മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മനുഷ്യാവകാശ നിഷേധം
ഫാ. ഡോ. ആന്റണി എൽ. OFM Cap.
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ
സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളെ ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’ എന്ന പേരിൽ സമഗ്രമായി നവീകരിക്കുമെന്ന ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പുതിയ പ്രഖ്യാപനം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണ്. പലപ്പോഴും അവശ്യ പരിരക്ഷണവും നീതിയും നിഷേധിക്കപ്പെട്ട് ഇരുമ്പഴികൾക്കുള്ളിൽ കഴിയേണ്ടി വരുന്ന അനേകരുടെ ജീവിതത്തിൽ പ്രത്യാശാപൂണ്ണമായ മാറ്റം കൊണ്ടുവരാനുള്ള ഭരണകൂടത്തിന്റെ ഈ സന്നദ്ധത അഭിനന്ദനം അർഹിക്കുന്നു. വ്യവസ്ഥാപിതമായി കടന്നുകൂടിയ അനാസ്ഥകളെയും അത്തരത്തിൽ വന്നുചേർന്ന ദുഷ്പേരുകളെയും തച്ചുടച്ച് മാനസികാരോഗ്യ രംഗത്തെ ജനകീയമാക്കാനുള്ള ഈ ആർജ്ജവം ശ്ലാഘനീയമാണ്. സമൂഹത്തിൽ ഏറ്റവും പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ വേദനകളെ ഭരണനേതൃത്വം തിരിച്ചറിഞ്ഞു തുടങ്ങുന്നു എന്നതിന്റെ തെളിവാണ് ബഹു. മന്ത്രിയുടെ പ്രഖ്യാപനം.
നീതിപീഠത്തിന്റെ രോഷം
എന്നാൽ, ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള ഇത്തരം പ്രഖ്യാപനങ്ങൾക്ക് പിന്നിൽ ഹൈക്കോടതിയുടെ രൂക്ഷമായ പ്രഹരവും വിമർശനങ്ങളുമുണ്ട് എന്ന വസ്തുത അവഗണിക്കാനാവില്ല. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നേരിട്ട് നടത്തിയ സന്ദർശനമാണ് സ്ഥിതിഗതികളുടെ ഭീകരത പുറത്തുകൊണ്ടുവന്നത്. കോടതി നേരിട്ടെത്തി പോരായ്മകൾ കണ്ടെത്തി ചൂണ്ടിക്കാണിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും ഒരു ചെറുവിരലനക്കാൻ പോലും സർക്കാർ സംവിധാനങ്ങൾക്കായില്ല എന്ന നിസ്സംഗത നീതിപീഠത്തെ കടുത്ത അമർഷത്തിലാക്കിയിരിക്കുന്നു. ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും തൊട്ടുതീണ്ടാത്ത നരകതുല്യമായ കാഴ്ചകളാണ് അവിടെ കണ്ടതെന്ന് കോടതി തുറന്നടിച്ചു. രോഗികൾക്ക് ആവശ്യമുള്ള ഭക്ഷണം എത്തിക്കാൻ ഒരു വാഹനം ഏർപ്പാടാക്കാൻ പോലും സാധിക്കാത്ത ഭരണനിർവ്വഹണ പരാജയത്തെ കോടതി നിശിതമായി ചോദ്യം ചെയ്തു. വി.ഐ.പികൾക്ക് പുതിയ കാറുകൾ വാങ്ങാൻ മിനിറ്റുകൾ മതിയാകുന്ന ഭരണകൂടം പാവപ്പെട്ട രോഗികളെ വെറും പുഴുക്കളായി കാണുന്നുവെന്ന കോടതിയുടെ നിരീക്ഷണം നമ്മുടെ മനസ്സാക്ഷിയെയും ചോദ്യം ചെയ്യുന്നതായിരുന്നു.
ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിരീക്ഷണങ്ങളോട് ചേർന്നുനിന്ന് ചിന്തിക്കുമ്പോൾ, മേൽപ്പറഞ്ഞ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞകാലങ്ങളിൽ സംഭവിച്ചിട്ടുള്ള അനിഷ്ട സംഭവങ്ങളെയും റിപ്പോർട്ടുകളെയും കൂടി പരിഗണിക്കേണ്ടതുണ്ട്. ക്രൂരമായ കൊലപാതകങ്ങളും അക്രമ സംഭവങ്ങളും ആ മതിൽക്കെട്ടുകൾക്കുള്ളിൽനിന്ന് പലപ്പോഴായി റിപ്പാർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2022 ഫെബ്രുവരിയിൽ കോഴിക്കോട്, കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിനിയായ യുവതി തലയ്ക്ക് അടിയേറ്റു മരിച്ചത് ഉദാഹരണമാണ്. മലപ്പുറം സ്വദേശിയായ 37 വയസുകാരനെ ഈ വർഷം മാർച്ചിൽ അതേ ആശുപത്രിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സമാനമായ സംഭവങ്ങൾ മറ്റു സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023 ൽ, വിശദമായ പരിശോധനകൾക്ക് ശേഷം ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അയച്ച നോട്ടീസിൽ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ അപകടകരവും ശോചനീയവുമായ അവസ്ഥ എടുത്തുപറയുന്നുണ്ട്.
അതേസമയം, ഇപ്പോൾ കേവല പ്രതികരണങ്ങൾക്കപ്പുറം പ്രശ്നത്തിന്റെ ഗൗരവം ഉൾക്കൊണ്ട് ഉടനടി ഒരു തിരുത്തൽ നടപടി പ്രഖ്യാപിച്ച മന്ത്രിയുടെ ഇച്ഛാശക്തി പ്രശംസനീയമാണ്. വാക്കുകൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങാതെ, യഥാർത്ഥ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്ന പ്രത്യാശ സമൂഹത്തിന് നൽകാൻ അദ്ദേഹത്തിന്റെ വാക്കുകൾക്ക് സാധിക്കുന്നുണ്ട്. പരമ്പരാഗത ചിട്ടവട്ടങ്ങൾ മാറ്റിമറിച്ച് മാനസിക വൈഷമ്യമുള്ളവർക്ക് സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന ഇടങ്ങളായി ഈ കേന്ദ്രങ്ങളെ പരിവർത്തിപ്പിക്കുമെന്നാണ് മന്ത്രി നൽകുന്ന പ്രധാന വാഗ്ദാനം. നിലവിലെ, ചികിത്സയും മരുന്നും കൗൺസിലിംഗും മാത്രമടങ്ങുന്ന രീതി മാറ്റി, മാനസിക ഉന്മേഷം ആഗ്രഹിക്കുന്ന ആർക്കും എത്തിച്ചേരാവുന്ന സൗഹൃദാന്തരീക്ഷം ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. മാനസികാരോഗ്യ കേന്ദ്രം എന്ന പേര് ആളുകളിൽ ഭയവും അപമാനവും ഉണ്ടാക്കുന്നതിനാലാണ് പുതിയ പേര് നൽകുന്നതെന്ന ആശയം കാലഘട്ടത്തിന് അനുയോജ്യമാണ്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ആവശ്യത്തിന് ജീവനക്കാരെയും വിദഗ്ധരെയും നിയോഗിക്കുമെന്ന പ്രഖ്യാപനം ജീർണ്ണിച്ച സംവിധാനത്തിന് വലിയ ഉണർവേകും. മാറ്റത്തിന്റെ തുടക്കം നാമകരണത്തിലൂടെയാണെങ്കിലും, പ്രായോഗികമായ വിപ്ലവമുണ്ടാകുമെന്നതാണ് മന്ത്രിയുടെ വാക്കുകളും കോടതി ഇടപെടലും നൽകുന്ന പ്രതീക്ഷ.
മാനസികാരോഗ്യ കേന്ദ്രങ്ങളുടെ ശോചനീയാവസ്ഥയും അവകാശ – നിയമ ലംഘനങ്ങളും
കേരളത്തിലെ ആരോഗ്യരംഗത്തിന്റെ ആരും കടന്നുചെല്ലാത്ത പിന്നാമ്പുറങ്ങളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ എക്കാലവും അതീവ ശോചനീയാവസ്ഥയിലായിരുന്നു. രോഗികളുടെ വിസർജ്യവും ഭക്ഷണാവശിഷ്ടങ്ങളും കൂടിക്കലർന്ന സെല്ലുകളെ യുദ്ധത്തടവുകാരുടെ കോൺസെൻട്രേഷൻ ക്യാമ്പുകളോടാണ് ജഡ്ജിമാർ ഉപമിച്ചത്. ടോയ്ലെറ്റ് സൗകര്യങ്ങൾ പോലുമില്ലാതെ പ്രാഥമിക ആവശ്യങ്ങൾക്ക് പോലും കെഞ്ചേണ്ടിവരുന്ന അവസ്ഥ മനുഷ്യത്വത്തിന് നേരെയുള്ള കൊടുംക്രൂരതയാണ്. ജീവനക്കാരുടെ എണ്ണക്കുറവും മരുന്നുകളുടെയും പോഷകാഹാരങ്ങളുടെയും കടുത്ത ദൗർലഭ്യവും ഈ കേന്ദ്രങ്ങളെ പൂർണ്ണമായും അനാരോഗ്യാവസ്ഥയിലാക്കിയിരിക്കുന്നു. രോഗികളുടെ രഹസ്യാത്മകതയുടെ മറവുപിടിച്ച് ഉദ്യോഗസ്ഥർ തങ്ങളുടെ കെടുകാര്യസ്ഥതയും കൊടിയ അനാസ്ഥയും മൂടിവെക്കാനാണ് നിരന്തരം ശ്രമിക്കുന്നത്. സാമൂഹിക ഓഡിറ്റിംഗിനും മാധ്യമങ്ങൾക്കും സ്വതന്ത്ര നിരീക്ഷണത്തിനും വിലക്കേർപ്പെടുത്തി ഇരുണ്ട കോട്ടകളാക്കി ഈ ഇടങ്ങളെ മാറ്റിയിരിക്കുന്നു.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉറപ്പുനൽകുന്ന മാന്യമായി ജീവിക്കാനുള്ള മൗലികാവകാശം മാനസികാരോഗ്യ കേന്ദ്രങ്ങളിലെ തടവറകളിൽ ലംഘിക്കപ്പെടുകയാണ്. പൗരന്മാർ എന്ന നിലയിൽ അവർ അർഹിക്കുന്ന അന്തസ്സും സുരക്ഷിതത്വവും നൽകേണ്ട ഭരണകൂടം തന്നെ മനുഷ്യാവകാശങ്ങൾ കുഴിച്ചുമൂടുന്ന കാഴ്ച ലജ്ജാകരമാണ്. 2017-ലെ മാനസികാരോഗ്യ സംരക്ഷണ നിയമം (Mental Healthcare Act 2017) വ്യക്തമായി അനുശാസിക്കുന്ന രോഗികളുടെ അവകാശങ്ങൾ ഇവിടെ കാറ്റിൽ പറത്തപ്പെടുന്നു. വിചാരണയോ ശിക്ഷയോ കൂടാതെ അനിശ്ചിതകാല തടവറയിൽ കഴിയുന്ന കുറ്റവാളികളെപ്പോലെയാണ് മനസികാരോഗ്യകേന്ദ്രങ്ങളിലെ അന്തേവാസികൾ നരകയാതന അനുഭവിക്കുന്നതെന്ന് ഹൈക്കോടതി ന്യായാധിപന്മാർ തന്നെ വിലയിരുത്തുന്നു. ഭരണകൂടത്തിന്റ ഈ നിസ്സംഗത കേവലമായ വീഴ്ചയല്ല, മറിച്ച് ഗുരുതരമായ ഭരണഘടനാ വിരുദ്ധതയും നിയമലംഘനവുമാണ്. ഒരു പരിഷ്കൃത സമൂഹത്തിൽ ഏറ്റവും ദരിദ്രരും ദുർബലരും സ്വയം പ്രേരണയില്ലാത്തവരുമായ ഒരു വിഭാഗത്തിന് സംരക്ഷണമൊരുക്കുക എന്നത് ഔദാര്യമല്ല, പരമപ്രധാനമായ ഭരണഘടനാ ബാധ്യതയാണ്.
സമൂഹവും കുടുംബങ്ങളും ഉത്തരവാദികൾ
മാനസിക രോഗത്തെ ഒരു സ്വാഭാവിക ആരോഗ്യ പ്രതിസന്ധിയായി കാണാൻ മടിക്കുന്ന നമ്മുടെ സമൂഹവും കുടുംബങ്ങളും ഈ ദുരവസ്ഥയ്ക്ക് പലപ്പോഴും ഉത്തരവാദികളാണ്. അസുഖം ഭേദമായിട്ടും അവരെ സ്വന്തം വീടുകളിലേക്ക് സ്വീകരിക്കാൻ തയ്യാറാകാതെ ഉപേക്ഷിച്ചുപോകുന്ന ക്രൂരത അപൂർവമല്ല. സാമൂഹികമായ ഒറ്റപ്പെടലും ദുഷ്പേരും ഭയന്ന് പ്രിയപ്പെട്ടവരെ അജ്ഞാത കേന്ദ്രങ്ങളിലേക്ക് വലിച്ചെറിയുന്ന പ്രവണത നമുക്കിടയിൽ കാലങ്ങളായുള്ളതാണ്. രോഗം ഭേദമായ ശേഷവും പുനരധിവാസമില്ലാതെ ഈ കേന്ദ്രങ്ങളിൽ തുടരുകയും ജീവനൊടുക്കുകയും ചെയ്യുന്ന മനുഷ്യരുടെ കണ്ണീർ കേരളത്തിന്റെ കപട സദാചാരബോധത്തിന് നേരെയുള്ള വിരൽചൂണ്ടലാണ്. കുടുംബം കയ്യൊഴിയുമ്പോൾ ആലംബമാകേണ്ട സമൂഹം അവരെ പരിഹാസത്തോടെയും ഭീതിയോടെയും മാറ്റിനിർത്തുന്നു. ആ മനുഷ്യരുടെ നിസ്സഹായാവസ്ഥയിൽ തണലാകേണ്ട ഭരണകൂടമാകട്ടെ പുറംതിരിഞ്ഞു നിൽക്കുന്നു. രോഗിയായ മനുഷ്യനെ എഴുതിത്തള്ളുന്ന ഈ മനഃസ്ഥിതി മാറ്റിയെടുക്കാതെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം സാധ്യമാകില്ല.
ജനാധിപത്യത്തിന്റെ ശബ്ദകോലാഹലങ്ങൾക്കിടയിൽ ഏറ്റവും നിശബ്ദമാക്കപ്പെട്ട, ആരും സംസാരിക്കാനില്ലാത്ത ഒരു ജനതയാണിവർ. വോട്ടു ബാങ്കോ തെരുവിൽ മുദ്രാവാക്യം വിളിക്കാനുള്ള സ്വബോധമോ ഇല്ലാത്തതുകൊണ്ട് തന്നെ രാഷ്ട്രീയ നേതൃത്വങ്ങൾ ഇവരെ കാലങ്ങളായി അവഗണിക്കുന്നു. തൃശൂരിൽ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ അന്തേവാസി മൂന്നുപേരെ ആക്രമിച്ച സംഭവം ഇത്തരം കേന്ദ്രങ്ങളിലെ സുരക്ഷാ വീഴ്ചയും നിരീക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തതയും ഒരിക്കൽക്കൂടി തെളിയിച്ചു. പ്രതികരണശേഷിയില്ലാത്ത നിസ്സഹായരായ ഈ മനുഷ്യർക്കുവേണ്ടി വാദിക്കാൻ കുടുംബങ്ങളോ പൊതുസമൂഹമോ മുന്നോട്ടുവരുന്നില്ല എന്നത് ദുഃഖകരമാണ്. അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ അവരില്ല എന്നതുതന്നെയാണ് അധികാരികൾക്ക് അവരോട് എന്തുമാകാം എന്ന ചിന്തയ്ക്ക് അടിസ്ഥാനമായി മാറുന്നത്. ഭരണകൂടത്തിന്റെ അനാസ്ഥ അവർക്കുനേരെ നിർബാധം തുടരുന്നതും ഇക്കാരണത്താലാണ്. അതിനാൽ, സാമൂഹികമായ ഒരു പരിവർത്തനവും ഇവിടെ ആവശ്യമാണ്.
പേരുമാറ്റത്തിലൂടെ മാനസികാരോഗ്യ കേന്ദ്രങ്ങൾക്ക് ഒരു പുതിയ മുഖം നൽകാൻ ശ്രമിക്കുന്ന ആരോഗ്യവകുപ്പിന്റെ ആശയങ്ങൾ സ്വാഗതം ചെയ്യപ്പെടുമ്പോൾ തന്നെ, മാറ്റങ്ങൾ പുറംകാഴ്ചകളിൽ മാത്രം ഒതുങ്ങിപ്പോകരുത് എന്ന് അഭ്യർത്ഥിക്കുകയും ചെയ്യുന്നു. അടച്ചുപൂട്ടിയ സെല്ലുകളിൽ സുതാര്യതയും, ഭക്ഷണവും വെള്ളവും ഔഷധവും കൃത്യമായി ലഭ്യമാകുന്ന ഭൗതികസാഹചര്യങ്ങളും സമയബന്ധിതമായി നിർമ്മിക്കപ്പെടണം. സുതാര്യമായ സോഷ്യൽ ഓഡിറ്റിംഗിനും അംഗീകൃത സന്നദ്ധ പ്രവർത്തകർക്കും മാധ്യമങ്ങൾക്കും ഈ കേന്ദ്രങ്ങൾ തുറന്നുകൊടുക്കാനും സർക്കാർ തയ്യാറാകണം. കോടതി ചാട്ടവാറടിയുമായി ഇറങ്ങുമ്പോൾ മാത്രം ഉണർന്നുപ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെ ശൈലി അടിയന്തരമായി തിരുത്തപ്പെടേണ്ടതുണ്ട്. മാനസികാരോഗ്യത്തെ ആതുരസേവനത്തിന്റെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി സമഗ്രമായ പുനരധിവാസ നയം രൂപീകരിക്കുകയാണ് വേണ്ടത്. ഇരുമ്പഴികൾക്കപ്പുറത്തെ ആ പച്ചയായ മനുഷ്യരുടെ മൗലികാവകാശങ്ങളും ആത്മാഭിമാനവും സംരക്ഷിക്കപ്പെടുമ്പോൾ മാത്രമേ നമ്മുടെ ജനാധിപത്യവും സംസ്കാരവും അർത്ഥപൂർണ്ണമാകൂ.