KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

ഭരണകൂടത്തിന്റെ നിശബ്ദ അധിനിവേശം: 2026-ലെ എഫ്.സി.ആർ.എ ഭേദഗതി ഒരു വിശകലനം

സി. അഡ്വ. ഹെലൻ ട്രീസ CHF
(ലേഖിക റാഞ്ചി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്)

“ഭരണകൂടം എത്രത്തോളം അഴിമതി നിറഞ്ഞതാകുന്നുവോ, നിയമങ്ങൾ അത്രത്തോളം എണ്ണമറ്റതാകും.” — ടാസിറ്റസ് (Tacitus)

ചില ഭീഷണികൾ നമുക്കുമുന്നിൽ പുതുതായി ഉയർന്നു വരുന്നത് നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്ന ഭരണപരമായ നടപടിക്രമങ്ങളിലൂടെയാണ്. 2026-ലെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) ഇത്തരമൊരു ഭീഷണിയുടെ നേർച്ചിത്രമാണ്. സുതാര്യത, ഉത്തരവാദിത്വം, ദേശീയ താൽപ്പര്യം എന്നിങ്ങനെയുള്ള ആകർഷകമായ പദപ്രയോഗങ്ങളിലൂടെയാണ് ഈ പുതിയ നിയമപരിഷ്കരണം സ്വയം ന്യായീകരിക്കുന്നത്. ഭരണകൂടധർമ്മത്തിന്റെ ഈ ഭാഷയെ പൊതുസമൂഹം ശരിവെക്കുമ്പോൾ തന്നെ, തലമുറകളായി പൊതു സേവനത്തിനായി മറ്റു സേവന ദാതാക്കൾക്കൊപ്പം സഭാസമൂഹങ്ങളും പടുത്തുയർത്തിയ സ്ഥാപനങ്ങളെയും സംവിധാനങ്ങളെയും തകർക്കാൻ ശേഷിയുള്ള ഒരു നിയമചട്ടക്കൂട് ഭരണകൂടം നിശബ്ദമായി നിർമ്മിച്ചിരിക്കുകയാണ് എന്നതാണ് വസ്തുത. ‘രാജ്യസുരക്ഷ ലക്‌ഷ്യം വച്ചുള്ള നിയന്ത്രണം’ എന്ന തന്ത്രപരമായ മുഖംമൂടി സ്വകാര്യ സേവന ദാതാക്കളെ ലക്ഷ്യമിടുന്നു എന്ന് മാത്രമല്ല, കുറച്ചുകൂടി ആഴത്തിൽ അത് ഒരു ന്യൂനപക്ഷപീഡനമെന്ന യാഥാർഥ്യത്തെ വിദഗ്ധമായി മറച്ചുവയ്ക്കുകയും ചെയ്യുന്നു.

എഫ്‌സിആർഎ രജിസ്‌ട്രേഷൻ കാലാവധി കഴിഞ്ഞതോ പുതുക്കി ലഭിക്കാത്തതോ ആയ എൻ‌ജി‌ഒ ഫണ്ടുകൾക്കും ആസ്തികൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ അടിച്ചേൽപ്പിക്കുന്നതിലൂടെ കേവലമായ മേൽനോട്ടത്തിനപ്പുറം എല്ലാം സർക്കാർ സംവിധാനത്തിലേക്ക് മുതൽകൂട്ടുക എന്ന ലക്ഷ്യമാണ് പുതിയ നിയമപരിഷ്കരണത്തിനുള്ളത്. ഭാരതസഭയെ സംബന്ധിച്ചിടത്തോളം, സഭയുടെ സ്ഥാപനപരമായ സേവന പാരമ്പര്യത്തെ ഭരണകൂടം കയ്യടക്കാനുദ്യമിക്കുന്ന ഒരു ഉദ്യോഗസ്ഥതല നീക്കമാണിത്. മത-സാമൂഹിക സംവിധാനങ്ങളുടെ സ്വയംഭരണത്തിന് ഈ ഭേദഗതി ഉയർത്തുന്ന അസ്തിത്വപരമായ ഭീഷണികളെയും അതിലെ കടുത്ത വ്യവസ്ഥകളെയും കുറിച്ചുള്ള വിശകലനമാണ് ഈ ലേഖനം.

ഡെസിഗ്നേറ്റഡ് അതോറിറ്റി — അനിയന്ത്രിതമായ അധികാരങ്ങളുള്ള ഉദ്യോഗസ്ഥൻ

ഈ നിയമഭേദഗതിയുടെ ഏറ്റവും അപകടകരമായ ഭാഗം പുതുതായി നിലവിൽ വരുന്ന ‘ഡെസിഗ്നേറ്റഡ് അതോറിറ്റി’ (Designated Authority) ആണ്. ചാപ്റ്റർ IIIA പ്രകാരം രൂപീകൃതമാകുന്ന ഈ സംവിധാനം ഒരു കോടതിയോ ട്രൈബ്യൂണലോ അല്ല. മറിച്ച്, ഭരണകൂടം നേരിട്ട് നിയമിക്കുന്നതും എക്സിക്യൂട്ടീവിനോട് മാത്രം മറുപടി നൽകാൻ ബാധ്യസ്ഥനുമായ ഒരു ഉദ്യോഗസ്ഥനാണ് ഇതിന്റെ തലവൻ. ജനാധിപത്യപരമായ ഏതൊരു വ്യവസ്ഥിതിയിലും ജുഡീഷ്യറിക്ക് മാത്രം സാധ്യമായ അധികാരങ്ങളാണ് ഈ ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കുന്നത്.

സെക്ഷൻ 14 പ്രകാരമുള്ള റദ്ദാക്കൽ, സെക്ഷൻ 14A പ്രകാരമുള്ള സ്വമേധയാ ലൈസൻസ് സറണ്ടർ ചെയ്യൽ, അല്ലെങ്കിൽ പുതിയ സെക്ഷൻ 14B പ്രകാരം കാലാവധി തീരുന്നതിന് മുൻപ് പുതുക്കി ലഭിക്കാതിരിക്കൽ — ഇതിൽ ഏതു സംഭവിച്ചാലും ആ നിമിഷം തന്നെ വിദേശ സംഭാവനകളുമായി ബന്ധപ്പെട്ട എല്ലാ ആസ്തികളും ഏറ്റെടുക്കാൻ ഡെസിഗ്നേറ്റഡ് അതോറിറ്റിക്ക് സെക്ഷൻ 16A(1) അധികാരം നൽകുന്നു. ബാങ്ക് അക്കൗണ്ടിലെ പണം മാത്രമല്ല; ഒരു സ്ഥാപനം അതിന്റെ പ്രവർത്തനചരിത്രത്തിലുടനീളം സമ്പാദിച്ച ഭൂമി, കെട്ടിടങ്ങൾ, വാഹനങ്ങൾ, ഉപകരണങ്ങൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ സസ്പെൻഷനോ റദ്ദാക്കലോ സംഭവിക്കുമ്പോൾ ഭാഗികമായെങ്കിലും വിദേശ ധനസഹായത്തോടെ ആർജ്ജിച്ച എല്ലാ ഭൗതിക ആസ്തികളും താൽക്കാലികമായി കേന്ദ്ര സർക്കാരിന്റെ അധീനതയിലാകുന്നു എന്നതാണ് ഇതിലെ ഏറ്റവും വലിയ വെല്ലുവിളി.

ഈ നിയമത്തിന്റെ രൂപഘടന തന്നെ ഭരണഘടനാപരമായ ഗൗരവകരമായ ആശങ്കകൾ ഉയർത്തുന്നതാണ്. സെക്ഷൻ 16G പ്രകാരം, ഡെസിഗ്നേറ്റഡ് അതോറിറ്റിക്കും അഡ്മിനിസ്ട്രേറ്റർക്കും 1908-ലെ സിവിൽ പ്രൊസീജ്യർ കോഡ് പ്രകാരമുള്ള ഒരു സിവിൽ കോടതിയുടെ എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ട്. വ്യക്തികളോട് ഹാജരാകാൻ ആവശ്യപ്പെടാനും രേഖകൾ ഹാജരാക്കാൻ നിർബന്ധിക്കാനും സത്യവാങ്മൂലത്തിലൂടെ തെളിവുകൾ സ്വീകരിക്കാനും ഇവർക്ക് കഴിയും. അതിലുപരിയായി, സെക്ഷൻ 16D(3) പ്രകാരം ഈ അതോറിറ്റിയുടെ കൈവശമുള്ള സ്വത്തുക്കൾ മറ്റൊരു സിവിൽ കോടതിയുടെ ഉത്തരവിലൂടെയോ ട്രൈബ്യൂണൽ വഴിയോ പിടിച്ചെടുക്കാനോ വിൽക്കാനോ സാധിക്കില്ല. അതായത്, സിവിൽ കോടതികളുടെ ഇടപെടലുകളിൽ നിന്ന് പൂർണ്ണമായും സുരക്ഷിതമായ ഒരു അധികാരകേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്.

എന്നാൽ, ഈ വ്യവസ്ഥകൾക്കൊന്നും ഭരണഘടനയുടെ 226, 32 അനുച്ഛേദങ്ങൾ പ്രകാരമുള്ള ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ ‘റിട്ട്’ അധികാരങ്ങളെ തടയാൻ കഴിയില്ല എന്നത് നമ്മൾ തിരിച്ചറിയണം. ഏതൊരു സാധാരണ നിയമനിർമ്മാണത്തിനും ഇല്ലാതാക്കാൻ കഴിയാത്ത മൗലികാവകാശ സംരക്ഷണമാണിത്. അതിനാൽ തന്നെ, ഒരു സ്ഥാപനത്തിന്റെ ആസ്തികൾ പിടിച്ചെടുക്കുന്ന നടപടികൾ പൂർത്തിയാകുന്നതിന് മുൻപുതന്നെ ഹൈക്കോടതിയിൽ നിന്ന് അടിയന്തിര സ്റ്റേ ഉത്തരവ് വാങ്ങുക എന്നതാണ് ഉടനടിയുള്ള നിയമപരിഹാരം. നിയമപരിഷ്കരണം നടപ്പാക്കുന്ന പക്ഷം, ഒട്ടും വൈകാതെ തന്നെ ഈ നിയമവഴി തേടാൻ ഓരോ സ്ഥാപനവും ജാഗ്രത പുലർത്തണം.

നിശ്ചിത സമയത്തിനകം രജിസ്‌ട്രേഷൻ പുനഃസ്ഥാപിച്ചില്ലെങ്കിൽ, സെക്ഷൻ 16A(5) പ്രകാരം സ്വത്തുക്കൾ സ്ഥിരമായി സർക്കാരിൽ ലയിക്കുന്നു. ഇത്തരത്തിൽ സ്ഥിരമായി പിടിച്ചെടുക്കുന്ന ആസ്തികൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകൾക്കോ ഏജൻസികൾക്കോ കൈമാറാനോ പൊതു ലേലത്തിൽ വിൽക്കാനോ സെക്ഷൻ 16A(6) ഡെസിഗ്നേറ്റഡ് അതോറിറ്റിയെ ചുമതലപ്പെടുത്തുന്നു. വിൽപനയിലൂടെ ലഭിക്കുന്ന തുക കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയിലേക്ക് (Consolidated Fund of India) ക്രെഡിറ്റ് ചെയ്യപ്പെടും. സെക്ഷൻ 16D(1) പ്രകാരം അതോറിറ്റി നൽകുന്ന സെയിൽ സർട്ടിഫിക്കറ്റ് ഒറിജിനൽ ആധാരങ്ങളുടെ അഭാവത്തിലും ഉടമസ്ഥാവകാശത്തിന്റെ അന്തിമ രേഖയായി പരിഗണിക്കും. മതിയായ ആധാരങ്ങളില്ല എന്ന കാരണത്താൽ ഇതിന്റെ രജിസ്‌ട്രേഷൻ തടയാൻ ഒരു രജിസ്റ്ററിംഗ് അതോറിറ്റിക്കും അധികാരമുണ്ടാവില്ല.

ഇതിലെ ഏറ്റവും അപകടകരമായ വശം, ആ സ്ഥാപനങ്ങൾ പടുത്തുയർത്താൻ വിയർപ്പൊഴുക്കിയ സ്ഥാപന ഭാരവാഹികൾക്കോ ട്രസ്റ്റികൾക്കോ (ബിഷപ്പുമാർക്കോ മേജർ സുപ്പീരിയർമാർക്കോ) സെക്ഷൻ 16A(6)-ലെ പ്രത്യേക വ്യവസ്ഥ പ്രകാരം ഈ ആസ്തികളിൽ പിന്നീട് നേരിട്ടോ അല്ലാതെയോ യാതൊരു അവകാശവും ഉന്നയിക്കാൻ എന്നതാണ്. അവരെ സംബന്ധിച്ചിടത്തോളം ആ സ്വത്തുക്കളും അതിന്റെ ഗുണഫലങ്ങളും എന്നെന്നേക്കുമായി അന്യമായിത്തീരുന്നു.

ഭാഗികമായ സംരക്ഷണവും അതിന്റെ പരിമിതികളും

ഈ ബില്ലിലെ സെക്ഷൻ 16A(2)-ൽ ചില സംരക്ഷണങ്ങളെക്കുറിച്ച് പരാമർശിക്കുന്നുണ്ടെങ്കിലും പ്രായോഗികമായി അവ എത്രത്തോളം ഫലപ്രദമാകുന്നത് സംശയകരമാണ്. ഒരു ആസ്തി ഭാഗികമായി വിദേശ ഫണ്ടിൽ നിന്നും ഭാഗികമായി ആഭ്യന്തര ഫണ്ടിൽ നിന്നുമാണ് നിർമ്മിച്ചതെങ്കിൽ, ആസ്തി മുഴുവനായി ഡെസിഗ്നേറ്റഡ് അതോറിറ്റിയിൽ നിക്ഷിപ്തമാകും എന്നതാണ് ഇതിലെ പൊതുനിയമം. എന്നാൽ, ആഭ്യന്തര സ്രോതസ്സുകളിൽ നിന്ന് നിർമ്മിച്ച ആസ്തിയുടെ പ്രത്യേക ഭാഗം തിരികെ ലഭിക്കുന്നതിനായി സ്ഥാപനത്തിന് ഡെസിഗ്നേറ്റഡ് അതോറിറ്റിയെ സമീപിക്കാം. അപേക്ഷയിൽ അതോറിറ്റിക്ക് ബോധ്യം വന്നാൽ ആ ഭാഗം മാത്രം തിരികെ നൽകാൻ നിയമം അനുവദിക്കുന്നുണ്ട്.

പക്ഷേ, ഇതിലെ കെണി കിടക്കുന്നത് തെളിവ് ഹാജരാക്കേണ്ട ഉത്തരവാദിത്വത്തിലാണ്. ആസ്തിയുടെ ഏത് ഭാഗമാണ് ആഭ്യന്തര ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതെന്ന് തെളിയിക്കാനുള്ള ബാധ്യത പൂർണ്ണമായും ആ സ്ഥാപനത്തിന്റേതാണ്. യാതൊന്നും തിരികെ നൽകാൻ ഡെസിഗ്നേറ്റഡ് അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുമില്ല. കെട്ടിട നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും ഉപയോഗിച്ച ഓരോ പൈസയുടെയും ഉറവിടം വർഷങ്ങൾക്കുശേഷവും കൃത്യമായി രേഖപ്പെടുത്താത്ത സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഈ വ്യവസ്ഥ വെറും കടലാസിലെ വാഗ്ദാനം മാത്രമായി അവശേഷിക്കും.

‘അറുതിയുടെ കെണി’: നിരപരാധികൾ ക്രൂശിക്കപ്പെടുമ്പോൾ

ഈ ബില്ലിൽ നിശബ്ദമായി ഒളിപ്പിച്ചുവെച്ചിരിക്കുന്ന അത്യന്തം വിനാശകരമായ ഒരു വ്യവസ്ഥയുണ്ട്; നിയമവിദഗ്ധർ ഇതിനെ ‘അറുതിയുടെ കെണി’ (Cessation Trap) എന്ന് വിളിക്കുന്നു. ഭേദഗതി ചെയ്ത സെക്ഷൻ 12 പ്രകാരം, FCRA സർട്ടിഫിക്കറ്റുകൾക്ക് അഞ്ച് വർഷത്തെ സാധുതയാണുള്ളത്. എന്നാൽ പുതുതായി ഉൾപ്പെടുത്തിയ സെക്ഷൻ 14B പ്രകാരം, മൂന്ന് പ്രത്യേക സാഹചര്യങ്ങളിൽ ഒരു സർട്ടിഫിക്കറ്റ് സ്വയമേവ അസാധുവാകും: നിശ്ചിത സമയത്തിനകം പുതുക്കാൻ അപേക്ഷ നൽകിയില്ലെങ്കിൽ, അപേക്ഷ നൽകിയെങ്കിലും സർക്കാർ അത് നിരസിച്ചാൽ, അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താൽ കാലാവധി തീരുന്നതിന് മുൻപ് സർട്ടിഫിക്കറ്റ് പുതുക്കി ലഭിച്ചില്ലെങ്കിൽ. ഈ അസാധുവാകൽ സംഭവിക്കുന്ന നിമിഷം തന്നെ സെക്ഷൻ 16A(1) പ്രകാരം ആ സ്ഥാപനത്തിന്റെ സകല ആസ്തികളും സർക്കാരിലേക്ക് മാറ്റപ്പെടും. ഗ്രേസ് പിരീഡ് (അധിക സമയം) എന്നൊന്നില്ലാത്ത ഈ നിയമത്തിൽ, നടപടിക്രമങ്ങൾ നടക്കുമ്പോൾ കണ്ടുകെട്ടൽ ഒഴിവാക്കാനുള്ള യാതൊരു പഴുതുമില്ല.

എങ്കിലും, സെക്ഷൻ 14B പ്രകാരമുള്ള ഈ താൽക്കാലിക കൈവശം വെക്കൽ തിരുത്താൻ കഴിയാത്ത ഒന്നല്ല. നിശ്ചിത കാലയളവിനുള്ളിൽ രജിസ്ട്രേഷൻ പുനഃസ്ഥാപിക്കാൻ കഴിഞ്ഞാൽ ഈ കണ്ടുകെട്ടൽ ഒഴിവാക്കാമെന്ന് സെക്ഷൻ 16A(5) വ്യക്തമാക്കുന്നുണ്ട്. പുനഃസ്ഥാപിക്കാനുള്ള അവസരമുണ്ടെന്നത് ഒരു ആശ്വാസമാണെങ്കിലും, രജിസ്ട്രേഷൻ പോയാൽ ഉടൻ തന്നെ സ്വത്തുക്കൾ ഏറ്റെടുക്കപ്പെടുന്ന രീതി സ്ഥാപനങ്ങളെ വലിയ പ്രതിസന്ധിയിലാക്കും. രജിസ്ട്രേഷൻ തിരികെ നേടാനുള്ള കഠിനമായ ഉത്തരവാദിത്വം ഇതോടെ പൂർണ്ണമായും ആ സ്ഥാപനത്തിന്റെ തലയിൽ വന്നുചേരുന്നു.

ഒരു നിശ്ചിത തീയതിക്കകം രജിസ്ട്രേഷൻ പുതുക്കി നൽകാൻ സർക്കാരിന് നിയമപരമായ യാതൊരു ബാധ്യതയുമില്ല. ഇവിടെ എല്ലാ നഷ്ടസാധ്യതകളും സ്ഥാപനത്തിന്റേതാണ്. കൃത്യസമയത്ത് അപേക്ഷ നൽകുകയും എല്ലാ രേഖകളും ഹാജരാക്കുകയും ചെയ്ത ഒരു സ്ഥാപനത്തിന് പോലും, സർക്കാർ പോർട്ടൽ തകരാറിലായാലോ ഒരു ഉദ്യോഗസ്ഥൻ അവധിയിലായാലോ തന്റെ സ്ഥാപനം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. സാങ്കേതികമായ കാരണങ്ങളാൽ അവസാന നിമിഷം ഒരു പുതുക്കിലഭിക്കൽ തടസ്സപ്പെട്ടാൽ പോലും നിയമം യാതൊരു ദയയും കാണിക്കുന്നില്ല.

ഇത്തരമൊരു നീക്കം ഭരണഘടനയുടെ 14, 21, 300A എന്നീ അനുച്ഛേദങ്ങൾ ഉയർത്തുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ്. ആർട്ടിക്കിൾ 300A പ്രകാരം നിയമപരമായ അധികാരമില്ലാതെ സ്വത്ത് കണ്ടുകെട്ടാൻ കഴിയില്ല. സർക്കാരിന്റെ തന്നെ ഭരണപരമായ പരാജയം കൊണ്ടുപോലും, മുൻകൂട്ടി കേൾക്കാതെ സ്വത്ത് കണ്ടുകെട്ടാൻ ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നത് ഭരണഘടനാപരമല്ലെന്നും അത് നീതിനിഷേധമാണെന്നും സുപ്രീം കോടതിയിൽ വാദിക്കാവുന്നതാണ്. സ്വാഭാവിക നീതിയുടെ തത്വങ്ങൾ പാലിക്കപ്പെടാത്ത ഇത്തരമൊരു നിയമനിർമ്മാണം ഭരണഘടനാപരമായ ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടിവരും എന്നുറപ്പാണ്.

ഈ നിയമപരിഷ്കരണത്തിലെ മറ്റൊരു അപകടകരമായ വശമാണ് മുൻകാല പ്രാബല്യം. പുതിയ സെക്ഷൻ 16B പ്രകാരം, പഴയ സെക്ഷൻ 15 ഉപയോഗിച്ച് നേരത്തെ തന്നെ ഏറ്റെടുക്കപ്പെട്ട എല്ലാ ആസ്തികൾക്കും പുതിയ നിയമം ബാധകമാകും. ഇതിനർത്ഥം 2018-ലോ 2020-ലോ രജിസ്ട്രേഷൻ റദ്ദാക്കപ്പെട്ട സ്ഥാപനങ്ങളുടെ നിലവിലുള്ള ആസ്തികൾ പോലും ഇനി ഈ പുതിയ നിയമത്തിലെ കടുത്ത വ്യവസ്ഥകൾക്ക് കീഴിൽ വരുമെന്നാണ്. ഇത്തരത്തിൽ മുൻകാല പ്രാബല്യത്തോടെയുള്ള നിയമനിർമ്മാണം ഭരണഘടനയുടെ ആർട്ടിക്കിൾ 14 (തുല്യത), ആർട്ടിക്കിൾ 300A (നിയമ അധികാരമില്ലാതെ സ്വത്ത് നഷ്ടപ്പെടുത്തരുത്) എന്നിവ ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങൾ സംബന്ധിച്ച് അതീവ ഗൗരവതരമായ ചോദ്യങ്ങൾ ഉയർത്തുന്നു. ഇവിടെ പഴയ കേസുകളിൽ പോലും പിടിച്ചെടുക്കൽ കൂടുതൽ കർശനമാക്കാൻ ഇതിലൂടെ സർക്കാരിന് സാധിക്കും. ഇത്തരത്തിലുള്ള പ്രതിസന്ധികൾ നിലനിൽക്കുന്ന സ്ഥാപനങ്ങൾ എത്രയുംവേഗം നിയമോപദേശം തേടേണ്ടതുണ്ട്.

സസ്പെൻഷൻ ഘട്ടം: റദ്ദാക്കുന്നതിന് മുമ്പേ മുറുകുന്ന വല

അപകടം സംഭവിക്കുന്നത് റദ്ദാക്കൽ ഉത്തരവ് കയ്യിൽ കിട്ടുമ്പോഴല്ല, അതിനും മുമ്പേ സസ്പെൻഷൻ ഘട്ടത്തിൽ തന്നെ നിയന്ത്രണങ്ങൾ ആരംഭിക്കുന്നു എന്നതാണ് വസ്തുത. ഭേദഗതി ചെയ്ത സെക്ഷൻ 13(2)(c) പ്രകാരം, അന്തിമമായ റദ്ദാക്കൽ ഉത്തരവ് വരുന്നതിന് മുന്നോടിയായി സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യുന്ന ഘട്ടത്തിൽ തന്നെ വിദേശ ഫണ്ട് ഉപയോഗിച്ചു നിർമ്മിച്ച ആസ്തികൾ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ മറ്റേതെങ്കിലും വിധത്തിൽ കൈകാര്യം ചെയ്യാനോ ആ സ്ഥാപനത്തിന് അനുവാദമുണ്ടാവില്ല.

അതായത്, സസ്പെൻഷൻ നടപടി നേരിടുന്ന ഒരു സംഘടന, പിന്നീട് കേസിൽ വിജയിക്കുകയും സസ്പെൻഷൻ പിൻവലിക്കുകയും ചെയ്താലും ആ കാലയളവിൽ ഗവൺമെന്റ് അനുമതിയില്ലാതെ സ്വന്തം ആസ്തികളിൽ ഒന്നും ചെയ്യാൻ അവർക്ക് കഴിയില്ല. സെക്ഷൻ 14B-യിലെ അസാധുവാകൽ വ്യവസ്ഥകളുമായി ഇതിനെ ചേർത്തു വായിക്കുമ്പോൾ, ഒരു സ്ഥാപനത്തെ നിയമപരമായി രണ്ട് ഘട്ടങ്ങളിലായി ശ്വാസം മുട്ടിക്കുന്ന തന്ത്രമാണ് ഇവിടെ കാണുന്നത്: സസ്പെൻഷൻ ഘട്ടത്തിൽ സ്ഥാപനം മരവിപ്പിക്കപ്പെടുന്നു, അസാധുവാകൽ ഘട്ടത്തിൽ അത് പൂർണ്ണമായും പിടിച്ചെടുക്കപ്പെടുന്നു.

വ്യക്തികളുടെ പേരിൽ ചാർജ് ചെയ്യപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ

ഈ നിയമഭേദഗതി വരുന്നതുവരെ, എഫ്‌സിആർഎ രജിസ്റ്റർ ചെയ്ത സംഘടനയുടെ ഭാഗത്ത് പിഴവ് ആരോപിക്കപ്പെട്ടാൽ ആ സംഘടനയായിരുന്നു വിചാരണ നേരിട്ടിരുന്നത്. എന്നാൽ 2026-ലെ ഈ പുതിയ ബിൽ ആ രീതിയെ പാടെ മാറ്റിമറിച്ചിരിക്കുന്നു.

പകരം വന്ന സെക്ഷൻ 39(1) പ്രകാരം, ഒരു സ്ഥാപനം നേരിടുന്ന ഓരോ ആരോപണം സംബന്ധിച്ചും അവിടുത്തെ ഓരോ പ്രധാന ഭാരവാഹിക്കും അറിവുണ്ടായിരുന്നുവെന്ന നിയമപരമായ അനുമാനം ഇവിടെ നിലവിൽ വരുന്നു. അതായത്, സംഘടന കുറ്റം ചെയ്തുവെന്ന് കണ്ടാൽ അതിലെ ഭാരവാഹികൾ കൂടി കുറ്റക്കാരാണെന്ന് നിയമം സ്വയമേവ അനുമാനിക്കും. കുറ്റം തങ്ങളുടെ അറിവോടെയല്ല നടന്നതെന്നും അത് തടയാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും തെളിയിക്കേണ്ട ബാധ്യത പൂർണ്ണമായും ഭരണഘടനാ വിരുദ്ധമായി ആ വ്യക്തിയിലാണ്. തെളിവ് ഹാജരാക്കാനുള്ള ബാധ്യത പ്രതിഭാഗത്തേക്ക് മാറ്റുന്ന ഈ സംവിധാനം വിചാരണാ വേളയിൽ വ്യക്തികളെ കടുത്ത സമ്മർദ്ദത്തിലാക്കും.

സെക്ഷൻ 39(2) ഇതിലും ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഒരു കുറ്റത്തിന് പിന്നിൽ ഏതെങ്കിലും ഭാരവാഹിയുടെ സമ്മതമോ ഒത്താശയയോ ഉണ്ടെന്ന് തെളിയുകയോ, അല്ലെങ്കിൽ ഒരു അവഗണന ഉണ്ടാവുകയോ ചെയ്താൽ പോലും ആ വ്യക്തി കുറ്റവാളിയായി മുദ്രകുത്തപ്പെടും. ബോധപൂർവമായ തട്ടിപ്പോ വലിയ തെറ്റോ വേണ്ട, കേവലമായ ഒരു ശ്രദ്ധക്കുറവ് പോലും തടവുശിക്ഷ ലഭിക്കാൻ മതിയായ കാരണമാകും എന്നതാണ് ഇതിലെ ഭീകരത.

ബില്ലിൽ പുതുതായി ചേർത്ത സെക്ഷൻ 2(1)(ja) പ്രകാരം ‘പ്രധാന ഭാരവാഹി’ എന്ന പദത്തിന്റെ പരിധിയിൽ വരുന്നത് ഒരു വലിയ വിഭാഗമാണ്. കമ്പനി ഡയറക്ടർമാർ, ട്രസ്റ്റിമാർ, മെത്രാന്മാർ, പ്രൊവിൻഷ്യൽമാർ, സൊസൈറ്റി ഭാരവാഹികൾ തുടങ്ങി സ്ഥാപനത്തിന്റെ ഭരണനിർവ്വഹണത്തിൽ ഉത്തരവാദിത്വമുള്ള എല്ലാവരും ഇതിൽ ഉൾപ്പെടുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ, സെക്ഷൻ 35 പ്രകാരം ഇവർ ഓരോരുത്തരും ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. പഴയ നിയമത്തിൽ ശിക്ഷ അഞ്ച് വർഷമായിരുന്നു എന്നും അത് ഇപ്പോൾ ഒരു വർഷമായി കുറച്ചെന്നും സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും അത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണ്. പഴയ നിയമത്തിലെ സെക്ഷൻ 39 പ്രധാനമായും കമ്പനികളെ ലക്ഷ്യം വെച്ചിരുന്നെങ്കിൽ പുതിയത് സഭാ സൊസൈറ്റികളെയും ട്രസ്റ്റുകളെയും അവയുടെ ഓരോ വ്യക്തിഗത ഭാരവാഹികളെയും നേരിട്ട് വേട്ടയാടാൻ രൂപകൽപ്പന ചെയ്തതാണ്. ഒരു സ്ഥാപനത്തിന്റെ റിട്ടേണുകൾ നേരിട്ട് പരിശോധിക്കാത്ത ബിഷപ്പോ മേജർ സുപ്പീരിയറോ പോലും, തന്റെ പേര് ഫോമിൽ ഉണ്ടെന്ന ഒറ്റ കാരണത്താലോ കീഴുദ്യോഗസ്ഥന്റെ ചെറിയ പിശക് മൂലമോ ക്രിമിനൽ നടപടി നേരിടേണ്ടി വരുന്ന ഒരു ഭീഷണിയുടെ പശ്ചാത്തലമാണ് ഇവിടെ രൂപപ്പെട്ടിരിക്കുന്നത്.

‘പ്രവർത്തനരഹിതമായ സ്ഥാപനം’ അറിയുന്നതിന് മുമ്പേ പിടിച്ചെടുക്കുന്നു

ഇന്ത്യയിലെ ഓരോ മതസ്ഥാപനത്തെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്ന ഒന്നാണ് ഈ ബില്ലിലെ സെക്ഷൻ 16C അവതരിപ്പിക്കുന്ന ‘പ്രവർത്തനരഹിതമായ സ്ഥാപനം’ (Defunct entity) എന്ന സങ്കല്പം. വിദേശ സംഭാവനകൾ സ്വീകരിക്കാൻ അനുവാദമുണ്ടായിരുന്ന ഒരു സ്ഥാപനം ഇല്ലാതാകുകയോ, അല്ലെങ്കിൽ പ്രവർത്തനരഹിതമാവുകയോ നിലച്ചുപോവുകയോ (Inoperative/Defunct) ചെയ്താൽ രണ്ട് പ്രത്യാഘാതങ്ങൾ അവിടെ സ്വയമേവ സംഭവിക്കുന്നു. ഒന്നാമതായി, ആ സ്ഥാപനത്തിന്റെ അവസാനത്തെ പ്രധാന ഭാരവാഹികൾ നിശ്ചിത സമയത്തിനകം ആ വിവരം കേന്ദ്ര സർക്കാരിനെ അറിയിക്കാൻ ബാധ്യസ്ഥരാണ്. രണ്ടാമത്തേതും ഏറ്റവും അപകടകരവുമായ കാര്യം, യാതൊരുവിധ റദ്ദാക്കൽ നടപടികളോ മുൻകൂർ നോട്ടീസോ ഹിയറിംഗോ പോലുമില്ലാതെ തന്നെ ആ സ്ഥാപനത്തിന്റെ സകല ആസ്തികളും സെക്ഷൻ 16A(5) പ്രകാരം ഡെസിഗ്നേറ്റഡ് അതോറിറ്റിയിൽ സ്ഥിരമായി നിക്ഷിപ്തമാകും എന്നതാണ്.

“പ്രവർത്തനരഹിതം” (Inoperative), “നിലച്ചുപോവുക” (Defunct) എന്നീ വാക്കുകൾക്ക് ഈ ബില്ലിൽ എവിടെയും കൃത്യമായ നിർവചനം നൽകിയിട്ടില്ല. ഇതൊരു നിയമനിർമ്മാണ പിശകല്ല; മറിച്ച് കൃത്യമായ മാനദണ്ഡങ്ങളില്ലാതെ ആസ്തികൾ ഉടനടി പിടിച്ചെടുക്കാൻ ഡെസിഗ്നേറ്റഡ് അതോറിറ്റിക്ക് നൽകിയിരിക്കുന്ന അനിയന്ത്രിതമായ അധികാരമാണ്. ജുഡീഷ്യൽ മേൽനോട്ടമില്ലാതെ പ്രയോഗിക്കുന്ന ഇത്തരമൊരു അധികാരം ഭരണഘടനാപരമായി നിലനിൽക്കുന്നതല്ലെങ്കിലും, കോടതികളുടെ ഇടപെടൽ ഉണ്ടാകാത്ത പക്ഷം ഇത് യഥേഷ്ടം പ്രയോഗിക്കപ്പെടും.

സഭയെയും സമൂഹത്തെയും ഏറ്റവും ദീർഘകാലം വിശ്വസ്തതയോടെ സേവിച്ച സ്ഥാപനങ്ങളാണ് ഈ വ്യവസ്ഥയുടെ വലിയ ഇരകളായി മാറുക. 1970-കളിലോ 80-കളിലോ എഫ്‌സിആർഎ രജിസ്‌ട്രേഷൻ ലഭിച്ച പല സഭാസമൂഹങ്ങളും ഇന്ന് ഔദ്യോഗിക വികസന പരിപാടികളിൽ നിന്ന് ആത്മീയവും അജപാലനപരവുമായ ശുശ്രൂഷകളിലേക്ക് മാറിയിട്ടുണ്ടാകാം. സ്ഥാപക നേതാക്കളുടെ മരണം മൂലമോ സ്ഥലംമാറ്റം മൂലമോ മാറ്റങ്ങളിലൂടെ കടന്നുപോകുന്നതോ, ഇന്റർനെറ്റ് ലഭ്യമല്ലാത്തതോ വിദഗ്ധരായ അക്കൗണ്ടന്റുമാരുടെ സേവനം ഇല്ലാത്തതോ ആയ മേഖലകളിൽ പ്രവർത്തിക്കുന്നതിനാൽ വാർഷിക റിട്ടേണുകൾ നൽകാൻ വൈകിയതോ ആയ സ്ഥാപനങ്ങൾ അക്കാരണം കൊണ്ട് കുറ്റക്കാരായി പരിഗണിക്കപ്പെടാൻ പാടില്ല. എന്നാൽ ഈ നിയമപ്രകാരം അവർക്ക് മുന്നറിയിപ്പില്ലാതെ എല്ലാം നഷ്ടപ്പെടാം. ഡെസിഗ്നേറ്റഡ് അതോറിറ്റി നടപടിയെടുത്തു കഴിഞ്ഞാൽ ഒരു സിവിൽ കോടതിക്കും ആ കണ്ടുകെട്ടൽ മറികടക്കാൻ കഴിയില്ല എന്നതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ ഹൈക്കോടതികൾ വഴിയുള്ള ഭരണഘടനാപരമായ പരിഹാരങ്ങൾ ഒട്ടും വൈകാതെ തന്നെ തേടേണ്ടതുണ്ട്.

കൈമാറ്റ വ്യവസ്ഥ — പിടിച്ചെടുത്ത ആസ്തികൾ എവിടേക്ക് പോകുന്നു?

ഈ ഭേദഗതിയുടെ യഥാർത്ഥ ലക്ഷ്യം വെളിപ്പെടുത്തുന്നത് സെക്ഷൻ 16A(6), സെക്ഷൻ 16D എന്നിവ ചേർത്ത് വായിക്കുമ്പോഴാണ്. ആസ്തികൾ സ്ഥിരമായി സർക്കാരിലേക്ക് നിക്ഷിപ്തമായിക്കഴിഞ്ഞാൽ, സെക്ഷൻ 16A(6)(a) പ്രകാരം ഡെസിഗ്നേറ്റഡ് അതോറിറ്റിക്ക് അവ കേന്ദ്ര അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ ഏതെങ്കിലും വകുപ്പുകൾക്കോ ഏജൻസികൾക്കോ കൈമാറാൻ അധികാരമുണ്ട്. അല്ലെങ്കിൽ, സെക്ഷൻ 16A(6)(b) പ്രകാരം പൊതു ലേലം വഴി അവ വിൽക്കാനും ആ തുക ‘കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ’യിലേക്ക് (Consolidated Fund of India) മാറ്റാനും സാധിക്കും. ആ ആസ്തികൾ പടുത്തുയർത്തിയ സ്ഥാപനത്തിനോ അതിന്റെ ഭാരവാഹികൾക്കോ പിന്നീട് അതിൽ യാതൊരു അവകാശവും ഉന്നയിക്കാൻ കഴിയില്ല.

സ്ഥാവര വസ്തുക്കൾ വിൽക്കുമ്പോൾ ഡെസിഗ്നേറ്റഡ് അതോറിറ്റി നൽകുന്ന ‘വിൽപന സർട്ടിഫിക്കറ്റ്’ (Certificate of Sale) ഒറിജിനൽ ആധാരങ്ങളുടെ അഭാവത്തിലും വാങ്ങുന്നയാളുടെ ഉടമസ്ഥാവകാശത്തിന്റെ അന്തിമമായ തെളിവായി മാറും. സെക്ഷൻ 16D(2) പ്രകാരം, ആധാരങ്ങൾ ഇല്ലെന്ന കാരണത്താൽ രജിസ്ട്രേഷൻ നിരസിക്കാൻ ഒരു ഉദ്യോഗസ്ഥനും കഴിയില്ല. ഒരു സിവിൽ കോടതിയുടെ ഡിക്രിക്കോ ട്രൈബ്യൂണൽ ഉത്തരവിനോ ഈ നിയമപ്രകാരം ഡെസിഗ്നേറ്റഡ് അതോറിറ്റി നടത്തുന്ന കൈമാറ്റത്തെ മറികടക്കാൻ കഴിയില്ല എന്നതാണ് ഇതിലെ ഏറ്റവും വലിയ നിയമക്കുരുക്ക്.

ഇവിടെ ഒരു പരിമിതമായ സംരക്ഷണം മാത്രം നിയമം നൽകുന്നുണ്ട്. സെക്ഷൻ 16A(7) പ്രകാരം, സ്ഥിരമായി കണ്ടുകെട്ടുന്ന ആസ്തി ഒരു ആരാധനാലയമാണെങ്കിൽ അതിന്റെ മതപരമായ സ്വഭാവം നിലനിർത്തുന്ന രീതിയിൽ മാനേജ്‌മെന്റ് ഒരു വ്യക്തിയെ ഏൽപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നു. അതായത്, ഒരു ദേവാലയ കെട്ടിടം മതേതര ആവശ്യത്തിനായി മാറ്റാൻ പാടില്ല, പക്ഷേ അതിന്റെ മാനേജ്‌മെന്റ് അത് നിർമ്മിച്ച വിശ്വാസി സമൂഹത്തിൽ നിന്ന് മാറി സർക്കാർ നിശ്ചയിക്കുന്ന വ്യക്തികളിലേക്ക് എത്തും. അക്രൈസ്തവനായ ഒരു വ്യക്തിയിലേയ്ക്ക് അഡ്മിനിസ്‌ട്രേഷന്റെ ഉത്തരവാദിത്വം എത്തിച്ചേർന്നേക്കാമെന്നിരിക്കെ, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 25 ന് വിരുദ്ധമാണ്.

സാമ്പത്തിക സുതാര്യതയായിരുന്നു ഈ ബില്ലിന്റെ ലക്‌ഷ്യമെങ്കിൽ ഓഡിറ്റും വിവരങ്ങൾ വെളിപ്പെടുത്തലുമായിരുന്നു വേണ്ടിയിരുന്നത്. സഭ നിർമ്മിച്ച ആശുപത്രികളും സ്കൂളുകളും സർക്കാർ ഏജൻസികൾക്ക് നൽകാനോ ലേലം ചെയ്യാനോ ഉള്ള അധികാരം സുതാര്യതയ്ക്കല്ല, മറിച്ച് സ്വത്തുക്കൾ ശാശ്വതമായി കൈവശപ്പെടുത്താനാണ് സഹായിക്കുന്നത്. ആ വ്യത്യാസം നാം തിരിച്ചറിയണം.

അന്വേഷണങ്ങൾക്ക് സർക്കാർ അനുമതി — വിചാരണാധികാരത്തിന്റെ കുത്തക

ഈ ബില്ലിലെ ഏറ്റവും ശ്രദ്ധിക്കപ്പെടാതെ പോയ, എന്നാൽ അതീവ ഗൗരവമുള്ള ഒന്നാണ് സെക്ഷൻ 43(2). എഫ്‌സിആർഎ നിയമപ്രകാരമുള്ള ഏതൊരു കുറ്റത്തിനും അന്വേഷണം ആരംഭിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന് ഈ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.

ഈ ഒരൊറ്റ ഉപവകുപ്പിലൂടെ, കുറ്റവിചാരണ ആരംഭിക്കാനുള്ള അധികാരം പൂർണ്ണമായും ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥൻ/ ഉദ്യോഗസ്ഥർ കൈപ്പിടിയിലൊതുക്കുകയാണ്. ഒരു സ്വതന്ത്ര ഏജൻസിക്കോ, സംസ്ഥാന പോലീസിനോ, ഒരു പരാതിയിന്മേൽ നടപടിയെടുക്കുന്ന മജിസ്‌ട്രേറ്റിനോ കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടിയില്ലാതെ ഒരന്വേഷണവും തുടങ്ങാൻ കഴിയില്ല. ഇവിടെയുള്ള പ്രധാന വൈരുദ്ധ്യം എന്തെന്നാൽ, ആസ്തികൾ കണ്ടുകെട്ടുന്നതിലൂടെ കേന്ദ്ര സർക്കാരിന് തന്നെ ഗുണമുണ്ടാകുന്ന ഒരു സാഹചര്യത്തിൽ, ഏതുരീതിയിൽ അന്വേഷിക്കണം എന്നത് പൂർണ്ണമായും ഭരണകൂടത്തിന്റെ താൽപ്പര്യമായി മാറുന്നു എന്നതാണ്. അന്വേഷണാനുമതിക്കുള്ള കവാടം തുറക്കണോ വേണ്ടയോ എന്നത് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനമായി മാറുമ്പോൾ, സ്ഥാപനങ്ങളുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാവുന്നു.

അവസാനം വലിയ വില നൽകേണ്ടി വരുന്നത് പാവപ്പെട്ടവർ

ഭരണപരമായ നടപടിക്രമങ്ങളിലെ ചെറിയ പാളിച്ചകൾ മൂലം ഒരു സ്ഥാപനം പൂട്ടപ്പെടുമ്പോൾ സഭ സേവിക്കുന്ന പാവപ്പെട്ട ജനങ്ങൾക്ക് എന്ത് സംഭവിക്കും എന്നതാണ് ഈ ബില്ലിന്റെ ഏറ്റവും ദയനീയമായ വശം. ഇതിലെ നിയമഭാഷ്യങ്ങൾക്ക് പിന്നിൽ പാവപ്പെട്ടവരുടെ നിസ്സഹായത ഒളിഞ്ഞു കിടക്കുന്നുണ്ട്.

രജിസ്ട്രേഷൻ പുതുക്കാനുള്ള സമയത്ത് ഗവൺമെന്റ് പോർട്ടൽ തകരാറിലാകുന്നു; അല്ലെങ്കിൽ സ്കാൻ ചെയ്ത ഒരു രേഖയുടെ വ്യക്തത കുറഞ്ഞതിനാൽ അത് നിരസിക്കപ്പെടുന്നു; വാർഷിക റിട്ടേണിലെ ഒരു ചെറിയ ഫോർമാറ്റിംഗ് പിശക് ചൂണ്ടിക്കാണിക്കപ്പെടുന്നു — നിലവിലുള്ള നിയമപ്രകാരം ഇവ വെറും സ്ഥാപനനേതൃത്വത്തിന്റെ ചെറിയ തലവേദനകൾ മാത്രമായിരുന്നു. എന്നാൽ 2026-ലെ ഭേദഗതി പ്രകാരം, കാലാവധി കഴിയുന്നതിന് മുൻപ് ഇവ പരിഹരിക്കപ്പെട്ടില്ലെങ്കിൽ സെക്ഷൻ 14B പ്രകാരം ആ സ്ഥാപനം അസാധുവാകുകയും സകല ആസ്തികളും കണ്ടുകെട്ടപ്പെടുകയും ചെയ്യുന്നു.

ആളുകളെ ശുശ്രൂഷിക്കുന്നത് നിർത്തിയതുകൊണ്ടാവണമെന്നില്ല ഒരു ആശുപത്രി പൂട്ടുന്നത്, മറിച്ച് ഒരു ഓൺലൈൻൽ പോർട്ടൽ പരാജയപ്പെട്ടതുകൊണ്ടു പോലുമാകാം. കുട്ടികളെ പഠിപ്പിക്കുന്നത് നിർത്തിയതുകൊണ്ടാവണമെന്നില്ല ഒരു സ്കൂൾ പൂട്ടേണ്ടി വരുന്നത്, മറിച്ച് ഒരു സർക്കാർ ഓഫീസറുടെ മേശപ്പുറത്ത് ഫയൽ മൂന്നാഴ്ച വൈകിയതുകൊണ്ടാവാം. ഈ ബില്ലിലെങ്ങും പാവപ്പെട്ടവരെക്കുറിച്ച് പരാമർശമില്ല. എന്നാൽ ഇതിന്റെ ആഘാതം പൂർണ്ണമായും പരിഹാരമില്ലാതെയും അനുഭവിക്കേണ്ടി വരുന്നത് ഈ രാജ്യത്തെ സാധാരണക്കാരായ പൗരന്മാരായിരിക്കും. ദരിദ്രരെ സേവിക്കുന്ന സ്ഥാപനങ്ങൾ വെറും സാങ്കേതിക പിശകുകളുടെ പേരിൽ പൂട്ടാൻ അനുവദിക്കുന്ന നിയമം സുതാര്യതയ്ക്കല്ല, മറിച്ച് അധികാരത്തിന് വേണ്ടിയുള്ളതാണ്. ഇത് പാവങ്ങൾക്കുവേണ്ടി നിലകൊള്ളാൻ പ്രതിജ്ഞാബദ്ധമായ സഭ തുറന്നു പറയേണ്ടി വരും.

സഭ എന്നും നീന്തിയിട്ടുള്ളത് ഒഴുക്കിനെതിരെയാണ്

ഇന്ത്യയിലെ സഭ സുവിശേഷത്തിന്റെ ആഹ്വാനങ്ങൾക്ക് ഉത്തരം നൽകാനായി ഒരിക്കലും രാഷ്ട്രീയ സുരക്ഷിതത്വത്തിന് വേണ്ടി കാത്തുനിന്നിട്ടില്ല. മറ്റാരും മുന്നിട്ടിറങ്ങാനില്ലാത്ത കാലത്ത് നാം വിദ്യാലയങ്ങളും ആശുപത്രികളും പടുത്തുയർത്തി. ഭരണകൂടം ഉപേക്ഷിച്ച സമൂഹങ്ങളെ നാം നെഞ്ചോട് ചേർത്തു. ഇതൊന്നും നിയമം അനുവദിച്ചതുകൊണ്ടോ, അനുവാദം കാത്തുനിന്നിട്ടോ അല്ല ചെയ്തത്, മറിച്ച് സഭയുടെ നിയോഗവും സമൂഹത്തിന്റെ ആവശ്യങ്ങളും യഥാർത്ഥമായതിനാൽ മുന്നിട്ടിറങ്ങുകയാണുണ്ടായിട്ടുള്ളത്. സഭയ്ക്കുള്ള ആ വിളി ഇന്നും തുടരുന്നു. എന്നാൽ നാം ഇന്ന് നിലനിൽക്കുന്ന നിയമസാഹചര്യങ്ങൾ സഭയ്ക്ക് എതിരായി ബോധപൂർവം മാറ്റപ്പെട്ടുകൊണ്ടിരിക്കുന്നു.

ഈ ഘട്ടത്തിൽ സഭയുടെ പ്രതികരണം അതീവ ജാഗ്രതയുള്ളതും സംഘടിതവുമായിരിക്കണം. യാതൊരു പഴുതും അവശേഷിക്കാത്ത വിധം കൃത്യമായ പരിഹാരം ഉറപ്പാക്കുന്ന വിധത്തിൽ ഭരണഘടനാപരമായ നിയമ പോരാട്ടങ്ങൾ ഉടനടി ആരംഭിക്കുകയും വേണം.

Editor

Leave a Reply

Your email address will not be published. Required fields are marked *