KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

സ്വകാര്യ സർവ്വകലാശാല ബിൽ, ആശയവും ആശയക്കുഴപ്പങ്ങളും 

ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ)

സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമ്മാണം അഫിലിയേഷൻ/ അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്.

ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന  പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം.  അത്തരമൊരാവശ്യത്തെ തമസ്കരിച്ചുകൊണ്ടുള്ള പുതിയ നീക്കത്തിന്റെ ഉദ്ദേശശുദ്ധി സംശയാസ്പദമാണ്. 

NAAC Accreditation score A, A+, A++ തുടങ്ങിയവ ലഭിക്കുന്ന കോളേജുകളുടെ ന്യായമായ ആവശ്യങ്ങൾ മാനിച്ച് ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളായി ഉയർത്താൻ സർക്കാർ അനുകൂല നിലപാട് സ്വീകരിക്കണം. നിലവിലുള്ള പ്രധാന കോളേജുകളെ സംബന്ധിച്ച് ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി അപ്ഗ്രേഡ് ചെയ്യപ്പെടാനുള്ള സാധ്യത തുറന്നുകിട്ടുകയാണ് യഥാർത്ഥ ആവശ്യം. പുതിയ ബിൽ പ്രകാരം, നിലവിലുള്ള എയ്ഡഡ് ഓട്ടോണമസ് കോളേജുകൾ നിയമത്തിന്റെ പരിധിയിൽ പെടുന്നില്ല എന്നതാണ് പ്രാഥമിക വിലയിരുത്തൽ. 

കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളിൽനിന്ന് വ്യത്യസ്തമായി സംസ്ഥാനങ്ങൾ പാസാക്കുന്ന നിയമത്തിന്റെ നിയന്ത്രണത്തിലാണ് സ്വകാര്യ സർവകലാശാലകളുടെ പ്രവർത്തനം. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽ പ്രബല്യത്തിലുള്ള നിയമങ്ങൾ വ്യത്യസ്തമാണ്. നിലവിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ മാനദണ്ഡങ്ങൾ പ്രകാരം പ്രൈവറ്റ്  യൂണിവേഴ്‌സിറ്റികൾ പൂർണ്ണമായും സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്.

കേരളത്തിൽ മന്ത്രിസഭ തത്വത്തിൽ അംഗീകരിച്ചിരിക്കുന്ന പ്രൈവറ്റ് യൂണിവേഴ്‌സിറ്റി ബിൽ നിയമസഭയിൽ പാസാക്കപ്പെട്ടാൽ മറ്റു പല സംസ്ഥാനങ്ങളിലും നിലവിലുള്ള മാതൃകയിൽ കേരളത്തിലും സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കപ്പെടും. എന്നാൽ, നിലവിൽ ഈ മേഖലയിൽ കേരളത്തിൽ പ്രവർത്തന നിരതമായിരിക്കുന്ന സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറിയപങ്കും പ്രൈവറ്റ് യൂണിവേഴ്സിറ്റികളായി മാറാൻ സാധ്യതയില്ല. 25 കോടി രൂപ എൻഡോവ്മെന്റ് തുക കെട്ടിവയ്‌ക്കേണ്ടതുണ്ട് എന്നുള്ളതാണ് പ്രധാന വെല്ലുവിളി. 

വലിയ മുതൽമുടക്കിലും വലിയ ഫീസ് ചുമത്തിയും പ്രൈവറ്റ് യൂണിവേഴ്‌സിറ്റികൾ ആരംഭിക്കാൻ തീരുമാനമെടുത്തേക്കാവുന്ന തദ്ദേശീയ വിദ്യാഭ്യാസ മാനേജുമെന്റുകൾക്കു മുന്നിൽ ഉണ്ടായേക്കാവുന്ന പ്രധാന വെല്ലുവിളി വിദ്യാർത്ഥികളുടെ ലഭ്യത തന്നെയായിരിക്കും. അത്രമാത്രം ക്വാളിറ്റിയും ജോലിസാധ്യതയും ഉറപ്പുള്ള കോഴ്‌സുകൾ ആരംഭിക്കുന്ന ക്യാംപസുകൾക്ക് മാത്രമായിരിക്കും ഈ മേഖലയിൽ ശരിയായ സാധ്യതയും നിലനിൽപ്പും ഉണ്ടാവുക. അത്തരത്തിൽ ചിന്തിച്ചാൽ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികളുടെ സ്ഥാപനം ഒരുപക്ഷെ മുഴുവൻ വിദ്യാഭ്യാസ മേഖലയ്ക്കും വെല്ലുവിളിയും ഗുണമേന്മ ഉയർത്താൻ നിർബ്ബന്ധിതമാക്കുന്ന ഘടകവുമായേക്കാം.

പുതിയ ബിൽ നിയമസഭയിൽ ഇനിയും എത്താത്തതിനാൽ മാധ്യമങ്ങൾക്കും പൊതുസമൂഹത്തിനും ലഭ്യമായിട്ടില്ല. അതിനാൽത്തന്നെ ബില്ലിന്റെ പൂർണ്ണമായ വിശദാംശങ്ങൾ അറിവായിട്ടില്ല. ബിൽ നിയമസഭയിൽ എത്തിയതിന് ശേഷം പൊതുസമൂഹത്തിന് അഭിപ്രായങ്ങൾ നൽകാനുള്ള അവസരം ഉണ്ടാകുമെന്ന് കരുതാം.   

ഈ മേഖലയിൽ വലിയ ബിസിനസ് മുതൽമുടക്കുകളുണ്ടാകാനുള്ള സാധ്യതകൾ ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബിസിനസ് ലക്ഷ്യങ്ങളോടെ രംഗപ്രവേശം ചെയ്യുന്ന കമ്പനികൾക്ക് മാത്രമായിരിക്കും ഈ പുതിയ നിയമംവഴി അവസരങ്ങൾ ലഭിക്കുക. വിദേശ സർവകലാശാലകൾ ഈ മേഖലയിലേക്ക് വന്നേക്കാം. അത്തരമുള്ള പ്രൊഫഷണൽ ഇടപെടലുകൾ ഒരുപക്ഷെ സംസ്ഥാനത്തിന് ഗുണകരമായിരിക്കാം എന്ന അഭിപ്രായങ്ങളുമുണ്ട്. സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുള്ള ബിൽ പൂർണരൂപത്തിൽ പൊതുസമൂഹത്തിനും മാധ്യമങ്ങൾക്കും ലഭ്യമാകാത്ത സ്ഥിതിക്ക് അന്തിമമായ വിലയിരുത്തൽ അസാധ്യമാണ്.

NB: യുജിസി ആക്ട് 1956 ന്റെ അടിസ്ഥാനത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നവയാണ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റികൾ. എന്നാൽ, സംസ്ഥാന സർക്കാരുകളുടെ നിയമ നിർമ്മാണത്തിന്റെ പിൻബലത്തിൽ സ്ഥാപിതമാകുന്ന യൂണിവേഴ്സിറ്റികളാണ് സ്വകാര്യ സർവ്വകലാശാലകൾ. 2003 ലെ യുജിസി റെഗുലേഷൻസ് പ്രകാരം ഇതിനുള്ള അനുമതി സംസ്ഥാന സർക്കാരിന് നിയമ നിർമ്മാണത്തിലൂടെ നൽകാവുന്നതാണ്. ഈ ഘട്ടത്തിൽ, അർഹതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡീംഡ് ടു ബി യൂണിവേഴ്സിറ്റിയായി ഉയർത്തപ്പെടാനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിക്കുകയാണ് പ്രധാന ആവശ്യം. 

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *