KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

മുനമ്പം വിഷയം പഠിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു

തിരുവനന്തപുരം: മുനമ്പം വഖഫ്‌ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റീസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷനാകും മുനമ്പം ഭൂമി പ്രശ്നം നിയമപരമായി ശാശ്വതമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക.

എന്‍ക്വയറി കമ്മീഷന്‍ ആക്ട്‌ അനുസരിച്ചാണ്‌ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിക്കുമെന്നും മ്രന്തിമാരായ പി. രാജീവ്‌, കെ. രാജന്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ അറിയിച്ചു. ഇപ്പോള്‍ മുനമ്പത്തു താമസിക്കുന്നവര്‍ക്ക്‌ നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതിനാണ്‌ കമ്മീഷനെ നിയമിച്ചത്‌. കൈവശക്കാരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ച്‌ കമ്മീഷന്‍ ഇവിടെയുള്ള അര്‍ഹരെ കണ്ടെത്തും. ഇവരെ കുടിയൊഴിപ്പിക്കില്ല. ഇവിടെ താമസിക്കുന്ന കൈവശാവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു സമരസമിതി പ്രവര്‍ത്തകരുമായും നേതാക്കളുമായും ചര്‍ച്ച നടത്തും. ഓണ്‍ലൈനായിട്ടാകും മുഖ്യമന്ത്രി ഇവരുമായി ചര്‍ച്ച നടത്തുക. സര്‍വകക്ഷിയോഗം വിളിച്ചു പ്രശ്നം ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്റെ ആവശ്യം യോഗം അംഗീകരിച്ചില്ല.

ഇനി ഇത്തരത്തിലുള്ള ഒഴിപ്പിക്കല്‍ നോട്ടീസുകള്‍ നല്‍കരുതെന്നു വഖഫ്‌ ബോര്‍ഡി നോടുയോഗം അഭ്യര്‍ഥിച്ചു. ജുഡീഷല്‍ കമ്മീഷന്‍ തീരുമാനം വരുന്നതു വരെ ഇനി നോട്ടീസ്‌ നല്‍കില്ലെന്നു വഖഫ്‌ ബോര്‍ഡ്‌ യോഗത്തില്‍ ഉറപ്പു നല്‍കി.

മുനമ്പം ഭൂമി സംബന്ധിച്ചു ഹൈക്കോടതിയില്‍ ഒമ്പതു കേസും വഖഫ്‌ ട്രൈബ്യൂണലില്‍ രണ്ടു കേസുകളും നിലവിലുള്ള സാഹചര്യത്തിലാണ്‌ നിയമപരമായ ശാശ്വത പരിഹാരം കണ്ടെത്താന്‍ കമ്മീഷനെ നിയോഗിച്ചതെന്നാണു മന്ത്രിമാര്‍ പറയുന്നത്‌. നിയമപരമായ എല്ലാ വശവും കമ്മീഷന്‍ പരിശോധിക്കും. വിലകൊടുത്ത്‌ വാങ്ങിയവര്‍ക്ക്‌ അടക്കം നിയമപരമായ എല്ലാ പരിരക്ഷയും ഉറപ്പാക്കുമെന്നും അവര്‍ അറിയിച്ചു. ചര്‍ച്ചയില്‍ മുഖ്യമന്ത്രി, മന്ത്രിമാരായ പി. രാജീവ്‌. കെ. രാജന്‍, വി. അബ്ദുറഹ്മാന്‍, ചീഫ്‌ സെക്രട്ടറി ശാരദാ മുരളീധരന്‍ എന്നിവരെ കൂടാതെ നിയമ, റവന്യു, വഖഫ്‌ വകുപ്പ്‌സെക്രട്ടറിമാര്‍, അഡ്വക്കറ്റ്‌ ജനറല്‍, വഖഫ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ തുടങ്ങിയവരും പങ്കെടുത്തു.

Editor

Related Posts

Leave a Reply

Your email address will not be published. Required fields are marked *