ക്രൈസ്തവ സഭകൾ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് പിന്നാക്കം പോകുന്ന സാഹചര്യങ്ങൾ വലിയ സാമൂഹിക മാറ്റങ്ങൾക്കും പ്രതിസന്ധികൾക്കും വഴിയൊരുക്കുമെന്ന് തീർച്ച. അക്കാരണങ്ങളാൽ തന്നെ, ഇന്ന് കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ആശങ്കകളെക്കുറിച്ചുമുള്ള ക്രിയാത്മകമായ വിചിന്തനം നമ്മുടെ ഉത്തരവാദിത്തംകൂടിയാണ്.

കേരളത്തിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയിൽ വലിയൊരു ശതമാനവും ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയിൽ നിർണ്ണായക പങ്കും മറ്റ് ഒട്ടേറെ സാമൂഹിക പ്രവർത്തനങ്ങളിലുള്ള വലിയ പങ്കാളിത്തവും കയ്യാളുന്ന ക്രൈസ്തവ സഭകൾ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് പിന്നാക്കം പോകുന്ന സാഹചര്യങ്ങൾ വലിയ സാമൂഹിക മാറ്റങ്ങൾക്കും പ്രതിസന്ധികൾക്കും വഴിയൊരുക്കുമെന്ന് തീർച്ച.

പാരിസ്ഥിതിക പ്രതിസന്ധികൾ

കേരളത്തെ സംബന്ധിച്ച് പാരിസ്ഥിതികമായ വെല്ലുവിളികളുടെ തോത് ഏറ്റവും ഉയർന്നുനിൽക്കുന്ന കാലഘട്ടമാണിത്. കഴിഞ്ഞ ഏതാനും വർഷക്കാലത്തെ വിവിധ അനുഭവങ്ങൾ പരിഗണിച്ചാൽ, കേരളത്തിലെ ഗ്രാമീണ – കാർഷിക മേഖലകളിൽ ഏറിയപങ്കും പാരിസ്ഥിതികമായ കാരണങ്ങളാൽ അരക്ഷിതാവസ്ഥയിൽ എത്തിച്ചേർന്നിരിക്കുന്നതായി കാണാം. ആധുനിക കേരളത്തിലെ മലയോര മേഖലകളിൽ സംഭവിച്ച പ്രകൃതി ദുരന്തങ്ങളിൽ ഏറ്റവും വലുതിനാണ് ഈ വർഷം നാം സാക്ഷ്യം വഹിച്ചത്. 2018 ലെ അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിന് ശേഷം ഓരോവർഷവും കേരളത്തിലെ വിവിധ ജില്ലകളിൽ പൂർവ്വാധികം ശക്തമായ പ്രകൃതിദുരന്തങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. തീരദേശവാസികൾ സമാനമായ ദുരിതാവസ്ഥയിൽ എത്തിച്ചേർന്നിട്ട് വളരെ വർഷങ്ങളായി. വർഷംപ്രതി വർധിച്ചുകൊണ്ടിരിക്കുന്ന കടലാക്രമണങ്ങളും തീരശോഷണവും അവരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുന്നു.

പാരിസ്ഥിതിക വിഷയങ്ങൾ കേരളത്തിലെ ജനങ്ങളുടെ പൊതുവായ പ്രതിസന്ധികളാണെങ്കിലും ഇത്തരം മേഖലകളിൽ ഏറ്റവുമധികം അധിവസിക്കുന്ന ക്രൈസ്തവ വിഭാഗങ്ങളെ സംബന്ധിച്ച് അത് തനതായ അതിജീവന പ്രശ്നങ്ങൾ കൂടിയായി മാറുകയാണ്. എല്ലാത്തിനും പുറമെ, മലയോര വനാതിർത്തി പ്രദേശങ്ങളിലെ കാർഷിക മേഖലകളിൽ ഏറിയപങ്കും ക്രൈസ്തവ കുടിയേറ്റ മേഖലകൾ കൂടിയായതിനാൽ വന്യമൃഗ ശല്യവും വലിയ പ്രതിസന്ധിയായി മാറിയിരിക്കുന്നു. കാർഷികവൃത്തിയിലും ചെറുകിട വ്യാപാര വ്യവസായ മേഖലകളിലും ആയിരിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് അതിജീവിക്കാൻ കഴിയാത്ത അവസ്ഥ ഉടലെടുത്തുകഴിഞ്ഞു. ഇത്തരം കാരണങ്ങൾ പുതിയ തലമുറയുടെ വിദേശ കുടിയേറ്റത്തെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. എല്ലാവിധത്തിലുമുള്ള സുരക്ഷിതത്വക്കുറവും സാമ്പത്തിക അസ്ഥിരതയും നാട്ടിൽ തുടരുന്നവർക്ക് മുന്നോട്ടുള്ള ജീവിതത്തിൽ പ്രതിബന്ധം സൃഷ്ടിക്കുന്നു. ഇത്തരം പലവിധകാരണങ്ങളാൽ വീടും സ്വത്തും നഷ്ടപ്പെട്ട് വലിയ പ്രതിസന്ധികളിൽ കഴിയുന്ന ഒട്ടേറെ കുടുംബങ്ങളും നമുക്കിടയിലുണ്ട്. അവർക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരവും ആനുകൂല്യങ്ങളും പോലും ഇനിയും ലഭിക്കാത്ത സാഹചര്യങ്ങളും നിലനിൽകുന്നു.  

ഒരോവർഷം കഴിയുംതോറും വർധിച്ചുകൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ അത് കേരളസമൂഹത്തെ മൊത്തത്തിലും വിശിഷ്യാ ക്രൈസ്തവ സമൂഹത്തെയും വലിയ തകർച്ചയിലേക്ക് നയിക്കും. ഇവിടെ സംസ്ഥാന – കേന്ദ്ര സർക്കാരുകൾ ആത്മാർത്ഥമായ ജനപക്ഷ സമീപനങ്ങൾ സ്വീകരിക്കുകയാണ് പരമപ്രധാനമായ ആവശ്യം. തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജീവിതോപാധികളും ഭവനവും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം താമസംവിനാ ലഭ്യമാക്കാൻ നടപടികൾ ഉണ്ടാകണം. പരിസ്ഥിതി ദുരന്തങ്ങൾ വഴിയായുള്ള കൂട്ടക്കുരുതി ആവർത്തിക്കാതിരിക്കാൻ ആവശ്യമായ പഠനങ്ങൾ നടത്തി പദ്ധതികൾ ആവിഷ്കരിക്കുകയും വേണം. തീരദേശവാസികളുടെ സുരക്ഷിതത്വവും ജീവിതോപാധിയും ഉറപ്പുവരുത്താൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. വർധിച്ചുകൊണ്ടിരിക്കുന്ന വന്യമൃഗ ശല്യവും ആക്രമണങ്ങളും നിയന്ത്രിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കണം.

