വയനാട് മറ്റൊരു സുന്ദർബൻസ് ആകുമോ?
ഡോ. അഞ്ജു ലിസ് കുര്യൻ
വന്യജീവി ആക്രമണം മൂലമുള്ള മരണങ്ങൾ കേരളത്തിൽ പതിവാകുന്ന ദയനീയ കാഴ്ചയാണ് കാണുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വന്യജീവി ആക്രമണം ഒരു സാമൂഹിക പ്രശ്നമായി മാറുകയാണ്. ഇന്ത്യപോലെയുള്ള മൂന്നാം ലോക രാജ്യങ്ങളിൽ മനുഷ്യജീവനേക്കാൾ വിലയും കരുതലും പലപ്പോഴും വന്യജീവികൾക്ക് ലഭിക്കുന്നു എന്നതാണ് യാഥാർഥ്യം.
നിലവിൽ സംസ്ഥാന വനം-വന്യജീവി വകുപ്പ് പുറത്തിറക്കിയ 2021-22 വർഷത്തെ ഫോറസ്റ്റ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം കേരളത്തിൽ 213 കടുവകൾ ഉണ്ടെന്നാണ് സൂചിപ്പിക്കുന്നത്. വെറും 38,863 ചതുരശ്ര കീലോമീറ്റർ മാത്രമുള്ള കേരളത്തിന് താങ്ങാവുന്ന എണ്ണമാണോ ഇതെന്ന് വേണ്ടപ്പെട്ടവർ ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു. 2002ൽ 71 ആയിരുന്ന കടുവകൾ 2022ൽ 213 ആയി വർധിച്ചതോടെ അവ കൃഷിയിടങ്ങളെയും പട്ടണങ്ങളെയുംവരെ ആവാസമേഖലയാക്കുകയാണ്.
സുന്ദർബൻസിലെ കടുവാ വിധവകൾ
ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിലാണ് സുന്ദർബൻസ് കണ്ടൽ വനം. അവിടെ കുറഞ്ഞത് 100 ബംഗാൾ കടുവകളെങ്കിലുമുണ്ടാകും. അവയിലേറെയും നരഭോജികളുമാണ്. വനത്തിന്റെ പരിസരങ്ങളിൽ ജീവിക്കുന്ന ആളുകൾ പ്രധാനമായി ആശ്രയിക്കുന്നതും ആ കാടുകളെ തന്നെയാണ്. അതുകൊണ്ടുതന്നെ ആളുകളെ സംബന്ധിച്ചിടത്തോളം ഓരോ ദിവസവും അതിജീവനത്തിന്റെ നീണ്ട പോരാട്ടമാണ്. എപ്പോൾ വേണമെങ്കിലും കടുവകളാൽ ആക്രമിക്കപ്പെടാം എന്ന പൂർണ ബോധ്യത്തോടെയാണ് അവർ ജീവിക്കുന്നത്.
വയനാട്ടിലേതുപോലെതന്നെ പലപ്പോഴും ഇര തേടി കടുവകൾ സുന്ദർബൻസ് ഗ്രാമങ്ങളിലേക്ക് കടക്കുന്നു. ഇത് കടുവകളാൽ ആക്രമിക്കപ്പെടുന്ന ആളുകളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാക്കുന്നു. 2001നും 2011നും ഇടയിൽ ഒരു ജില്ലയിലെ 50 ഗ്രാമങ്ങളിലായി 519 പേർ കടുവ ആക്രമണത്തിൽ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നത്, എന്നാൽ യഥാർഥകണക്ക് ഇതിലും കൂടും.
കടുവകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പുരുഷന്മാരുടെ ആയിരക്കണക്കിന് വിധവകളാണ് സുന്ദർബൻസിലുള്ളത്. അവരെ കടുവാ വിധവകൾ (ടൈഗർ വിഡോസ്) എന്നാണ് വിശേഷിപ്പി ക്കുന്നത്. ഭർത്താവിന്റെ മരണത്തിന് അവരാണ് കാരണക്കാരെന്ന് കണക്കാക്കി സമൂഹം വിധവകളെ ഭാഗ്യം കെട്ടവരും ദുഃശകുനവുമായി കണക്കാക്കുന്നു.
പ്രായമായ വിധവകളെ അവരുടെ മുതിർന്ന ആൺമക്കൾ പലപ്പോഴും ഉപേക്ഷിക്കുന്നു. ചെറുപ്പത്തിൽത്തന്നെ വിധവകളായ സ്ത്രീകൾ, കുട്ടികളോടൊപ്പം സമൂഹത്തിൽ ഒറ്റപ്പെട്ട് കഴിയുന്നു. അവർ കാരണമാണ് ഭർത്താക്കന്മാർക്ക് ഈ ഗതി വന്നതെന്ന് സമൂഹം ചിന്തിക്കുന്നു. അതിനെ തുടർന്ന്, അവർ സമൂഹത്തിന് മുന്നിൽ ഒറ്റപ്പെട്ടവരായി മാറുന്നു. നിലവിലെ കണക്കുകൾ അനുസരിച്ചു മുവായിരത്തോളം കടുവാ വിധവകൾ സുന്ദർബൻസിൽ ഉണ്ടെന്നാണ് കണക്കുകൾ. പ്രതിവർഷം നൂറോളം പുതിയ കടുവാ വിധവകൾ ഉണ്ടാകുന്നുവെന്നും പഠനങ്ങൾ പറയുന്നു.
സുന്ദർബൻസിൽ മുക്കുവരാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. വനത്തിനകത്തു വച്ചാണ് ആക്രമണമെങ്കിൽ നഷ്ടപരിഹാരം ലഭിക്കില്ല. വയനാട്ടിലും ഇടുക്കിയിലും തോട്ടം മേഖലയിലാണ് സ്ഥിതി രൂക്ഷം. കാർഷികവൃത്തിയിൽ ഏർപ്പെടുന്നവരാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്.
വെറും 344.53 ചതുരശ്ര കീലോമീറ്ററാണ് വയനാട് വന്യജീവി സങ്കേതത്തിന്റെ വിസ്തൃതി. പശ്ചിമഘട്ട മലനിരകൾ, നീലഗിരി കുന്നുകൾ, ഡെക്കാൻ പീഠഭൂമി എന്നിങ്ങനെ ജൈവശാസ്ത്രപരമായി വ്യത്യസ്തമായ മൂന്ന് പ്രദേശങ്ങളുടെ സംഗമസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന വയനാട് പ്രദേശം കൂടുതലും സ്ഥിതിചെയ്യുന്നത് കേരളത്തിലാണ്. ബാക്കി ഭാഗങ്ങൾ അയൽസംസ്ഥാനങ്ങളായ കർണാടകയിലും തമിഴ്നാട്ടിലുമാണ്.
2014ൽ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടും വനം വകുപ്പും ചേർന്ന് വയനാട് വന്യജീവി സങ്കേതത്തിൽ നടത്തിയ പഠനത്തിൽ 75 വലിയ കടുവകളെയും മൂന്നു കുഞ്ഞുങ്ങളെയും കണ്ടെത്തിയിരുന്നു. അതായത് 2014ൽ ഒരു കടുവയ്ക്ക് 4.46 ചതുരശ്ര കിലോമീറ്റർ മാത്രമാണ് ഉണ്ടായിരുന്നത്.
ഒരു കടുവയ്ക്ക് സ്വന്തം ടെറിട്ടറി (ഹോം റേഞ്ച്) ആയി വേണ്ട സ്ഥലം ആൺകടുവയ്ക്ക് 70-150 ചതുരശ്ര കിലോമീറ്ററും പെൺകടുവയ്ക്ക് 20-60 ചതുരശ്ര കീലോമീറ്ററുമാണ്. വയനാട്ടിലെ കടുവാ ഹോം റേഞ്ച് കണക്കുകൾ പട്ടിക ഒന്നിൽ കൊടുത്തിരിക്കുന്നു. വയനാട് കടുവാസങ്കേതമല്ല എന്നതും ശ്രദ്ധിക്കണം.
എണ്ണത്തിനനുസരിച്ച് വനവിസ്തൃതിയില്ല
വയനാട്ടിലെ കടുവാ ആക്രമണങ്ങൾക്കു പിന്നിലെ യഥാർഥ കാരണം കടുവകളുടെ എണ്ണത്തിനനുസരിച്ച് വനവിസ്തൃതിയില്ല എന്നതുതന്നെയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. വനത്തിൽ ഉൾക്കൊള്ളാൻ കഴിയാവുന്നതിലധികം വന്യജീവികൾ ഉണ്ടെന്നും നമ്മുടെ കാടുകളിൽ ഇരയും ഇരപിടിയരും തമ്മിലുള്ള സന്തുലിതാവസ്ഥ പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നുവെന്നും മനസിലാക്കാം. അതിനാൽ വികസിത രാജ്യങ്ങളിൽ ചെയ്യുന്നതുപോലെ വനത്തിന്റെ വാഹകശേഷി കണ്ടെത്തി കൂടുതലുള്ള മൃഗങ്ങളെ പുനരധിവസിപ്പിക്കുകയോ കൊല്ലുകയോ ചെയ്യുന്ന രീതി പിന്തുടരേണ്ടത് ആവശ്യമായി മാറിയിരിക്കുന്നു.
പ്രകൃതിയുടെ ആവാസവ്യവസ്ഥയും താളവും നിലനിർത്താൻ ഇതു കൂടിയേ തീരൂ. ഇതെല്ലാം സൂചിപ്പിക്കുന്നത് സുന്ദർബൻസിൽനിന്ന് വയനാട്ടിലേക്കുള്ള ദൂരം തീർത്തും കുറവാണെന്നതാണ്. നമുക്ക് താത്പര്യമില്ലെങ്കിലും കടുവാ വിധവകൾ സുന്ദർബൻസിലേപ്പോലെ വയനാട്ടിലും ഉണ്ടാകും എന്നത് നിസ്തർക്കമായ കാര്യമാണ്.
വയനാടൻ കാടുകളിൽ ഇരയും ഇര പിടിയരും തമ്മിലുള്ള സന്തുലിതാവസ്ഥ പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നതിനാൽ ശാസ്ത്രീയമായി വാഹകശേഷി പഠനങ്ങൾ നടത്തി എണ്ണം ക്രമീകരിക്കുന്നതിന് അടിയന്തര പരിഗണന നൽകണം.
അല്ലെങ്കിൽ തെലുങ്കാനയിലെ ഏലൂർ നഗരം വന്യജീവി സങ്കേതത്തിലും മഹാരാഷ്ട്രയിലെ സഹ്യാദ്രി കടുവാസങ്കേതത്തിലും കർണാടകയിലെ കാളി കടുവാസങ്കേതത്തിലും ജാർഖണ്ഡിലെ പലാമു കടുവാസങ്കേതത്തിലും കിലോമീറ്ററുകൾ ദൂരത്തുള്ള മറ്റു വന്യജീവി സങ്കേതങ്ങളിൽനിന്ന് മാൻ, മ്ലാവ്, കേഴ മുതലായ ഇരകളെ പിടിച്ചു വാഹനത്തിൽ കയറ്റിക്കൊണ്ടുവന്നു ഭക്ഷണമായി കൊടുക്കേണ്ട അവസ്ഥ കേരളത്തിലും പ്രത്യേകിച്ച് വയനാട്ടിൽ സംജാതമാകും.
കടപ്പാട്: ദീപിക