KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

പൊതുജനങ്ങളെ ദുരിതത്തിലാക്കുന്നതാകരുത് വികസന പ്രവർത്തനങ്ങളും സർക്കാർ നയങ്ങളും: കെസിബിസി ജാഗ്രത കമ്മീഷൻ

കേരളത്തിലെ ഭൂരിഭാഗം കൃഷിക്കാരും മത്സ്യ തൊഴിലാളികളുമുൾപ്പെടെയുള്ള മലയോര-തീരദേശ നിവാസികൾ നാളുകളേറെയായി സമരമുഖത്താണ്. ESZ, ബഫർ സോൺ പോലെയുള്ള  അശാസ്ത്രീയമായ വനവത്കരണനയങ്ങൾ, കൃഷിയിടങ്ങളിലേക്കുള്ള കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം,  വനം വകുപ്പിന്റെ ജനവിരുദ്ധ സമീപനങ്ങൾ,  ഉത്പന്നങ്ങൾക്ക്  ന്യായവില ലഭിക്കാത്തത് തുടങ്ങിയവയെല്ലാം കേരളത്തിലെമ്പാടുമുള്ള കൃഷിക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നു. അശാസ്ത്രീയമായ  തുറമുഖ നിർമാണങ്ങളാലും ഖനന പ്രവർത്തനങ്ങളാലും,  തീര സംരക്ഷണ മാർഗങ്ങളുടെ അഭാവങ്ങളാലും തീരപ്രദേശങ്ങൾ കടലെടുക്കുന്നത് മൂലവും, മത്സ്യബന്ധന രംഗത്തെ പ്രതിസന്ധികൾ മൂലവും  കേരളത്തിലെ തീരദേശ  മേഖലകളിലെ ജനങ്ങളും അനുഭവിക്കുന്ന വെല്ലുവിളികൾ അതീവഗുരുതരമാണ്.   

ജനവിരുദ്ധ സമീപനങ്ങൾ മൂലം തീരപ്രദേശങ്ങളിൽ നിന്നും, സംരക്ഷിത വനമേഖലകളുടെ സമീപപ്രദേശങ്ങളിൽ നിന്നും  ജനത്തെ കുടിയിറക്കലിന്  നിർബ്ബന്ധിതരാക്കാമെന്ന വ്യാമോഹം ഉദ്യോഗസ്ഥ തലങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാർ തലങ്ങളിലും ഉണ്ടോ എന്ന്  സംശയിക്കാൻ കാരണങ്ങൾ ഉണ്ട്. വർഷങ്ങളായുള്ള  വാഗ്ദാനങ്ങൾ ഇനിയും നിറവേറ്റപ്പെടുകയോ പ്രശ്നപരിഹാരത്തിന് മാർഗ്ഗങ്ങൾ തേടുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല ഓരോ വർഷം കഴിയും തോറും പ്രശ്നങ്ങൾ ഗുരുതരമാകുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. 

ബഫർ സോൺ വിഷയത്തിൽ  സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നല്കിയിട്ടുണ്ടെങ്കിലും, ഈ വിഷയം ദോഷകരമായി ബാധിക്കുന്ന ജനങ്ങളുടെ വിവരം ശേഖരിക്കാനോ, വനാതിർത്തി നിജപ്പെടുത്താനോ ശ്രമിച്ചിട്ടില്ല എന്നത് സർക്കാരിന്റെ അലംഭാവത്തെ തുറന്നുകാണിക്കുന്നു.  കടൽ ക്ഷോഭത്തെ അതിജീവിക്കാൻ ഫലപ്രദമായ സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങൾ ചെല്ലാനം പോലെയുള്ളയിടങ്ങളിൽ ഭാഗികമായി മാത്രം നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ അത്തരം ശ്രമങ്ങൾ ഒട്ടും തന്നെ ഉണ്ടായിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ്.  മാത്രവുമല്ല, തുറമുഖ വികസനത്തിന്റെ പേരിലുള്ള  അധിനിവേശ ശ്രമങ്ങൾ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാത്ത വിധത്തിലുള്ളതുമാണ്. വിഴിഞ്ഞം തുറമുഖ നിർമാണത്തോടനുബന്ധിച്ച് തദ്ദേശീയരുടെ ആശങ്കങ്ങൾ പരിഗണിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല എന്നത് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്.  

കേരള ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന തീരദേശ- കാർഷിക മേഖലകളിലെ ജനങ്ങളുടെ  അതിജീവന പോരാട്ടങ്ങളോട് അനുകൂല സമീപനം സ്വീകരിക്കാൻ  കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി  തയ്യാറാകണം. പ്രാവർത്തികമാക്കാൻ ഉദ്ദേശ്യമില്ലാത്ത വാഗ്ദാനങ്ങൾ  നല്കി ജനത്തെ ഇനിയും കബളിപ്പിക്കാമെന്ന് കരുതുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്കാനുള്ള  സർക്കാരിന്റെ പ്രാഥമികമായ കടമയെങ്കിലും പൂർണ്ണതയോടെ നിറവേറ്റണം എന്ന്  അഭ്യർത്ഥിക്കുന്നതോടൊപ്പം അതിജീവന പോരാട്ടം നടത്തുന്ന ജനങ്ങൾക്ക് കെസിബിസി ഐക്യ- ജാഗ്രത കമ്മീഷൻ പിന്തുണ അറിയിക്കുകയും ചെയ്യുന്നു.

ഫാ മൈക്കിൾ പുളിക്കൽ സിഎംഐ
സെക്രട്ടറി, കെസിബിസി ഐക്യ – ജാഗ്രത കമ്മീഷൻ

Jagratha Commission

http://kcbcjagratha.org

Related Posts

Leave a Reply

Your email address will not be published. Required fields are marked *