ഇ. എസ്. എ. കരട് വിജ്ഞാപനം: തുടരുന്ന ആശങ്കകൾ
ഫാ. ഡോ. ആന്റണി എൽ. OFM Cap.
സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ
പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനം കേരളത്തിലെ മലയോര മേഖലകളിൽ വീണ്ടും കടുത്ത ആശങ്കയും അനിശ്ചിതത്വവുമാണ് വ്യാപിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന മാർഗ്ഗരേഖ തയ്യാറാക്കൽ പ്രക്രിയകൾക്കൊടുവിൽ, കേരളത്തിലെ 131 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇപ്പോഴും പരിസ്ഥിതി ദുർബ്ബല മേഖല (ESA) യുടെ പട്ടികയിൽ നിലനിർത്തപ്പെട്ടിരിക്കുകയാണ്. ജൈവവൈവിധ്യ സമ്പന്നവും പ്രകൃതിദുരന്ത സാധ്യതയുള്ളതുമായ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി, പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സർക്കാർ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പ്രഖ്യാപിക്കുന്ന മേഖലകളാണ് പരിസ്ഥിതിദുർബ്ബല പ്രദേശങ്ങൾ (ESA). ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമികളും ശാസ്ത്രീയമായി ഒഴിവാക്കി, ഇത് 8,590 ചതുരശ്ര കിലോമീറ്ററും 98 വില്ലേജുകളുമായി പരിമിതപ്പെടുത്തണമെന്ന കേരളത്തിന്റെ നിരന്തര ശുപാർശകൾ പുതിയ വിജ്ഞാപനത്തിലും കേന്ദ്ര സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല. കർണാടകയും മഹാരാഷ്ട്രയും കഴിഞ്ഞാൽ ESA വിസ്തൃതിയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ള കേരളത്തിന്റെ ആകെ ഭൂവിസ്തൃതിയുടെ കാൽഭാഗത്തിലധികം (25.7 ശതമാനം) കടുത്ത നിയന്ത്രണങ്ങളുടെ നിഴലിലാകുന്ന അതീവ സങ്കീർണ്ണമായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
2012–13 കാലഘട്ടത്തിൽ പ്രഫസർ മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടുവെച്ച കർശന നിർദ്ദേശങ്ങൾ ചർച്ചയായതോടെയാണ് പശ്ചിമഘട്ട മേഖലകളിലെ ജനങ്ങൾക്ക് തങ്ങളുടെ ഭൂമിയും കൃഷിയും ഭീഷണിയിലാകുമോ എന്ന ഭയം ഉടലെടുത്തത്. പിന്നീട് വന്ന ഡോ. കെ. കസ്തൂരിരംഗൻ സമിതി ഈ നിർദ്ദേശങ്ങൾ ലഘൂകരിച്ചെങ്കിലും, അതിലെ പിഴവുകൾ പരിഹരിക്കാൻ നിയോഗിക്കപ്പെട്ട ഡോ. ഉമ്മൻ വി. ഉമ്മൻ സമിതിയാണ് കേരളത്തിൽ 123 വില്ലേജുകളെ ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്തി 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം നിർണ്ണയിച്ചത്. തുടർന്ന് 2014 മുതൽ കേന്ദ്രം പുറത്തിറക്കിയ എല്ലാ കരട് വിജ്ഞാപനങ്ങളിലും ഈ വിസ്തൃതി മാറ്റമില്ലാതെ തുടർന്നു പോന്നു. പിന്നീട് പല വില്ലേജുകളും വിഭജിച്ച് പുതിയവ നിലവിൽ വന്നതോടെയാണ് കേരളത്തിലെ ഇഎസ്എ വില്ലേജുകളുടെ ഔദ്യോഗിക എണ്ണം 131 ആയി ഉയർന്നത്. 51 വില്ലേജുകൾ ഉൾപ്പെട്ട ഇടുക്കി ജില്ലയ്ക്കാണ് ഈ നിയന്ത്രണങ്ങളുടെ ഏറ്റവും വലിയ ആഘാതം നേരിടേണ്ടി വരുന്നത്. കസ്തൂരിരംഗൻ ശുപാർശകളിൽനിന്ന് തുടങ്ങി ഇന്നിവിടെ എത്തിനിൽക്കുമ്പോഴും ജനവാസ മേഖലകളെ നിയമപരമായി സംരക്ഷിക്കുന്ന കാര്യത്തിൽ സുസ്ഥിരമായ ഒരു തീരുമാനമുണ്ടാക്കാൻ മാറിമാറി വന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങൾക്ക് സാധിച്ചിട്ടില്ല.
ഉമ്മൻ വി. ഉമ്മൻ സമിതി നിർണ്ണയിച്ച അതിരുകളിൽ കാര്യമായ പിഴവുകളുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ, 2018-ൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സർക്കാർ പുതിയൊരു പ്രപ്പോസൽ സമർപ്പിച്ചിരുന്നു. ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കി ഇഎസ്എ വിസ്തൃതി 8,656 ചതുരശ്ര കിലോമീറ്ററായും വില്ലേജുകളുടെ എണ്ണം 92 ആയും ചുരുക്കണമെന്ന മന്ത്രിസഭാ തീരുമാനവും ജിയോ-കോർഡിനേറ്റഡ് മാപ്പുകളും അന്ന് കേന്ദ്രത്തിന് കൈമാറിയെങ്കിലും ഈ വിഷയത്തിൽ പിന്നീട് കേന്ദ്ര മന്ത്രാലയത്തിൽനിന്ന് വ്യക്തമായ അംഗീകാരമോ അനുകൂല ഉത്തരവുകളോ നേടാൻ കേരളത്തിന് കഴിഞ്ഞില്ല.
തുടർന്ന് 2024ൽ പ്രസിദ്ധീകരിക്കപ്പെട്ട ആറാം കരട് വിജ്ഞാപനത്തിലും ഇപ്പോൾ പ്രസിദ്ധീകരിക്കപ്പെട്ട ഏഴാം കരട് വിജ്ഞാപനത്തിലും 2018-ലെ സംസ്ഥാന ശുപാർശകൾ പ്രതിഫലിച്ചിട്ടില്ല. സംസ്ഥാനത്തിന്റെ ഭേദഗതികൾ അംഗീകരിക്കപ്പെടാത്തപക്ഷം, പഴയ കണക്കുകൾ വച്ച് അന്തിമ വിജ്ഞാപനം വന്നാൽ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ കിടപ്പാടവും കൃഷിഭൂമിയും പരിസ്ഥിതിദുർബ്ബല പരിധിയിൽ ശാശ്വതമായി അകപ്പെടും. പ്രപ്പോസലുകൾ നൽകിയെന്ന പ്രസ്താവനകൾക്കപ്പുറം അതിന്മേൽ കേന്ദ്രത്തിൽനിന്നുണ്ടായ തുടർനടപടികളെന്തെന്ന് വ്യക്തമാക്കാൻ സംസ്ഥാന സർക്കാരിന് ഇനിയും കഴിഞ്ഞിട്ടില്ല. വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ആശയവിനിമയ തടസ്സവും ഏകോപനമില്ലായ്മയും സംസ്ഥാനത്തിന്റെ വാദങ്ങളുടെ വിശ്വാസ്യതയെ വർഷങ്ങളായി ചോദ്യം ചെയ്യുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന് നാലു മാസമായെങ്കിലും ഇക്കാര്യത്തിൽ വ്യക്തമായൊരു നിലപാട് സ്വീകരിക്കാനോ ഇടപെടലുകൾ നടത്താനോ പുതിയ സർക്കാരിനും കഴിഞ്ഞിട്ടില്ല.
നിലവിലുള്ള കരട് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ അതേപടി നടപ്പിലായാൽ കേരളത്തിലെ മലയോര ഗ്രാമങ്ങളിലെ കർഷകർ അനുഭവിക്കേണ്ടി വരിക സമാനതകളില്ലാത്ത ദുരിതങ്ങളായിരിക്കും. ഒരു തൊഴുത്ത് പണിയുന്നതിനുവേണ്ടി പോലും പുരയിടത്തിലെ മണ്ണ് മാറ്റാനോ വീടിനു മുകളിലേക്ക് ചാഞ്ഞുനിൽക്കുന്ന മരക്കൊമ്പ് വെട്ടാനോ പോലും വനംവകുപ്പിന്റെ പ്രത്യേക അനുമതി വേണ്ടിവരുന്ന സാഹചര്യം വരും. വീടുകളുടെ നവീകരണവും ഫാം ടൂറിസം ഉൾപ്പെടെയുള്ള സംരംഭങ്ങളും ഇത്തരം കർശന ചട്ടങ്ങളാൽ തടസ്സപ്പെടും. ഭൂമിയുടെ ക്രയവിക്രയം തടസ്സപ്പെടുകയും ബാങ്കുകൾ വായ്പകൾ നിരസിക്കുകയും ചെയ്യുന്നതോടെ മലയോര സമ്പദ്വ്യവസ്ഥ പൂർണ്ണമായി തകർച്ചയിലേക്ക് നീങ്ങും. അതിലുപരിയായി, സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ വനംവകുപ്പിന്റെ ഇടപെടലുകൾ ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. പരിസ്ഥിതി സംരക്ഷണത്തോടൊപ്പം സാധാരണ കർഷകരുടെ ജീവിക്കാനുള്ള അവകാശത്തെയും ശാസ്ത്രീയമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഭരണഘടനാപരമായ ഇടപെടലുകൾ ഭരണകൂടം ഈ ഘട്ടത്തിൽ നടത്താത്ത പക്ഷം അത് കടുത്ത ജനരോഷത്തിന് കാരണമാകും.
കേന്ദ്രം പുറപ്പെടുവിച്ച കരട് വിജ്ഞാപനം മലയാളത്തിൽ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കാനോ, അതിലെ അവ്യക്തതകൾ ജനങ്ങൾക്ക് വിശദീകരിച്ചു നൽകാനോ സംസ്ഥാന സർക്കാർ ഇനിയും തയ്യാറായിട്ടില്ല. സ്വന്തം സർവേ നമ്പറും അതിരുകളും അടിസ്ഥാനമാക്കി പരിശോധന നടത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്കുകളോ വിവരകേന്ദ്രങ്ങളോ സജ്ജമാക്കിയിട്ടില്ല. പഞ്ചായത്തുകളിൽ രാഷ്ട്രീയ ഭേദമന്യേ ഭരണസമിതികളും ഗ്രാമസഭകളും പ്രത്യേക യോഗങ്ങൾ വിളിച്ച് പ്രമേയങ്ങൾ പാസാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും കൃത്യമായ സാങ്കേതിക രേഖകളുടെ അഭാവം അവരെയും വലയ്ക്കുന്നു. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും ഒഴിവാക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിച്ചു ബോധ്യപ്പെടാനുള്ള അവസരമാണ് അധികൃതരുടെ അനാസ്ഥ മൂലം ജനങ്ങൾക്ക് നഷ്ടപ്പെടുന്നത്. ഈ ആശയക്കുഴപ്പങ്ങൾ പരിഹരിക്കാതെ കരട് വിജ്ഞാപനവുമായി മുന്നോട്ടുപോയാൽ അത് മലയോര ജനതയുടെ ജീവിക്കാനും തൊഴിൽ ചെയ്യാനുമുള്ള അവകാശത്തിന് കടുത്ത വെല്ലുവിളിയാണ്.
ഒരു വില്ലേജിലെ ചെറിയൊരു ഭാഗം വനഭൂമിയോ പരിസ്ഥിതിദുർബ്ബല പ്രദേശമോ ആണെന്ന കാരണത്താൽ ആ വില്ലേജ് മുഴുവനായും ഇഎസ്എ ആയി പ്രഖ്യാപിക്കുന്ന അശാസ്ത്രീയ രീതിയാണ് തിരുത്തപ്പെടേണ്ടത്. കേരളത്തിലെ ജനസാന്ദ്രത കണക്കിലെടുക്കുമ്പോൾ കുറഞ്ഞ ജനസംഖ്യയുള്ള ഒറ്റ വില്ലേജുപോലും മലയോര മേഖലയിലില്ല എന്നതാണ് വസ്തുത. കോഴിക്കോട്ടെ ചക്കിട്ടപാറ, ചെമ്പനോട തുടങ്ങിയ വില്ലേജുകളിലെ വലിയൊരു പങ്ക് ജനവാസ മേഖലകളും കൃഷിയിടങ്ങളും പുതിയ മാപ്പുകളിൽ ഉൾപ്പെട്ടിരിക്കുന്നത് ഇതിന് തെളിവാണ്. വില്ലേജ് അടിസ്ഥാനത്തിൽ മൊത്തമായി അതിർത്തി നിർണ്ണയിക്കുന്നതിന് പകരം വനഭൂമിയുടെ അതിരുകളെ മാത്രം നിജപ്പെടുത്തി കൃത്യമായ അതിർത്തികൾ നിശ്ചയിക്കുകയാണ് പ്രായോഗിക വഴി. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ പൂർണ്ണമായി വിശ്വാസത്തിലെടുക്കുകയും അവരുടെ പങ്കാളിത്തത്തോടെ സർവേകൾ പുനഃപരിശോധിക്കുകയും വേണം. കൃത്യമായ അതിരടയാളങ്ങൾ ഭൂമിയിൽ പ്രദർശിപ്പിച്ച് പൊതുജനങ്ങൾക്ക് തങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ അവസരം നൽകാൻ ഭരണകൂടം തയ്യാറാകണം. അല്ലാത്തപക്ഷം ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഭൂപടങ്ങളിൽ വനമായി രേഖപ്പെടുത്തപ്പെടുന്ന അബദ്ധങ്ങൾ ശാശ്വതമായി നിലനിൽക്കും. ഇതിന് പുറമെയാണ് ഇടുക്കിയിലെ ജനവാസമേഖലകളിൽ വനംവകുപ്പ് പുതുതായി അവകാശം ഉന്നയിക്കുന്നതുകൊണ്ട് ഉളവാകുന്ന പ്രതിസന്ധികൾ. ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലെ കാർഡമം ഹിൽ റിസർവ് പ്രദേശങ്ങൾ ഇത്തരത്തിൽ പുതിയ പ്രതിസന്ധികൾ നേരിടുന്നു.
ഈ വിഷയത്തിൽ നയരേഖ രൂപീകരണ പ്രക്രിയകൾ തുടങ്ങി പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞതിനാൽ ഇനിയൊരു കരടുവിജ്ഞാപനത്തിന് സാധ്യത കുറവാണെന്നും അന്തിമ ഉത്തരവ് ഉടൻ വന്നേക്കുമെന്നുമുള്ള വിദഗ്ദ്ധ മുന്നറിയിപ്പുകൾ നിലവിലുണ്ട്. അതിനാൽ, കേരള സർക്കാർ 2018-ൽ നൽകിയ സമഗ്രമായ പ്രപ്പോസലുകളിലെ അപാകതകൾ പരിഹരിക്കാനും ജനവാസ കേന്ദ്രങ്ങൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടുവെന്ന് ഉറപ്പാക്കാനും ഇനിയും കാലതാമസം പാടില്ല. ജനങ്ങൾ ഉന്നയിക്കുന്ന ആശങ്കകൾ പരിഹരിക്കാൻ കോടതി ഇടപെടലുകൾക്കൊപ്പം തന്നെ ശക്തമായ ഭരണഘടനാപരമായ പ്രതിരോധവും അത്യന്താപേക്ഷിതമാണ്. കേന്ദ്ര സർക്കാരിന് സമർപ്പിക്കാനുള്ള പുതിയ സത്യവാങ്മൂലങ്ങളിലും റിപ്പോർട്ടുകളിലും ഒരു ജനവാസ കേന്ദ്രവും കൃഷിയിടവും ഉൾപ്പെട്ടിട്ടില്ലെന്ന് കൃത്യമായി സമർത്ഥിക്കാൻ സംസ്ഥാനത്തിന് സാധിക്കണം. ഒരു ജനതയെ മുഴുവൻ കുടിയൊഴിപ്പിക്കലിന്റെയും ഉപജീവന നഷ്ടത്തിന്റെയും മുൾമുനയിൽ നിർത്തിക്കൊണ്ട് നടപ്പിലാക്കുന്ന ഒരു നിയമത്തിനും ജനാധിപത്യത്തിൽ സാധുതയില്ല. ഈ അവസാന ഘട്ടത്തിലും പൂർണ്ണമായ ഉത്തരവാദിത്തത്തോടെ സർക്കാർ ഇടപെട്ടില്ലെങ്കിൽ ചരിത്രം ഈ അനാസ്ഥയ്ക്ക് മാപ്പുനൽകില്ല.
മലയോര ജനതയെ സംരക്ഷിക്കാൻ രാഷ്ട്രീയ ഇച്ഛാശക്തിയോടെയുള്ള അടിയന്തര ഇടപെടലുകളാണ് കേരളത്തിൽ ഉണ്ടാവേണ്ടത്. കർണാടക – ഗോവ സർക്കാരുകൾ ചെയ്തതുപോലെ കേരള സർക്കാരും യുക്തമായ ഇടപെടലുകൾ നടത്തുകയും ഏഴാം കരട് വിജ്ഞാപനത്തിലെ ജനദ്രോഹപരമായ നിർദ്ദേശങ്ങൾ തള്ളിക്കളയുന്ന പ്രമേയം പാസാക്കാനും പ്രശ്ന പരിഹാരത്തിന് സകല വഴികളും തേടാനുള്ള ആർജ്ജവം സർക്കാർ പ്രകടിപ്പിക്കണം. ഗോവ സർക്കാർ സമർപ്പിച്ച ഭേദഗതികൾ ഔദ്യോഗികമായി ഉത്തരവുകളിലൂടെ കേന്ദ്രം അംഗീകരിച്ചപ്പോൾ, കേരളത്തിന്റെ സമർപ്പണങ്ങൾ വെറും ഫയലുകളിൽ മാത്രമായി ഒതുങ്ങിപ്പോയി. അയൽ സംസ്ഥാനമായ കർണാടക കരട് വിജ്ഞാപനത്തെ തള്ളിക്കളയാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കുമ്പോൾ, ഇവിടെ സംസ്ഥാന ഭരണകൂടം തുടരുന്ന നിഷ്ക്രിയത്വം മലയോര കർഷകരെ കൂടുതൽ നിരാശരാക്കുന്നു. ഇനി മൂന്നാഴ്ച മാത്രം നീളുന്ന പരാതി സമർപ്പണ കാലാവധി പിന്നിട്ടാൽ ഏതുനിമിഷവും അന്തിമ വിജ്ഞാപനം വന്നേക്കാമെന്നിരിക്കെ, നിലവിലെ പ്രതിസന്ധി അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. കേരളത്തിലെ ജനസാന്ദ്രതയേറിയ മലയോര മേഖലകളെ സംബന്ധിച്ച് ഈ വിഷയം കേവലം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതു മാത്രമല്ല, മറിച്ച് പതിനായിരക്കണക്കിന് കുടുംബങ്ങളുടെ അതിജീവനവും പൗരാവകാശവുമായി ബന്ധപ്പെട്ട ഒന്നുകൂടിയാണ്.
പരിസ്ഥിതി സംരക്ഷണത്തോടൊപ്പം പൗരന്റെ ഭരണഘടനാപരമായ മൗലികാവകാശങ്ങളും തുല്യമായി സംരക്ഷിക്കപ്പെടേണ്ടതുണ്ട്. തലമുറകളായി കാടിനോടും വന്യമൃഗങ്ങളോടും പൊരുതി നാടിന് അന്നം നൽകിയ കർഷക സമൂഹത്തെ സംരക്ഷിക്കാൻ സർക്കാർ സകല ഭരണഘടനാപരമായ സാധ്യതകളും ഉപയോഗിക്കണം. മനുഷ്യനെ ഒഴിവാക്കിക്കൊണ്ടുള്ള പരിസ്ഥിതിവാദം ആത്യന്തികമായി നാടിന്റെ വികസനത്തെയും ജനങ്ങളുടെ ജീവിതത്തെയും തകർക്കുകയേ ഉള്ളൂ എന്ന തിരിച്ചറിവോടെയുള്ള ദൃഢമായ നിലപാടാണ് കേരള സംസ്ഥാനത്തിന് ആവശ്യം.