സർക്കാർ ജോലിയിലെ സമുദായ പ്രാതിനിധ്യം: അവകാശവാദങ്ങളും മറുചോദ്യങ്ങളും
ജെയിംസ് വടക്കൻ
പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തില്‍ ശ്രീ. വി. ഉബൈദുള്ള എം.എല്‍.എ. ചോദിച്ച 2851-ാം നമ്പര്‍ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം “സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളിലെ പിന്നാക്ക വിഭാഗ പ്രാതിനിധ്യത്തെ” സംബന്ധിച്ചായിരുന്നു. 25.06.2024 ല്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കവിഭാഗ ക്ഷേമവും ദേവസ്വവും പാര്‍ലമെന്ററി കാര്യവും വകുപ്പ് മന്ത്രി ശ്രീ. കെ. രാധാകൃഷ്ണന്‍ അതിനുള്ള വിശദമായ മറുപടിയും നല്‍കി. കഴിഞ്ഞ 25 വര്‍ഷക്കാലത്തിനിടയില്‍ സര്‍ക്കാര്‍ മേഖലയിലെ ജാതി (കമ്മ്യൂണിറ്റി) അടിസ്ഥാനത്തിലുള്ള ആദ്യ ഔദ്യോഗിക കണക്കാണിത്.
സര്‍ക്കാര്‍ മേഖലയിലെ ജാതി അടിസ്ഥാനത്തിലുള്ള കണക്കുകളിലേക്ക് പോകുന്നതിന് മുമ്പ് കേരളത്തിലെ ജാതി/ഉപജാതി അടിസ്ഥാനത്തില്‍ ലഭ്യമായ കണക്കുകളും സര്‍ക്കാര്‍ മേഖലയിലെ തൊഴിലവസരങ്ങളുടെ കണക്കുകളും കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ന്യൂനപക്ഷ വിഭാഗങ്ങളുടെയും ഭൂരിപക്ഷ സമുദായങ്ങളുടെയും ജോലി ലഭ്യതയെക്കുറിച്ചുള്ള സത്യസന്ധമായ കണക്കുകള്‍ മതേതര കേരളത്തിലെ പൊതു ജനസമൂഹവും ന്യൂനപക്ഷ ഭൂരിപക്ഷ സമുദായ നേതാക്കളും അവരെ പിന്തുണക്കുന്ന രാഷ്ട്രീയ നേതാക്കളും കൃത്യമായി അറിഞ്ഞിരിക്കേണ്ടതാണ്.
ഒരു മതനിരപേക്ഷ (സെക്യുലര്‍) രാജ്യമായ ഇന്ത്യയില്‍ മതത്തിന്റെ പേരില്‍ വേര്‍തിരിവ് ഉണ്ടാകരുതെന്ന ഭരണഘടനാ ശില്പികളുടെ സ്വപ്നം ഇന്ത്യൻ ജനത ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നുവെന്ന് 2024 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുന്നു. മതത്തിനും വർഗ്ഗത്തിനുമല്ല ഇന്ത്യൻ പൗരനെന്ന സ്ഥാനത്തിനാണ് ഒന്നാം സ്ഥാനമെന്ന് ഇന്ത്യ ആകമാനം വോട്ടര്‍മാര്‍ നിശ്ചയിച്ചു വോട്ടു ചെയ്തതാണ് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പുഫലം.

മതത്തിന്റെ പേരില്‍ ജോലി സംവരണം ഭരണഘടന അനുവദിച്ചിട്ടില്ലെങ്കിലും ആരംഭ കാലഘട്ടങ്ങളില്‍ പട്ടികജാതി (എസ്.സി.), പട്ടികവിഭാഗ (എസ്.ടി.) കാര്‍ക്കായി പ്രത്യേക സംവരണം പ്രായോഗികമായി ഏര്‍പ്പെടുത്തിയിരുന്നു. അവസാന കണക്കെടുപ്പില്‍ പട്ടികജാതിക്കാര്‍ക്ക് 15%വും പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 7.5% വും ആയിരുന്നു തൊഴില്‍-വിദ്യാഭ്യാസ മേഖലയിലെ സംവരണം. 1947 മുതല്‍ 1979 വരെ സംവരണം ഇങ്ങനെ തുടര്‍ന്നു. 1979 ല്‍ അന്നത്തെ പ്രധാന മന്ത്രിയായിരുന്ന മൊറാര്‍ജി ദേശായി സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നിലാകുന്ന സമൂഹങ്ങളെക്കുറിച്ച് പഠിക്കാനും നിലവിലെ സംവരണത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്താനും പാര്‍ലമെന്‍റേറിയനായിരുന്ന ബി.പി. മണ്ഡലിനെ ഒരു ദേശീയ കമ്മീഷനായി നിയമിച്ചു. മണ്ഡല്‍ കമ്മീഷന്റെ പഠനമനുസരിച്ച് പട്ടികജാതി, പട്ടികവര്‍ഗ്ഗ സംവരണത്തിനൊപ്പം കൂടുതൽ പരിഗണനയോടെ മറ്റു പിന്നാക്ക വിഭാഗക്കാര്‍ എന്ന ഒ.ബി.സി. (Other Backward Communities) വിഭാഗത്തെക്കൂടി സംവരണ ആനുകൂല്യങ്ങളില്‍ പെടുത്തണമെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ആദ്യം 52% സംവരണം ഒ.ബി.സിക്ക് വേണമെന്ന ആശയമുയര്‍ന്നെങ്കിലും ദേശവ്യാപകപ്രക്ഷോഭത്തെ തുടര്‍ന്നും ആകെ സംവരണം 50% കൂടാന്‍ പാടില്ല എന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലും മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയില്ല.
പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1990-ല്‍ വി.പി. സിംഗ് പ്രധാനമന്ത്രിയായിരിക്കെ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയതലത്തില്‍ 27% സംവരണം ഒ.ബി.സി. വിഭാഗത്തിന് നല്‍കാന്‍ തീരുമാനിച്ചു.
എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇന്ദ്ര സോഹാനി എന്ന യുവതി സുപ്രീംകോടതിയെ സമീപിച്ചതിനാല്‍ മൂന്നുവർഷം കൂടി കഴിഞ്ഞ് 1993 ല്‍ ആണ് 15% പട്ടികജാതി, 7.5% പട്ടിക വര്‍ഗ്ഗ സംവരണം എന്നിവയ്‌ക്കൊപ്പം 27% ഒ.ബി.സിക്കും സംവരണം അനുവദിച്ചത്.
മുസ്ലീം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാനായി 9. 3. 2005 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച ജസ്റ്റീസ് രാജീന്ദ്രര്‍ സച്ചാറിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ സമിതി 30.11. 2006 ല്‍ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പിലാക്കുന്നതിനായി അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലൊളി മുഹമ്മദുകുട്ടിയുടെ നേതൃത്വത്തില്‍ 11 അംഗ സമിതിയെ 15.10. 2007 ല്‍ നിയമിച്ചു. 21. 02. 2008 ല്‍ സമര്‍പ്പിച്ച പാലൊളി റിപ്പോര്‍ട്ട് എല്‍.ഡി.എഫ്. സര്‍ക്കാര്‍ അതിവേഗത്തില്‍ 6. 5. 2008 ല്‍ തന്നെ (3 മാസം) അംഗീകരിച്ചു.
അതേസമയം ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ അവരുടെ റിപ്പോര്‍ട്ട് 2023 മെയ് മാസത്തില്‍ സമര്‍പ്പിച്ചെങ്കിലും മേല്‍നടപടികൾക്കായി ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിക്കാന്‍ 10 മാസം വേണ്ടിവന്നു.
മതാടിസ്ഥാനത്തിലുള്ള ജനസംഖ്യ വിവിധ ജില്ലകളില്‍ 2011
2011 ലെ സെൻസസ് പ്രകാരം, കേരളത്തിലെ ഏറ്റവും വലിയ ജനസമൂഹം സുന്നി മുസ്ലീം ആണ് (24.9%). തൊട്ടടുത്തു തന്നെ 21.6% ആയി ഈഴവര്‍. ഈഴവര്‍ക്ക് പിന്നില്‍ 11.9% ആയി നായന്‍മാരും 7% ആയി സീറോമലബാര്‍ ക്രൈസ്തവരും. കേരളത്തിലെ 14 ജില്ലകളില്‍ 12 ജില്ലകളും ഹൈന്ദവ ഭൂരിപക്ഷ ജില്ലകളാണ്. കേരളത്തിലെ മത സൗഹാര്‍ദ്ദത്തിന്റെ കാരണവും മറ്റൊന്നല്ല.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്, ഇന്ദ്ര സോഹാനി കേസ്, ആകെ സംവരണം 50 ശതമാനത്തില്‍ കൂടുതല്‍ ആകാന്‍ പാടില്ല എന്ന ആദ്യ സുപ്രീംകോടതി വിധി, തുടങ്ങിയവയെല്ലാം ഇന്ന് കാണുന്ന രീതിയിൽ തൊഴില്‍, വിദ്യാഭ്യാസ മേഖലകളില്‍ വിവിധ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് നിശ്ചിത ശതമാനം അവസരങ്ങള്‍ സംവരണം ചെയ്തു നല്‍കാൻ വഴിയൊരുക്കി.
ദേശീയ തലത്തില്‍ 1993 ല്‍ ഒ.ബി.സി.ക്ക് 27% സംവരണം നിലവില്‍ വന്നു. അതിന് മുമ്പുതന്നെ പട്ടികജാതിക്ക് 15%, പട്ടികവര്‍ഗ്ഗത്തിന് 7.5% സംവരണം ഉണ്ടായിരുന്നു. അങ്ങനെ ദേശീയ തലത്തില്‍ സംവരണം 49.5% ആയി ഉയര്‍ന്നു. എന്നാല്‍ കേരളത്തില്‍ എസ്.സി., എസ്.ടി. വിഭാഗങ്ങളുടെ ആകെ സംവരണം 10% ഉം ഒ.ബി.സി. സംവരണം 40% ഉം ആണെന്ന് ചൂണ്ടിക്കാണിക്കുന്നു. ദേശീയ തലത്തിലെ 22.5% എസ്.സി., എസ്.ടി. സംവരണം കേരളത്തില്‍ 10% ആയി കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് വലിയ സാമൂഹിക തിന്മയാണ്.
സംസ്ഥാന സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴിലുകള്‍ ജാതി അടിസ്ഥാനത്തില്‍
സംസ്ഥാന ബജറ്റവതരണസമ്മേളനത്തില്‍ ബജറ്റിന്റെ ഭാഗമായി 35-ല്‍പരം ബുക്കുകള്‍ നിയമസഭാ സാമാജികര്‍ക്ക് ലഭിക്കുന്നുണ്ട്. ഈ 35 ബുക്കുകളിലായി ശരാശരി 15000 മുതല്‍ 17000 വരെ പേജുകള്‍ കാണും. ഇതൊക്കെ പഠിച്ചിട്ടുവേണം നിയമസഭാംഗങ്ങള്‍ നിയമസഭയിലെ ചര്‍ച്ചകളിലും തീരുമാനങ്ങളിലും പങ്കെടുക്കേണ്ടത്. കഴിഞ്ഞ 36 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തില്‍ 90% ജനപ്രതിനിധികളും ഇതില്‍ ബഹുഭൂരിപക്ഷം ബുക്കുകളും വായിക്കാറില്ല എന്നതാണ് സത്യം, അതിലൊന്നാണ് ഏകദേശം 600 പേജുകള്‍ വരുന്ന വിശദമായ ബജറ്റ് എസ്റ്റിമേറ്റുകളുടെ ഒന്നാം അനുബന്ധമായ, സ്റ്റാഫ് വിശദവിവരങ്ങള്‍.
ഈ ബുക്കിന്‍റെ ആമുഖത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ വരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംക്ഷിപ്ത കണക്ക് എല്ലാ വര്‍ഷവും നല്‍കുന്നുണ്ട്. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് (2023) കേരളത്തില്‍ 122 വകുപ്പുകളുണ്ട്. ഇവിടെ 515513 സ്ഥിരം ജീവനക്കാരും 11142 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. ഇതില്‍ 284 ഐ.എ.എസ്, ഐ.പി.എസ്., ഐ.എഫ്.എസ്. ഓഫീസര്‍മാരുണ്ട്. ആകെ സര്‍ക്കാര്‍ ജീവനക്കാര്‍ 526655 പേര്‍. പൊതുവിദ്യാഭ്യാസ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ 1,70,000. തൊട്ടടുത്ത് നില്‍ക്കുന്നത് പോലീസ് 61,000. അതിനു താഴെ ആരോഗ്യവകുപ്പ് 38000, നാലാം സ്ഥാനത്ത് ഹയര്‍സെക്കണ്ടറി വകുപ്പ് 31,000, അഞ്ചാം സ്ഥാനത്ത് കോളേജിയേറ്റ് വിദ്യാഭ്യാസം 23,000 പേര്‍.
ലഭ്യമായ ഒടുവിലത്തെ കണക്കുകള്‍ (2021-22) പ്രകാരം കേരളത്തില്‍ 163 സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുണ്ട്. അവയിൽ ജോലിക്കാരായുള്ളത് 127416 പേരാണ്. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് വൈദ്യുതി ബോര്‍ഡിലാണ് 31135 പേര്‍. ആകെ ജീവനക്കാരിലെ 24.44%. തൊട്ടടുത്തുതന്നെ ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ 26706 പേര്‍. 20.96%. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ 10539 എണ്ണം. 8.27%.
അങ്ങനെ സംവരണ കണക്കില്‍ പെടേണ്ട ഉദ്യോഗങ്ങള്‍ 526655 സര്‍ക്കാര്‍ തൊഴിലുകളും 127416 പൊതുമേഖല സ്ഥാപന തൊഴിലും അടക്കം 654071 തൊഴിലുകളാണ്.
എന്നാല്‍ 25.06.2024 ല്‍ നിയമസഭയില്‍ മന്ത്രി നല്‍കിയ ഉത്തരത്തിന് അനുബന്ധമായി ചേര്‍ത്തിരിക്കുന്ന കണക്കില്‍ ആകെ സര്‍ക്കാര്‍ ജീവനക്കാര്‍ 545423 പേര്‍. അതില്‍ നല്‍കിയിരിക്കുന്നത് 316 സര്‍ക്കാര്‍ വകുപ്പുകള്‍. അതും 19.6.2024 ലെ കണക്ക്. നിയമസഭയില്‍ സമര്‍പ്പിച്ച ലിസ്റ്റില്‍ കൗതുകം ഉണ്ടായത് അതുകൊണ്ടുതന്നെ. 122 സര്‍ക്കാര്‍ വകുപ്പുകള്‍ മാത്രമുള്ള കേരളത്തില്‍ എങ്ങനെയാണ് 316 വകുപ്പുകള്‍ എത്തിയതെന്നന്വേഷിച്ചപ്പോള്‍ ആ കണക്കുകളിൽ പൊതുമേഖല സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനമല്ലാത്ത ജില്ലാ ബാങ്കുകള്‍ വരെയും ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് മനസിലാക്കാനായത്. അങ്ങനെ പരിശോധിച്ചാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കണക്ക് മാത്രമല്ല നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് വ്യക്തം. സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും കൂട്ടിചേര്‍ത്ത കണക്കാണിത്.
പക്ഷെ ഒരു കാര്യം വ്യക്തം. റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്ന 316 വകുപ്പുകളും 545423 ഉദ്യോഗസ്ഥരും സര്‍ക്കാരുമായി ബന്ധപ്പെട്ടുതന്നെ. അങ്ങനെ നോക്കിയാല്‍ നേരത്തെ സൂചിപ്പിച്ച 654071 സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരിൽ, 545423 പേരുടെ ജാതി/വര്‍ഗ്ഗം തിരിച്ച കണക്കാണ് നിയമസഭയില്‍ അവതരിപ്പിച്ചത്. ആകെ കണക്കിൽ 83.4% വരുന്ന സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാരുടെ കണക്കുകള്‍. അതിങ്ങനെ:

മുമ്പ് സൂചിപ്പിച്ച 524193 സര്‍ക്കാര്‍ ജീവനക്കാരില്‍ (2022 കണക്ക്) 384408 പേര്‍ ആണ് സര്‍ക്കാര്‍ ജീവനക്കാര്‍. ബാക്കി 139785 പേര്‍ സ്വകാര്യ സ്കൂള്‍/കോളേജ്/എഞ്ചിനീയറിംഗ് കോളേജ്/പോളിടെക്നിക്ക് എന്നിവയിലെ അധ്യാപകരും അധ്യാപകേതര ജീവനക്കാരുമാണ്. ഇതില്‍ 111,133 പേര്‍ സ്വകാര്യ സ്കൂള്‍ അധ്യാപകരാണ്. 10013 പേര്‍ അനധ്യാപകര്‍. സ്വകാര്യ കോളേജുകളില്‍ 10666 അധ്യാപകരും 6056 പേര്‍ അനധ്യാപകരുമുണ്ട്. ബാക്കി സ്വകാര്യ (സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന) വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 1125 അധ്യാപകരും 792 അനധ്യാപകരുമുണ്ട്. എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിതമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന മാനേജുമെന്‍റുകളാണ് അവരുടെ തന്നെ സമുദായത്തിലെ അംഗങ്ങളെ ജോലിക്കെടുത്തത്. പക്ഷേ ശമ്പളം സര്‍ക്കാര്‍ നൽകുന്നു.
ഈ 139785 എയിഡഡ് സ്കൂള്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ മതന്യൂനപക്ഷങ്ങളുടെ സ്ഥാപനങ്ങളില്‍ (ഉദാ: ക്രൈസ്തവ/മുസ്ലീം) ജോലിക്ക് കയറുന്നവരില്‍ ബഹുഭൂരിപക്ഷവും ന്യൂനപക്ഷ സമുദായത്തില്‍ പെട്ടവര്‍ തന്നെയാണ്. പക്ഷെ മത/ജാതി വിഭാഗ കണക്കെടുക്കുമ്പോള്‍ അവരും മൊത്തം കണക്കില്‍ ആ മതവിഭാഗത്തില്‍ നിന്നുള്ള സര്‍ക്കാര്‍ ജീവനക്കാരായി പരിഗണിക്കപ്പെടും.
സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന സ്വകാര്യ മേഖലയിലെ എയിഡഡ് സ്കൂളുകളുടെ എണ്ണം 7210. വിശദമായ കണക്കിങ്ങനെ:

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ കണക്കെടുത്താല്‍ മിക്കവരും ന്യൂനപക്ഷ വിഭാഗക്കാരായിരിക്കും. പാലാ രൂപതയിലെ കോളേജുകളില്‍ അധ്യാപകരുടെ കണക്കിങ്ങനെ:

പാലാ രൂപതയുടെ കോര്‍പറേറ്റ് എഡ്യൂക്കേഷണല്‍ ഏജന്‍സിയുടെ കീഴില്‍ 158 എയ്ഡഡ് സ്ഥാപനങ്ങളാണുള്ളത്. അതില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 2157 ജീവനക്കാരുണ്ട്. അങ്ങനെ കേരളത്തിലെ വിവിധ രൂപതകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ചുരുങ്ങിയത് 40000 അധ്യാപകരും അനധ്യാപകരും എങ്കിലും സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റുന്നവരായി ഉണ്ടാകണം. അങ്ങനെ നോക്കുമ്പോള്‍ സംസ്ഥാനത്തെ ക്രൈസ്തവ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം 33713 ആയി ചുരുങ്ങും. സമുദായത്തിന്റെ കോടിക്കണക്കിന് രൂപാ ചിലവഴിച്ചാണ് ഓരോ സ്കൂളുകളും പണിതത്. അതുകൊണ്ടുതന്നെ അത്തരം എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്രൈസ്തവ ജീവനക്കാര്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്നു.
കേരളത്തിലെ 7210 എയ്ഡഡ് സ്കൂളുകളിലെ 90307 അധ്യാപകരില്‍ 40% എങ്കിലും ക്രൈസ്തവ മാനേജ്മെന്‍റിന് കീഴിലുള്ളതാണ്. ബാക്കി എന്‍.എസ്.എസ്., എസ്.എന്‍.ഡി.പി., എം.ഇ.എസ്. എന്നീ വിദ്യാഭ്യാസ ഏജന്‍സികളുടെ കീഴിലുള്ളവയാണ്. നായന്‍മാരുടെയും ഈഴവരുടെയും മുസ്ലീമുകളുടെയും സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണത്തിലും ഇത് ഒരു നിര്‍ണ്ണായക ഘടകം ആണെന്ന കാര്യം വിസ്മരിക്കാനാവില്ല.
മേല്‍ സാഹചര്യങ്ങളിലായിരിക്കണം ജനസംഖ്യാനുപാതികമായി വിവിധ മത/ജാതി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പങ്കാളിത്തമില്ലെന്നും അപ്രകാരം നോക്കിയാല്‍ ഇപ്പോള്‍ ഉള്ളതില്‍ ഇരട്ടിയിലേറെ പേര്‍ അത്തരം വിഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ ജോലിയില്‍ ഉണ്ടാവേണ്ടിയിരുന്നെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരിഹാരം കണ്ടെത്തണമെന്നും വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്ന ആവശ്യത്തിന്റെ സ്ഥാപിത താല്പര്യം കൃത്യമായി മനസ്സിലാക്കാന്‍.
ജനസംഖ്യാനുപാതികമായി തൊഴില്‍ വിതരണം സംബന്ധിച്ച കണക്കുകള്‍, താരതമ്യം തുടങ്ങിയവ മന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചവയല്ല, മറ്റു പല സ്ഥാപിത താല്പര്യക്കാരും പിന്നീട് തയ്യാറാക്കിയവയാണെന്നതിനാലാണ് മന്ത്രിയുടെ നിയമസഭയിലെ കണക്കുകള്‍ വസ്തുതാപരമായി വിശകലനം ചെയ്യേണ്ടത് അനിവാര്യമാകുന്നത്.
മുന്നാക്ക ക്രൈസ്തവര്‍, മുന്നാക്ക ഹിന്ദുക്കള്‍ (നായര്‍, ബ്രാഹ്മണര്‍), ഒ.ബി.സി. വിഭാഗത്തില്‍പെടുന്ന ഈഴവര്‍ തുടങ്ങിയവര്‍ക്ക് ജനസംഖ്യാനുപാതികമായി വളരെ ഉയര്‍ന്ന നിരക്കിലാണ് സര്‍ക്കാര്‍ ജോലിയുടെ അനുപാതം എന്നതാണ് ചില തല്പര കക്ഷികളുടെ മറ്റൊരു വാദം. പിന്നാക്ക, ഒ.ബി.സി. വിഭാഗത്തില്‍ പെടാത്ത ക്രൈസ്തവരുടെ ഭാഗത്തുനിന്നുള്ള സര്‍ക്കാര്‍ ജോലിക്കാരുടെ എണ്ണം 73713 ആണ്. മുന്നോക്ക ഹൈന്ദവരുടെ എണ്ണം 108012 ആണ്. ഒ.ബി.സി.യിലെ തന്നെ ഒരു വിഭാഗമായ ഈഴവ/ ഉപവിഭാഗങ്ങളുടെ സര്‍ക്കാർ ജോലി പ്രാതിനിധ്യം 115075 ആണ്.
എന്നാല്‍ ഒറ്റ വിഭാഗമെന്ന കണക്കില്‍ ഉയര്‍ന്ന എണ്ണവുമുള്ള മുസ്ലീംങ്ങള്‍ക്ക് ആകെ കിട്ടിയ സര്‍ക്കാര്‍ ജോലി 73774 ആണെന്ന പരാതികള്‍ ഉയര്‍ന്നുകഴിഞ്ഞു. അപ്രകാരം നോക്കിയാൽ, ലത്തീന്‍ കത്തോലിക്കരായ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണമായ 22542 ഉം ജനസംഖ്യാനുപാതികമായി താഴെയാണ്.
മുമ്പ് സൂചിപ്പിച്ച എയിഡഡ് സ്കൂള്‍ അധ്യാപകരുടെ എണ്ണമാണ് മേല്‍ ആരോപിക്കപ്പെടുന്ന വിധത്തിലുള്ള അസന്തുലിതാവസ്ഥയുണ്ടെങ്കില്‍ അതിനൊരു കാരണം. എയ്ഡഡ് സ്കൂളുകളിലെ ജോലി, ജനറല്‍ കാറ്റഗറികളിലെ പി.എസ്.സി. നിയമനം എന്നിവക്കെതിരായി വാദഗതികള്‍ ഉന്നയിക്കുന്നതിലോ മെരിറ്റ് അടിസ്ഥാനത്തില്‍ ജോലി നേടുന്നതിനെ ചോദ്യം ചെയ്യുന്നതിലോ യുക്തിയില്ല.
മെരിറ്റിന് പുറത്ത് 40% സംവരണം ലഭിക്കുന്ന കേരളത്തിലെ ഒ.ബി.സി. ലിസ്റ്റിൽ മുസ്ലിമുകള്‍, ഈഴവര്‍, ലത്തീന്‍ കത്തോലിക്കര്‍ എന്നിവര്‍ ഉൾപ്പെടുന്നു. ഇതില്‍ മുസ്ലീമുകളേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം ഈഴവര്‍ക്ക് ലഭിക്കുന്നു എന്നതാണ് പ്രധാനമായി ഉയരുന്ന ഒരു വാദം.
മുസ്ലീം വിഭാഗത്തിന് സംസ്ഥാന സര്‍ക്കാര്‍ ജോലിയില്‍ കുറഞ്ഞ പ്രാതിനിധ്യത്തിന്റെ ഒരു പ്രധാന കാരണം അവര്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകളെയും നാട്ടില്‍തന്നെ ബിസിനസിനെയും ഒരു ജീവനോപാധിയായി കണ്ടു എന്നത് തന്നെയാണ്. രണ്ടാമത്തെ കാരണം മുസ്ലീം സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ മേഖലയില്‍ ഉള്‍പ്പെടെ ജോലികളില്‍ കയറാന്‍ നേരത്തെ താല്പര്യമുണ്ടായിരുന്നില്ല എന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിലാണ് ഇത്തരം രീതികളില്‍ ചെറിയ മാറ്റങ്ങള്‍ വന്നത്.
നേരത്തെ ചൂണ്ടിക്കാട്ടിയ എയിഡഡ് സ്കൂള്‍ (സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന) മേഖലയിലെ 90307 അധ്യാപകരില്‍ 66655 പേരും (74%) വനിതകളാണെങ്കിലും അതില്‍ മുസ്ലീം വനിതകളുടെ പങ്ക് വളരെ കുറവാണ്. എം.ഇ.എസ്. നടത്തുന്ന സ്കൂളുകളില്‍ പോലും സമാനമാണ് സ്ഥിതി എന്നാണ് വിലയിരുത്തപ്പെടുന്നത്.
സര്‍ക്കാര്‍ ജോലികളിലെ കുറഞ്ഞ ക്രൈസ്തവ സാന്നിധ്യത്തെക്കുറിച്ച് അന്തരിച്ച മുന്‍ ചീഫ് സെക്രട്ടറി ബാബു പോള്‍ ഐ.എ.എസിന്റെ വിലയിരുത്തല്‍ ഈ സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. “കുടിയേറ്റ കര്‍ഷകരില്‍ ക്രിസ്ത്യാനികളാണ് കൂടുതല്‍. അധ്വാനശീലരായ അവരാണ് മലകയറി കൃഷിയിടങ്ങള്‍ കണ്ടെത്തി വികസിപ്പിച്ചത്. മലയാളം ഏഴാം ക്ലാസ് പഠിച്ചാല്‍ മാന്യമായ സര്‍ക്കാര്‍ ജോലി കിട്ടുന്ന കാലത്ത് അഭ്യസ്തവിദ്യരായ ക്രിസ്ത്യാനികളാണ് കുടിയേറാന്‍ തുനിഞ്ഞിറങ്ങിയത്. 1960 കളില്‍ സര്‍ക്കാര്‍ ജോലിയേക്കാള്‍ മെച്ചമായ വരുമാനമായിരുന്നു കൃഷിപണിയില്‍ നിന്നു കിട്ടിയിരുന്നത്. അതുപോലെ മറ്റാരുടെയും കീഴില്‍ ജോലി ചെയ്യാന്‍ ക്രിസ്ത്യാനികള്‍ ഒരുക്കവുമായിരുന്നില്ല”.
1960 കളിൽ വരെയുള്ള കുടിയേറ്റ, കാർഷിക മേഖലകളിലെ സാഹചര്യങ്ങൾ പരിഗണിച്ചാൽ സർക്കാർ ജോലിയെക്കാൾ മെച്ചപ്പെട്ടവരുമാനം കർഷകർക്ക് നേടിയെടുക്കാൻ ആത്മാർത്ഥമായ അധ്വാനം മാത്രം മതിയായിരുന്നു. അതിന് റബര്‍ എന്നോ നെല്ല് എന്നോ നാളികേരം എന്നോ വ്യത്യാസമില്ലായിരുന്നു. ആരുടെയും കീഴില്‍ പണിയെടുക്കേണ്ടതില്ല. കൂടുതല്‍ അധ്വാനിക്കാന്‍ തയ്യാറായാല്‍ കൂടുതല്‍ വരുമാനം അതായിരുന്നു ക്രിസ്ത്യാനികളെ കൃഷിയിലേക്ക് നയിച്ചത്. എന്നാല്‍ 1968-2023 കാലഘട്ടത്തിനിടയിൽ ഘട്ടംഘട്ടമായി കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ രഹസ്യ പിന്തുണയോടെ സ്ഥാപിക്കപ്പെട്ട സംഘടനകള്‍ മറ്റ് മേഖലകളിലെ സാമ്പത്തിക വളര്‍ച്ചയോ വിലക്കയറ്റമോ പരിഗണിക്കാതെ സംഘടിത തൊഴിലാളികള്‍ക്ക് കൂലികൂട്ടി കൊടുത്തതോടൊപ്പം, വിലക്കയറ്റത്തിനനുസൃതമായി പോലും കാര്‍ഷിക ഉല്പന്നങ്ങളുടെ വില ഉയർത്തി നിശ്ചയിക്കുക ചെയ്യാതെയും വന്നതോടെയാണ് ക്രിസ്ത്യാനികള്‍ കാർഷികവൃത്തി വിട്ട് സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷ നല്‍കാന്‍ ആരംഭിച്ചത്. 1968-2023 ലെ ഈ കണക്കുകള്‍ ഇതിന് തെളിവ് നല്‍കുന്നു.

ക്രൈസ്തവര്‍ കാര്‍ഷിക മേഖലയിലേക്ക് തിരിഞ്ഞതുപോലെ മുസ്ലീമുകള്‍ ആദ്യ ഘട്ടത്തില്‍ കച്ചവട മേഖലയിലാണ് കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ചത്. ഗള്‍ഫ് കുടിയേറ്റത്തിലും കച്ചവട മേഖലയിലും മാറ്റം വന്നതോടെയാണ് മുസ്ലീമുകളും ആകര്‍ഷകമായ അഞ്ചുവര്‍ഷം കൂടുമ്പോള്‍ കുത്തനെ കൂട്ടുന്ന ശമ്പളം കിട്ടുന്ന സര്‍ക്കാര്‍ തൊഴില്‍ മേഖലയിലേക്ക് തിരിഞ്ഞത്.
ഇതിനിടെ ഒരാള്‍ മാത്രമുള്ള ജാതിയെയും സമുദായത്തെയും വരെ 238 ജാതി ലിസ്റ്റില്‍ പെടുത്തിയെങ്കിലും (റനേയര്‍, കൊടിയവ, കുമാരജാതിയ, കുടയ, കൊടിഗാര്‍, കൊമരന്‍, കൂടിഗാര, ചണ്ടാള) 20 ഉപവിഭാഗങ്ങളുള്ള ക്രൈസ്തവരെയും 25 ഉപവിഭാഗങ്ങളുള്ള നായന്‍മാരെയും ഒറ്റ കാറ്റഗറിയായി നിയമസഭയിലെ ചോദ്യത്തിനുത്തരമായി എഴുതി തയ്യാറാക്കി രേഖ സമര്‍പ്പിച്ചത് ഈ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടിയെന്ന് കാണിക്കാന്‍ സ്ഥാപിത താല്പര്യത്തോടെയാണെന്നും ഈ 45 വിഭാഗത്തിന്‍റെയും ഒറ്റക്കൊറ്റക്കുള്ള കണക്കുകള്‍ പുറത്തുവിടണമെന്നും ആവശ്യം ഉയരുന്നു.
73713 സര്‍ക്കാര്‍ ജോലിക്കാരുള്ള വിവിധ ക്രൈസ്തവ വിഭാഗങ്ങള്‍:
- ക്രിസ്ത്യന്‍
- കാല്‍ഡിയന്‍ സിറിയന്‍ ക്രിസ്ത്യന്‍
- ഇവഞ്ചലിക്കല്‍ ചര്‍ച്ച്
- ബേസല്‍ മിഷന്‍ (എസ്.ഐ.യു.സി.)
- സ്വതന്ത്ര സിറിയന്‍ ക്രിസ്ത്യന്‍
- പെന്തകോസ്റ്റ്
- യാക്കോബൈറ്റ്
- മാര്‍തോമ
- സിറിയന്‍ ക്രിസ്ത്യന്‍
- കമ്മലാര്‍
- നാടാര്‍ (എസ്.ഐ.യു.സി.യില്‍ പെടാത്തവര്‍)
- ബ്രദറന്‍
- യഹോവ
- ക്നാനായ കാത്തലിക്
- ക്നാനായ യാക്കോബൈറ്റ്
- മലങ്കര കാത്തലിക്
- മലങ്കര ഓര്‍ത്തഡോക്സ്
- സിറിയന്‍ കാത്തലിക്
- സെവന്‍ത് ഡേ അഡ്വന്റിസ്റ്റ്
- സിറിയന്‍ ഓര്‍ത്തഡോക്സ്
108012 സര്‍ക്കാര്‍ ജോലിക്കാരുള്ള നായന്‍മാരുടെ ഗണത്തിലെ
വിഭാഗങ്ങള്‍:
- നായര്‍
- പിള്ള
- തമ്പി
- ചെമ്പകരാമന്‍
- ഉണ്ണിത്താന്‍
- വല്യത്താന്‍
- കര്‍ത്ത
- കുറുപ്പ്
- കൈമള്‍
- ചെമ്പോറ്റി
- തര്‍കന്‍
- തലയനായര്‍
- പണിക്കര്‍
- പള്ളിച്ചന്‍
- പുല്‍വനായര്‍
- പൊതുവാള്‍
- മാരാര്‍
- നായര്‍ കുറുപ്പ്
- മണ്ണാടിയാര്‍
- മരയന്‍
- മാടമ്പി
- മുത്താന്‍
- മേനോന്‍
- വെട്ടക്കാട്ടുനായര്‍
- ശൂദ്രര്‍
ചുരുക്കത്തില്‍ കേരള സര്‍ക്കാര്‍ സര്‍വീസില്‍ സിറോമലബാർ സിറിയന്‍ കാത്തലിക്, സിറോ മലങ്കര കാത്തലിക്, മറ്റു മുന്നാക്ക ക്രൈസ്തവ വിഭാഗങ്ങൾ, നായന്മാരുടെ ഉപവിഭാഗങ്ങൾ തുടങ്ങിയവർക്ക് എത്രമാത്രം തൊഴിൽ വിഹിതം ഉണ്ടെന്ന് വ്യക്തമായാലെ ജനസംഖ്യയിലെ ജാതി കണക്കിനടിസ്ഥാനമായിട്ടാണോ സര്‍ക്കാര്‍ സര്‍വീസില്‍ തൊഴില്‍ ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാകൂ. ആദ്യമെ ചൂണ്ടിക്കാണിച്ചതുപോലെ കേരള ജനസംഖ്യയുടെ 11.9% വരുന്ന 3981358 നായന്‍മാരിലും 7% വരുന്ന സിറോമലബാർ സിറിയന്‍ കാത്തലിക് എന്ന ക്രൈസ്തവ പ്രബല വിഭാഗത്തിലും പെട്ട എത്രപേര്‍ സര്‍ക്കാര്‍ സേവനത്തില്‍ (എയ്ഡഡ് വിദ്യാഭ്യാസ മേഖലയെ ഒഴിവാക്കി) ഉണ്ടെന്നതിന്‍റെ വ്യക്തമായ കണക്കിന്‍റെ അടിസ്ഥാനത്തിലെ സംസ്ഥാന സര്‍ക്കാര്‍ തൊഴിലവസരങ്ങളില്‍ ഏതെങ്കിലും ജാതിക്കാര്‍ തഴയപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമാകൂ.
നിയമസഭയില്‍ 25.6.2024 ല്‍ സമര്‍പ്പിക്കപ്പെട്ട കണക്കുകള്‍ അതുകൊണ്ടുതന്നെ സംവരണം അടക്കമുള്ള ഗൗരവമേറിയ വിഷയങ്ങളില്‍ പരിഗണിക്കപ്പെടരുത്. ആദ്യമേ ചൂണ്ടിക്കാട്ടിയ 654071 സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ തൊഴിലുകളില്‍ 545423 പേരുടെ മാത്രമാണ് ജാതി കണക്ക് പരസ്യമായത്. ഇനിയും ജാതി തിരിക്കാന്‍ 108648 പേര്‍ ബാക്കി കിടക്കുന്നു എന്നതും കണക്കിലെടുക്കണം.
e-CDESK (e-Caste Database of Employees in Service of Kerala) എന്ന പേരില്‍ 2017ൽ ഡെവലപ് ചെയ്ത വെബ് പോര്‍ട്ടലില്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങളും മുഴുവന്‍ സ്ഥിരം ജീവനക്കാരുടെയും ജാതി തിരിച്ചും കാറ്റഗറി തിരിച്ചും (Category wise, Detailed community wise, Department wise) കണക്കുകള്‍ ലഭ്യമാക്കാൻ സാധ്യമാണെന്ന് വ്യക്തമായ സ്ഥിതിക്ക് ക്രൈസ്തവരിലെയും നായന്‍മാരിലെയും ഉപവിഭാഗങ്ങളിലോരോന്നിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം ശരിയായ രീതിയിൽ എടുക്കാന്‍ സാധിക്കും. ആ കൃത്യമായ കണക്കാണ് പുറത്തുവരേണ്ടത്.