മലയാളികളുടെ ഉറക്കംകെടുത്തുന്ന ഇത്തരം പ്രതിസന്ധികളുടെ പരിഹാരത്തിന് സമൂഹത്തിന്റെയും സർക്കാരിന്റെയും കൂട്ടായ പരിശ്രമങ്ങൾ ആവശ്യമാണ്. സാമൂഹികവും സാമുദായികവുമായ ഐക്യം ഇത്തരംവിഷയങ്ങളുമായിബന്ധപ്പെട്ട് മലയാളികൾക്കിടയിൽ രൂപപ്പെടേണ്ടതുണ്ട്. ചില തല്പര കക്ഷികൾ പ്രചരിപ്പിക്കുന്ന തെറ്റിദ്ധാരണകളിൽ അകപ്പെട്ട് പരസ്പരം പഴിചാരുന്ന പ്രവണത അവസാനിപ്പിച്ച് കൂട്ടായ നീക്കങ്ങൾ ഉണ്ടാവുകയാണ് ആവശ്യം. പാരിസ്ഥിതികമായി സംഭവിക്കുന്ന മാറ്റങ്ങൾക്ക് ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങൾ യാതൊരുവിധത്തിലും തെറ്റുകാരാകുന്നില്ല. ചിലതൊക്കെ ആഗോള പ്രതിഭാസങ്ങളുടെ ഫലവും മറ്റു ചിലവ ശരിയായ പാരിസ്ഥിതിക ആഘാത പഠനങ്ങൾ കൂടാതെയുള്ള അശാസ്ത്രീയ നിർമിതികളുടെ ഫലവുമാണ്. അശാസ്ത്രീയ നിർമ്മിതികൾക്കും അനിയന്ത്രിത ഖനങ്ങൾക്കും സർക്കാരും വൻകിട കമ്പനികളും ഉത്തരവാദികളാണ്. അതിനാൽത്തന്നെ ഇത്തരം പ്രതിസന്ധികൾ സാധാരണക്കാരായ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുന്ന സാഹചര്യം ഉടലെടുക്കാൻ പാടുള്ളതല്ല. ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരുവിധത്തിൽ കേരളത്തിലെ എല്ലാ ജനങ്ങളെയും ഈ പ്രതിസന്ധികൾ ഇന്നല്ലെങ്കിൽ നാളെ ഗുരുതരമായി ബാധിക്കും എന്നതിനാൽ, പരസ്പര സഹകരണത്തോടെയും സഹോദര്യത്തോടെയും നീങ്ങാൻ മലയാളികൾക്ക് കഴിയേണ്ടതുണ്ട്. ഈ വിഷയത്തിൽ കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഐക്യത്തോടെയുള്ള നീക്കങ്ങളും ആവശ്യമാണ്.

വിദ്യാഭ്യാസ ആരോഗ്യ മേഖലകൾ

വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലെ നിർണ്ണായകമായ ഇടപെടലുകളാണ് കേരളത്തിലെ ക്രൈസ്തവ സഭകളുടെ സാമൂഹിക പ്രവർത്തന ചരിത്രത്തിന്റെ കാതൽ. സ്വാതന്ത്ര്യം ലഭിക്കുന്നതിന് ദശകങ്ങൾക്ക് മുമ്പ് മുതൽ ഈ മേഖലകളിൽ മിഷനറിമാരും തദ്ദേശീയ സഭാസമൂഹങ്ങളും നടത്തിയിട്ടുള്ള ഇടപെടലുകൾ സമാനതകളില്ലാത്തതാണ്. മറ്റു സമൂഹങ്ങളും സർക്കാരുംപോലും പിൽക്കാലത്ത് മാതൃകയാക്കിയതും പിന്തുടർന്നതും അവയെയാണ്. ഇന്നും ഇത്തരം മേഖലകളിൽ ക്രൈസ്തവ സമൂഹങ്ങൾ നടത്തിവരുന്ന പ്രവർത്തനങ്ങൾ അവഗണിക്കാനാവാത്തവയാണ്. തികഞ്ഞ സാമൂഹികപ്രതിബദ്ധതയോടെ വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ നേതൃത്വത്തിൽ വിശിഷ്യാ കാതോലിക്കാ സഭയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നൂറുകണക്കിന് സ്ഥാപനങ്ങൾ കേരളത്തിന്റെ മുക്കിലും മൂലയിലുമുണ്ട്. പ്രത്യക്ഷമായോ പരോക്ഷമായോ ഇത്തരം സ്ഥാപനങ്ങളുടെ സേവനങ്ങൾ സ്വീകരിക്കാത്ത മലയാളികളുണ്ടാകില്ല. ഇന്നത്തെ സാഹചര്യത്തിൽ സർക്കാർ കഴിഞ്ഞാൽ ഈ മേഖലകളിൽ ഏറ്റവുമധികം സേവനങ്ങൾ സമൂഹത്തിന് നൽകിക്കൊണ്ടിരിക്കുന്ന അതിബൃഹത്തായ ഒരു നെറ്റുവർക്കാണ് ക്രൈസ്തവർക്കുള്ളത് എന്നുപറയാം. എന്നാൽ ഈ മേഖലയിൽ വളരെയേറെ പ്രതിസന്ധികൾ സ്ഥാപന നേതൃത്വങ്ങളും സഭാനേതൃത്വങ്ങളും അഭിമുഖീകരിക്കുന്നുണ്ട്.

കത്തോലിക്കാ സഭയ്ക്ക് മാത്രമായി ചെറുതും വലുതുമായി അഞ്ഞൂറോളം ആശുപത്രികളാണ് കേരളത്തിലുള്ളത്. പതിനയ്യായിരത്തില്പരം പേരെ കിടത്തി ചികിൽസിക്കാനുള്ള സൗകര്യം ഈ ആശുപത്രികളിലുണ്ട്. ലക്ഷക്കണക്കിന് പേർ പ്രതിദിനം ഈ ആശുപത്രികളുടെ സേവനം തേടുന്നു. മറ്റു ക്രൈസ്തവ വിഭാഗങ്ങളുടെ ആശുപത്രികൾ കൂടി കൂട്ടിയാൽ കണക്കുകൾ ഇനിയും ഉയരും. അനാഥാലയങ്ങളും വൃദ്ധസദനങ്ങളും മനസികരോഗികൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടിയുള്ള ഭവനങ്ങളുമായി ഓർഫനേജ് കൺട്രോൾ ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള 1800 ൽപ്പരം സ്ഥാപനങ്ങളിൽ ഭൂരിപക്ഷവും ക്രൈസ്തവ സ്ഥാപനങ്ങളാണ്. ഒരുലക്ഷത്തിലേറെപ്പേർ അത്തരം സ്ഥാപനങ്ങളിൽ സ്ഥിരം അന്തേവാസികളായി കഴിയുന്നുണ്ട്.

മേൽപ്പറഞ്ഞ സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും ലാഭം ലക്ഷ്യമാക്കി പ്രവർത്തിക്കുന്നവയല്ല. പ്രവർത്തന ചെലവിനുള്ള പണം കണ്ടെത്തുകയെന്നത് ദുഷ്കരമായിട്ടും പിന്നാക്കം പോകാതെ ജാതിമത ഭേദമന്യേ അർഹരായ സകലർക്കും സേവനം നൽകാൻ സന്നദ്ധമായ സ്ഥാപനങ്ങളാണ് അവ. ഈ പ്രവർത്തനമേഖലകളിലുള്ള നിയോഗം തിരിച്ചറിഞ്ഞുള്ള ക്രൈസ്തവ സമൂഹത്തിന്റെ നിർണ്ണായകമായ ഇടപെടലുകളാണ് കാലങ്ങളായി സമൂഹത്തിൽ കണ്ടുകൊണ്ടിരിക്കുന്നത്. വളരെ മാതൃകാപരമായും സമാനതകളില്ലാത്ത രീതിയിലും നടന്നുവരുന്ന ഇത്തരം നൂറുകണക്കിന് സ്ഥാപനങ്ങൾക്ക് പിന്നിൽ ക്രൈസ്തവ സന്യാസിനിമാരുടെയും സന്യാസ സമൂഹങ്ങളുടെയും സഭാനേതൃത്വങ്ങളുടെയും സമർപ്പണമാണുള്ളത്. ഒരുപക്ഷെ മറ്റാർക്കും ചെയ്യാൻ കഴിയാത്ത സേവനമാണ് സമർപ്പിത സമൂഹം ഈ രംഗത്ത് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ശരിയായ രീതിയിലുള്ള സമീപനം പലപ്പോഴും ഉണ്ടാകാതെ പോകുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയുയർത്തുന്നുണ്ട്.

ടാക്സ്,  വൈദ്യുതി ബിൽ  തുടങ്ങിയവയിൽ അർഹതപ്പെട്ട ഇളവുകൾ അനുവദിക്കാത്തതും പാലിയേറ്റിവ് കിറ്റുകൾ, ക്ഷേമ പദ്ധതികൾ തുടങ്ങിയവയിൽ ഇത്തരം ആശുപ്രതികളെ ഉൾപ്പെടുത്താത്താത്തതും വലിയ സാമ്പത്തിക ബാധ്യതയ്ക്ക് വഴിയൊരുക്കുന്നു. പൊള്യൂഷൻ കൺട്രോൾ ബോർഡ് ലൈസൻസ് ഫീ പോലുള്ള മറ്റു പലകാര്യങ്ങളിലും അശാസ്ത്രീയമായതും സൗഹാർദ്ദമില്ലാത്തതുമായ സമീപനം സർക്കാർ തുടരുന്നതിനാൽ അതും ലക്ഷക്കണക്കിന് രൂപ അധിക ബാധ്യതയ്ക്ക് വഴിയൊരുക്കുന്നു. അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും അധിവസിക്കുന്നവർക്കുള്ള ക്ഷേമപെൻഷൻ നിർത്തലാക്കിയതും അത്തരം സ്ഥാപനങ്ങളിൽ വലിയൊരുപങ്കിനും അർഹമായ ഗ്രാന്റ് നൽകാത്തതും റേഷൻ വിതരണം പോലും പലപ്പോഴും തടസപ്പെടുന്നതും വലിയ പ്രതിസന്ധികളാണ്. കേരളത്തിലെ തെരുവുകളിൽ അലഞ്ഞു തിരിഞ്ഞു നടക്കുമായിരുന്ന പതിനായിരക്കണക്കിന് പേരെയും അവശരും ആലംബഹീനരുമായവരെയും ഏറ്റെടുത്ത് സംരക്ഷിക്കുന്ന ഇത്തരം സ്ഥാപനങ്ങളോടുള്ള സർക്കാരിന്റെ പ്രതിബദ്ധത ഒരിക്കലും പ്രകടിപ്പിക്കപ്പെടുന്നില്ല എന്നുമാത്രമല്ല, സമാനതകളില്ലാത്ത അവഗണനകളാണ് തുടരുന്നത്.

വിദ്യാഭ്യാസ മേഖലയിലെ ക്രൈസ്തവ സമൂഹത്തിന്റെ ഇടപെടലുകൾ വളരെ നിർണ്ണായകമെങ്കിലും അവിടെയും കടുത്ത അവഗണനയാണ് പലപ്പോഴും കണ്ടുവരുന്നത്. കേരളത്തിൽ സ്‌കൂൾ തലത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികളിൽ എഴുപത് ശതമാനത്തിനടുത്ത് ആശ്രയിക്കുന്നത് എയ്ഡഡ്,  അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയാണ്. മൂവായിരത്തിലേറെ സ്‌കൂളുകളും 208 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് കത്തോലിക്കാ സഭയ്ക്ക് കേരളത്തിലുള്ളത്. എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച് ശമ്പളം മാത്രമാണ് സർക്കാർ നൽകുക. മറ്റുള്ള യാതൊരുവിധത്തിലുള്ള ആനുകൂല്യങ്ങളോ പരിഗണനയോ പലപ്പോഴും എയ്ഡഡ് സ്‌കൂളുകൾക്ക് ലഭിക്കാറില്ല. ബജറ്റിൽ വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കാറുള്ള പണം ചെറിയ ശതമാനം വരുന്ന സർക്കാർ വിദ്യാലയങ്ങൾക്കായാണ് ചെലവഴിക്കപ്പെടാറുള്ളത്. സർക്കാരിന്റെ നയരൂപീകരണങ്ങളിൽ പോലും ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ദോഷകരമായ രീതിയിലുള്ള നിലപാടുകളാണ്  പലപ്പോഴും സ്വീകരിക്കപ്പെടാറുള്ളത്. കോളേജുകളെ സംബന്ധിച്ച് അവയുടെ അഫിലിയേഷൻ സ്ഥിരപ്പെടുത്താൻ വിസമ്മതിക്കുന്നതും പുതിയ കോഴ്‌സുകൾക്ക് അനുമതി നൽകാത്തതും പ്രതിസന്ധികളായി മാറാറുണ്ട്. ധാരാളം വിദ്യാർഥികൾ ആഗ്രഹിക്കുന്ന കോഴ്‌സുകൾ പലതുണ്ടെങ്കിലും അത്തരം കോഴ്‌സുകൾക്ക് അനുമതി ലഭിക്കാൻ വലിയ തടസങ്ങൾ നിലനിൽക്കുന്നുണ്ട്. മാന്യമായ രീതിയിൽ ശമ്പളം നൽകാൻ മാനേജ്‌മെന്റുകൾക്ക് കഴിയുന്ന വിധത്തിൽ അൺഎയ്ഡഡ് കോഴ്‌സുകളിൽ ഫീസ് വർധന വരുത്താനുള്ള അപേക്ഷകളും സർക്കാർ ചെവിക്കൊണ്ടിട്ടില്ല.

മൂവായിരത്തിലേറെ സ്‌കൂളുകളും 208 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് കത്തോലിക്കാ സഭയ്ക്ക് കേരളത്തിലുള്ളത്. എയ്ഡഡ് സ്‌കൂളുകളെ സംബന്ധിച്ച് ശമ്പളം മാത്രമാണ് സർക്കാർ നൽകുക. മറ്റുള്ള യാതൊരുവിധത്തിലുള്ള ആനുകൂല്യങ്ങളോ പരിഗണനയോ പലപ്പോഴും എയ്ഡഡ് സ്‌കൂളുകൾക്ക് ലഭിക്കാറില്ല.

ഇത്തരത്തിൽ കേരളത്തിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നിർണ്ണായക ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന വലിയൊരു ശതമാനം സ്ഥാപനങ്ങൾ വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്നു. അനുകൂലമായ നിലപാടുകൾ സർക്കാർ സ്വീകരിക്കുന്ന പക്ഷം ഒട്ടേറെ സ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് അത് സഹായകമാകും. ഇപ്രകാരം തുടരുന്ന പക്ഷം ഒട്ടേറെ സ്ഥാപനങ്ങൾ അടച്ചുപൂട്ടപ്പെട്ടേക്കാം. സർക്കാരിൽനിന്നുള്ള സാമ്പത്തിക സഹായങ്ങളേക്കാളുപരി സുഗമമായ നടത്തിപ്പിനുള്ള നയരൂപീകരണങ്ങളും സഹകരണങ്ങളും ഉണ്ടായിരിക്കുകയാണ്. അർഹിക്കുന്ന ഇളവുകളിൽനിന്ന് മാറ്റിനിർത്തപ്പെടുന്നതും സാമ്പത്തിക ബാധ്യത ഉയർത്തുന്ന നീക്കങ്ങളും തിരുത്തപ്പെടേണ്ടതുണ്ട്. ഈ മേഖലകളിൽ അനുകൂലമായ സർക്കാർ നിലപാടുകൾ ഉണ്ടാകുന്നതിന് ക്രൈസ്തവ വിഭാഗങ്ങൾക്കിടയിലുള്ള ഐക്യം ഗുണകരമാണ്. ഇതുപോലുള്ള ആയിരക്കണക്കിന് സ്ഥാപനങ്ങളുടെ നിലനിൽപ്പ് സമൂഹത്തിന്റെ സുസ്ഥിതിക്ക് അത്യന്താപേക്ഷിതമാണെന്ന ബോധ്യം പൊതുസമൂഹത്തിനും ജനപ്രതിനിധികൾക്കും ഉണ്ടാകേണ്ടതുമുണ്ട്.        

ഐക്യത്തെക്കുറിച്ചുള്ള അവബോധം

കേരളത്തിലെ ക്രൈസ്തവ ജനത അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ മേൽപ്പറഞ്ഞ രണ്ടുതലങ്ങളിൽ ഒതുങ്ങുന്നവയല്ല. വളരെ പ്രത്യക്ഷമായതും പ്രധാനമായതുമായ രണ്ടുവശങ്ങൾ മാത്രമാണ് സൂചിപ്പിച്ചത്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ അതിജീവന പ്രശ്നങ്ങളും സഭാസമൂഹങ്ങളുടെ സാമൂഹിക ഇടപെടലുകളുടെ മേഖലയിലെ പ്രതിസന്ധികളും ഈ സമൂഹത്തിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ ചോദ്യങ്ങൾ ഉയർത്തുന്നവയാണ്. കേരളത്തിൽ ജീവിക്കാനും നിലനിൽക്കാനും കഴിയില്ല എന്ന ചിന്ത അനേകരെ അന്യനാടുകളിലേയ്ക്ക് ചേക്കേറാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ, നാം ഇവിടെ നിലനിൽക്കേണ്ടവരും ഈ മണ്ണിന്റെ അവിഭാജ്യ ഘടകവുമാണെന്ന ബോധ്യത്തിലേയ്ക്ക് നാം വളരേണ്ടതുണ്ട്. അതിനാണ് ഐക്യത്തെക്കുറിച്ചുള്ള അവബോധം നമുക്കിടയിൽ രൂപപ്പെടേണ്ടത്. ഈ മണ്ണിൽ നാം തുടരേണ്ടത് ഈ ദേശത്തിന്റെകൂടി ആവശ്യമാണെന്ന ബോധ്യത്തിൽ വളരാൻ വരും തലമുറകൾക്ക് സാധിച്ചാൽ, മറ്റു പ്രതിസന്ധികളെയും അതിജീവിക്കാൻ നമുക്ക് സാധിക്കും.

കേരളത്തിൽ ജീവിക്കാനും നിലനിൽക്കാനും കഴിയില്ല എന്ന ചിന്ത അനേകരെ അന്യനാടുകളിലേയ്ക്ക് ചേക്കേറാൻ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ, നാം ഇവിടെ നിലനിൽക്കേണ്ടവരും ഈ മണ്ണിന്റെ അവിഭാജ്യ ഘടകവുമാണെന്ന ബോധ്യത്തിലേയ്ക്ക് നാം വളരേണ്ടതുണ്ട്. അതിനാണ് ഐക്യത്തെക്കുറിച്ചുള്ള അവബോധം നമുക്കിടയിൽ രൂപപ്പെടേണ്ടത്.

ഒരുമിച്ചുള്ള മുന്നേറ്റം ഒട്ടേറെ പ്രതിസന്ധികളുടെ പരിഹാരത്തിനുള്ള ആദ്യപടിയാണ്. വിഭാഗീയ ചിന്തകൾക്കും അനാവശ്യ തർക്കങ്ങൾക്കും ഇട നൽകാതെയും നിലവിലുള്ള അത്തരം സാഹചര്യങ്ങളെ തുടച്ചുനീക്കിയും ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയൊരുക്കുകയാണ് ആദ്യപടി. ‘പരിഹാരങ്ങളില്ലാത്ത പ്രതിസന്ധികളോ, ഉത്തരമില്ലാത്ത ചോദ്യങ്ങളോ ഇല്ല’ എന്ന യാഥാർഥ്യം ഉൾക്കൊണ്ടുകൊണ്ട് ദൈവാശ്രയബോധത്തോടെ മുന്നോട്ടുപോയാൽ ഇക്കാലഘട്ടത്തിൽ നമ്മെ അസ്വസ്ഥതപ്പെടുത്തുന്ന എല്ലാ പ്രതിസന്ധികൾക്കും പരിഹാരം സുനിശ്ചിതം

Jagratha Commission

http://kcbcjagratha.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *