യുജിസി കരടു ചട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നത്
ഡോ. റൂബിൾ രാജ് (മുൻ പ്രിൻസിപ്പൽ മരിയൻ കോളജ്, കുട്ടിക്കാനം)
“ഒരു തലമുറയുടെ വിദ്യാഭ്യാസംകൊണ്ട് കളിക്കുന്പോൾ നിങ്ങൾ തകർക്കുന്നത് വരാനിരിക്കുന്ന ഒരുപാട് തലമുറകളെയാണ്” – ഡോ. രാധാകൃഷ്ണൻ
എൻഇപി 2020ന്റെ ചുവടുപിടിച്ച് ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ കേന്ദ്രസർക്കാർ പ്രകടിപ്പിക്കുന്ന താത്പര്യം ശ്ലാഘനീയമാണ്. വിദ്യാഭ്യാസരംഗം ഗൗരവതരമായ പഠനത്തിനും വിശകലനത്തിനും പരിഷ്കാരങ്ങൾക്കും വിധേയമാകുന്നു എന്നതും അഭിനന്ദനാർഹമാണ്. ഗുണനിലവാരമില്ലായ്മ ഒരു കാരണമായി കണ്ടെത്തി വിദേശരാജ്യങ്ങളിൽ ഉന്നതപഠനത്തിനായി വർഷം തോറും ചേക്കേറുന്ന 13.24 ലക്ഷം (2023) വിദ്യാർഥികളുടെ ഒഴുക്കു തടയാൻ, ഇത്തരം ക്രിയാത്മക ഇടപെടലുകൾ ആവശ്യവുമാണ്.
പക്ഷേ, ഒരു പുതിയ ചട്ടമോ, നിയമമോ നടപ്പാക്കുന്പോൾ അത് ഭരണഘടനാവിരുദ്ധവും ആ പരമോന്നത നിയമഗ്രന്ഥത്തിന്റെ ചൈതന്യത്തിനു നിരക്കാത്തതുമാകാൻ പാടില്ല. ഭരണഘടന അനുശാസിക്കുന്ന ഭരണസംവിധാനങ്ങളെ തമസ്കരിച്ചുകൊണ്ടുമാകരുത് പുതിയ നിയമങ്ങൾ. ഭരണഘടന നൽകുന്ന പ്രത്യേക സംരക്ഷണമുള്ളവരുടെ നിയമപരമായ താത്പര്യങ്ങൾ സംരക്ഷിക്കാതെയുമാകരുത് പരിഷ്കാരങ്ങൾ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഈ മാസം ആറിന് പുറത്തിറക്കിയ യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ (യുജിസി) ചട്ടങ്ങൾ പരിഷ്കരിക്കാനുള്ള കരട് നിർദേശങ്ങൾ ഈ സാഹചര്യത്തിലാണ് വിലയിരുത്തപ്പെടുന്നത്.
കരട് ചട്ടവും ഫെഡറലിസവും
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് ഒരു ഫെഡറൽ സംവിധാനമാണ്. ഇന്ത്യാ മഹാരാജ്യത്തിന്റെ വലുപ്പവും സാമൂഹ്യ സാസ്കാരിക വൈവിധ്യവും കൊണ്ടാണ് ഭരണഘടനാ നിർമാതാക്കൾ ഫെഡറൽ സംവിധാനം നിഷ്കർഷിച്ചത്. ഒരു ഫെഡറൽ ഗവണ്മെന്റിൽ, അധികാരങ്ങൾ ഭരണഘടനാപരമായി കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വീതിച്ചു നൽകിയിരിക്കുകയാണ്. രണ്ടു കൂട്ടർക്കും അവരുടെ നിയമപരിധിയിൽനിന്നുകൊണ്ട് സ്വതന്ത്രമായി പ്രവർത്തിക്കാം. ഫെഡറലിസത്തിന്റെ ഭാഗമായി യൂണിയൻ ലിസ്റ്റ്, സ്റ്റേറ്റ് ലിസ്റ്റ്, കൺകറന്റ് ലിസ്റ്റ് എന്നിങ്ങനെ നിയമനിർമാണ അധികാരങ്ങൾ ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി സംരക്ഷിച്ചുവരുന്നു.
ഭരണഘടനയുടെ ആരംഭകാലത്ത് വിദ്യാഭ്യാസം സ്റ്റേറ്റ് ലിസ്റ്റിന്റെ ഭാഗമായിരുന്നു. എന്നാൽ 1976ലെ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെ “വിദ്യാഭ്യാസം’ അടക്കം അഞ്ചു വിഷയങ്ങൾ സ്റ്റേറ്റ് ലിസ്റ്റിൽനിന്ന് കൺകറന്റ് ലിസ്റ്റിലേക്ക് മാറ്റി. അതുവഴി പ്രസ്തുത വിഷയം സംബന്ധിച്ച നിയമനിർമാണ അധികാരം കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കുമായി വീതിച്ചുനൽകി. എന്നാൽ, കൺകറന്റ് ലിസ്റ്റിലെ ഒരു വിഷയം സംബന്ധിച്ച് കേന്ദ്രത്തിന്റെ നിയമനിർമാണവും സംസ്ഥാനത്തിന്റെ നിയമനിർമാണവും തമ്മിൽ സംഘർഷം ഉണ്ടായാൽ കേന്ദ്രനിയമമാണ് നിലനിൽക്കുക എന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതുകൊണ്ട്, വൈസ് ചാൻസലർ, പ്രിൻസിപ്പൽ, പ്രഫസർമാർ എന്നിവരുടെ നിയമനവും പ്രമോഷനും സംബന്ധിച്ച് സംസ്ഥാന സർക്കാർ നിയമനിർമാണം നടത്തിയാലും അത് ഭരണഘടനാപരമായി നിലനിൽക്കില്ല.
വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിലുള്ള വിഷയമായതുകൊണ്ട്, സംസ്ഥാനങ്ങളുടെ താത്പര്യവും അഭിപ്രായവും അറിഞ്ഞുകൊണ്ടു വേണം ഗുണമേന്മാ മാനദണ്ഡങ്ങൾ ആവിഷ്കരിക്കാൻ. അല്ലെങ്കിൽ യുജിസിയുടെ സമീപനം ഏകപക്ഷീയവും ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് പറയേണ്ടിവരും. മക്കളെ വളർത്തൽ അമ്മയുടെ മാത്രം ഉത്തരവാദിത്വമല്ലാത്തതുപോലെ വിദ്യാഭ്യാസ ഗുണനിലവാര വർധന കേന്ദ്രത്തിന്റെ മാത്രം പരിഗണന ആകേണ്ട വിഷയമല്ല. പുതിയ കരട് ചട്ടങ്ങൾ വഴി ശന്പളം നൽകുന്ന ഒരു സ്ഥാപനം മാത്രമായി സംസ്ഥാന സർക്കാർ തരംതാണിരിക്കുന്നു.
കരടുചട്ടവും വൈസ് ചാൻസലർ നിയമനവും
2018ലെ യുജിസി നിയമമാണ് നിലവിൽ വൈസ് ചാൻസലർ നിയമത്തിന് ബാധകമായിട്ടുള്ളത്. അത് അസ്ഥിരപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് വൈസ് ചാൻസലർ നിയമനത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒരു മുൻകൈയുണ്ട്. മാറിമാറി വരുന്ന സർക്കാരുകൾ അത് വിദഗ്ധമായി ഉപയോഗിക്കുന്നുമുണ്ട്.
എന്നാൽ, 2025ലെ കരടു നിയമം വൈസ് ചാൻസലർ നിയമനത്തിലെ സംസ്ഥാന സർക്കാരിന്റെ പങ്ക് പൂർണമായും ഇല്ലാതാക്കിയിരിക്കുന്നു. ഇനി കളിക്കളത്തിൽ കേന്ദ്രസർക്കാർ മാത്രമേയുള്ളൂ. അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും മാത്രമാകും അവർ നിയമിച്ച ചാൻസലർ-ഗവർണർ വഴി നടപ്പാക്കുക.
വൈസ് ചാൻസലറുടെ യോഗ്യതയെക്കുറിച്ച് വലിയ കാര്യങ്ങളാണ് കരട് നിയമത്തിലുള്ളത്. ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ള പ്രഗത്ഭനായിരിക്കണം, ഭരണത്തിൽ നേതൃപാടവം തെളിയിച്ചിരിക്കണം, ഭരണഘടനാ മൂല്യങ്ങളോട് കൂറ് വേണം, സാമൂഹ്യ പ്രതിബദ്ധതയും സംഘബോധവുമുണ്ടാകണം, വൈവിധ്യങ്ങളെ അംഗീകരിക്കണം എന്നിങ്ങനെ പോകുന്നു യോഗ്യതകൾ. കൂടാതെ, ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിൽ 10 വർഷത്തെ പ്രഫസർഷിപ്പ്, അല്ലെങ്കിൽ ഉന്നത ഗവേഷണ അക്കാദമിക് ഭരണ സ്ഥാപനങ്ങളിൽ സീനിയർ തരത്തിൽ സേവനം.
എന്നാൽ, ഇനിമുതൽ വിദ്യാഭ്യാസ വിദഗ്ധർക്കു മാത്രമല്ല വൈസ് ചാൻസലർ നിയമനം ലഭിക്കാവുന്നത്. വ്യവസായം, പൊതുഭരണം, പൊതുനയം, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നീ മേഖലകളിൽ കഴിവും അക്കാദമിക പ്രാഗത്ഭ്യവും തെളിയിച്ചവർക്കും വൈസ് ചാൻസലറാകാനുള്ള സാധ്യത കരട് രേഖ വെളിപ്പെടുത്തുന്നുണ്ട്.
ഇതുവഴി അക്കാദമിക താത്പര്യങ്ങളേക്കാൾ കോർപറേറ്റ് താത്പര്യങ്ങൾക്കും വ്യക്തിതാത്പര്യങ്ങൾക്കും ചില സംഘടനകളുടെ താത്പര്യങ്ങൾക്കുമാണ് മുൻഗണന ലഭിക്കുക എന്ന് വായിച്ചെടുക്കാനാകും. പ്രത്യേകിച്ച്, ചങ്ങാത്ത മുതലാളിത്തവും ഇതര സങ്കുചിത താത്പര്യങ്ങളും കളംനിറഞ്ഞാടുന്ന വർത്തമാന ഇന്ത്യയിൽ.
സംസ്ഥാനങ്ങളിലെ സർവകലാശാലാ വൈസ് ചാൻസലർമാരുടെ നിയമനത്തിൽ സംസ്ഥാന സർക്കാരിന് ഒരു പങ്കുമില്ല എന്ന് “കരട്’ വ്യക്തമാക്കുന്നുണ്ട്. ചാൻസലറായ ഗവർണറാണ് മൂന്ന് വിദഗ്ധർ അടങ്ങുന്ന സെർച്ച് കം സെലക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. മൂന്നു വിദഗ്ധരിൽ ഒരാൾ ഗവർണറുടെ നോമിനിയാണ്. ഒരാൾ യുജിസി ചെയർമാന്റെ നോമിനി, സിൻഡിക്കറ്റിന്റെ ഒരു പ്രതിനിധി. മൂന്നിൽ രണ്ടും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ളവരാണ്. കമ്മിറ്റി അഭിമുഖം നടത്തി 3-5 പേരുടെ പാനൽ ചാൻസലർക്ക് നൽകും. അതിൽനിന്ന് ഒരാളെ ചാൻസലർ, വൈസ് ചാൻസലറായി നിയമിക്കും.
നിയമിച്ച വ്യക്തിക്ക് ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്ന ഒരു എടിഎം മാത്രമായി സംസ്ഥാന സർക്കാർ നിലകൊള്ളും. ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്കു വിരുദ്ധമായി എല്ലാം കൈപ്പിടിയിൽ ഒതുക്കുന്ന യൂണിറ്ററി ശൈലിയാണിത്.
ന്യൂനപക്ഷാവകാശങ്ങൾ കടലാസിലൊതുങ്ങും
ഇന്ത്യൻ ഭരണഘടനയുടെ 30-ാം വകുപ്പ്, മത, ഭാഷാ, ന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും ഭരണം നടത്താനുമുള്ള അവകാശം നൽകിയിട്ടുണ്ട്. അത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കും പ്രവേശനത്തിനുമുള്ള അധികാരം വിവിധ കോടതിവിധികളിലൂടെ അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്.
എന്നാൽ, ‘കരട് നിയമം’ എല്ലാ സർക്കാർ, ഭൂരിപക്ഷ, ന്യൂനപക്ഷ സ്ഥാപനങ്ങളെയും ഒരേപോലെയാണ് കാണുന്നത്. ന്യൂനപക്ഷ അവകാശമെന്നോ സ്ഥാപനമെന്നോ ഉള്ള ഒരു പരാമർശം എൻഇപി 2020ലും ഇല്ലാത്തതുപോലെ യുജിസി കരട് നിയമത്തിലും ഇല്ല. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണഘടനാപരമായ പരിരക്ഷ ഒരു നിയമനിർമാണത്തിലൂടെ കേന്ദ്രസർക്കാർ കവർന്നെടുത്തിരിക്കുകയാണ്. ഇത് ന്യൂനപക്ഷങ്ങളുടെ ഭരണഘടനാദത്തമായ അവകാശത്തിന്റെ ധ്വംസനമാണ്.
പ്രിൻസിപ്പൽ, അധ്യാപക നിയമനങ്ങളെല്ലാം അഖിലേന്ത്യാ തലത്തിൽ മാത്രമാകണമെന്നു ശഠിക്കുന്പോൾ പ്രാദേശിക സഹായത്തോടെയും സഭയുടെ സംഭാവനയിലൂടെയും കെട്ടി ഉയർത്തിയ കലാലയങ്ങൾ, തങ്ങൾക്ക് അന്യമാകുന്നതായിട്ടാണ് പ്രാദേശിക സഭയ്ക്ക് അനുഭവപ്പെടുന്നത്. യഥാർഥത്തിൽ സർക്കാർ ചെയ്യേണ്ട സേവനമാണ് ആളും അർഥവും മുടക്കി സഭ ചെയ്യുന്നത്. അവരുടെ സംഭാവനയ്ക്ക് ഒരു പരിഗണനയും ഇല്ലാതെയായി. ഈ അവസരത്തിൽ 1972ലെ വിദ്യാഭ്യാസ സമരകാലത്ത് പ്രൈവറ്റ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സെക്രട്ടറി ഫാ. വള്ളമറ്റം പറഞ്ഞത് ഓർമയിലെത്തുകയാണ്. “നിയമനാധികാരമില്ലാതെ കെട്ടിടം പണിയാനും പാലിക്കാനും മാത്രമുള്ള അധികാരം വിദ്യാഭ്യാസ അവകാശമല്ല. മാനേജ്മെന്റ് നിയമിക്കുന്ന അധ്യാപകരില്ലാത്ത കലാലയങ്ങൾ വാടക നൽകാതെ സർക്കാരിന് ഉപയോഗിക്കാവുന്ന കെട്ടിടങ്ങൾ മാത്രമാണ്.” അച്ചന്റെ നിരീക്ഷണത്തിന്റെ കാലിക പ്രസക്തി കരട് വായിക്കുന്പോൾ കൂടുതൽ തെളിഞ്ഞുവരും.
കേരളത്തിലെ ന്യൂനപക്ഷ എയ്ഡഡ് കോളജുകളിൽ പ്രിൻസിപ്പൽ, അധ്യാപക നിയമനങ്ങൾ നടക്കുന്നത് 1972ലെ Direct Payment Agreementന്റെ അടിസ്ഥാനത്തിലാണ്. മാനേജ്മെന്റിന്റെ അവകാശങ്ങൾ ഒരു പരിധി വരെ സംരക്ഷിക്കപ്പെടുന്ന ഈ ഉടന്പടിക്ക് ഇനി കടലാസിന്റെ വിലപോലും ഉണ്ടാവില്ല. നിയമനങ്ങളിൽ, യോഗ്യതയുള്ള കമ്യൂണിറ്റി അംഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന പരിഗണന തുടർന്ന് ലഭിക്കില്ല.
ഒരു കലാലയത്തിന്റെ മുന്പോട്ടുള്ള വളർച്ചയും അച്ചടക്കവും പരിപാലനാ സാമർഥ്യവും നേതൃപാടവവും കണക്കിലെടുത്താണ് നിലവിലെ നിയമങ്ങളനുസരിച്ച് ഇപ്പോൾ മാനേജ്മെന്റുകൾ പ്രിൻസിപ്പലിനെ നിയമിക്കുന്നത്. പ്രാദേശിക ചിന്തയും സമുദായ പരിഗണനയും തീർത്തും ഇല്ലെന്നും പറയാനാകില്ല. എന്നാലും വർത്തമാനകാല നിയമവ്യവസ്ഥകൾ പാലിക്കപ്പെടുന്നുണ്ട്. എന്നാൽ, ഇനിമുതൽ യോഗ്യതയുള്ള ഏതു പൗരനും അപേക്ഷിക്കാം എന്നു വരുന്പോൾ സ്ഥാപനം ആരംഭിച്ച് നടത്തുന്ന മാനേജ്മെന്റിന്റെ താത്പര്യങ്ങൾക്ക് പരിഗണന ലഭിക്കാതെ പോകും.
പ്രിൻസിപ്പൽ നിയമനം: കാഴ്ചക്കാരാകുന്ന മാനേജ്മെന്റുകൾ
വളരെ ഉന്നതമായ മാനദണ്ഡങ്ങളാണ് പ്രിൻസിപ്പൽ നിയമനത്തിന് നിഷ്കർഷിച്ചിരിക്കുന്നത്. പിഎച്ച്ഡി ബിരുദം, പിജി കോളജിലെ പ്രിൻസിപ്പലാകാൻ പ്രഫസർ, അസോസിയറ്റ് പ്രഫസർ തസ്തികയിൽ 15 വർഷത്തെ അധ്യാപന, ഗവേഷണ യോഗ്യത നിർബന്ധം. പിയർ റിവ്യൂഡ് ജേർണലിൽ മിനിമം 10 ഗവേഷണ പ്രബന്ധങ്ങൾ, അല്ലെങ്കിൽ ഒരു പുസ്തകത്തിലെ 10 അധ്യായങ്ങളുടെ രചന, അല്ലെങ്കിൽ നാലു പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവ്, അല്ലെങ്കിൽ എട്ടു പുസ്തകങ്ങളുടെ സഹഗ്രന്ഥകർത്താവ്, അല്ലെങ്കിൽ 10 അംഗീകൃത പേറ്റന്റുകൾ. പുസ്തകം അംഗീകൃത അക്കാദമിക്, പ്രഫഷണൽ പ്രസാധകർ പ്രസിദ്ധീകരിച്ചതായിരിക്കണം, സ്വയം പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളും പുസ്തകങ്ങളും സ്വീകാര്യമല്ല. അഞ്ച് വർഷമായിരിക്കും പ്രിൻസിപ്പലിന്റെ കാലാവധി. ഒരു ടേം കൂടി ലഭിക്കാനുള്ള വകുപ്പുണ്ട്.
അഖിലേന്ത്യാതലത്തിലെ പത്രപരസ്യത്തിലൂടെയാവണം അപേക്ഷ ക്ഷണിക്കേണ്ടത്. പ്രിൻസിപ്പൽ സെലക്ഷൻ കമ്മിറ്റിയിൽ താഴെപ്പറയുന്നവർ അംഗങ്ങളായിരിക്കും. ഗവേണിംഗ് ബോഡിയുടെ ചെയർമാൻ, ഒരു ഗവേണിംഗ് ബോഡി അംഗം, വൈസ് ചാൻസലർ നോമിനേറ്റ് ചെയ്യുന്ന പുറത്തുനിന്നുള്ള മൂന്ന് വിദഗ്ധർ. അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിയിൽ നാലാണ് ക്വോറം.
പ്രിൻസിപ്പലിന് ശന്പളം നൽകുന്ന സർക്കാരിന്റെ പ്രതിനിധി സെലക്ഷൻ കമ്മിറ്റിയിൽ ഇല്ല. അഞ്ച് അംഗങ്ങളുള്ള കമ്മിറ്റിയിൽ മാനേജ്മെന്റിന്റെ രണ്ട് പ്രതിനിധികൾ മാത്രമേ ഉള്ളൂ. ഈ സാഹചര്യത്തിൽ വൈസ് ചാൻസലർ നോമിനേറ്റ് ചെയ്യുന്ന വിദഗ്ധരുടെ ഭൂരിപക്ഷം ഉപയോഗിച്ച് കേന്ദ്രസർക്കാരിന്റെ താത്പര്യം നടത്തിയെടുക്കാൻ കഴിയും എന്ന വാദം തള്ളിക്കളയാനാവില്ല. ന്യൂനപക്ഷ മാനേജ്മെന്റുകളടക്കമുള്ളവരുടെ നിയമന അധികാരമാണ് ഇതുവഴി ഇല്ലാതാകുന്നത്.
നിശ്ചിത യോഗ്യതയുള്ളവരെ ലഭിക്കാൻ ഇപ്പോൾതന്നെ പ്രയാസം നേരിടുന്പോൾ ഉയർന്ന യോഗ്യതയുള്ളവരെ എവിടെനിന്നു കണ്ടെത്തുമെന്ന ചോദ്യം ഉയരുന്നുണ്ട്. അഥവാ കണ്ടെത്തിയാലും സ്വീകാര്യത ഉണ്ടാകുമോ? പ്രിൻസിപ്പൽ നിയമനത്തിൽ മാനേജ്മെന്റിന്റെ സ്ഥാനം ഇനി കാഴ്ചക്കാരുടെ ഗാലറിയിലായിരിക്കും.
നിലവിലുള്ള പ്രിൻസിപ്പൽ, അധ്യാപക നിയമന കമ്മിറ്റിയിൽ സംസ്ഥാന സർക്കാരിന്റെ ഒരു പ്രതിനിധി ഉള്ളതുകൊണ്ട്, സർക്കാരിന്റെ കൈയൊപ്പുള്ള നിയമനങ്ങളാണ് നടക്കുന്നതെന്ന് നമുക്കു കരുതാം. സർവകലാശാലയുടെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാന സർക്കാർ മുടങ്ങാതെ ശന്പളവും നൽകിവരുന്നു. കരടുനിയമത്തിൽ 6-5 പേരുള്ള അധ്യാപക സെലക്ഷൻ കമ്മിറ്റിയിൽ സർക്കാർ പ്രതിനിധിയായി ഒരാൾ പോലുമില്ല. തങ്ങൾ അംഗീകരിക്കാത്ത നിയമനങ്ങൾക്ക് ശന്പളം നൽകില്ലെന്ന തീരുമാനം സർക്കാർ എടുത്താൽ കാര്യങ്ങൾ കുഴപ്പത്തിലാകും. നിയമനം നടത്തിയ കോളജുകളും ഭരണകൂടം നിയന്ത്രിക്കുന്ന ധനകാര്യം, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുമായി ശീതസമരത്തിനുള്ള വഴി തുറക്കാം. നിയമനം ലഭിച്ച വ്യക്തി ബലിയാടാകും.
കരട് നിയമത്തിലെ ഉരുക്കുദണ്ഡ്
യുജിസിയുടെ പുതിയ നിബന്ധനകൾ ലംഘിച്ചാൽ കഠിനശിക്ഷയാണ് നിർദേശിച്ചിരിക്കുന്നത്. യുജിസി നിയമിക്കുന്ന അന്വേഷണ കമ്മീഷൻ ഏതെങ്കിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനം നിയമം ലംഘിച്ചു എന്നു കണ്ടെത്തിയാൽ യുജിസിയുടെ എല്ലാ അംഗീകാരവും റദ്ദാക്കും. ഡിഗ്രി പ്രോഗ്രാമുകൾ നടത്തുന്നതിന് വിലക്കുണ്ടാവും. ചുരുക്കത്തിൽ, അംഗീകാരമില്ലാത്ത സ്ഥാപനമായി അത് മാറും. അപ്പീലിനുപോലും സാധ്യതയില്ലാത്ത ശിക്ഷയാണ് യുജിസി നിഷ്കർഷിക്കുന്നത്. എന്നു പറഞ്ഞാൽ, ഏതുവിധേനയും പുതിയ നിമയം നടപ്പിലാക്കുമെന്നു സാരം.
സംഘാതമായി സമാന മനസ്കരുമായി ആലോചിച്ച് പ്രതികരണം അധികാരകേന്ദ്രങ്ങളിൽ എത്തിക്കാൻ അമാന്തം അരുത്. അല്ലെങ്കിൽ വലിയ വില നൽകേണ്ടിവരും. വലിയ നഷ്ടം അനുഭവിക്കേണ്ടിവരും.
കടപ്പാട്: ദീപിക