KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം പ്രസിദ്ധീകരിച്ചു: അവൻ നമ്മെ സ്നേഹിച്ചു

യേശുവിന്റെ മാനുഷിക, ദൈവികസ്നേഹത്തെക്കുറിച്ച് ഉദ്ബോദിപ്പിച്ച് ഫ്രാൻസിസ് പാപ്പയുടെ നാലാമത് ചാക്രികലേഖനം. ‘ദിലേക്‌സിത് നോസ്’ (അവൻ നമ്മെ സ്നേഹിച്ചു) എന്നപേരിൽ ഒക്ടോബർ 24 നാണ് പുതിയ ചാക്രികലേഖനം പ്രസിദ്ധപ്പെടുത്തിയത്.

യേശുവിന്റെ ഹൃദയത്തോടുള്ള വണക്കത്തെക്കുറിച്ചു പ്രതിപാദിക്കുന്ന ഈ ചാക്രികലേഖനത്തിന് അഞ്ച് അധ്യായങ്ങളാണുള്ളത്. യേശുക്രിസ്തു നമ്മെ സ്നേഹിച്ചുവെന്നും (റോമാ 8:37), അവനോടുള്ള സ്നേഹത്തിൽനിന്ന് നമ്മെ ഒന്നും അകറ്റാതിരിക്കട്ടെ (റോമാ 8:39) എന്നും ഫ്രാൻസിസ് പാപ്പ ഈ ചാക്രികലേഖനത്തിലൂടെ ഉദ്ബോധിപ്പിക്കുന്നു. അവനാണ് നമ്മെ സ്നേഹിച്ചതെന്നും കുത്തിത്തുറക്കപ്പെട്ട അവന്റെ ഹൃദയം വ്യവസ്ഥകളൊന്നുമില്ലാതെ നമ്മെ സ്നേഹിക്കാനും തന്റെ സൗഹൃദം നൽകാനായി കാത്തിരിക്കുന്നുവെന്നും പാപ്പ പറഞ്ഞു.

ദൈവവുമായി വ്യക്തിബന്ധമില്ലാത്ത മതാത്മകതയുടെ ചിന്തകൾ നിലനിൽക്കുന്ന ഒരു സമൂഹത്തിൽ, യേശുവിന്റെ തിരുഹൃദയത്തോടുള്ള വണക്കത്തിലും സ്നേഹത്തിലും വളരാനും വിശ്വാസത്തിന്റെ ആർദ്രതയും ശുശ്രൂഷയുടെ ആനന്ദവും മിഷനറിതീക്ഷ്‌ണതയും തിരിച്ചറിയാനും പാപ്പ തന്റെ നാലാമത്തെ ചാക്രികലേഖനത്തിലൂടെ ക്ഷണിക്കുന്നു. കൂടാതെ, അവന്റെ തിരുഹൃദയത്തിൽ നമുക്ക് സുവിശേഷം മുഴുവനും കണ്ടെത്താനാകുമെന്നും നാം ആരാണെന്നും സ്നേഹിക്കേണ്ടതെങ്ങനെയെന്നും തിരിച്ചറിയാൻ സാധിക്കുമെന്നും ഉദ്ബോധിപ്പിക്കുന്നു.

ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിയുന്നിടത്ത് നമുക്ക് സഹോദര്യബന്ധങ്ങൾ തുന്നിപ്പിടിപ്പിക്കാനാകുമെന്നും ഏവരുടെയും മനുഷ്യാന്തസ്സ്‌ തിരിച്ചറിയാനാകുമെന്നും നമ്മുടെ പൊതുഭവനത്തിന്റെ പരിപാലനത്തിനായി ശ്രമിക്കാൻ സാധിക്കുമെന്നും പാപ്പ എഴുതി. യുദ്ധങ്ങളുടെയും സാമൂഹിക- സാമ്പത്തിക അസമത്വങ്ങളുടെയും ഉപഭോക്തൃ സംസ്കാരത്തിന്റെയും മാനവികതയ്‌ക്കെതിരായ സാങ്കേതികവിദ്യയുടെയും ഇടയിൽ ജീവിക്കുന്ന നമ്മുടെ ലോകത്തിന് ഒരു ഹൃദയം തിരികെനല്കണമേയെന്നും മുറിവേറ്റ നമ്മുടെ ഭൂമിയുടെമേൽ ദൈവത്തിന്റെ പ്രകാശവും സ്നേഹവും വർഷിക്കണമേയെന്നും പാപ്പ പ്രാർഥിക്കുന്നു.

1673 ൽ വി. മാർഗരീത്ത മരിയ അലക്കോക്കിന് യേശുവിന്റെ തിരുഹൃദയദർശനം ലഭിച്ചതിന്റെ 350-ാം വാർഷികം നടന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ്, യേശുവിന്റെ തിരുഹൃദയസ്‌നേഹത്തിലേക്ക് പാപ്പ ഏവരുടെയും ശ്രദ്ധ ക്ഷണിക്കുന്നത്. അവന്റെ സ്നേഹഹൃദയത്തോടുള്ള ആത്മാർഥമായ വണക്കത്തിലൂടെ വിശ്വാസത്തിന്റെ ആർദ്രതയും മറ്റുള്ളവർക്ക് ശുശ്രൂഷ ചെയ്യുന്നതിലെ ആനന്ദവും യേശുവിന്റെ സ്നേഹം മറ്റുള്ളവരോടു പ്രഘോഷിക്കാനുള്ള വിളിയും തിരിച്ചറിയാൻ പാപ്പ ആഹ്വാനം ചെയ്യുന്നു.

ഹൃദയത്തിന്റെ പ്രാധാന്യം, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ പ്രവൃത്തികളും വാക്കുകളും, ഏറെ സ്നേഹിച്ച ക്രിസ്തുവിന്റെ ഹൃദയം, ദാഹമകറ്റുന്ന ക്രിസ്തുവിന്റെ ഹൃദയം, സ്നേഹത്തിലൂടെ സ്നേഹത്തിലേക്കു നയിക്കപ്പെടുക എന്നീ ചിന്തകളാണ് ചാക്രികലേഖനത്തിന്റെ അഞ്ച് അധ്യായങ്ങളിലായി പാപ്പ വിശകലനം ചെയ്യുന്നത്. നമ്മെ വേദനിപ്പിക്കുന്ന നമ്മുടെ മുറിവുകളെ യേശുവിന്റെ തിരുഹൃദയത്തിൽനിന്ന് ഒഴുകുന്ന ജീവജലത്താൽ സുഖപ്പെടുത്താനായും സ്നേഹിക്കാനും ശുശ്രൂഷിക്കാനുമുള്ള നമ്മുടെ കഴിവുകളെ ശക്തിപ്പെടുത്താനായും പാപ്പ പ്രാർഥിക്കുന്നു.

കടപ്പാട്: വത്തിക്കാൻ ന്യൂസ്

Jagratha Commission

http://kcbcjagratha.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *