KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

നിയന്ത്രണങ്ങളിൽ നിന്ന് ആധിപത്യത്തിലേക്ക്…

ഫാ. ജോഷി മയ്യാറ്റിൽ

(FCRA ഭേദഗതി ബിൽ 2026 ഉയർത്തുന്ന ഭരണഘടനാപരമായ ആശങ്കകൾ)

വിദേശ ധനസഹായ നിയമം ഉടച്ചുവാർക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കം നിയമപരവും രാഷ്ട്രീയവുമായ തർക്കവിഷയമായി മാറിയിരിക്കുകയാണ്. കത്തോലിക്കാസഭയുടെ ഇടപെടൽ ഈ ചർച്ചയ്ക്ക് പുതിയൊരു തലം നൽകുകയും, ഈ വിഷയത്തെ പൊതുജനമധ്യത്തിലേക്കും രാഷ്ട്രീയ വേദിയിലേക്കും എത്തിക്കുകയും ചെയ്തിരിക്കുന്നു.

2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ കൊണ്ടുവരുന്ന 2026-ലെ ഭേദഗതി ബിൽ, വെറുമൊരു നിയമം കടുപ്പിക്കൽ മാത്രമല്ല, മറിച്ച് പൗരസമൂഹത്തോട് സർക്കാർ പുലർത്തുന്ന ഋണാത്മകസമീപനമായാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ ഒരു നിർണ്ണായക ചോദ്യം ഉയരുന്നു: സർക്കാർ എൻജിഒകളെ (NGOs) നിയന്ത്രിക്കുന്നതിനാണോ അതോ അവയുടെ നിലനിൽപ്പിന്മേൽ തന്നെ അധികാരം സ്ഥാപിക്കുന്നതിനാണോ ശ്രമിക്കുന്നത്? ഭരണഘടനയുടെയും കോടതി വിധികളുടെയും വെളിച്ചത്തിൽ ഈ വിഷയം പരിശോധിക്കാനാണ് ഇവിടെ ഉദ്യമിക്കുന്നത്.

നിരീക്ഷണത്തിൽ നിന്ന് പിടിച്ചെടുക്കലിലേക്ക്

വിദേശപ്പണത്തിൻ്റെ വരവുചെലവുകളുടെ സുതാര്യത ഉറപ്പാക്കാനും തദ്വാരാ, രാജ്യസുരക്ഷ ഉറപ്പുവരുത്താനുമുള്ള ഒരു സംവിധാനം മാത്രമായിരുന്നു തുടക്കത്തിൽ FCRA നിയമം. ഫണ്ട് കൈമാറ്റം നിയന്ത്രിച്ചും, സ്ഥാപന അഡ്മിനിസ്ട്രേഷൻ ചെലവുകൾക്ക് പരിധി നിശ്ചയിച്ചും, ബാങ്കിംഗ് ഇടപാടുകൾ കേന്ദ്രീകരിച്ചും 2020-ലെ ഭേദഗതികൾ ആ നിയമം കർക്കശമാക്കി. എന്നാൽ 2026-ലെ നിർദ്ദേശം ഇതിലും കടന്നതാണ്. സർക്കാരിതര സംഘടനകളുടെ ഫണ്ടിന്റെ വിനിയോഗം തടസ്സപ്പെടുത്താനും ആസ്തികൾ ഏറ്റെടുത്ത് വിറ്റഴിക്കാനും വരെ അധികാരികൾക്ക് ഇത് അനുവാദം നൽകുന്നു. നിയന്ത്രണങ്ങൾക്കപ്പുറം സംഘടനകളുടെ ‘നിലനിൽപ്പിന്മേലുള്ള നിയന്ത്രണം’ എന്ന വിധത്തിലേക്കാണ് കാര്യങ്ങൾ മാറിയിരിക്കുന്നത്.

സംഘടനാസ്വാതന്ത്ര്യം അപകടത്തിൽ

ഭരണഘടനയുടെ അനുച്ഛേദം 19(1)(c) സംഘടനകൾ രൂപീകരിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. ദമയന്തി നാരംഗ vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, ഒരു സംഘടനയുടെ സ്വത്വത്തെ നശിപ്പിക്കുന്ന തരത്തിൽ ഭരണകൂടം ഇടപെടാൻ പാടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഒരു എൻജിഒയ്ക്ക് അതിന്റെ ഫണ്ടിന്മേലും ആസ്തിക്കുമേലും നിയന്ത്രണം നഷ്ടപ്പെട്ടാൽ, അതിന്റെ നിലനിൽപ്പ് അസാധ്യമായി മാറും. 2026 ബിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങൾ ന്യായമാണോ അതോ, അവ സംഘടനകളുടെ പ്രവർത്തനം തടസ്സപ്പെടാൻ കാരണമാകുന്നതിനാൽ ഭരണഘടനാനുസൃതമാണോ എന്ന ചോദ്യം പ്രബലപ്പെടുന്നത് ഈ വസ്തുതയുടെ വെളിച്ചത്തിലാണ്.

അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള കത്രിക

പൊതു ചർച്ചകളിലും വാദമുഖങ്ങളിലും എൻജിഒകൾ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ഇന്ത്യൻ സോഷ്യൽ ആക്ഷൻ ഫോറം (INSAF) vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ, ഫണ്ട് നിയന്ത്രണങ്ങളെ കോടതി ശരിവച്ചെങ്കിലും അമിതമായ രാഷ്ട്രീയ ഇടപെടലുകൾക്കെതിരേ മുന്നറിയിപ്പ് നൽകിയിരുന്നു. വിയോജിപ്പുകളെ നിശ്ശബ്ദമാക്കാൻ പുതിയ ബിൽ ഇടയാക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. സാമ്പത്തിക നിയന്ത്രണങ്ങൾ കൂടുന്നത് സംഘടനകളെ സ്വയം സെൻസർഷിപ്പിന് പ്രേരിപ്പിക്കുകയും ജനാധിപത്യ ഇടം ചുരുങ്ങാൻ കാരണമാവുകയും ചെയ്യും.

വിവേചനവും സമത്വവും സംബന്ധിച്ച ആശങ്കകൾ

ഭരണഘടനയുടെ 14-ാം അനുച്ഛേദം ഏകപക്ഷീയമായ സർക്കാർ നടപടികളെ വിലക്കുന്ന ഒന്നാണ്. ഇ.പി. റോയപ്പ vs സ്റ്റേറ്റ് ഓഫ് തമിഴ്നാട് കേസിലെ വിധി പ്രകാരം, ഏകപക്ഷീയമായ നടപടികൾ സമത്വത്തിന് വിരുദ്ധമാണ്. ആസ്തികളുടെ നിയന്ത്രണത്തിലും അനുമതികളിലും ഈ ബിൽ അധികാരികൾക്ക് വിപുലമായ അധികാരം നൽകുന്നു. വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളില്ലാതെ ഇത്തരം അധികാരങ്ങൾ നൽകുന്നത് ചില സംഘടനകളെ മാത്രം ലക്ഷ്യം വയ്ക്കാനും വിവേചനപരമായ നടപടികൾക്കു വഴിയൊരുക്കാനും ഇടയാക്കുമെന്ന് വിമർശകർ ഭയപ്പെടുന്നു.

സ്വത്തവകാശവും ആനുപാതികതയും

ആസ്തികളുടെ നിയന്ത്രണമാണ് ഈ ബില്ലിലെ ഏറ്റവും തർക്കവിഷയമായ ഭാഗം. അനുച്ഛേദം 300A പ്രകാരം നിയമപരമായല്ലാതെ ഒരാളുടെ സ്വത്ത് ആരും കൈവശപ്പെടുത്താൻ പാടില്ല. കെ.ടി. പ്ലാന്റേഷൻ പ്രൈവറ്റ് ലിമിറ്റഡ് vs സ്റ്റേറ്റ് ഓഫ് കർണാടക കേസിൽ, ഇത്തരം നടപടികൾ നീതിപൂർവ്വവും ന്യായവുമാകണമെന്ന് കോടതി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ആസ്തികൾ ഏറ്റെടുക്കുകയോ വിൽക്കുകയോ ചെയ്യുമ്പോൾ അത് വെറുമൊരു നിയന്ത്രണമോ അതോ സ്വത്ത് കണ്ടുകെട്ടലോ എന്ന ചോദ്യം ഉയരുന്നു. മോഡേൺ ഡെന്റൽ കോളേജ് vs സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് കേസിലെ ‘ആനുപാതികതാ പരിശോധന’ (Proportionality Test) അനുസരിച്ച്, ഇത്തരം അമിത നിയന്ത്രണങ്ങൾ നിയമവിരുദ്ധമായി കണക്കാക്കപ്പെടാം.

അമിതാധികാരവും പരിമിതമായ സുരക്ഷാ സംവിധാനങ്ങളും

വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നതിലും ആശങ്കയുണ്ട്. ഇൻ റെ: ഡൽഹി ലോസ് ആക്ട് കേസിൽ ഇത്തരം അമിതാധികാരത്തിനെതിരേ കോടതി മുന്നറിയിപ്പ് നൽകിയിരുന്നു. ഒരു നിർദ്ദിഷ്ട അധികാര കേന്ദ്രത്തിന് (Designated Authority) കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളില്ലാതെ വിപുലമായ അധികാരം നൽകുന്നത് അപകടകരമാണ്. മേനക ഗാന്ധി vs യൂണിയൻ ഓഫ് ഇന്ത്യ കേസിൽ ഉയർത്തിപ്പിടിച്ച സ്വാഭാവിക നീതിയുടെ തത്ത്വങ്ങൾക്ക് വിരുദ്ധമാണ് രജിസ്ട്രേഷൻ സ്വമേധയാ റദ്ദാക്കൽ, പരാതി കേൾക്കാനുള്ള പരിമിതമായ അവസരങ്ങൾ എന്നിവ.

ചുരുക്കത്തിൽ…

FCRA നിയമത്തിന്റെ പരിണാമം വ്യക്തമായ ഒരു സൂചന നൽകുന്നു:

  • 2010: അയവുള്ള നിയന്ത്രണങ്ങൾ
  • 2020: നിയമപാലനത്തിൽ കാർക്കശ്യം
  • 2026: സ്ഥാപനത്തിന്റെ നിലനിൽപ്പിന്മേലുള്ള നിയന്ത്രണം.
  • 2026-ലെ ബില്ലിനെ മുൻപത്തെ നിയമങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ ലക്ഷ്യമാണ്. പഴയ നിയമങ്ങൾ പണത്തിന്റെ ഒഴുക്കിനെയാണ് നിയന്ത്രിച്ചിരുന്നത്; ഈ നിയമം സ്ഥാപനത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നു. അതുകൊണ്ടാണ് ഭരണഘടനാപരമായ ആശങ്കകൾ ഇത്ര ശക്തമായി ഉയരുന്നത്. സുതാര്യതയ്ക്കും ദേശീയ സുരക്ഷയ്ക്കും ഈ പരിഷ്കാരങ്ങൾ അത്യാവശ്യമാണെന്ന് സർക്കാർ വാദിക്കുന്നു. എന്നാൽ, ഇത് ജനാധിപത്യ സമൂഹത്തെ അടിച്ചമർത്തലാണെന്ന് വിമർശകർ മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം വാസ്തവങ്ങൾ മനസ്സിലാക്കാതെയോ, മനസ്സിലാക്കിയിട്ടും അപ്രകാരം ഭാവിക്കാതെയോ നടത്തുന്ന പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഈ ദിവസങ്ങളിൽ കണ്ടുവരുന്നത്. “കേന്ദ്രസർക്കാരിന് വിദേശ സംഭാവനകളുടെ കണക്ക് കൊടുക്കാൻ മടിക്കുന്നതാണ്” പ്രശ്നമെന്ന് സ്ഥാപിക്കാൻ ചിലകോണുകളിൽ നിന്ന് നിരന്തര ശ്രമങ്ങൾ നടക്കുന്നുണ്ട്. “മറ്റേതോ രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷനുമായി ബന്ധപ്പെട്ട മുതലെടുപ്പുകൾ”, “വാസ്തവവിരുദ്ധമായ ആരോപണങ്ങൾ” എന്നിങ്ങനെ ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. “കത്തോലിക്കാ സഭയ്ക്ക് മാത്രമെന്താണ് പ്രശ്നം?” എന്ന ചോദ്യവും നിരന്തരം ഉയരുന്നുണ്ട്. കാര്യമെന്താണെന്ന് മനസിലാക്കാൻ ഇനിയും അവസരം കിട്ടാത്ത കുറേയേറെപ്പേർ ഉപരിപ്ലവമായ ഇത്തരം ആശയപ്രചരണങ്ങൾ മുഖവിലയ്‌ക്കെടുത്ത് തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. വാസ്തവങ്ങൾ മനസിലാക്കാൻ ശ്രമിക്കുകയും, അതിനുശേഷം പ്രതികരിക്കുകയും ചെയ്യുക എന്നേ പറയാനുള്ളൂ.

ഈ രൂപത്തിൽ നിയമം നടപ്പിലാക്കുകയാണെങ്കിൽ, അത് തീർച്ചയായും വലിയ നിയമപോരാട്ടങ്ങൾക്ക് വഴിമരുന്നിടും. ഭാരതത്തിലെ ഭരണകൂട അധികാരവും സിവിൽ സമൂഹവും തമ്മിലുള്ള സന്തുലിതാവസ്ഥയെ ഇത് പുനർനിർവചിച്ചേക്കാം.

ഏതായാലും, ഈ വിഷയം രാഷ്ട്രീയ ചർച്ചകളിലേക്ക്—പ്രത്യേകിച്ച് കേരളത്തിൽ—പടർന്നതോടെ ഇതിന്റെ ഗൗരവം വർദ്ധിച്ചിരിക്കുകയാണ്. കേരളത്തിലെ NDAയുടെ വൻ രാഷ്ട്രീയപ്രതീക്ഷകൾക്ക് കേന്ദ്രസർക്കാർ വച്ച ടോർപ്പിഡോ ആയിപ്പോയി ഈ തിരഞ്ഞെടുപ്പു കാലത്തെ FCRA ഭേദഗതി ബിൽ കോലാഹലങ്ങൾ എന്ന് പറയാതെ വയ്യാ.

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *