കേരളസർക്കാരിന്റെ മദ്യനയത്തിൽ തിരുത്തൽ അനിവാര്യം
ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ്
ചെയർമാൻ, കെസിബിസി ജാഗ്രത കമ്മീഷൻ & മദ്യവിരുദ്ധ കമ്മീഷൻ
ലഹരിവിമുക്ത ആഗോള സമൂഹം എന്ന ലക്ഷ്യ പ്രാപ്തിക്കായി കൂട്ടായ മുന്നേറ്റങ്ങളും സഹകരണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനും, ലോകജനതയെ ഉദ്ബോധിപ്പിക്കുന്നതിനുമായി 1987 ലെ ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയിലാണ് എല്ലാവർഷവും ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനമുണ്ടാകുന്നത്. ലഹരി അടിമത്തം ലോകജനതയെ കാർന്നുതിന്നുന്ന ക്യാൻസറായി പടർന്നുകൊണ്ടിരിക്കുന്നത് തിരിച്ചറിഞ്ഞ ഭരണകൂടങ്ങളെല്ലാം മദ്യ – ലഹരി ഉപയോഗം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികൾ സഗൗരവം സ്വീകരിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തേഴാം ആർട്ടിക്കിൾ അനുസരിച്ച്, മദ്യം ഉൾപ്പെടെയുള്ള, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണപാനീയങ്ങൾ നിയന്ത്രിക്കുവാനും, അവയുടെ ഉപഭോഗം കുറച്ചുകൊണ്ടുവരുവാനുമുള്ള ഉത്തരവാദിത്തം സംസ്ഥാനസർക്കാരുകളിൽ നിക്ഷിപ്തമാണ്. അതേസമയം, കേരള സർക്കാരിന്റെ മദ്യനയവും ലഹരി വിമുക്ത പദ്ധതികൾ സംബന്ധിച്ച സമീപനങ്ങളും ഓരോ വർഷം കഴിയുംതോറും കൂടുതൽ അനാരോഗ്യകരമായി മാറിക്കൊണ്ടിരിക്കുകയാണ്.
കേരളസർക്കാരിന്റെ മദ്യനയം സംബന്ധിച്ച വിവാദങ്ങൾ തുടർക്കഥയാണ്. പുതിയ മദ്യനയം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സർക്കാരും ബാർ ഉടമകളും തമ്മിലുള്ള അന്തർധാരകൾ സൂചിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ ഈ ദിവസങ്ങളിൽ ചർച്ചയായിരിക്കുന്നു. ഗുരുതരമായ അഴിമതി ആരോപണമാണ് എക്സൈസ് വകുപ്പ് മന്ത്രിയ്‌ക്കെതിരെ ഉയർന്നിരിക്കുന്നത്. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ 2016 മുതൽ, ഇതുവരെ മദ്യ വിപണനവുമായി ബന്ധപ്പെട്ട് സ്വീകരിച്ചിട്ടുള്ള നിലപാടുകളും മദ്യനയവും അനുബന്ധ ചർച്ചകളും കേരളത്തിലെ സാധാരണ ജനങ്ങൾക്കും കുടുംബങ്ങൾക്കും കടുത്ത ആശങ്കയാണ് സമ്മാനിച്ചിട്ടുള്ളത്. ഏതുവിധേനയും മദ്യ വിൽപ്പന ഉയർത്താനും വരുമാനം വർദ്ധിപ്പിക്കാനും സർക്കാർ നടത്തുന്ന പരിശ്രമം വലിയ സാമൂഹിക പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. വിവിധ റിപ്പോർട്ടുകൾ പ്രകാരം, സ്വതന്ത്ര വരുമാന സ്രോതസ് എന്ന നിലയിൽ മദ്യവരുമാനം ഏറ്റവും ഉയർന്നുനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കണക്കുകൾ പ്രകാരം കേരളത്തിന് നേരിട്ട് ലഭിക്കുന്ന നികുതി വരുമാനത്തിൽ മുപ്പത് ശതമാനമോ അതിലേറെയോ മദ്യത്തിൽനിന്നാണ്.
മുൻവർഷങ്ങളിലെ മദ്യനയത്തിൽ ഉൾപ്പെടുത്തപ്പെട്ടിരുന്ന പുതിയ വരുമാന സാധ്യതകളും വിപണന ആശയങ്ങളും വലിയ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിയൊരുക്കിയിരുന്നെങ്കിലും, കൂടുതൽ ദോഷകരമായ പുതിയ നിലപാടുമാറ്റങ്ങൾ ഈ വർഷം പ്രഖ്യാപിക്കാനിരിക്കുന്ന മദ്യനയത്തിൽ ഉൾപ്പെടുത്തപ്പെട്ടേക്കാമെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. അഴിമതി ആരോപണങ്ങളും ചില വെളിപ്പെടുത്തലുകളും അത് ശരിവയ്ക്കുന്നു. മദ്യത്തെയും അനുബന്ധ സംവിധാനങ്ങളെയും പരിധിവിട്ട് ഉദാരവൽക്കരിക്കുന്ന ശൈലി എൽഡിഎഫ് സർക്കാരിന്റെ മുൻ നയപ്രഖ്യാപനങ്ങൾക്കും പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾക്കും വിരുദ്ധമാണ്. ധനസമ്പാദനം മാത്രം ലക്ഷ്യംവച്ച് സ്വീകരിക്കപ്പെടുന്ന ഇത്തരം നിലപാടുകളും നയങ്ങളും സംസ്ഥാനത്തെ കൂടുതൽ തകർച്ചയിലേക്ക് നയിക്കും എന്നുളളതിന് സംശയമില്ല. മദ്യവർജ്ജനത്തിനുള്ള പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുകയും കൂടുതൽ ഫണ്ട് അതിനായി വകയിരുത്തുകയും ചെയ്യുന്നു എന്ന് അവകാശപ്പെടുമ്പോഴും, മദ്യത്തിൽനിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾ മദ്യനയത്തിൽ ഉൾപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നു. മദ്യനയത്തിലെ ഈ ഇരട്ടത്താപ്പ് അപഹാസ്യമാണ്.
വരുമാനത്തിനായി മദ്യത്തെ ആശ്രയിക്കുന്ന സർക്കാർ
കണക്കുകൾ പ്രകാരം കോവിഡിന് മുമ്പത്തെ സാമ്പത്തികവർഷത്തിൽ കേരളത്തിന് മദ്യത്തിൽനിന്ന് ലഭിച്ച നികുതിവരുമാനം 14505 കോടി രൂപയാണ്. ആ വരുമാനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ വളരെ നിർണ്ണായകമായിരുന്നു. കോവിഡ് കാലഘട്ടത്തിൽ മദ്യവിൽപ്പന ഗണ്യമായി കുറഞ്ഞതിനെ അതിജീവിക്കാൻ 2022 ൽ പ്രഖ്യാപിച്ച മദ്യനയത്തിൽ സാമ്പത്തിക ലക്ഷ്യങ്ങൾ വളരെ വ്യക്തമായിരുന്നു. തദ്ഫലമായി ആ വർഷം മദ്യവിൽപ്പന 224.43 ലക്ഷം കെയ്‌സ് ആയി ഉയർന്നു. 2016 ൽ കോൺഗ്രസ് അധികാരത്തിൽനിന്ന് ഇറങ്ങുമ്പോൾ കേരളത്തിൽ 29 ബാറുകളും 813 ബിയർ, വൈൻ പാർലറുകളുമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ബാറുകൾ 900ത്തിൽ അധികമുണ്ട്. മദ്യത്തിൽനിന്നുള്ള നികുതിയും, ലൈസൻസ് ഫീസുകളും ഇക്കാലയളവിൽ കുത്തനെ ഉയർന്നു. വ്യാപകമായി ബാറുകൾക്ക് ലൈസൻസ് കൊടുത്തും, പുതിയ പദ്ധതികൾ ആവിഷ്കരിച്ചും വീണ്ടും മദ്യത്തിൽനിന്നുള്ള വരുമാനം ഉയർത്തിക്കൊണ്ടുവരാനാണ് ഈ സർക്കാർ പരിശ്രമിക്കുന്നത് എന്ന് വ്യക്തം.
കഴിഞ്ഞ വർഷത്തെ മദ്യനയത്തിന്റെ ഭാഗമായി ടെക്‌നോ പാർക്കുകളിൽ മദ്യശാലകൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉല്പന്നങ്ങളിൽനിന്നുള്ള മദ്യ ഉൽപ്പാദനം തുടങ്ങിയ അനാരോഗ്യകരമായ ചില പദ്ധതികളും മുന്നോട്ടു വച്ചിരുന്നു. പൂർണ്ണമായ അർത്ഥത്തിൽ അവ നടപ്പിൽ വന്നിട്ടില്ലെങ്കിലും പോലും ഇത്തരം നിലപാടുകളുമായി മുന്നോട്ട് പോകുന്ന പക്ഷം, ഇനിയുള്ള കാലത്ത് അത്തരം പദ്ധതികൾക്ക് സർക്കാർ പ്രോത്സാഹനം ഉണ്ടാകുമെന്ന് നിശ്ചയം. ടൂറിസ്റ്റ് സീസണിൽ റെസ്റ്റോറന്റുകളിൽ ബിയർ, വൈൻ തുടങ്ങിയവ വിൽക്കാൻ അനുമതി, വീര്യം കുറഞ്ഞ മദ്യ ഇനങ്ങൾക്ക് വിൽപ്പന അനുമതി തുടങ്ങിയവയും മുൻ മദ്യനയത്തിന്റെ ഭാഗമായുണ്ട്. ഇത്തവണത്തെ പുതുക്കിയ മദ്യനയത്തിൽ ഒന്നാംതീയതി ഡ്രൈഡേ എന്ന രീതി പിന്‍വലിക്കപ്പെട്ടേക്കുമെന്ന സൂചന മന്ത്രി തന്നെ നൽകിക്കഴിഞ്ഞു. ഓരോ വർഷം കഴിയുംതോറും കൂടുതൽ ഉദാരവൽക്കരണമാണ് മദ്യനയത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
കേരളത്തിൽ മദ്യത്തിന്റെ ഉപയോഗം മുൻകാലങ്ങളിലേതിൽനിന്ന് കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന വാദമാണ് ആരോപണങ്ങൾക്ക് മറുപടിയായി മന്ത്രി ഉൾപ്പെടെയുള്ള അധികൃതർ ഉയർത്തിക്കാണാറുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തിൽ മനുഷ്യരുടെ ജീവിത ശൈലികളിൽ വന്ന മാറ്റവും, മയക്കുമരുന്ന് വ്യാപനവും, വർധിച്ചുകൊണ്ടിരിക്കുന്ന കുടിയേറ്റവും മറ്റും മദ്യത്തിന്റെ ആകെ ഉപയോഗം കുറച്ചുകൊണ്ടുവരുവാനുള്ള സാദ്ധ്യതകളുണ്ട്. എന്നാൽ, ഇത്തരത്തിൽ മദ്യ ഉപയോഗം കുറയുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക കമ്മി പരിഹരിക്കുന്നതിനുള്ള കൊണ്ടുപിടിച്ച നീക്കങ്ങളാണ് സർക്കാർ തലത്തിൽ നടന്നുന്നത് എന്ന് നിശ്ചയം. അത് ശരിയായ നടപടിയല്ല.
മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കും എന്ന് ജനങ്ങൾക്ക് ഉറച്ച വാഗ്ദാനം നൽകിയ പാർട്ടി അധികാരത്തിൽ വന്നപ്പോൾ മദ്യവരുമാനം കൂടാതെ മുന്നോട്ട് പോകാൻ കഴിയില്ല എന്ന നിലപാടിൽ പരോക്ഷമായി ഉറച്ചു നിൽക്കുന്നതിലെ വൈരുദ്ധ്യം വളരെ വലുതാണ്. സ്വാഭാവികമായ വിൽപ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനം ഉപയോഗിക്കുന്നതിനപ്പുറം, വിൽപ്പനയും വരുമാനവും വർദ്ധിപ്പിക്കാൻ കുതന്ത്രങ്ങൾ ഉപയോഗിക്കുകയും ടാക്‌സിന്റെ പേരിൽ കൊള്ളലാഭം കൊയ്യുകയും ചെയ്യുന്ന പ്രവണത തികച്ചും അധാർമ്മികമാണെന്ന് പറയാതെ വയ്യ! ലോകത്ത് മറ്റൊരു സർക്കാരും ഇത്തരത്തിൽ മദ്യവിൽപ്പനയെ നിലനില്പിനുള്ള മാർഗ്ഗമായി കാണുന്നുണ്ടാവില്ല എന്ന് തീർച്ച.
ഗൗരവമായ ശ്രദ്ധ ആവശ്യമുള്ള വിഷയങ്ങൾ
മറ്റു ചില ഇന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യം ഉപയോഗിക്കുന്നവരുടെ അനുപാതം കേരളത്തിൽ താരതമ്യേന കുറവാണ്. വിറ്റഴിയുന്ന മദ്യത്തിന്റെ ആളോഹരി ഉപഭോഗം ഉയർന്നതുമാണ്. മദ്യപാനശീലമുള്ളവരുടെ അനുപാതത്തിൽ ഇരുപത്തൊന്നാം സ്ഥാനം മാത്രമുള്ള കേരളം ആകെ മദ്യ ഉപഭോഗത്തിന്റെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ്. ദിവസവേതന തൊഴിലാളികളും, പാവപ്പെട്ടവരുമാണ് കേരളത്തിൽ കൂടുതലായും സ്ഥിരമായും മദ്യപിക്കുന്നവരിൽ ബഹുഭൂരിപക്ഷവും എന്നുള്ളതാണ് വാസ്തവം. കേരളത്തിലെ ചെറിയൊരു ശതമാനം വരുന്ന, നിത്യവൃത്തിക്കായി കൂടുതൽ കഷ്ടപ്പെടേണ്ടിവരുന്ന ഒരു വിഭാഗമാണ് ഇവിടെ വിറ്റഴിയുന്ന മദ്യത്തിൽ ഏറിയപങ്കും കുടിച്ചുതീർക്കുന്നത് എന്ന യാഥാർത്ഥ്യത്തെ നാം കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. അമിത മദ്യപാനത്തിന്റെ ഇരകളാണ് ഏറെയും. മദ്യപാനം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും, സാമ്പത്തിക തകർച്ചയും, കുടുംബ ബന്ധങ്ങളുടെ തകർച്ചയും, സാമൂഹിക പ്രശ്നങ്ങളും ഏറ്റവും കൂടുതൽ കേരളത്തിലാണ് എന്നുള്ളതിൽ തർക്കമില്ല. കുറ്റകൃത്യങ്ങളുടെ വർധനയ്ക്കും മദ്യത്തിനുള്ള പങ്ക് വളരെ വലുതാണ്. എറിയപങ്ക് ആത്മഹത്യകൾക്കും കൊലപാതകങ്ങൾക്കും പിന്നിൽ മദ്യത്തിന് പ്രധാന സ്ഥാനമുണ്ട്.
മദ്യവർജ്ജനം പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുകയും അതിനായി ഫണ്ട് മാറ്റിവയ്ക്കുകയും ചെയ്യുന്നു എന്ന് പറയുമ്പോഴും യുവതലമുറ കൂട്ടത്തോടെ ലഹരിക്ക് അടിമകളായി മാറുന്നു എന്നുള്ളതാണ് വാസ്തവം. വിവിധ റിപ്പോർട്ടുകൾ പ്രകാരം, മദ്യത്തിനപ്പുറം മയക്കുമരുന്നുകളുടെ അടിമകളായി മാറിക്കഴിഞ്ഞിരിക്കുന്നതും, മാറിക്കൊണ്ടിരിക്കുന്നതുമായ യുവതയുടെ കണക്കുകൾ ഭീതിപ്പെടുത്തുന്നതാണ്. സർക്കാരിന്റെ ലഹരി വിമുക്ത പദ്ധതികൾ ഇത്തരമൊരു സാഹചര്യത്തെ ഉൾക്കൊണ്ടുകൊണ്ട് യാഥാർത്ഥ്യബോധത്തോടെയും ആത്മാർത്ഥതയോടെയും നടപ്പിലാക്കപ്പെടേണ്ടതുണ്ട്.
ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ, രചനകൾ, കലാരൂപങ്ങൾ തുടങ്ങിയവയോട് കേരളസർക്കാർ പുലർത്തി വരുന്ന മൃദു സമീപനം അപകടകരമാണ്. സ്കൂൾ വിദ്യാർത്ഥികളിൽ ഉൾപ്പെടെ ദുഃസ്വാധീനം ചെലുത്തുന്ന നിരവധി ചലച്ചിത്രങ്ങൾ കഴിഞ്ഞ ചില മാസങ്ങൾക്കിടയിൽ തിയേറ്ററുകളിലെത്തിയിട്ടുണ്ട്. മദ്യ – ലഹരി ഉപയോഗം അഭിമാനകരമാണെന്ന ചിന്ത ഇളം തലമുറകളിൽ പോലും സൃഷ്ടിക്കുന്ന ഇത്തരം സിനിമകൾക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ തയ്യാറാകാത്ത സർക്കാർ സംവിധാനങ്ങൾ മദ്യ വർജനത്തിനായി നിലകൊള്ളുന്നു എന്ന വാദം ഉന്നയിക്കുന്നത് അപഹാസ്യമാണ്. ഈ കാലഘട്ടത്തിൽ ചലച്ചിത്ര മേഖലയിൽ ഉടലെടുത്തിരിക്കുന്ന ദോഷകരമായ പ്രവണതയിൽ ഇടപെടാൻ സർക്കാർ തയ്യാറാകണം.
പൗരന്മാരുടെ ദൗർബ്ബല്യങ്ങളെ മുതലെടുത്ത് മദ്യവിൽപ്പന നടത്തി അധാർമ്മികമായ കൊള്ളലാഭം നികുതിയുടെ രൂപത്തിൽ നേടിയെടുക്കുന്ന പ്രവണതയുടെ പ്രത്യാഘാതം വിവരണാതീതമാണ്. ഒരുപക്ഷെ മദ്യവിൽപ്പനയിൽ നിന്ന് ഉണ്ടാക്കുന്ന വരുമാനത്തേക്കാൾ കൂടുതലായിരിക്കാം അനുബന്ധ രോഗ ചികിത്സയ്ക്കായി ചെലവഴിക്കപ്പെടുന്ന തുക. മദ്യ – ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ തകർച്ചകളെയും, ജീവനാശത്തെയും, അക്രമ സംഭവങ്ങളെയും നഷ്ടക്കണക്കിൽ ഉൾപ്പെടുത്തിയാൽ ചിത്രം അതിഭീകരമാകും. താൽക്കാലിക സാമ്പത്തിക നേട്ടം മുൻനിർത്തി അനേകായിരം കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സുരക്ഷ ചോദ്യം ചെയ്യുന്ന അനാരോഗ്യകരമായ നയരൂപീകരണങ്ങളിൽനിന്ന് സർക്കാർ പിന്മാറണം. ഒരു വശത്ത് മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നു എന്ന് വരുത്തിത്തീർത്തുകൊണ്ട് സംസ്ഥാനത്ത് മദ്യപ്പുഴയൊഴുക്കി എളുപ്പത്തിൽ വരുമാനം കൊയ്യാനുള്ള അതീവ ദോഷകരമായ നീക്കത്തിന് തടയിട്ടേ മതിയാവൂ.
ഒരുവശത്ത്, മദ്യത്തെ മുഖ്യ വരുമാനമാർഗ്ഗമായി കണ്ട് കൂടുതൽ വിപണന – വരുമാന സാധ്യതകൾ തേടിക്കൊണ്ടിരിക്കുന്ന ഒരു സർക്കാരിന്, യുവജനങ്ങളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്ന മയക്കുമരുന്ന് ഉപയോഗത്തിനും, അനേക ലക്ഷങ്ങളെ രോഗികളാക്കിക്കൊണ്ടിരിക്കുന്ന ലഹരി അടിമത്തത്തിനും എതിരായ പ്രവർത്തന പദ്ധതികൾ ആത്മാർത്ഥതയോടെ നടപ്പാക്കാൻ കഴിയുമെന്ന് കരുതാനാവില്ല. ഇത്തരം വൈരുദ്ധ്യാത്മകമായ നിലപാടുകൾ കയ്യൊഴിഞ്ഞ്, ലഹരി വിമുക്തി ലക്ഷ്യംവച്ചുകൊണ്ടുള്ള ഫലപ്രദമായ പദ്ധതികൾ നടപ്പാക്കാൻ സർക്കാരും അനുബന്ധ സംവിധാനങ്ങളും തയ്യാറാകണം. കേരളസർക്കാരിന്റെ പുതിയ മദ്യനയം ജനങ്ങളുടെ നന്മ ലക്ഷ്യംവച്ചുകൊണ്ടുള്ളതാവട്ടെ.